അല്‍പം വൃത്തി കൂടിയാല്‍ അയാള്‍ക്ക് ഒസിഡി അഥവാ ഒബ്‌സസീവ്-കംപള്‍സീവ് ഡിസോര്‍ഡര്‍ ഉണ്ടാകുമെന്ന മുന്‍ധാരണ ഇപ്പോള്‍ സാധാരണമായിരിക്കുകയാണ്. എന്നാല്‍ വൃത്തി എന്ന ചെറിയ ഫ്രെയിമില്‍ മാത്രം ഒതുക്കി നിസാരമാക്കേണ്ട ഒരു അവസ്ഥയല്ല ഒസിഡി. ഇതൊരു മാനസികാരോഗ്യ പ്രശ്‌നമാണ്. നിരന്തരമായ അനാവശ്യ ചിന്തകള്‍, ആവര്‍ത്തിച്ചുള്ള പെരുമാറ്റങ്ങള്‍ അല്ലെങ്കില്‍ ചില നിര്‍ബന്ധങ്ങള്‍ എന്നിവയാണ് ഇവയുടെ ലക്ഷണങ്ങള്‍. ഒസിഡി വ്യക്തികളുടെ ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം. ജനിതകം, തലച്ചോറിന്റെ പ്രവര്‍ത്തനം, ന്യൂറോട്രാന്‍മിറ്ററുകളുടെ അസന്തുലതാവസ്ഥ എന്നീ ഘടകങ്ങള്‍ ഒസിഡിക്ക് കാരണമാകാം. കൂടാതെ കുട്ടിക്കാലത്തെ മോശം അനുഭവങ്ങള്‍, പരിസ്ഥിതി എന്നിവയും ഒസിഡിയിലേക്ക് നയിക്കാം. ഒസിഡി നിയന്ത്രിക്കാവുന്ന ഒരു അവസ്ഥയാണ്, പ്രൊഫഷണല്‍ പിന്തുണ തേടുന്നത് രോഗലക്ഷണ നിയന്ത്രണം വളരെയധികം മെച്ചപ്പെടുത്തുകയും വ്യക്തികളെ കൂടുതല്‍ സംതൃപ്തമായ ജീവിതം നയിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യും. തെറാപ്പി, മരുന്നുകള്‍, ജീവിതശൈലി ക്രമീകരണങ്ങള്‍ എന്നിവയിലൂടെ ഒസിഡിയെ ഒരു പരിധിവരെ നിയന്ത്രിക്കാനാകും. കോഗ്‌നിറ്റീവ്-ബിഹേവിയറല്‍ തെറാപ്പി, പ്രത്യേകിച്ച് എക്‌സ്‌പോഷര്‍ ആന്‍ഡ് റെസ്‌പോണ്‍സ് പ്രിവന്‍ഷന്‍, ഒസിഡി ചികിത്സിക്കുന്നതിന് വളരെ ഫലപ്രദമാണ്. ഇആര്‍പിയില്‍ ക്രമേണ ഭയപ്പെടുന്ന ചിന്തകളോ സാഹചര്യങ്ങളോ നേരിടുകയും നിര്‍ബന്ധിത പെരുമാറ്റങ്ങള്‍, പ്രേരണകള്‍ എന്നിവയെ ചെറുക്കാന്‍ പഠിക്കുകയും ചെയ്യുന്നു. പതിവ് വ്യായാമം, മതിയായ ഉറക്കം, ആരോഗ്യകരമായ ഭക്ഷണക്രമം എന്നിവ മൊത്തത്തിലുള്ള മാനസികാരോഗ്യത്തെ പിന്തുണയ്ക്കുകയും ലക്ഷണങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും. മൈന്‍ഡ്ഫുള്‍നെസ്സ് മെഡിറ്റേഷന്‍, യോഗ, ശ്വസന വ്യായാമങ്ങള്‍ തുടങ്ങിയ പരിശീലനങ്ങള്‍ സമ്മര്‍ദവും ഉത്കണ്ഠയും കുറയ്ക്കാന്‍ സഹായിക്കും, ഇത് ചില ഒസിഡി ലക്ഷണങ്ങളെ ലഘൂകരിക്കും.