പ്ലാസ്റ്റിക് ഉപയോഗിച്ചുകൊണ്ടുള്ള പാത്രങ്ങളില്‍ ഭക്ഷണം കഴിക്കുന്നത് ഹൃദ്രോഗങ്ങള്‍ക്ക് കാരണമായേക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പ്ലാസ്റ്റിക് ഉത്പന്നങ്ങളില്‍ നിന്നും ഭക്ഷണത്തിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന രാസവസ്തുക്കള്‍ കുടലിലെ രക്തചംക്രമണത്തെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിലുള്ള വീക്കത്തിന് കാരണമാകുകയും ഹൃദയാരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു എന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഏകദേശം 20000ത്തോളം രാസവസ്തുക്കളുടെ സാന്നിധ്യമാണ് പ്ലാസ്റ്റിക്കില്‍ അടങ്ങിയിട്ടുള്ളത്. ഇതില്‍ ബിപിഎ (ബിസ് ഫിനോള്‍ എ), ഫ്താലേറ്റുകള്‍, പോളിഫ്ലൂറോഅല്‍കൈല്‍ വസ്തുക്കള്‍ ആരോഗ്യത്തിന് ഹാനികരമാണ്. ഭക്ഷണത്തിലൂം ഭക്ഷണ പാക്കേജുകളിലൂടെയും ശരീരത്തില്‍ പ്രവേശിക്കുന്ന രാസ വസ്തുക്കള്‍ കാന്‍സര്‍ മുതല്‍ പ്രത്യുല്‍പാദന ശേഷിയെ വരെ പ്രതികൂലമായി ബാധിക്കുന്നവയാണ്. പ്ലാസ്റ്റിക് ചെറിയ രീതിയില്‍ തന്നെ ചൂടാകുമ്പോള്‍ ഇതില്‍ നിന്നും അപകടകരമായ രാസവസ്തുക്കള്‍ പുറംതള്ളപ്പെടുന്നു. ചൂടുള്ള ഭക്ഷണ വസ്തുക്കള്‍ പാക്ക് ചെയ്യുമ്പോഴും സമാനമായ സാഹചര്യമാണ് ഉണ്ടാകുന്നത്. മൈക്രോവേവ് ചെയ്ത പ്ലാസ്റ്റിക് പാത്രങ്ങളില്‍ നിന്ന് ചതുരശ്ര സെന്റിമീറ്ററില്‍ 4.2 ദശലക്ഷം മൈക്രോപ്ലാസ്റ്റിക് കണികകള്‍ വരെ ചോര്‍ന്നൊലിക്കുന്നു എന്ന മുന്‍ കണ്ടെത്തലുകളും പുതിയ പഠനത്തില്‍ പരാമര്‍ശിക്കുന്നു. പ്ലാസ്റ്റിക് കണികകള്‍ കലര്‍ന്ന വെള്ളം നല്‍കി എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഇവയുടെ സാന്നിധ്യം കുടലിലെ ബാക്ടീരിയകളെ ബാധിക്കുന്നതായും ഇത് മെറ്റബോളിസത്തെ തകരാറിലാക്കുന്നതായും കണ്ടെത്തിട്ടുണ്ട്. പരീക്ഷണം നടത്തിയ എലികളുടെ ഹൃദയ പേശികളിലെ കോശഘടനയെ തകരാറിലാക്കിയെന്നും പഠനം പറയുന്നു.