ഹണി റോസ് പ്രധാന വേഷത്തില്‍ എത്തുന്ന ‘റേച്ചല്‍’ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റി. നിര്‍മാതാവായ എന്‍ എം ബാദുഷയാണ് സമൂഹമാധ്യമത്തിലൂടെ ഇത് അറിയിച്ചത്. ഹണി റോസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് സിനിമയുമായി ബന്ധമില്ലെന്നും എന്‍ എം ബാദുഷ പറഞ്ഞു. നേരത്തെ ജനുവരി 10 ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഈ രീതിയിലുള്ള പോസ്റ്ററുകളും പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ സെന്‍സറിംഗ് അടക്കം ബാക്കിയുണ്ടെന്നും ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് ചിത്രത്തിന്റെ റിലീസുമായി ബന്ധമില്ലെന്നും നിര്‍മ്മാതാവ് അറിയിച്ചു. പ്രശസ്ത സംവിധായകന്‍ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖസംവിധായികയായ ആനന്ദിനി ബാലയാണ്. ഹണി റോസിനെക്കൂടാതെ ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സന്‍, വന്ദിത മനോഹരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. രാഹുല്‍ മണപ്പാട്ടിന്റെ കഥയ്ക്ക് രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനും ചേര്‍ന്ന് തിരക്കഥയൊരുക്കുന്നു.