സമീപകാല മലയാള സിനിമയിലെ വലിയ വിജയങ്ങളില്‍ ഒന്നാണ് തല്ലുമാല. ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ട്രെന്‍ഡ് സൃഷ്ടിച്ച ഒരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘ലോല ലോല ലോലാ’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മുഹ്‌സിന്‍ പരാരിയാണ്. വിഷ്ണു വിജയ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹൃതിക് ജയകൃഷ്, നേഹ ഗിരീഷ്, ഇഷാന്‍ സനില്‍, തേജസ് കൃഷ്ണ എന്നിവര്‍ക്കൊപ്പം വിഷ്ണു വിജയ്‌യും ചേര്‍ന്നാണ്. ഓഗസ്റ്റ് 12 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം തിയറ്ററുകളില്‍ നിന്ന് നേടിയത് 71.36 കോടിയാണ്. ആദ്യ നാല് ദിനങ്ങളിലെ ആഗോള ഗ്രോസ് 31 കോടി വരുമെന്നായിരുന്നു അനൌദ്യോഗിക കണക്കുകള്‍.
തമിഴകത്തിന്റെ കാത്തിരിപ്പുകളില്‍ ആദ്യ സ്ഥാനങ്ങളിലൊന്ന് വിജയ്‌യുടെ വരിശിന് ആയിരിക്കും. വംശി പൈഡിപ്പള്ളി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് വിറ്റുപോയതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത. ആമസോണ്‍ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. തമിഴകത്ത് ഡിജിറ്റല്‍ റൈറ്റ്‌സിന് ഇന്നോളം ലഭിച്ചതില്‍ ഏറ്റവും ഉയര്‍ന്ന തുകയാണ് ‘വരിശ്’ സ്വന്തമാക്കിയിരിക്കുന്നത്. പൊങ്കല്‍ റിലീസായിട്ടായിരിക്കും തിയറ്ററുകളില്‍ എത്തുക. ഫാമിലി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ വിജയ്ക്കും രശ്മിക മന്ദാനയ്ക്കും പുറമേ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു.
ബ്രീട്ടീഷ് പൗണ്ട് സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. ഡോളറിനെതിരെ 1971ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് പൗണ്ടിന്റെ മൂല്യത്തില്‍ സംഭവിച്ചത്. ബ്രിട്ടന്‍ മാന്ദ്യത്തിലേക്ക് നീങ്ങുന്നതായുള്ള ആശങ്കകളാണ് പൗണ്ടിന്റെ മൂല്യത്തകര്‍ച്ചയ്ക്ക് ഇടയാക്കിയത്. 1.0373 ഡോളര്‍ എന്ന നിലയിലേക്കാണ് പൗണ്ടിന്റെ വിനിമയ മൂല്യം താഴ്ന്നത്. തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തില്‍ 1.07 ഡോളര്‍ എന്ന നിലയിലേക്ക് പൗണ്ട് കൂപ്പുകുത്തിയിരുന്നു. പിന്നീട് തിരിച്ചുകയറുകയായിരുന്നു. നിലവില്‍ തന്നെ പണപ്പെരുപ്പനിരക്ക് ഉയരത്തില്‍ നില്‍ക്കുന്ന പശ്ചാത്തലത്തില്‍ പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കൂടുതല്‍ അപകടങ്ങളിലേക്ക് നയിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. വീണ്ടും പൗണ്ടിന്റെ മൂല്യം ഇടിയാന്‍ ഇത് ഇടയാക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വെള്ളിയാഴ്ച മുതല്‍ ഡോളറിനെതിരൈ അഞ്ചുശതമാനത്തിന്റെ ഇടിവാണ് പൗണ്ടിന്റെ മൂല്യത്തില്‍ ഉണ്ടായത്.
സ്വകാര്യ മേഖലയിലെ വായ്പാദാതാവായ ആക്സിസ് ബാങ്ക് 2 കോടി രൂപയോ അതിനു മുകളിലോ ഉള്ള വലിയ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി. പുതുക്കിയ നിരക്കുകള്‍ 2022 സെപ്റ്റംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍ വരും. പരിഷ്‌ക്കരണത്തെത്തുടര്‍ന്ന്, 2 കോടിയുടെയും 5 കോടിയുടെയും നിക്ഷേപങ്ങള്‍ക്ക് ബാങ്ക് ഇപ്പോള്‍ 3.75% മുതല്‍ 6.90% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 50 കോടി മുതല്‍ 100 കോടി വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 4.65% മുതല്‍ 6.90% വരെ പലിശ ലഭിക്കും.
ഹീറോയുടെ ജനപ്രിയ മോട്ടോര്‍സൈക്കിളായ സ്പ്‌ളെന്‍ഡര്‍ പ്‌ളസിന് ഇനി പുതിയ നിറഭേദവും – സില്‍വര്‍ നെക്സസ് ബ്‌ളൂ. നിലവിലെ മാറ്റ് ഷീല്‍ഡ് ഗോള്‍ഡ്, ഫയര്‍ഫ്‌ളൈ ഗോള്‍ഡന്‍, ബ്‌ളാക്ക് വിത്ത് റെഡ്, ബ്‌ളാക്ക് വിത്ത് സില്‍വര്‍, ബ്‌ളാക്ക് വിത്ത് പര്‍പ്പിള്‍, ഹെവി ഗ്രേ ഗ്രീന്‍, ബീറ്റില്‍ റെഡ്, ബമ്പിള്‍ ബീ യെല്ലോ എന്നീ ആകര്‍ഷക നിറഭേദങ്ങള്‍ക്ക് പുറമേയാണ് പുത്തന്‍ ഷെയ്ഡും ഹീറോ നല്‍കിയത്. 70,658 രൂപയാണ് പുതിയ പതിപ്പിന്റെ എക്സ്ഷോറൂം വില. ഇന്ത്യയിലെ ഏറ്റവും വില്പനയുള്ള ബൈക്കാണ് സ്പ്‌ളെന്‍ഡര്‍ സീരീസ്. പ്രതിമാസ ശരാശരി വില്പന 2.5 ലക്ഷം യൂണിറ്റുകളാണ്. 97.2 സി.സി എന്‍ജിനാണ് സ്പ്‌ളെന്‍ഡര്‍ പ്‌ളസിനുള്ളത്. ഗിയറുകള്‍ നാല്. 7.9 ബി.എച്ച്.പി കരുത്തുള്ളതാണ് എന്‍ജിന്‍. ഇന്ധനടാങ്ക് ശേഷി 9.8 ലിറ്റര്‍.
വാക്കുകളില്‍ ദാര്‍ശനികതയും കാല്പനികതയും വിപ്ലവവും സൗന്ദര്യവും ആത്മീയതയും നിറച്ച ജിബ്രാന്റെ പ്രണയാനുഭവങ്ങളുടെ അമൂല്യശേഖരം, മേസിയാദക്കെഴുതിയ പ്രണയലേഖനങ്ങള്‍, പ്രണയകഥകള്‍, കവിതകള്‍. ‘പ്രണയകാലം’. ഖലീല്‍ ജിബ്രാന്‍. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 128 രൂപ.
ചില മനുഷ്യര്‍ വര്‍ത്തമാനകാല അനുഭവങ്ങളില്‍ നിന്ന് പെട്ടെന്ന് ഓര്‍മ്മകളിലേക്ക് പോകുമ്പോള്‍ അധികവും മോശം ഓര്‍മ്മകളിലേക്ക് തന്നെ പോകാറുണ്ട്. ചില സമയങ്ങളില്‍ സന്തോഷകരമായ ഓര്‍മ്മകളിലേക്കും മനസ് സഞ്ചരിക്കാം. എങ്ങനെയാണ് പെടുന്നനെ ഓര്‍മ്മകളിലേക്ക് ഇത്തരത്തില്‍ പോയിപ്പെടുന്നത്? ഇതിനുള്ള ഉത്തരമാണ് ഈ പഠനം നല്‍കുന്നത്. തലച്ചോറിലെ ഒരു പ്രോട്ടീന്‍ ആണത്രേ ഇതിന് കാരണമാകുന്നത്. ‘ന്യൂറോടെന്‍സിന്‍’ എന്നാണിതിന്റെ പേര്. ‘നേച്ചര്‍’ എന്ന പ്രമുഖ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. യുഎസിലെ സാല്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ സ്റ്റഡീസില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. വര്‍ത്തമാനകാല അനുഭവത്തിലൂടെ കടന്നുപോകുമ്പോള്‍ തലച്ചോറില്‍ എത്ര ‘ന്യൂറോടെന്‍സിന്‍’ ഉത്പാദിപ്പിക്കപ്പെടുന്നു. അത് ഏതെല്ലാം പഴയ ഓര്‍മ്മകളെ ഉണര്‍ത്തുന്നു എന്നതാണ് വിഷയം. ചിലരില്‍ ഇത് അധികവും മോശം ഓര്‍മ്മകളെ തന്നെ ഉണര്‍ത്തുന്നു. ചിലരില്‍ രണ്ടും ഉണ്ടാകാം. എന്തായാലും വര്‍ത്തമാനകാലത്തില്‍ നടക്കുന്ന സംഭവം ഇതില്‍ പ്രധാന പങ്ക് തന്നെയാണ് വഹിക്കുന്നത്. സന്തോഷകരമായ ഒരു പാട്ട് കേള്‍ക്കുമ്പോള്‍, അല്ലെങ്കില്‍ ദുഖമോ ആഘാതമോ അനുഭവപ്പെടുമ്പോള്‍ എല്ലാം ഇതുമായി ബന്ധപ്പെട്ട ഓര്‍മ്മകളിലേക്ക് തന്നെ നാം പോകുന്നത് ഇങ്ങനെയാണ്. മുന്നില്‍ കാണുന്നവയോടും സംഭവിക്കുന്നവയോടും പേടി തോന്നുന്നതിനും കാരണമാകുന്നത് ന്യൂറോടെന്‍സിന്‍ തന്നെയാണ്. ഇങ്ങനെയൊരു ധര്‍മ്മവും ഇതിനുണ്ട്. എന്തായാലും മനുഷ്യന്റെ ഓര്‍മ്മകളെ കുറിച്ച് അത്ര വിശാലമായി മനസിലാക്കാന്‍ ഇന്നും ഗവേഷകലോകത്തിന് സാധിച്ചിട്ടില്ല എന്നത് തന്നെയാണ് വാസ്തവം. ഇതിനിടെ ഇത്തരം പഠനറിപ്പോര്‍ട്ടുകള്‍ ഈ വിഷയങ്ങളില്‍ തല്‍പരരായവര്‍ക്ക് ആശ്വാസം തന്നെയാണ്. ഒപ്പം തന്നെ വിഷാദരോഗം, ഉത്കണ്ഠ പോലുള്ള മാനസികാരോഗ്യപ്രശ്‌നങ്ങളുടെ ചികിത്സയിലും ഇതെല്ലാം വലിയ സ്വാധീനം ചെലുത്താം.