വയനാട് പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുക്കുന്നു. ഇതിനായി എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾ ലയങ്ങൾ ഒഴിയണമെന്ന് നിർദ്ദേശം നൽകി. പുനരധിവാസം നടക്കുന്നതിനാൽ ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികൾക്ക് നോട്ടീസ് നൽകിയിട്ടുള്ളത്. 70 കുടുംബങ്ങളിൽ 15 കുടുംബങ്ങൾക്ക് മാത്രമാണ് നോട്ടീസ് നൽകിയതെന്നാണ് മാനേജ്മെന്‍റ് വിശദീകരണം.അനുവദിച്ച മുറികൾ രണ്ട് ദിവസത്തിനുള്ളിൽ തിരികെ നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
വയനാട് ഉരുൾപൊട്ടൽ മേഖലയിലെ നദികളിൽ നിന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന നടപടികളെന്തായെന്ന് സർക്കാരിനോട് ഹൈക്കോടതി. അസസ്മെന്റ് കഴിഞ്ഞുവെന്നും നദികളിൽ നിന്ന് അവശിഷ്ടങ്ങൾ നീക്കുന്ന നടപടികൾ മാർച്ചിൽ തുടങ്ങുമെന്നും ജൂണിന് മുമ്പേ പുഴയുടെ ഫ്ലോ നേരെയാകുമെന്നാണ് പ്രതീക്ഷയെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മറുപടി നൽകി. ഇതോടെ എല്ലാം പേപ്പറിൽ നടക്കുന്നുണ്ടെന്നും യഥാർത്ഥ വർക്ക് നടത്താനാണ് കഴിയാത്തതെന്നും കോടതി പരിഹസിച്ചു,
ആശ വർക്കർമാരുടെ സമരത്തെ പിന്തുണച്ചു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സമരക്കാരുടെ ആവശ്യം ന്യായമാണെന്നും അവരുടെ
ആവശ്യങ്ങൾ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പിഎസ്സിയിലെ ശമ്പളം കൂട്ടലിനെയും അദ്ദേഹം വിമർശിച്ചു. മെച്ചപ്പെട്ട സാഹചര്യം ഉള്ളവർക്ക് സഹായ ഹസ്തം നീട്ടുമ്പോൾ ആശ വർക്കർമാരെ അവഗണിക്കരുത്
സമൂഹമാധ്യമങ്ങലിലെ ചർച്ച എല്ലാവരും കാണുന്നുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
സംസ്ഥാനത്തിന്റെ വ്യവസായ നിക്ഷേപ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിടുന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിന് കൊച്ചിയിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തു. കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയൽ, സഹമന്ത്രി ജയന്ത് ചൌധരി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, വിദേശരാജ്യങ്ങളിലെ ഭരണാധികാരികളും വ്യവസായ പ്രമുഖരുമടക്കം ചടങ്ങിനെത്തി.
ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമ വേദിയിൽ കേരളത്തിന് പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ആകെ മൂന്നു ലക്ഷം കോടിയുടെ പദ്ധതികൾ കേരളത്തിൽ നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. കേരളത്തിലെ റോഡ് വികസനത്തിന് 50,000 കോടിയും പാലക്കാട്-മലപ്പുറം പാത 10000 കോടിയും അങ്കമാലി ബൈപാസിന് 6000 കോടിയും അനുവദിച്ചു.
കേരളത്തിൽ വരും വർഷങ്ങളിൽ 30000 കോടിയുടെ നിക്ഷേപം വാഗ്ദാനം ചെയ്ത് അദാനി ഗ്രൂപ്പ്. ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഴിഞ്ഞം തുറമുഖത്തോട് അനുബന്ധിച്ച് വിഴിഞ്ഞത്ത് 20000 കോടിയുടെ അധിക നിക്ഷേപം കൂടി കരൺ അദാനിയാണ് വാഗ്‌ദാനം ചെയ്തത്. ഇതിന് പുറമെ കൊച്ചിയിൽ 5000 കോടിയുടെ ഇ-കൊമേഴ്സ് ഹബും സ്ഥാപിക്കും.
ഒല്ലൂർ ജംഗ്ഷൻ വികസനത്തിന്‍റെ ഭാഗമായി സ്ഥലമേറ്റെടുക്കൽ നടപടികൾ ആറ് മാസത്തിനകം പൂർത്തീകരിക്കണമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾ – റവന്യൂ – കെ ആർ എഫ് ബി ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, വ്യാപാരി പ്രതിനിധികൾ എന്നിവരുമായി തൃശൂർ രാമനിലയത്തിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നെന്മാറ ഇരട്ടക്കൊല കേസിൽ ജാമ്യം തേടി പ്രതി ചെന്താമര കോടതിയെ സമീപിച്ചു. ദൃക്സാക്ഷികളില്ലാത്ത കേസാണിതെന്നും കേട്ടു കേൾവിയുള്ള അടിസ്ഥാനത്തിലാണ് അറസ്റ്റെന്നുമാണ് വാദം. പ്രതിയായ തനിക്ക് നിരപരാധിത്വം തെളിയിക്കാൻ അവസരം വേണമെന്നും ജാമ്യവ്യവസ്ഥകൾ അംഗീകരിക്കാൻ തയ്യാറാണെന്നും ആലത്തൂർ കോടതിയിൽ അഡ്വ ജേക്കബ് മാത്യു മുഖാന്തിരം സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നു.
കണ്ണൂർ അഴീക്കോട് വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ 5 പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. നാടൻ അമിട്ട് ആൾക്കൂട്ടത്തിനിടയിൽ വീണ് പൊട്ടുകയായിരുന്നു. നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
മണോളിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് പൊലീസുകാരെ സിപിഎം പ്രവർത്തകർ പൂട്ടിയിട്ടു.സംഭവത്തിൽ 55 പേർക്കെതിരെ പൊലീസ് കേസെടുത്തു. മണോളിക്കാവിൽ കഴിഞ്ഞ ദിവസം രാത്രി സിപിഎം ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ക്ഷേത്ര ഉത്സവത്തിനിടെ എഴുന്നള്ളിപ്പ് നടന്നപ്പോൾ സിപിഎം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത് ബിജെപി പ്രവർത്തകർ തടഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇത് തടയാൻ ശ്രമിച്ച പൊലീസുകാർക്കെതിരെയും ആക്രമണമുണ്ടായി.
അതിരപ്പള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ് അവശനിലയിലായ കൊമ്പൻ ചരിഞ്ഞു. മയക്കുവെടി വെച്ച് കോടനാട് എത്തിച്ച കൊമ്പന്റെ മസ്തകത്തിലെ ആഴത്തിലുള്ള മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്ക് ബാധിച്ചിരുന്നു. പരിശോധനയിലും മുറിവിനുളളിൽ നിന്ന് പുഴുക്കളെ കണ്ടെത്തി. മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്കുകൂടി പടർന്നതോടെ ശ്വാസം എടുക്കാനും ബുദ്ധിമുട്ടിയിരുന്നു. ഇതാണ് മരണകാരണമായത്.
ഇടുക്കി ഉപ്പുതോട് വില്ലേജിൽ അനധികൃത ഖനനം വ്യാപകമെന്ന് റിപ്പോർട്ട്. അനധികൃത ഖനനത്തിനെതിരെ 20 ലേറെ തവണ ജില്ലാ ജിയോളജിസ്റ്റ് കഴിഞ്ഞവർഷം കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇതിന്മേൽ ഒരു നടപടിയൂം റവന്യൂ വകുപ്പ് സ്വീകരിച്ചിട്ടില്ല. 90 പേർ പാറ പൊട്ടിച്ചെന്നും ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടാൽ ഓഫീസിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് പ്രതികരിച്ചു. വ്യാപക ഖനനം തങ്കമണി വില്ലേജിലാണെന്നും വില്ലേജ് ഓഫീസർ വ്യക്തമാക്കി.
കിഫ്ബി റോഡുകളില്‍ ടോള്‍ ഉറപ്പായി .കിഫ്ബിയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് സർക്കാരിനോട് എൽഡിഎഫ് ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം എംഎന്‍ സ്മാരകത്തില്‍ ചേര്‍ന്ന ഇടതുമുന്നണിയോഗത്തിലടക്കം സിപിഐ ഇക്കാര്യത്തില്‍ ആശങ്ക അറിയിച്ചെങ്കിലും .അത് സിപിഎം അവഗണിക്കുന്നുവെന്നാണ് ഇടതുമന്നണി സര്‍ക്കുലര്‍ നല്‍കുന്ന സൂചന.
ശശി തരൂരുമായി തുടർ ചർച്ചകളില്ലെന്ന സൂചന നൽകി കോൺഗ്രസ് നേതൃത്വം. എൽഡിഎഫ് സർക്കാരിന്റെ വികസന നയത്തെ പുകഴ്ത്തിയതും മോദി പ്രശംസയും കോണ്‍ഗ്രസിലുണ്ടാക്കിയ പൊട്ടിത്തെറിയുടെ സാഹചര്യത്തിൽ ദില്ലിയിൽ കഴിഞ്ഞ ദിവസം ശശി തരൂരും രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ചർച്ചയിൽ തരൂർ മുൻപോട്ട് വച്ച ആവശ്യങ്ങളൊന്നും ഹൈക്കമാൻഡ് അംഗീകരിക്കില്ലെന്നാണ് സൂചന.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വനിത ഡോക്ടർക്ക് പകരം ഭര്‍ത്താവ് ജോലി ചെയ്യുന്നതായി പരാതി. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലെ ഡോ സഫീല്‍ താലൂക്ക് ആശുപത്രിയില്‍ പരിശോധന നടത്തുന്നുവെന്നാണ് പരാതി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോ സഹീദക്കെതിരെയാണ് യൂത്ത്‌ലീഗ് മണ്ഡലം പ്രസിഡണ്ട് യുഎ റസാഖ് പരാതി നൽകിയിരിക്കുന്നത്.
പി.എസ്.സി ചെയർമാന്‍റേയും അംഗങ്ങളുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വൻതോതിൽ വർദ്ധിപ്പിച്ച സർക്കാർ നടപടി റദ്ദാക്കണമെന്ന് എഐടിയുസി സംസ്ഥാന കൗൺസിൽ.സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ വർഷം നാലു കോടിയുടെ അധിക ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസും ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രനും ആവശ്യപ്പെട്ടു.
എലപ്പുള്ളിയിലെ മദ്യശാലയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബിജെപി. മലമ്പുഴയിലെ വെള്ളം കൃഷിയ്ക്കും കുടിവെള്ളത്തിനും മാത്രമെ ഉപയോഗിക്കാവൂവെന്ന ഉത്തരവ് നിലവിലുളള കാര്യം കോടതിയെ ധരിപ്പിക്കുമെന്നും പഞ്ചായത്തുകളുടെ അധികാരം കുറയ്ക്കുന്നതും ചോദ്യം ചെയ്യുമെന്നും ഒയാസിസിന് വേണ്ടി പഞ്ചായത്തിൻ്റെ അധികാരത്തെ കവർന്നെടുക്കുന്നത് ഉൾപ്പെടെ കോടതിയിൽ ചൂണ്ടിക്കാട്ടുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ അറിയിച്ചു.
പാതിവില തട്ടിപ്പുകേസിൽ, കുമളി പഞ്ചായത്ത് മുൻ പ്രസിഡന്റും മഹിളാ കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറിയുമായ ഷീബാ സുരേഷിന്റെ വീട് ഇ.ഡി. സീൽചെയ്തു. നിലവിൽ തട്ടിപ്പുകേസിൽ പ്രതിചേർത്തിട്ടില്ലെങ്കിലും, ഷീബാ സുരേഷിനെതിരേ വണ്ടൻമേട് പോലീസിൽ സീഡ് കോഡിനേറ്റർമാർ പരാതി നൽകിയിട്ടുണ്ട്. മൂന്നുകോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
കൊയിലാണ്ടി ക്ഷേത്രോത്സവത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. ചട്ട വിരുദ്ധമായി പടക്കം പൊട്ടിച്ചതും ആനകളുടെ കാലിൽ ചങ്ങല ഇല്ലാതിരുന്നതും അപകടത്തിന് വഴി വെച്ചതായാണ് റിപ്പോർട്ടിലുള്ളത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ 6 നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ട്. സംഭവ ദിവസം പീതാംബരൻ എന്ന ആന മദപ്പാടിൽ ആയിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
കൈക്കൂലിക്കേസില്‍ വിജിലന്‍സിന്റെ റിമാന്‍ഡിലുള്ള എറണാകുളം ആര്‍.ടി.ഒ. ജെര്‍സന്റെ രണ്ട് ലോക്കറുകള്‍ വിജിലന്‍സ് മരവിപ്പിച്ചു. ജെര്‍സന്റെ പേരില്‍ നാല് നാല് ലോക്കറുകളും നാല് ബാങ്ക് അക്കൗണ്ടുകളുമുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി. കീഴുദ്യോഗസ്ഥര്‍ക്ക് ജെര്‍സന്‍ ടാര്‍ഗറ്റ് നല്‍കിയിരുന്നതായും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.സ്വകാര്യബസിന് റൂട്ട് പെര്‍മിറ്റ് നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് വ്യാഴാഴ്ച വിജിലന്‍സ് സംഘം ജെര്‍സനെ അറസ്റ്റ് ചെയ്തത്.
ഇടുക്കി ഉപ്പുതോട് വില്ലേജിൽ അനധികൃത ഖനനം വ്യാപകമെന്ന് റിപ്പോർട്ട്. അനധികൃത ഖനനത്തിനെതിരെ 20 ലേറെ തവണ ജില്ലാ ജിയോളജിസ്റ്റ് കഴിഞ്ഞവർഷം കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇതിന്മേൽ ഒരു നടപടിയൂം റവന്യൂ വകുപ്പ് സ്വീകരിച്ചിട്ടില്ല. കുളം നിർമ്മാണത്തിന്റെ മറവിലാണ് ജില്ലയിൽ വിവിധയിടങ്ങളിൽ പാറ പൊട്ടിച്ചു കടത്തിയതെന്നാണ് പരാതി.
പെരിന്തൽമണ്ണയിൽ ഭർതൃ വീട്ടിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. റിംഷാനയുടെ ഭർത്താവ് മുസ്തഫക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതിനെതിരെയാണ് കേസ്. ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടേതുള്‍പ്പെടെ ഉന്നതരുടെ വ്യാജ ഒപ്പ് നിര്‍മിച്ച് തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. സര്‍ക്കാര്‍ ജോലിയില്‍ നിയമനം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത് 32 കാരനായ എച്ച് സി വെങ്കിടേഷാണ് പിടിയിലായത് . രണ്ട് പേരില്‍ നിന്നായി 31 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ഇയാളെ മാണ്ഡ്യ ഈസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.
നോയിഡയില്‍ കവര്‍ച്ചാ സംഘത്തെ പിടികൂടി പൊലീസ്. കവര്‍ച്ച കഴിഞ്ഞ് മടങ്ങുന്ന പ്രതികളെ പൊലീസ് സാഹസികമായി കീഴടക്കുകയായിരുന്നു.സംഘത്തിലുണ്ടായിരുന്ന സുരേന്ദ്ര (30), രോഹിത് (22), അജയ് (28) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.മോഷ്ടിച്ച വസ്തുക്കള്‍ വില്‍ക്കാന്‍ പോവുന്നതിനിടെയാണ് അറസ്റ്റുണ്ടായതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞു.
ഗുരുഗ്രാമില്‍ വനിതാ ഇന്‍സ്പെക്ടറോട് അപമര്യാദമായി പെരുമാറുകയും സബ് ഇന്‍സ്പെക്ടറെ മര്‍ദിക്കുകയും ചെയ്ത പാര്‍ക്കിങ് സഹായിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുഗ്രാമിലെ സോഹ്ന ബസ് സ്റ്റാന്‍റില്‍ വെച്ചായിരുന്നു സംഭവം. അഭിഷേക് എന്ന പാര്‍ക്കിങ് സഹായിയാണ് പിടിയിലായത്.
തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ അമേരിക്ക 21 മില്യണ്‍ ഡോളര്‍ (160 കോടി രൂപ) ധനസഹായം നല്‍കിയത് ബംഗ്ലാദേശിന്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇത് സംബന്ധിച്ച രേഖകള്‍ പുറത്തുവിട്ടത്. 2014-ല്‍ സംഘടിപ്പിക്കപ്പെട്ട ബംഗ്ലാദേശിലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് 13.4 മില്യണ്‍ ഡോളര്‍ ചെലവഴിക്കപ്പെട്ടത്.
അമേരിക്കയെ ദ്രോഹിക്കാൻ ശ്രമിക്കുന്നവർ ഏതു ഗ്രഹത്തിലും വേട്ടയാടപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ മേധാവി കശ്യപ് പട്ടേൽ (കാഷ് പട്ടേൽ). അധികാരമേറ്റതിന് തൊട്ടുപിന്നാലെയായിരുന്നു മുൻ സുരക്ഷാ ഉദ്യോഗസ്ഥനും ഇന്ത്യൻ വംശജനുമായ കാഷ് പട്ടേലിന്റെ പ്രതികരണം.
മൂന്നാം ലോക മഹായുദ്ധം അധികദൂരെയല്ലെന്ന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ നേതൃത്വം ഈ യുദ്ധത്തെ തടയുമെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ മുൻ പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഭരണം തുടർന്നിരുന്നെങ്കിൽ, ലോകം ഇതിനകം തന്നെ യുദ്ധ സംഘർഷത്തിലാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിയാമിയിൽ നടന്ന എഫ്ഐഐ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്ത മുൻ സർക്കാരുകളുടെ എല്ലാ താത്കാലിക നിയമനങ്ങളും റദ്ദാക്കി ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളിലെ നിയമനങ്ങൾ ആണ് റദ്ദാക്കിയത്. വിവിധ കോർപറേഷനുകൾ ആശുപത്രികൾ വകുപ്പുകൾ എന്നിവയിലെ ഉദ്യോഗസ്ഥരേയും ഒഴിവാക്കി. പുതിയ നിയമനത്തിന് പ്രൊപ്പോസൽ സമർപ്പിക്കാനും മുഖ്യമന്ത്രിയുടെ നിർദേശം ഉണ്ട്. അതോടൊപ്പം ദില്ലി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കായി മൂന്ന് വസതികളുടെ പട്ടിക പൊതുമാരാമത്ത് വകുപ്പ് സമർപ്പിച്ചു.
തെലങ്കാന മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിനും, അദ്ദേഹത്തിന്റെ അനന്തരവനും മുൻ മന്ത്രിയുമായ ഹരീഷ് റാവുവിനും എതിരെ കേസ് നൽകിയ സാമൂഹിക പ്രവർത്തകൻ കൊല്ലപ്പെട്ടു. നാഗവെല്ലി രാജലിംഗ മൂർത്തി(49) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മൂർത്തിയെ ഒരുസംഘംകുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രതികളിൽ രണ്ടുപേരെ തിരിച്ചറിഞ്ഞതായി ഭൂപാലപള്ളി പോലീസ് സൂപ്രണ്ട് പറഞ്ഞു.
തെലങ്കാനയിലെ കോഴി ഫാമുകളിൽ അജ്ഞാത രോഗം പടർന്ന് 2500 ലേറെ കോഴികൾ ചത്തു വീണതായി റിപ്പോർട്ട്. തെലങ്കാനയിലെ വനപാർത്തിയിലെ കോഴി ഫാമുകളിലാണ് അജ്ഞാത രോഗം പടർന്ന് പിടിച്ചിട്ടുള്ളത്.
സംഭവത്തിന് പിന്നാലെ അധികൃതർ കോഴി ഫാമുകളിൽ പരിശോധന ആരംഭിച്ചു.
സൗദി അറേബ്യയുടെ കറൻസിയായ റിയാലിന് ഏകീകൃത ചിഹ്നമായി. പുതിയ ചിഹ്നത്തിന് ഭരണാധികാരി സൽമാൻ രാജാവ് അംഗീകാരം നൽകി. പുതിയ ചിഹ്നത്തിന് അംഗീകാരം നൽകുന്നതിന് നേതൃത്വം നൽകിയ സൽമാൻ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും സൗദി സെൻട്രൽ ബാങ്ക് (സാമ) ഗവർണർ അയ്മൻ അൽ സയാരി നന്ദി അറിയിച്ചു.
കെട്ടിട നികുതി കുടിശിക അടക്കുന്നതിൽ മുടക്കം വരുത്തിയ പഞ്ച നക്ഷത്ര ഹോട്ടൽ താജിന് പൂട്ടിട്ട് നഗരസഭ. ഹൈദരാബാദിലെ ഐക്കോണിക് ആഡംബര ഹോട്ടലായ താജ് ബഞ്ചാര ആണ് ഗ്രെയ്റ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപറേഷൻ സീൽ ചെയ്തത്. കെട്ടിട നികുതി അടക്കാത്തതിനെ തുടർന്നാണ് നടപടി. 1.43 കോടി രൂപയാണ് ഹോട്ടലധികൃതർ നഗരസഭയിൽ നികുതിയായി അടയ്ക്കാനുള്ളത്.