എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി ആംആദ്മിപാർട്ടി. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കനത്ത ജാഗ്രത തുടരണമെന്ന് പ്രവർത്തകർക്ക് എഎപി നേതാക്കൾ നിർദേശം നൽകി. പുറത്തുവന്ന ഭൂരിഭാഗം എക്സിറ്റ് പോൾ പ്രവചനങ്ങളിലും ബിജെപിക്കാണ് മുൻതൂക്കം. പ്രവചനങ്ങൾ ആശയക്കുഴപ്പമുണ്ടാക്കാനുള്ള നീക്കം എന്ന വാദമാണ് എഎപി ഉയർത്തുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നും പാർട്ടി പ്രവർത്തകരെ മാറ്റി നിർത്താനാണ് ശ്രമമെന്നും എഎപി ആരോപിച്ചു. മസാജ് സെന്റററുകളും സ്പാകളും നടത്തുന്ന കമ്പനികളൊക്കെയാണ് ഇപ്പോൾ എക്സിറ്റ് പോളുകൾ സംഘടിപ്പിക്കുന്നതെന്നും, പ്രവചനങ്ങളുടെ അവസ്ഥ എന്താണെന്ന് ഊഹിക്കാമെന്നും സഞ്ജയ് സിംഗ് എംപി പരിഹസിച്ചു.
രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റ് നാളെ അവതരിപ്പിക്കുമ്പോൾ ധനമന്ത്രിക്ക് ഏറ്റവുമധികം വെല്ലുവിളി സൃഷ്ടിക്കുന്നത് കുടിശികകളുടെ നിരയാണ്. ക്ഷേമ പെന്‍ഷന്‍ കുടിശിക, ശമ്പള പരിഷ്കരണ കുടിശിക, ലീവ് സറണ്ടര്‍ കുടിശിക, പെന്‍ഷന്‍ പരിഷ്കരണ കുടിശിക അങ്ങനെ കുടിശികകളുടെ നീണ്ട നിരയാണ് നാളെ അവതരിപ്പിക്കുന്ന ബജറ്റില്‍ ധനമന്ത്രി കൈകാര്യം ചെയ്യേണ്ടി വരിക. ഇതിനായി ഏതാണ്ട് 60,000 കോടി രൂപ ധനമന്ത്രി കണ്ടെത്തേണ്ടി വരുമെന്നാണ് റിപ്പോർട്ട്.
കോൺഗ്രസിൽ ഞാനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 2006 ഓർമിപ്പിക്കരുത് എന്ന് പിണറായി വിജയനോട് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ക്ലാസ്സ് ഞങ്ങൾക്ക് വേണ്ടെന്നും അദ്ദേഹം പരിഹസിച്ചു. കോൺഗ്രസിന്‍റെ മുഖ്യമന്ത്രിയെ ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി അധികം തമാശ പറയരുത് അങ്ങനെ പറഞ്ഞാൽ 2011ലെയും 2006ലേയും തമാശ താനും പറയേണ്ടി വരുമെന്നും വി ഡി സതീശൻ പറഞ്ഞു.
പകുതി വിലയ്ക്ക് വാഹനവും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്ത് ശതകോടികള്‍ തട്ടിയ കേസില്‍ പ്രാഥമിക വിവര ശേഖരണം നടത്തുകയാണ് ഇഡി. തട്ടിപ്പിൽ പല വിധത്തിലാണ് പിരിവുകൾ നടന്നത്. സീഡ് സൊസൈറ്റികളിൽ അംഗത്വ ഫീസായി 320 രൂപ വീതമാണ് ഒരാളില്‍ നിന്ന് വാങ്ങിയത്. സ്കൂട്ടർ പദ്ധതിയുടെ വ്യവസ്ഥകൾ സാക്ഷ്യപ്പെടുത്താൻ വക്കീൽ ഫീസായി 500 രൂപ ഒരാളില്‍ നിന്ന് ഈടാക്കി. പിരിച്ചെടുത്ത തുകയിൽ 100 രൂപ വീതമാണ് ഫീൽഡ് പ്രൊമോട്ടർമാർക്ക് നൽകിയത്. കരാർ തയ്യാറാക്കിയതെല്ലാം അനന്തു കൃഷ്ണന്‍റെ പേരിലാണ്. അഭിഭാഷകനെ ഏർപ്പാടാക്കിയതും അനന്തുവിന്‍റെ സ്ഥാപനമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.
അനന്ദു കൃഷ്ണൻ കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ. സായി ഗ്രാം ചെയർമാൻ അനന്തകുമാറാണ് സിഎസ്ആർ പദ്ധതി തനിക്ക് പരിചയപ്പെടുത്തിയതെന്നും ജനസേവനത്തിൻ്റെ ഭാഗമായിട്ടണ് പദ്ധതിയുടെ ഭാഗമായതെന്നും അദ്ദേഹം പറഞ്ഞു. ഒരു രൂപ പോലും പദ്ധതിയുടെ പേരിൽ കൈപ്പറ്റിയിട്ടില്ലെന്നും ഞങ്ങളും (SIGN ) ഒരു ഇരയാണ്, ഇതുവരെ 5620 വണ്ടികൾ SIGN നൽകി ഇനി 5 ശതമാനം പേർക്കേ വണ്ടി നൽകാനുള്ളൂവെന്നും പണം തിരികെ നൽകുന്നത് ഇന്നലെ തുടങ്ങിയതല്ല കുറേ ദിവസങ്ങളായി റീഫണ്ടിംഗ് നടക്കുന്നുണ്ടെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
ഇടുക്കി കമ്പംമെട്ട് സി ഐ ഷമീർ ഖാനെതിരെ വീണ്ടും പരാതി. സിഎസ്ആർ ഫണ്ട് തട്ടിപ്പിൽ പരാതി നൽകാനെത്തിയ പഞ്ചായത്തംഗം അടക്കമുള്ള സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് ആക്ഷേപം. ഇതേത്തുടർന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കമ്പംമെട്ട് പൊലീസ് സ്റ്റേഷന് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
മണ്ണുത്തി – വടക്കുംചേരി ദേശീയ പാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയിലൂടെ ഒരുമാസം 9,000 വാഹനങ്ങള്‍ സൗജന്യമായി കടന്ന് പോകുന്നുണ്ടെന്ന് കരാര്‍ കമ്പനി. വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട്, പാണഞ്ചേരി പഞ്ചായത്തുകളിലെ താമസക്കാര്‍ക്കാണ് ടോള്‍ സൗജന്യം അനുവദിച്ചിട്ടുള്ളത്. സൗജന്യം നല്‍കാനാവില്ലെന്ന കരാര്‍ കമ്പനി നിലപാടിനെത്തുടര്‍ന്ന് വിഷയത്തില്‍ പരിഹാരം കാണുന്നതിനായി ചര്‍ച്ച നടന്നിരുന്നു. സൗജന്യമായി കടന്നുപോകുന്ന വാഹനങ്ങളുടെ കണക്കെടുത്തശേഷം അന്തിമ തീരുമാനമെടുക്കാമെന്ന് യോഗത്തില്‍ ധാരണയായിരുന്നു.
പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി ഗ്രീഷ്മ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. എതിര്‍ കക്ഷികള്‍ക്ക് ഡിവിഷന്‍ ബെഞ്ച് നോട്ടീസ് അയച്ചു. കേസിലെ വിചാരണയ്ക്ക് ശേഷം നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി പുറപ്പെടുവിച്ച ശിക്ഷാവിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹർജി. നിലവിൽ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ കഴിയുകയാണ് ഗ്രീഷ്മ.
ബോഡി ബിൽഡിംഗ്, സ്പോർട്സ് ക്വാട്ട നിയമനത്തിനുള്ള കായികഇനമായി അംഗീകരിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബോഡി ബിൽഡിംഗ് താരത്തിന്‍റെ അനധികൃത നിയമനത്തിനെതിരെ പ്രതിപക്ഷം നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. ഒളിമ്പിക്സിൽ പങ്കെടുത്തവരെ പോലും തഴഞ്ഞാണ് വിവാദ നിയമനം നടത്തിയതെന്നും സിപിഎം പ്രവർത്തകർക്ക് സർക്കാർ ജോലിപ്പെടുത്താനുള്ള സംവിധാനം അല്ല സ്പോർട്സ് കോട്ട നിയമനമെന്നും നേരിട്ട് ഇൻസ്പെക്ടർ റാങ്കിലേക്ക് നിയമിക്കരുതെന്ന് നിയമം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിഎസ്ആര്‍ തട്ടിപ്പ് കേസില്‍ പെരിന്തൽമണ്ണ എംഎല്‍എ നജീബ് കാന്തപ്പുരത്തിൻ്റെ പങ്ക് അന്വേഷിക്കണമെന്ന് സിപിഎം നേതാവ് പി സരിൻ ആവശ്യപ്പെട്ടു. നജീബ് നേതൃത്വം നൽകുന്ന മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷന് തട്ടിപ്പിൽ പങ്കുണ്ടെന്നും ഈ സംഘടനയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത് അതിനാൽ നജീബിൻ്റെ പങ്ക് ഇതിലൂടെ വ്യക്തമാണെന്നും സരിൻ ആരോപിച്ചു.
ഇടുക്കി മറയൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട 57 കാരന് ദാരുണാന്ത്യം. ചമ്പക്കാട് കുടി സ്വദേശി വിമലനാണ് മരിച്ചത്. ഫയർലൈൻ തെളിക്കുന്നതിനിടെ വിമലനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്നവർ വിമലനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
‘
കേരളത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലളിൽ സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് വരെ ഡിഗ്രി സെൽഷ്യസ് താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
എറണാകുളം കാക്കനാടുള്ള ഹ്യുണ്ടെ സർവീസ് സെൻ്ററിനുള്ളിൽ തീപിടിത്തം. കാക്കനാട് നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി തീയണക്കാൻ ശ്രമം തുടരുകയാണ്. വലിയ നാശനഷ്ടമുണ്ടായതായി സംശയിക്കുന്നു. അപകടത്തിൻ്റെ കാരണം വ്യക്തമല്ല. ഇന്ന് രാവിലെ 11 മണിയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം.
മുക്കത്ത് ഹോട്ടലിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ കീഴടങ്ങി. ഇതേ ഹോട്ടലിലെ ജീവനക്കാരായ റിയാസ്, സുരേഷ് എന്നീ പ്രതികൾ താമരശ്ശേരി കോടതിയിലാണ് കീഴടങ്ങിയത്. ഹോട്ടലുടമ ദേവദാസിനെ ഇന്നലെ അറസ്റ്റു ചെയ്ത്, തെളിവെടുപ്പ് നടത്തി റിമാൻഡ് ചെയ്തിരുന്നു. പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്ന നടപടികളും പൊലീസ് വൈകാതെ പൂർത്തിയാക്കും.
ഇടുക്കി ജില്ലാ ജയിലിന് സമീപം പത്താം ക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുട്ടം വേരമനാൽ ബിജുവിൻ്റെ മകൻ മാർലോൺ മാത്യുവാണ് മരിച്ചത്. മുട്ടം ഷന്താൾജ്യോതി പബ്ലിക് സ്കൂൾ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ് മാത്യു. മുട്ടത്ത് മലങ്കര ഡാമിൽ മാത്തപ്പാറയിലുള്ള ജില്ലാ ജയിൽ പമ്പ് ഹൗസിന്റെ പിറകു വശത്തെ കൈവരിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വൈസ് ചാൻസലർ നിയമനത്തിലടക്കം വിവാദ മാർഗ നിർദേശങ്ങളുള്ള യുജിസി കരട് മാർഗരേഖ തള്ളിക്കളയണമെന്ന് ഏഴ് സംസ്ഥാനങ്ങൾ. ബെംഗളൂരുവിൽ ചേർന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിമാരുടെ കോൺക്ലേവ് കരട് മാർഗരേഖയ്ക്ക് എതിരെ പ്രമേയം പാസ്സാക്കി. കേരളവും തമിഴ്നാടും കർണാടകയുമടക്കം ഏഴ് സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിമാരാണ് ഇന്നലെ യോഗം ചേർന്നത്.
യുഎഇയിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ദുബായ് ഫൗണ്ടൻ താൽക്കാലികമായി അടച്ചിടുമെന്ന് ഇമാർ പ്രോപ്പർട്ടീസ് അറിയിച്ചു. നവീകരണ പ്രവർത്തനങ്ങൾക്കായി അഞ്ച് മാസത്തേക്കാണ് അടച്ചിടുക. മെച്ചപ്പെട്ട പ്രകാശ, ശബ്ദ സംവിധാനങ്ങളൊരുക്കി സന്ദർശകർക്ക് മികച്ച അനുഭവം സാധ്യമാക്കാനാണ് ഈ താൽക്കാലിക അടച്ചിടലെന്ന് ഇമാർ പ്രോപ്പർട്ടീസ് അധികൃതർ അറിയിച്ചു.
ഇന്ത്യയുൾപ്പടെ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ദീർഘകാല സന്ദർശന വിസ നിരോധിച്ചുകൊണ്ടുള്ള പുതിയ വിസ നയം സൗദി അറേബ്യ നടപ്പാക്കിയതായി റിപ്പോർട്ടുകൾ. ദീർഘകാല സന്ദർശന വിസകളിലൂടെ അനധികൃതമായി പ്രവേശിക്കുന്ന ഹജ്ജ് തീർത്ഥാടകരെ തടയുന്നതിന്റെ ഭാഗമായാണ് നിരോധനം ഏർപ്പെടുത്തിയതെന്നും ഫെബ്രുവരി ഒന്നു മുതൽ നിരോധനം പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നുമാണ് വിവരം.
അമേരിക്കയ്ക്ക് പിന്നാലെ ലോകാരോഗ്യ സംഘടനയില്‍ നിന്ന് അംഗത്വം പിന്‍വലിക്കാന്‍ തീരുമാനിച്ച് അര്‍ജന്‍റീന. അംഗത്വം പിന്‍വലിക്കാനുള്ള പ്രസിഡന്‍റ് ജാവിയര്‍ മിലെയുടെ തീരുമാനം അദ്ദേഹത്തിന്‍റെ വക്താവാണ് അറിയിച്ചത്. കൊവിഡ് കാലത്തെ ലോകാരോഗ്യ സംഘടനയുടെ ഇടപെടലുകളുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസമാണ് തീരുമാനത്തിനു പിന്നിലെന്നാണ് വിവരം.
തടവുകാരെ കുത്തിനിറച്ച ജയിലുകൾക്കും കൂട്ട ജയിൽ ചാട്ടത്തിനും കുപ്രസിദ്ധമായ കോംഗോയിൽ നൂറിലേറെ വനിതാ തടവുകാരെ ബലാത്സംഗം ചെയ്തതിന് പിന്നാലെ തീവച്ചു കൊന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഗോമാ നഗരത്തിൽ തിങ്കളാഴ്ചയാണ് ക്രൂരമായ സംഭവമുണ്ടായത്. റുവാണ്ടയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന എം 23 കലാപകാരികൾ നഗരം കീഴക്കാനുള്ള ശ്രമത്തിനിടയിൽ നടന്ന ജയിൽ ചാട്ട ശ്രമത്തിനിടയിലാണ് സംഭവം.
അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ വിക്ഷേപണ കമ്പനിയായ സ്പേസ് എക്സിന്‍റെ സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ ഏഴാം പരീക്ഷണം ജനുവരിയില്‍ വന്‍ പൊട്ടിത്തെറിയില്‍ അവസാനിച്ചിരുന്നു. ഈ റോക്കറ്റ് അവശിഷ്ടങ്ങള്‍ ഭൗമാന്തരീക്ഷത്തില്‍ വലിയ തോതില്‍ വായുമലിനീകരണത്തിന് കാരണമായിട്ടുണ്ടാകും എന്നാണ് യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിന്‍റെ പഠനം ആസ്പദമാക്കി സ്പേസ് ഡോട് കോമിന്‍റെ റിപ്പോര്‍ട്ട്.
ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ കീടനാശിനി സ്റ്റോറുകള്‍ അടച്ചുപൂട്ടി. ജില്ലയിലെ ബദാല്‍ ഗ്രാമത്തില്‍ അജ്‍ഞാത രോഗം ബാധിച്ച് 17 പേര്‍ മരിച്ച സംഭവത്തെ തുടര്‍ന്നാണ് നടപടി. കീടനാശിനി, വളം എന്നിവ വില്‍ക്കുന്ന സ്റ്റോറുകളില്‍ ബുധനാഴ്ച്ച അപ്രതീക്ഷിത പരിശോധന നടത്തുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. സ്റ്റോറുകള്‍ അടച്ചു പൂട്ടാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
മഹാകുംഭമേളയിൽ ഇതുവരെ 38.97 കോടി പേർ സ്നാനം നടത്തിയെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അതേ സമയം പ്രധാനമന്ത്രിയുടെ കുംഭമേള സ്നാനത്തിനെതിരെ, വിമർശനവുമായി സംയുക്ത കിസാൻ മോർച്ച രാഷട്രീയേതര വിഭാഗം രംഗത്തെത്തി. കുംഭമേളയിൽ ദുരന്തത്തിൽ മരിച്ചവരെ കുറിച്ചും മോദിയും യോഗിയും ചിന്തിക്കണമെന്നും ഗംഗ ശുദ്ധീകരിക്കുമെന്ന് പറഞ്ഞ ഒരു സർക്കാറും വാഗ്ദാനം പാലിച്ചില്ലെന്നും അവർ പറഞ്ഞു.
വനിതകളുടെ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ട്രാൻസ്‌ജെന്‍ഡര്‍ അത്ലറ്റുകളെ വിലക്കിക്കൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവെച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. വനിതകള്‍ക്കായുള്ള കായിക മത്സരങ്ങളില്‍ നിന്ന് പുരുഷൻമാരെ അകറ്റി നിര്‍ത്തുന്നതിനായാണ് നടപടിയെന്നാണ് ഉത്തരവില്‍ പറയുന്നത്. വൈറ്റ്ഹൗസിലെ ഈസ്റ്റ് റൂമില്‍ കുട്ടികളും വനിതാ കായികതാരങ്ങളും നിറഞ്ഞസദസില്‍വെച്ചാണ് ട്രംപ് ഉത്തരവില്‍ ഒപ്പിട്ടത്.