ഇന്ത്യയിലെ പലഹാര വിപണിയിലെ പ്രമുഖരായ ഹല്‍ദിറാം സ്നാക് ഫുഡ്സിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ പെപ്സികോയും രംഗത്ത്. സിംഗപ്പൂര്‍ ആസ്ഥാനമായ നിക്ഷേപക സ്ഥാപനം ടെമാസെക്, യുഎസ് നിക്ഷേപകസ്ഥാപനമായ ആല്‍ഫ വേവ് ഗ്ലോബല്‍, ബ്ലാക്ക്സ്റ്റോണ്‍, അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി തുടങ്ങിയവയുടെ നിരയിലേക്കാണ് പെപ്സികോയും ചേര്‍ന്നത്. ഈ കമ്പനികളും ഹല്‍ദിറാമിന്റെ സ്ഥാപകരും പ്രമോട്ടര്‍മാരുമായ അഗര്‍വാള്‍ കുടുംബവുമായി ചര്‍ച്ചകളും തുടങ്ങി. ഇന്ത്യയിലെ ഏറ്റവും വലിയ തനത് പലഹാര വിതരണക്കമ്പനിയാണ് ഹല്‍ദിറാം. ആദ്യമായാണ് ഹല്‍ദിറാം ഓഹരി വില്പനയ്ക്ക് ഒരുങ്ങുന്നത്. 10-15% ഓഹരികള്‍ വില്‍ക്കാനാണ് നീക്കം. കമ്പനിക്ക് മൊത്തം 85,000-90,000 കോടി രൂപ മൂല്യം വിലയിരുത്തിയാണിത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം (2023-24) ഹല്‍ദിറാം നേടിയ വരുമാനം 12,800 കോടി രൂപയായിരുന്നു. പെപ്സികോയുടെ വിറ്റുവരവിനേക്കാള്‍ ഇരട്ടിയോളമാണിത്. പെപ്സികോ ഇന്ത്യ ഹോള്‍ഡിങ്സിന്റെ വരുമാനം 2023 ഏപ്രില്‍-ഡിസംബറില്‍ 5,954.16 കോടി രൂപയായിരുന്നു. പെപ്സികോ സ്നാക്സിന്റേത് മാത്രം ഇക്കാലയളവില്‍ 4,763.29 കോടി രൂപയും. ഇന്ത്യയുടെ പലഹാര വിപണിക്ക് 2023ല്‍ 42,695 കോടി രൂപയാണ് മൂല്യം കല്പിക്കുന്നത്. 2032ല്‍ ഇത് 95,500 കോടി രൂപയാകുമെന്ന് കരുതുന്നു.