ആസിഫ് അലി പ്രധാനവേഷത്തിലെത്തിയ ‘രേഖാചിത്രം’ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ രേഖാചിത്രത്തിലെ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. അന്വേഷണത്തിന്റെ ഭാഗമായി ആസിഫ് അലിയുടെ കഥാപാത്രം ഒരു തയ്യല്‍ക്കാരിയുടെ അടുത്തെത്തുന്നതും അവരില്‍ നിന്ന് വിവരങ്ങള്‍ അറിയുന്നതുമാണ് രംഗം. ഈ സീന്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഈ സീനില്‍ അഭിനയിച്ച ജൂനിയര്‍ ആര്ടിസ്റ്റിനെ ആസിഫ് അലി ആശ്വസിപ്പിച്ചത് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഉദയംപേരൂര്‍ പൂത്തോട്ടയിലുള്ള ഓട്ടോ ഡ്രൈവര്‍ സുലേഖയാണ് ഒഴിവാക്കപ്പെട്ട രംഗത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന താരം. താന്‍ അഭിനയിച്ച സീന്‍ സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് അറിയാതെ സുഹൃത്തുക്കള്‍ക്കൊപ്പം സിനിമ കാണാന്‍ വന്നതായിരുന്നു സുലേഖ. സുലേഖയുടെ കാര്യം ശ്രദ്ധയില്‍പ്പെട്ട സംവിധായകന് ജോഫിന്‍ ടി ചാക്കോ അവരോടു ക്ഷമ ചോദിക്കുകയും അവര്‍ അഭിനയിച്ച രംഗം പുറത്തു വിടുമെന്ന് അറിയിക്കുകയും ചെയ്തു. റിലീസ് ദിവസം തന്നെ സുലേഖയെ വിളിച്ചു വരുത്തിയ ആസിഫ് അലി അവരെ ആശ്വസിപ്പിക്കുകയും അടുത്തൊരു സിനിമയില്‍ അവസരം വാഗ്ദാനം ചെയ്യുകയും ചെയ്തു. രേഖാചിത്രത്തില്‍ നായിക വേഷം അനശ്വര രാജനാണ് അവതരിപ്പിച്ചത്.