Untitled design 20250128 140330 0000

മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. എഐ വിദ്യാഭ്യാസത്തിനായി പുതിയ കേന്ദ്രം സ്ഥാപിക്കുമെന്നും ഇതിനായി 500 കോടി വകയിരുത്തിയെന്നും പ്രഖ്യാപനമുണ്ട്. മെഡിക്കൽ കോളേജുകളിൽ പതിനായിരം സീറ്റുകൾ കൂട്ടി. 2014ന് ശേഷം തുടങ്ങിയ 5 ഐഐടികൾക്ക് അധിക ഫണ്ട് വകയിരുത്തി. അടുത്ത വർഷത്തേക്ക് ഐഐടി, ഐഐഎസ്‍സി ഗവേഷണത്തിനായി പതിനായിരം പിഎം റിസർച്ച് സ്കോളർഷിപ്പ് നൽകും. സ്റ്റാർട്ടപ്പിൽ 27 മേഖലകൾ കൂട്ടിയെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.

 

 

 

ആദായ നികുതി പരിധി ഉയര്‍ത്തിയതാണ് ബജറ്റിലെ ഏറ്റവും ഞെട്ടിക്കുന്ന പ്രഖ്യാപനം. 12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ല. മധ്യവർഗ കേന്ദ്രീകൃതമായ പരിഷ്ക്കാരത്തിലൂടെ സമീപകാലത്തെ ഏറ്റവും വലിയ നികുതിയിളവാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. അതോടൊപ്പം മൊബെൽ ഫോൺ ബാറ്ററികളുടെ വില കുറയും. ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഇത് കൂടാതെ 36 ജീവൻ രക്ഷാമരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി 6 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയിൽ ഇളവും വരുത്തിയിട്ടുണ്ട്.

 

 

 

 

ആദായ നികുതി നിയമം ലഘൂകരിച്ച് രാജ്യത്ത് പുതിയ ആദായ നികുതി ബിൽ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. ബില്ല് അടുത്താഴ്ച പാർലമെന്‍റിൽ അവതരിപ്പിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി. പുതിയ ബില്ല് നികുതി വ്യവസ്ഥയിലെ മാറ്റം വ്യക്തമാക്കും. നികുതി ദായകരുടെ സൗകര്യം പരിഗണിച്ച് നടപടികൾ ലഘൂകരിക്കും. നികുതി പരിഷ്ക്കാരം വികസിത ഇന്ത്യയുടെ ലക്ഷ്യമാണെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.

 

 

 

ബജറ്റ് അവതരണത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. പട്ടിക ജാതി- പട്ടിക വര്‍ഗത്തില്‍പ്പെടുന്ന വനിത സംരംഭകര്‍ക്ക് 2 കോടി വരെ വായ്പ നല്‍കും. പ്രഖ്യാനം 5 ലക്ഷം സ്ത്രീകൾക്ക് പ്രയോജനപ്പെടുമെന്നും ധനമന്ത്രി പറഞ്ഞു. കൂടാതെ ടൂറിസം മേഖലയിൽ കൂടുതൽ തൊഴിൽ അവസരം ഒരുങ്ങുമെന്നും ഹോം സ്റ്റേക്കായി മുദ്ര ലോണുകൾ നല്‍കുമെന്നും പ്രഖ്യാപിച്ചു. നിലവിലെ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ ഉയര്‍ത്തുമെന്നും ധനമന്ത്രി പറഞ്ഞു.

 

 

 

 

കിസാൻ പദ്ധതികളിൽ വായ്പ പരിധി ഉയർത്തുമെന്ന ബജറ്റ് പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി. 1.7 കോടി കർഷകർക്ക് പ്രയോജനപ്പെടുന്ന പദ്ധതി കൊണ്ടുവരുമെന്നും 100 ജില്ലകള്‍ കേന്ദ്രീകരിച്ച് കാര്‍ഷിക വികസനം നടപ്പിലാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. പിഎം ധൻധാന്യ പദ്ധതിക്കായി പ്രത്യേക ഫോക്കസ് കൊണ്ടുവരുമെന്നും ബജറ്റിലുണ്ട്.

 

 

 

നിർമ്മലാ സീതാറാമന്റെ രണ്ടാം ബജറ്റിലും ബിഹാറിന് പുത്തൻ പദ്ധതികളും ധന സഹായവും വാരിക്കോരി നൽകി. ബിഹാറിനെ ഇന്ത്യയുടെ ഫുഡ് ഹബ്ബാക്കി മാറ്റുമെന്നതാണ് ബജറ്റിലെ സുപ്രധാന പ്രഖ്യാപനം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി ബിഹാറിൽ സ്ഥാപിക്കും. സസ്യാഹാരികളുടെ പ്രോട്ടീൻ സംഭരണ കേന്ദ്രം എന്നറിയപ്പെടുന്ന മഖാന എന്ന പ്രത്യേകതരം താമരവിത്ത് ഉൽപ്പാദനം ത്വരിതപ്പെടുത്താനും മഖാന കർഷകരെ ശാക്തീകരിക്കാനുമായി ബിഹാറിന് പ്രത്യേക മഖാന ബോർഡും അനുവദിച്ചു.

 

 

 

മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരണത്തിന് മുന്നോടിയായി സ്പീക്കർ സഭയിലെത്തിയതിന് പിന്നാലെ കുംഭമേളയിലെ മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ബഹളം തുടങ്ങി. ബജറ്റിന് ശേഷം മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധിച്ച് പാർലമെന്റിൽ നിന്നും ഇറങ്ങി പോയി. അൽപ്പ സമയത്തിനുളളിൽ തിരികെയെത്തിയ പ്രതിപക്ഷം, ഇറങ്ങിപ്പോക്ക് പ്രതീകാത്മകമായ പ്രതിഷേധമായിരുന്നുവെന്നും ബജറ്റ് അവതരണത്തോട് സഹകരിക്കുമെന്നും അറിയിച്ചു.

 

 

 

ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്രബജറ്റ് തയ്യാറാക്കിയത് മാസങ്ങളുടെ ശ്രമഫലമായാണ്. ധനമന്ത്രി നിര്‍മലാ സീതാരാമനൊപ്പം ഈ പ്രക്രിയയില്‍ പങ്കാളികളാകുന്നത് രാജ്യത്തെ തന്നെ പ്രമുഖരായ സാമ്പത്തിക വിദഗ്ദരാണ്. വി അനന്ത നാഗേശ്വരൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്,

മനോജ് ഗോവിൽ എക്സ്പെന്റിച്ചര്‍ സെക്രട്ടറി, അജയ് സേത്ത് സാമ്പത്തികകാര്യ സെക്രട്ടറി, തുഹിൻ കാന്ത പാണ്ഡെ ധനകാര്യ-റവന്യൂ സെക്രട്ടറി, അരുണിഷ് ചൗള ഡിഐപിഎഎം സെക്രട്ടറി, എം നാഗരാജു ഫിനാൻഷ്യൽ സർവീസസ് സെക്രട്ടറി എന്നിവരാണ് ആ വിദഗ്ദർ.

 

 

 

 

 

 

കേരളത്തിൽ നിന്നൊരു ലോക്സഭാ അംഗമുണ്ടായിട്ടുപോലും ബഡ്ജറ്റിൽ കേരളത്തിന് അർഹിക്കുന്ന പരിഗണന ലഭിചില്ലെന്ന് കെ മുരളീധരന്‍ കുറ്റപ്പെടുത്തി. കേരളത്തിന്‍റെ ആവശ്യങ്ങളെ ഒന്നും കണക്കാക്കാത്ത ബഡ്ജറ്റാണിതെന്നും ബീഹാറിന് വാരിക്കോരി പദ്ധതികൾ കൊടുക്കുന്നു തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ബഡ്ജറ്റ് ആണിതെന്നും

മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്കായി ഒരു പദ്ധതി പോലും ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

 

 

മൂന്നാം മോദി സർക്കാരിന്‍റെ രണ്ടാം ബജറ്റ് അവതരണം ധനമന്ത്രി നിർമല സീതാരാമൻ തുടരവെ ഇന്ത്യൻ ഓഹരി വിപണിയിൽ തകർച്ച. ബജറ്റ് അവതരണത്തിന്‍റെ തുടക്കത്തിൽ കുതിച്ചുയർന്ന ഓഹരി വിപണി, ബജറ്റ് അവതരണം ഒരു മണിക്കൂർ പിന്നിട്ടപ്പോളാണ് പൊടുന്നനെ കൂപ്പുകുത്തിയത്.

 

 

 

വളരെയധികം പ്രതീക്ഷയോടെയാണ് ഇന്ത്യയിലെ സാധാരണക്കാരും മധ്യവര്‍ഗത്തില്‍പ്പെട്ട ആളുകളും ബജറ്റിനെ നോക്കിക്കാണുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍. ലക്ഷ്മി ദേവിയാണോ മൂദേവിയാണോ മധ്യവർഗത്തെ കടാക്ഷിക്കുന്നതെന്ന് ബജറ്റിന് ശേഷം അറിയാമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

സമസ്തയിലെ വിഭാഗീയതയില്‍ പരോക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. വാഫി വഫിയ്യ വിഷയത്തില്‍ തീരുമാനമെടുക്കാൻ ഉത്തരവാദിത്തപ്പെട്ട സമിതി ഉണ്ടന്ന് സാദിഖലി തങ്ങൾ വ്യക്തമാക്കി. വിഷയത്തില്‍ സമസ്തയിലെ ലീഗ് വിരുദ്ധ ചേരി പ്രചാരണം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് സ്വാദിഖലി തങ്ങളുടെ പ്രതികരണം.

 

 

 

സി പി എമ്മിൻ്റെ കരുത്തുറ്റ കോട്ടയെന്നറിയപ്പെടുന്ന കണ്ണൂർ ജില്ലയിൽ സമ്മേളനത്തിന്‍റെ കൊടിയുയർന്നു. തളിപ്പറമ്പിലാണ് സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നത്. സ്വന്തം ജില്ലയിലെ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മൂന്ന് ദിവസവും പങ്കെടുക്കുന്നുണ്ട്. പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക.

 

 

 

കൂത്താട്ടുകുളത്ത് നഗരസഭയിലെ വനിതാ കൗണ്‍സിലർ കലാരാജുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത റിപ്പോർട്ട് എസ്പി ഡിഐജിക്ക് കൈമാറി. തട്ടിക്കൊണ്ടുപോകല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍, അന്യായമായി ത‍ടഞ്ഞുവക്കല്‍, നിയമവിരുദ്ധമായി കൂട്ടം ചേരല്‍ തുടങ്ങി ഗുരുതരവകുപ്പുകൾ ചുമത്തിയാണ് കൂത്താട്ടുകുളം പൊലീസ് കേസെടുത്തത്.

 

 

 

 

 

വർക്കല അയിരൂരിൽ മാതാപിതാക്കളെ വീട്ടിൽ നിന്ന് പുറത്താക്കിയ മകൾക്കെതിരെ അയിരൂർ പൊലീസ് കേസെടുത്തു. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്തതിനും സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കൽ, വഞ്ചന കുറ്റം എന്നീ വകുപ്പുകൾ ചുമത്തിയുമാണ് മകൾ സിജിക്കും ഭർത്താവിനുമെതിരെ കേസെടുത്തിരിക്കുന്നത്. ഇന്നലെയാണ് ഇവർ മാതാപിതാക്കളെ വീട്ടിൽ പുറത്താക്കി ഗേറ്റ് അടച്ചത്.

 

 

 

 

മലപ്പുറം ജില്ലയിലെ കരുളായിയിൽ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. പാപ്പിനിപൊയിലിലെ ആയിശ ബീഗത്തിനാണ് ഇന്നലെ രാവിലെ പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ആക്രമകാരിയായ പന്നിയെ കവിഞ്ഞ ദിവസം രാത്രിയോടെ തന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേത്വത്തിൽ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.

 

 

 

വയനാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് ബാഗിലാക്കിയ സംഭവത്തില്‍ യുപി സ്വദേശി മുഹമ്മദ് ആരീഫ് കുറ്റം സമ്മതിച്ചു. ഭാര്യയുമായി മുഖീബിന് ഉണ്ടായിരുന്ന ബന്ധമാണ് കൊലക്ക് കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ പ്രതിയുമായുള്ള തെളിവെടുപ്പ് ഇന്ന് നടക്കും.

 

 

 

വലിയ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കുള്ള അതേ അവകാശങ്ങള്‍ സ്‌കൂട്ടര്‍ ഓടിക്കുന്നവര്‍ക്കുമുണ്ടെന്ന് ഹൈക്കോടതി. ചട്ടവിരുദ്ധമായി ലൈറ്റുകള്‍ സ്ഥാപിക്കുന്ന ഹെവി വാഹനങ്ങള്‍ക്കുമുന്നില്‍ രാത്രികാലങ്ങളില്‍ അകപ്പെടുന്ന ചെറുവാഹനങ്ങള്‍ കാനകളിലും മറ്റുംവീണ് അപകടമുണ്ടാകുന്നത് കൂടിവരുകയാണെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് അഭിപ്രായപ്പെട്ടു.

 

 

 

ബാലരാമപുരത്തെ രണ്ട് വയസുകാരി ദേവേന്ദുവിൻ്റെ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്ന് ജ്യോതിഷി ദേവീദാസൻ. കൊവിഡിന് മുൻപാണ് ഹരികുമാർ തന്റെ അടുത്ത് ജോലി ചെയ്തിരുന്നത്. ചില മാനസിക വൈകല്യങ്ങൾ പ്രകടിപ്പിച്ചതുകൊണ്ട് താൻ പറഞ്ഞ് വിടുകയായിരുന്നു. ഹരികുമാറിന്റെ ശമ്പളം വാങ്ങാൻ വന്നിരുന്നത് അമ്മയും സഹോദരിയുമാണ്. അങ്ങനെയാണ് കുടുംബത്തെ പരിചയമെന്നും പണം വാങ്ങിയിട്ടില്ലെന്നും ദേവീദാസൻ പറഞ്ഞു.

 

 

 

 

പാലക്കാട് ഒറ്റപ്പാലം ചുനങ്ങാട് വാണി വിലാസിനിയിൽ പെട്രോൾ ബോംബ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ വിഷ്ണുവാണ് മരിച്ചത്. വീട് നിർമ്മാണത്തിന് എത്തിയ കോഴിക്കോട് സ്വദേശികളായ 6 തൊഴിലാളികൾക്ക് നേരെയായിരുന്നു അയൽവാസിയായ നീരജ് പെട്രോൾ ബോംബ് എറിഞ്ഞത്. കഴിഞ്ഞ 13 നായിരുന്നു സംഭവം.

 

 

 

 

കർണാടകയിലെ അവസാനത്തെ നക്സൽ നേതാവും കീഴടങ്ങി. വിവിധ കേസുകളിൽ പ്രതിയായി ഒളിവിലായിരുന്ന കൊത്തെഹൊണ്ട രവിയാണ് കീഴടങ്ങിയത്. ശൃംഗേരിക്കടുത്തുള്ള നെമ്മാർ വനമേഖലയിൽ നിന്നാണ് രവി പൊലീസിന് മുമ്പാകെ കീഴടങ്ങിയത്. ഇതോടെ കർണാടകയെ പൂർണ നക്സൽ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.22 പൊലീസുദ്യോഗസ്ഥരടങ്ങിയ സംഘത്തിന് സ്വർണമെഡൽ അടക്കമുള്ള പുരസ്കാരങ്ങളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

 

 

ഗാസയിലെ വെടിനിർത്തൽ കരാറിന് കീഴിൽ ഇസ്രയേൽ 183 തടവുകാരെ മോചിപ്പിക്കാനൊരുങ്ങുന്നുവെന്ന് പലസ്തീനിയൻ വൃത്തങ്ങൾ സൂചിപ്പിച്ചു. വെടിനിർത്തൽ കരാറിന് ശേഷം ഇത് നാലാമത്തെ തവണയാണ് ബന്ദികളെ വി‌ട്ടയക്കുന്നത്. നേരത്തെ റിപ്പോർട്ട് ചെയ്ത കണക്കിന്റെ ഇരട്ടിയാണിത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *