nobel 1

അച്ഛനു പിറകേ, സ്വീഡിഷ് ശാസ്ത്രജ്ഞനായ മകനും നോബേല്‍ സമ്മാനം. മനുഷ്യ പരിണാമ പഠനത്തിലെ അപൂര്‍വ സംഭാവനകള്‍ക്കാണ് സ്വാന്റേ പേബൂവിന് വൈദ്യശാസ്ത്ര പുരസ്‌കാരം. പേബൂവിന്റെ അച്ഛന്‍ സുനേ ബഗേസ്റ്റോം 1982 ലെ നോബേല്‍ പുരസ്‌കാരം നേടിയിരുന്നു.

കോടിയേരിക്കു കണ്ണീരോടെ വിട. പയ്യാമ്പലത്ത് ജനസാഗരം ലാല്‍സലാം മുഴക്കവേ, സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ചിതയില്‍ തീ പകര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ വിലാപയാത്രയില്‍ രണ്ടര കിലോമീറ്റര്‍ നടന്നാണ് പയ്യമ്പലത്ത് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കോടിയേരിയുടെ മൃതദേഹം ചുമലിലേറ്റി. ഇ.കെ നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതി കുടീരങ്ങള്‍ക്കു നടുവിലാണ് കോടിയേരിക്കു ചിതയൊരുങ്ങിയത്. കുടുംബാഗങ്ങള്‍ക്കും 12 നേതാക്കള്‍ക്കും മാത്രമാണ് സംസ്‌കാര സ്ഥലത്തേക്കു പ്രവേശനമുണ്ടായിരുന്നുള്ളൂ. അന്തിമോപചാരം അര്‍പ്പിക്കാന്‍ ജനസാഗരമാണ് എത്തിയത്.

വാക്കുകള്‍ ഇടറി പ്രസംഗം പൂര്‍ത്തിയാക്കാനാകാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാര ചടങ്ങിനുശേഷം നടന്ന അനുശോചന യോഗത്തിലാണ് മുഖ്യമന്ത്രി വികാരനിര്‍ഭരനായത്. ‘ഏതു നേതാവിന്റെയും വിയോഗം കൂട്ടായ പരിശ്രമത്തിലൂടെ പരിഹരിക്കാറാണു പതിവ്. എന്നാല്‍ ഇത് പെട്ടെന്ന് പരിഹരിക്കാനാവുന്നതല്ല. ഞങ്ങളത് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നികത്താന്‍ ശ്രമിക്കും. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ ….. അവസാനിപ്പിക്കുന്നു’ എന്നു പറഞ്ഞാണു മുഖ്യമന്ത്രി പ്രസംഗം നിര്‍ത്തിയത്.

സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. സംസ്ഥാന കൗണ്‍സില്‍ തെരഞ്ഞെടുപ്പോടെ കാനം വിരുദ്ധ ചേരി ദുര്‍ബലമായി. കേന്ദ്ര കമ്മിറ്റി നിര്‍ദേശിച്ച പ്രായപരിധി മാനദണ്ഡം നടപ്പാക്കിയതോടെ സംസ്ഥാന കൗണ്‍സിലില്‍നിന്ന് സി. ദിവാകരനും കെ.എ ഇസ്മായിലും പുറത്തായി. ഇ.എസ് ബിജിമോളെ ഇടുക്കി ജില്ലാ ഘടകം ഒഴിവാക്കിയിരുന്നു.

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ ദുഷ്പ്രചാരണം അരുതെന്ന് വരണാധികാരിയായ മധുസൂദനന്‍ മിസ്ത്രി. നേതാക്കള്‍ പദവിയിലിരുന്ന് പ്രചാരണം നടത്തുന്നതും വിലക്കി. തെരഞ്ഞെടുപ്പു പ്രചാരണം സുതാര്യവും ജനാധിപത്യപരവുമാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തേക്കു യാത്രയായി. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചതോടെ മാറ്റിവച്ച യൂറോപ്യന്‍ സന്ദര്‍ശനത്തിന് പുലര്‍ച്ചെ മൂന്നരയ്ക്ക് നോര്‍വേയിലേക്കു തിരിച്ചു. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹ്‌മാനും ഒപ്പമുണ്ട്. നോര്‍വേ സന്ദര്‍ശിച്ച ശേഷം ബ്രിട്ടനിലേക്ക് പോകും. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഈ യാത്രയില്‍ ഒപ്പമുണ്ടാകും.

മഹാനവമി ദിനമായ ഇന്ന് ക്ഷേത്രദര്‍ശനത്തിനും പൂജവയ്പിനും തിരക്ക്. നാളെ വിജയദശമി ദിനത്തില്‍ വിദ്യാരംഭത്തിനു വിപുലമായ ഒരുക്കങ്ങള്‍. പല ക്ഷേത്രങ്ങളിലും നവരാത്രിയോടനുബന്ധിച്ചു കലാവിരുന്നും സജ്ജമാക്കിയിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു. സംസ്ഥാനത്ത് മഴ സജീവമാകും. കിഴക്കന്‍ മേഖലകളില്‍ ശക്തമായ മഴ പെയ്തേക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *