Untitled design 20241217 141339 0000

2025നെ വരവേൽക്കാൻ ഒരുങ്ങി ലോകം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്ക് കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറക്കുക. ഇന്ത്യൻ സമയം നാലരയോടെ ന്യൂസിലാൻഡിലും ആറരയോടെ ഓസ്ട്രേലിയയിലെ സിഡ്നിയിലും എട്ടരയോടെ ജപ്പാനും, ഒമ്പതരയോടെ ചൈനയും പുതുവർഷത്തെ വരവേൽക്കും. ഇന്ത്യൻ സമയം പുലർച്ച അഞ്ചരയോടെ യുകെയിലും രാവിലെ പത്തരയ്ക്ക് അമേരിക്കയിലും പുതുവർഷം പിറക്കും . ഏറ്റവും അവസാനം പുതുവർഷമെത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ്. അതോടൊപ്പം കൊച്ചിയും പുതുവര്‍ഷത്തെ വരവേൽക്കാൻ ഒരുങ്ങി. ജില്ലയിൽ ഫോർട്ട് കൊച്ചിയിൽ കൂടാതെ കാലടിയിലും കാക്കനാടും കൂറ്റൻ പാപ്പാഞ്ഞിമാരെ തയ്യാറാക്കിയിട്ടുണ്ട്.

 

 

 

പുതുവത്സരാഘോഷ വേളയിൽ ക്രമസമാധാനം ഉറപ്പാക്കാൻ കർശന നടപടിയെന്ന് കേരള പൊലീസ്. പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ആളുകൾ കൂടുതലായി കൂടുന്ന ഇടങ്ങളിലും ഡ്രോൺ നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ് വിശദീകരിച്ചു. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കർശന വാഹന പരിശോധന ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

 

 

 

മനുഷ്യത്വത്തിന്റെ വിശ്വദർശനമാണ് ഗുരു ഉയർത്തിപ്പിടിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നതാണ് ഗുരുവിന്റെ സന്ദേശമെന്നും ക്ഷേത്രങ്ങളിൽ ഉടുപ്പ് ഊരിക്കൊണ്ടുള്ള ദർശനത്തിൽ സാമൂഹിക ഇടപെടൽ ഉണ്ടാകണമെന്നും ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി കാലാന്തരത്തിൽ ഇതിന് മാറ്റമുണ്ടാകുമെന്നും അഭിപ്രായപ്പെട്ടു. സനാതന ധർമ്മത്തിന്റെ വക്താവായി ഗുരുവിനെ സ്ഥാപിക്കാൻ ശ്രമം നടത്തുകയാണ് എന്നാൽ സനാതന ധർമത്തെ ഉടച്ചുവാർത്തയാളാണ് ഗുരുവെന്നും ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

 

 

 

ഗിന്നസ് റെക്കോർ‍ഡ് ലക്ഷ്യമിട്ട് കലൂർ സ്റ്റേഡിയത്തിൽ നടത്തിയ നൃത്തപരിപാടിയിൽ അന്വേഷണമാരംഭിച്ച് പൊലീസ്. പരിപാടിയിൽ പങ്കെടുത്ത സിനിമാതാരങ്ങളായ സിജോയ് വർഗീസ്, ദിവ്യ ഉണ്ണി അടക്കമുള്ളവരുടെ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പരിപാടിയിൽ പങ്കെടുത്ത നൃത്ത അധ്യാപകരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

 

 

 

 

ഉമ തോമസ് എംഎൽഎ ചോദ്യങ്ങളോട് പ്രതികരിച്ചെങ്കിലും ഗുരുതരാവസ്ഥയിൽ തന്നെയാണെന്നും ആശാവഹമായ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍. തുടര്‍ ചികിത്സ പ്രധാനമാണെന്നും ആന്‍റി ബയോട്ടിക്കുകള്‍ നൽകുന്നുണ്ടെന്നും ട്യൂബിലുടെയാണ് ഭക്ഷണം കൊടുക്കുന്നതെന്നും ന്യൂമോണിയ വരാതെ നോക്കേണ്ടതുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അതോടൊപ്പം അമ്മേ എന്ന് വിളിച്ചപ്പോള്‍ വിളി കേട്ടുവെന്നും ചിരിച്ചുവെന്നും മകൻ വിഷ്ണു പറഞ്ഞു. രാവിലെ പോയി കണ്ടപ്പോള്‍ കൈകാലുകള്‍ അനക്കി ചോദ്യങ്ങളോട് പ്രതികരിച്ചു കണ്ണുകള്‍ തുറക്കുകയും ചെയ്തുവെന്നും മകൻ വിഷ്ണു പറഞ്ഞു.

 

 

 

 

കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുടെത് മര്യാദയില്ലാത്ത സംഘാടനമെന്ന് കൊച്ചി മേയര്‍ എം.അനിൽ കുമാർ. തന്നെ സംഘാടകർ ക്ഷണിച്ചത് തലേ ദിവസം മാത്രമാണ്, അപ്പോൾ തന്നെ വരില്ല എന്ന് പറഞ്ഞിരുന്നുവെന്നും ജിസിഡിഎ ചെയർമാനെയും വിളിച്ചെങ്കിലും പോയില്ലെന്നും മേയർ പറഞ്ഞു. സംഘാടകർ കോർപ്പറേഷന്‍റെ ഒരനുമതിയും വാങ്ങിച്ചില്ലെന്നും ചില്ലിക്കാശ് വിനോദ നികുതി അടച്ചിട്ടില്ലെന്നും എം.അനിൽ കുമാർ പറഞ്ഞു. പരിപാടിയുടെ സംഘാടകർക്ക് ഉടൻ നോട്ടിസ് അയക്കുമെന്നും മേയർ പറഞ്ഞു.

 

 

 

കേരളത്തെ മിനി പാകിസ്ഥാനെന്ന് ആക്ഷേപിച്ച മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതേഷ് റാണയുടെ പ്രസ്താവന അത്യന്തം പ്രകോപനപരവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാറിന് കേരളത്തോടുള്ള അടിസ്ഥാന സമീപനമാണ് മഹാരാഷ്ട്ര മന്ത്രിയുടെ വാക്കുകളിൽ വെളിവാക്കപ്പെടുന്നതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.

 

 

 

വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായി 154 ദിവസത്തിന് ശേഷം, കേരളം ആദ്യഘട്ടത്തിൽ ആവശ്യപ്പെട്ട മൂന്ന് ആവശ്യങ്ങളിൽ ഒന്ന് തത്വത്തിൽ അംഗീകരിച്ചെന്ന് മന്ത്രി കെ രാജൻ. 154 ദിവസം കഴിഞ്ഞാണോ അതിതീവ്ര ദുരന്തമാണെന്ന് കേരളത്തെ അറിയിക്കേണ്ടതെന്നും വീണ്ടും വീണ്ടും കത്ത് കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ മറുപടിയെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മാസത്തിനകമായിരുന്നു ഈ കത്തെങ്കിൽ എന്തെങ്കിലും ഗുണം ഉണ്ടായേനെയെന്നും പുറത്ത് നിന്നുള്ള ഏജൻസികളുടെ എങ്കിലും സഹായം തേടാമായിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു.

 

 

 

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കൊക്കിന് പരന്ന പാത്രത്തിൽ ഭക്ഷണം വിളമ്പിയ കുറുക്കന്‍റെ ബുദ്ധിയാണ് മോദിക്കുള്ളതെന്നും മോദി സർക്കാരിന് ജനങ്ങളുടെ വികാരം മനസിലാകുന്നില്ല.ഹൃദയത്തിന് പകരം കരിങ്കല്ലാണ് മോദിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.വയനാട് ദുരിതത്തിൽ പെട്ട എല്ലാവരുടേയും കടങ്ങൾ എഴുതിതള്ളാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും കഴുത്തിൽ കുത്തിപ്പിടിച്ച് കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

 

 

 

 

 

 

പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ വിമർശനങ്ങൾക്ക് മറുപടിയുമായി ജി സുധാകരൻ. താൻ ശബ്ദമുയർത്തുന്നത് പാർട്ടിക്ക് വേണ്ടിയാണെന്നും വിശ്രമം ജീവിതം നയിക്കാൻ ആരും പറയേണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ ശബ്ദം ഉയരാതിരിക്കാനാണ് ചിലർ ശ്രമിക്കുന്നത്.

പത്തനംതിട്ടയിൽ എറിഞ്ഞകല്ല് അവിടെ തന്നെ കിടക്കുകയാണ് ഇവിടെ വീണിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ വിമതരെ അനുനയിപ്പിക്കാൻ ശ്രമം ആരംഭിച്ച് സിപിഎം ജില്ലാ നേതൃത്വം. സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശപ്രകാരമാണ് വിമതരെ തിരിച്ചു കൊണ്ടുവരാനുള്ള ജില്ലാ നേതൃത്വത്തിന്‍റെ നീക്കം. സിപിഎം ജില്ലാ നേതൃത്വം നേരിട്ട് വിമത നേതാക്കളുമായി ഒന്നിലധികം ച൪ച്ചകൾ നടത്തിയെന്നാണ് വിവരം. മുന്നോട്ടുവെച്ച നിബന്ധനകൾ അംഗീകരിച്ചാൽ ഒപ്പം നിൽക്കാമെന്ന നിലപാടിലാണ് വിമത൪.

 

 

 

ടിപി വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ നൽകിയതിൽ എന്താണ് മഹാപരാധമുള്ളതെന്ന് സിപിഎം നേതാവ് പി ജയരാജൻ. അർഹതയുണ്ടായിട്ടും സുനിക്ക് ആറ് വർഷമായി പരോൾ അനുവദിച്ചില്ല, കൊവിഡ് കാലത്തുപോലും പരോൾ നൽകിയിരുന്നില്ലെന്നും കൊടിയുടെ നിറം നോക്കാതെ പരോൾ ശുപാർശ നൽകിയിട്ടുണ്ടെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

 

 

 

ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ.ജയരാജിനെ സ്ഥലം മാറ്റി. സര്‍വീസിൽ നിന്ന് വിരമിക്കാൻ അഞ്ചുമാസം മാത്രമുള്ള കൊല്ലം സ്വദേശിയായ ഉദ്യോഗസ്ഥനെ മലപ്പുറത്തേക്കാണ് മാറ്റിയത്. ഡെപ്യൂട്ടി കമ്മീഷണറായ പി.കെ.ജയരാജ് ജില്ലയിലെ മദ്യ മാഫിയയ്ക്കെതിരെയും കർശന നടപടി സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം എംഎൽഎ യു പ്രതിഭയുടെ മകൻ കനിവ് ഉൾപ്പടെ ഉള്ള ഒൻപത് അംഗ സംഘത്തെ എക്സൈസ് കഞ്ചാവുമായി പിടികൂടിയത് വലിയ വാർത്തയായിരുന്നു.

 

 

 

 

 

കട്ടപ്പനയിൽ ജീവനൊടുക്കിയ നിക്ഷേപകൻ സാബു തോമസിന്റെ നിക്ഷേപ തുക തിരികെ നൽകി സഹകരണ സൊസൈറ്റി. 14,59,940 രൂപയാണ് തിരികെ നൽകിയിരിക്കുന്നത്. ഈ പണം തിരികെ ചോദിച്ചപ്പോൾ സാബുവിനെ ഉദ്യോഗസ്ഥർ അപമാനിക്കുകയായിരുന്നു. ഇതിൽ മനംനൊന്താണ് സാബു ജീവനൊടുക്കിയത്. ഇന്നലെയാണ് ബാങ്ക് അധികൃതർ പണം കൈമാറിയത്. അതോടൊപ്പം വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന സാബുവിൻ്റെ അമ്മ ത്രേസ്യാമ്മ ഇന്ന് അന്തരിച്ചു. അമ്മയുടെയും ഭാര്യയുടെയും ചികിത്സ ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു സാബു പണത്തിന് വേണ്ടി ബാങ്കിനെ സമീപിച്ചത്.

 

 

 

നിമിഷപ്രിയയുടെ മോചനത്തിനുള്ള സാധ്യത അടഞ്ഞിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ. കൊല്ലപ്പെട്ട തലാലിൻറെ കുടുംബമാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും ഒത്തുതീർപ്പിനുള്ള ചർച്ചകൾ തുടരുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ ശിക്ഷ ശരിവച്ചത് സാങ്കേതിക നടപടി മാത്രമാണെന്നും വ്യക്തമാക്കി. യെമന്‍ പൗരൻ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ വാർത്ത വിദേശ കാര്യമന്ത്രാലയം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.

 

 

സഹായം അഭ്യര്‍ത്ഥിച്ച് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി. ഇത് തന്‍റെ അവസാനത്തെ അപേക്ഷയാണെന്നും ഇനി വളരെ കുറച്ച് ദിവസങ്ങൾ കൂടി മാത്രമാണുള്ളതെന്നും യെമനിലുള്ള അമ്മ പറഞ്ഞു. ഇതുവരെ സഹായിച്ച എല്ലാവർക്കും നന്ദിയെന്നും നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി പറഞ്ഞു.

 

 

മാധ്യമം ദിനപത്രത്തിന്‍റെ എഡിറ്റർക്കും ലേഖകനും ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയ സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. പൊലീസ് നൽകിയ നോട്ടീസ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. വാർത്തയുടെ ഉറവിടവും ലേഖകന്‍റെ മൊബൈൽഫോണും ഹാജരാക്കണം എന്നായിരുന്നു ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്. പി എസ് സി യുമായി ബന്ധപ്പെട്ട വാർത്തയിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം.

 

 

 

 

ബാർ ഹോട്ടലുകളിൽ ന്യൂ ഇയർ പ്രോഗ്രാമിന് പ്രൊഫഷണൽ ഡ്രൈവർമാരുടെ സേവനം ലഭ്യമാക്കാൻ ആർടിഒയുടെ നിർദ്ദേശം. ഉപഭോക്താക്കൾ ഡ്രൈവർമാരുടെ സേവനം ഉപയോഗിക്കാൻ വിസമ്മതിക്കുകയും, മദ്യപിച്ച് വാഹനമോടിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ, ഹോട്ടൽ മാനേജ്മെന്റ് ഉടൻ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനെയോ, ആർ ടി ഒ എൻഫോഴ്സ് അതോറിറ്റിയെയോ അറിയിക്കണമെന്നും നിർദേശമുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നത് മൂലമുണ്ടാകുന്ന റോഡപകടങ്ങൾ തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി പൊതുജനങ്ങളുടെ സുരക്ഷയെ മുൻനിർത്തിയാണ് ഈ നിർദേശങ്ങൾ.

 

 

 

 

കാക്കനാട്ടെ എൻസിസി ക്യാമ്പിനിടെയുണ്ടായ ഭക്ഷ്യവിഷബാധയെ ചൊല്ലിയുള്ള സംഘർഷത്തിൽ വിമർശനവുമായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. പ്രതികളെ ശിക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചൊഴിയണമെന്നും പ്രതികൾക്കെതിരെ കേരള പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. എൻസിസി ഓഫീസർക്ക് മർദ്ദനമേറ്റെന്ന പരാതിയിൻമേൽ പള്ളുരുത്തി സ്വദേശികളായ നിഷാദ്, നവാസ് എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. ഇരുവരും ക്യാമ്പിനെത്തിയ വിദ്യാർഥികളുടെ രക്ഷിതാക്കൾ ആണ്.

 

 

 

ചോദ്യപേപ്പർ ചോർത്തിയിട്ടില്ലെന്നും എല്ലാവരും ചെയ്യുന്നത് പോലെ ചോദ്യങ്ങൾ പ്രവചിക്കുക മാത്രമാണ് ചെയ്തതെന്നും എംഎസ് സൊല്യൂഷന്‍സ്. കേസിൽ ഗൂഢാലോചന എങ്ങനെ നിലനിൽക്കും എന്ന് കോടതി ചോദിച്ചു. ഒരാൾക്ക് ഒറ്റയ്ക്ക് ഗൂഢാലോചന നടത്താൻ കഴിയുമോയെന്നും ചോദ്യപേപ്പറിന്‍റെ ഉത്തരവാദിത്വം വിദ്യാഭ്യാസ വകുപ്പിന് അല്ലേ. ഉദ്യോഗസ്ഥരെ ആരെയും പ്രതി ചെർത്തിട്ടില്ലല്ലോയെന്നും ,ചോദ്യ പേപ്പറിന്‍റെ സംരക്ഷണ ചുമതല വിദ്യാഭ്യാസ വകുപ്പിന് അല്ലേയെന്നും കോടതി ചോദിച്ചു.

 

 

 

വിഴിഞ്ഞത്തു നിന്നും ആനവണ്ടിയിൽ വാഗമണിലേക്ക് വിനോദയാത്ര നടത്തി അതിഥി തൊഴിലാളികൾ. കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം നടപ്പാക്കിയതിന് ശേഷം ജില്ലയിൽ നിന്നും ആദ്യമായാണ് അതിഥി തൊഴിലാളികളുടെ ആനവണ്ടി വിനോദയാത്രയെന്ന് കോ -ഓർഡിനേറ്റർ രാഹുൽ പറഞ്ഞു. 42 പേർ അടങ്ങുന്ന സംഘം ഇന്നലെ പുലർച്ചെ 3നാണ് യാത്ര തിരിച്ചത്.

 

 

 

 

 

തിരുവനന്തപുരം നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എന്‍ജീനിയറിങ് ആന്‍ഡ് പോളിടെക്നിക് കോളേജിലെ പണി തീരാത്ത ഹാളിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കോളേജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടെതാണ് മൃതദേഹമെന്നാണ് സംശയിക്കുന്നത്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 

 

 

ഫിഷറീസ് – മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് റെസ്‌ക്യൂ സംഘം രണ്ടു ബോട്ടുകളിലുണ്ടായിരുന്ന 19 മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. മുനക്കകടവ് ഫിഷ് ലാന്‍ഡിംഗ് സെന്ററില്‍ നിന്നും തിങ്കള്‍ പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോയ മേരി മാത II എന്ന ബോട്ടിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെയാണ് രക്ഷിച്ചത്. ഫിഷറീസ് വകുപ്പിന്റെ ബോട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു.

 

 

 

 

സ്വകാര്യ എസ്റ്റേറ്റിൽ ഡിജിറ്റൽ സർവേ നടത്തുന്നതിന് 50,000 രൂപ കൈക്കൂലി വാങ്ങിയ സർവേ വിഭാഗം താത്കാലിക ഉദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റ് ചെയ്തു. താത്കാലിക സർവേയർ അടിമാലി പനംകുട്ടി അമ്പാട്ട് ഹൗസിൽ എസ് നിധിനെയാണ് (34) ഇടുക്കി വിജിലൻസ് ഡിവൈഎസ്പി ഷാജു ജോസിന്‍റെ നേതൃത്വത്തിലുള്ള സംഘം നേര്യമംഗലത്തെ റസ്റ്റ് ഹൗസിൽ നിന്ന് പിടികൂടിയത്.

 

 

 

 

 

സ്കൂട്ടർ യാത്രക്കാരൻ ആംബുലൻസിന്‍റെ വഴിമുടക്കിയതായി പരാതി. വയനാട്ടിൽ നിന്നും രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വന്ന ആംബുലൻസാണ് പ്രതിസന്ധി നേരിട്ടത്. 22 കിലോമീറ്റർ ദൂരം ആംബുലൻസിനെ മറികടക്കാൻ അനുവദിക്കാതെ മുന്നിലോടി അടിവാരം മുതൽ കാരന്തൂർ വരെയാണ് തടസ്സമുണ്ടാക്കിയെന്നും ഒരു മണിക്കൂർ ഇക്കാരണം മൂലം വൈകിയെന്നും ആംബുലൻസ് ഡ്രൈവർ ഉനൈസ് പറഞ്ഞു. സ്കൂട്ടർ ഓടിച്ച കോഴിക്കോട് ചെലവൂർ സ്വദേശി അഫ്നസിനോട് ഇന്ന് വൈകിട്ട് ആർ ടി ഓ ക്കു മുമ്പിൽ ഹാജരാകാൻ നിർദേശം നല്‍കി.

 

 

 

വയനാട് മേപ്പാടിയിൽ മിഠായി കഴിച്ച കുട്ടികൾക്ക് വയറുവേദന. മേപ്പാടി മദ്രസയിലെ കുട്ടികൾക്കാണ് വയറുവേദന അനുഭവപ്പെട്ടത്. 16 കുട്ടികളെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദ്രസയിലെ ഒരു കുട്ടിയുടെ പിറന്നാൾ ആഘോഷത്തോട് അനുബന്ധിച്ച് അമ്പതോളം മിഠായികൾ അടുത്ത ബേക്കറിയിൽ നിന്ന് വാങ്ങി നൽകിയിരുന്നു. അതിന് ശേഷമാണ് കുട്ടികൾക്ക് വയറുവേദന അനുഭവപ്പെട്ടത്.

 

 

രാജ്യത്തെ മുഖ്യമന്ത്രിമാരുടെ സ്വത്തു വിവരങ്ങൾ പുറത്തു വിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്. നിലവിൽ രാജ്യത്തെ ഏറ്റവും കുറവ് സാമ്പത്തിക ശേഷിയുള്ള മുഖ്യമന്ത്രി തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയെന്ന് റിപ്പോർട്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ 1.18 കോടിയുമായി ഏറ്റവും കുറവ് സമ്പത്തുള്ള മുഖ്യമന്ത്രിമാരുടെ ലിസ്റ്റിൽ ഇടം നേടി. 931 കോടിയിലധികം ആസ്തിയുള്ള ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രിയെന്നും റിപ്പോർട്ടിലുണ്ട്.

 

 

 

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഖലിസ്ഥാൻ അനുകൂല പ്രതിഷേധക്കാർ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിനു പുറത്ത് തടിച്ചുകൂടി. പ്രകടനത്തിൽ ഒരു കൂട്ടം പ്രതിഷേധക്കാർ മോദി രാഷ്ട്രീയത്തെ ഇല്ലാതാക്കുക എന്ന മുദ്രാവാക്യവും മുഴക്കിയിരുന്നു.ഇന്ത്യയിൽ നിന്ന് വേർപെടുത്തി സിഖ് മതത്തിലുള്ളവർക്ക് സ്വതന്ത്രമായൊരു രാജ്യമാണ് ഖലിസ്ഥാൻ വാദികൾ ആവശ്യപ്പെടുന്നത്.പ്രതിഷേധം നടക്കുന്ന പ്രദേശത്ത് ഹൈക്കമ്മീഷൻ സുരക്ഷ വർധിപ്പിച്ചു.

 

 

 

അദാനിയുടെ സ്മാർട്ട് മീറ്റർ വാങ്ങില്ലെന്ന് തമിഴ്നാട്. ടെണ്ടർ നടപടികൾ തമിഴ്നാട് വൈദ്യുതി വകുപ്പ് റദ്ദാക്കി. 82 ലക്ഷം സ്മാർട്ട് മീറ്ററുകൾ വാങ്ങനായിരുന്നു ടെണ്ടർ. ഉയർന്ന തുക കാരണമാണ് ടെൻഡര്‍ റദ്ദാക്കിയതെന്ന് ടാംഗഡ്‌കോ വ്യക്തമാക്കി. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട് എന്നിവയുൾപ്പെടെ എട്ട് ജില്ലകളിൽ 82 ലക്ഷത്തിലധികം സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിനുള്ള പാക്കേജ് ടെൻഡാറാണ് റദ്ദാക്കിയത്.

 

 

 

സന്തോഷ് ട്രോഫിയില്‍ കേരളം ബംഗാള്‍ ഫൈനല്‍ ഇന്ന്. ഗച്ചിബൗളി സ്റ്റേഡിയത്തില്‍ രാത്രി 7.30-നാണ് കിരീടപ്പോരാട്ടം. 8-ാം കിരീടം ലക്ഷ്യമിട്ടാണ് കേരളം ഇറങ്ങുന്നത്. കേരളം 16-ാം ഫൈനലിനാണ് ഇറങ്ങുന്നത്. ബംഗാളിനാവട്ടെ 47-ാം കലാശപ്പോരാണ്. ബംഗാളിന്റെ അക്കൗണ്ടില്‍ 32 കിരീടമുണ്ട്. കേരളത്തിന് ഏഴു വിജയങ്ങളും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *