web cover 2 1

ബെല്‍ അമി | അദ്ധ്യായം 2| രാജന്‍ തുവ്വാര
ഹിമഭൂമികളുടെ ജീവചരിത്രം

ഗസ്റ്റ് ഹൗസിലെ മുറി സൗകര്യപ്രദമാണ്. ചുറ്റും മരങ്ങള്‍കൊണ്ട് കൂടൊരുക്കിയതുപോലുള്ള കെട്ടിടം. സ്വച്ഛതയാണ് ആ പാര്‍പ്പിടത്തിന്റെ ആകര്‍ഷണീയത. മനസ്സ് പ്രസന്നമാക്കുന്ന അന്തരീക്ഷം.
അന്ന് രാത്രി ഞാന്‍ വിശ്രുതനായ യാത്ര എഴുത്തുകാരന്‍ പോള്‍ തെരുവിന്റെ ദി ഗ്രേറ്റ് റെയില്‍വേ ബിസാര്‍ വായിച്ചു. പോള്‍ തെരു യാത്രയെഴുത്തിന് ഏറ്റവും നല്ല മാതൃകയായി മാറുന്നത് ഈ പുസ്തകത്തിലൂടെയാണെന്ന് എനിക്കുതോന്നി.
പിറ്റേന്ന് രാവിലെ ഞാന്‍ ഒരു ടാക്‌സി പിടിച്ച് ഹൊസൂര്‍ ഹൈവെയില്‍ ജഗനഹള്ളി എന്ന നാട്ടിന്‍ പുറം ലക്ഷ്യമാക്കി നീങ്ങി. ഊഹം വെച്ച് മുന്നോട്ടു നീങ്ങിയ ഞങ്ങള്‍ ബെല്‍ അമീ സ്ഥിതിചെയ്യുന്ന പ്രദേശത്തിന് ഒരു കിലോമീറ്റര്‍മുന്നെ മുതല്‍ ജാഗ്രതയോടെ, സാവകാശം സഞ്ചരിച്ചു. കന്നടിഗനായ ഡ്രൈവര്‍ക്ക് ആ വീട് കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടായില്ല..
ഒരു വര്‍ഷം മുന്‍പ് ഞാന്‍ താമസിച്ച ആ ജീവന്‍ സ്പന്ദിക്കുന്ന വീട് എന്നെ പ്രതീക്ഷിച്ചുകൊണ്ട് നില്‍ക്കുന്നതുപോലെ എനിക്ക് തോന്നി.
ഞാന്‍ കാറില്‍ നിന്നിറങ്ങി ഗേറ്റ് തുറന്നു. കാര്‍ പോര്‍ട്ടിക്കോയില്‍ കയറ്റിനിര്‍ത്തിയശേഷം ഡ്രൈവര്‍ എന്റെ ബാഗേജ് എടുത്തു പൂമുഖത്തേക്ക് വെച്ചു.
ഞാന്‍ പൂമുഖത്തുനിന്നും ഹാളിലേക്കുള്ള വാതില്‍ തുറന്നു. എല്ലായിടവും തൂത്ത് തുടച്ചിട്ടിട്ടുണ്ട്. അനില്‍ ഭായിയും കുടുംബവും ഇവിടെനിന്ന് മടങ്ങിയിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളു.
ഞാന്‍ വീടിന് പുറത്തുള്ള ലൈറ്റുകള്‍ കത്തിച്ചു. മാവിന്‍ ചവട്ടില്‍ കാര്യമായ ചപ്പുചവറുകള്‍ ഇല്ല. ഇരുമ്പ് ബെഞ്ചുകള്‍ ലൈറ്റില്‍ തിളങ്ങുന്നു. ആ വൃക്ഷവൃദ്ധന്‍ എന്നെ സസൂക്ഷ്മംനിരീക്ഷിക്കുന്നതുപോലെ തോന്നി.
ഡ്രൈവര്‍ക്ക് വാടക കൊടുത്ത് പിരിച്ചയച്ച ശേഷം ഗേറ്റ്അടച്ച് ഞാന്‍ അകത്തുകയറി. കഴിഞ്ഞ തവണ താമസിച്ച ഇടതുവശത്തെ മുറിയില്‍ ഞാന്‍ പാര്‍പ്പുറപ്പിച്ചു.
അന്നു രാത്രി ഒരു നേന്ത്രപ്പഴം കൊണ്ട് ഞാന്‍ അത്താഴം പൂര്‍ത്തിയാക്കി.

ഫ്‌ളാസ്‌കില്‍ കട്ടന്‍ ചായയുണ്ടായിരുന്നു. ഹാളിലെ ചാരുകസേര നല്ല വിശ്രമസംവിധാനമാണെന്ന് എനിക്ക് തോന്നി ഞാന്‍ അതില്‍ കിടന്നുകൊണ്ട് ഹര്‍മിന്ദര്‍ ബിട്ടയുടെ കുറിപ്പുകള്‍ വായിക്കാന്‍ തുടങ്ങി.
സ്റ്റോക്‌ഹോം.
നല്ല മഞ്ഞുണ്ട്.
എന്റെ ഗൈഡ് സ്വീഡനിലെ ദലര്‍ണ പ്രദേശത്തുകാരന്‍.
ഇടക്ക് അയാള്‍ സ്വീഡിഷില്‍ കവിതയെഴുതാറുണ്ടത്രെ.
സ്വീഡിഷ് സംവിധായകനായ ബെര്‍ഗ്മാനെ അയാള്‍ക്കത്ര ബോധ്യമില്ല.
അലക്‌സ് സ്യോബെര്‍ഗ് കരണമാണത്രെ ബെര്‍ഗ്മാന്‍ മിടുക്കനായത്.
സ്ട്രിന്‍ഡ് ബെര്‍ഗാണത്രെ യഥാര്‍ത്ഥ പ്രതിഭ.
എനിക്കതിനോട് വിയോജിക്കാനാണ് തോന്നിയത്.
ഇതില്‍നിന്ന് എങ്ങനെ ഒരു യാത്രപുസ്തകം നിര്‍മ്മിക്കും എന്ന് ഞാന്‍ ആലോചിച്ചുകൊണ്ടിരിക്കെ വീടിനുചുറ്റുമുള്ള മരങ്ങളെ കാറ്റ് ഞെരിക്കുന്ന ശബ്ദം ഞാന്‍ കേട്ടു. കുറച്ചു നേരത്തേക്ക് മാത്രം. അതു കഴിഞ്ഞപ്പോള്‍ കാറ്റ് ശാന്തമായി തിരിച്ചുപോയെന്ന് തോന്നി.
ഞാന്‍ ഡയറിയുടെ അടുത്ത പേജ് നോക്കിയില്ല. ഏപ്രില്‍ ഇരുപത്തിമൂന്ന് എന്ന് കറുത്ത അക്കങ്ങളില്‍ മുദ്രയിട്ട പേജ് ഞാന്‍ വായിച്ചു.
ഫ്രാന്‍സ്‌ട്രോമര്‍ എന്നാണ് ഗൈഡിന്റെ പേര്.
ഞങ്ങള്‍ ഇന്ന് ദലര്‍നയില്‍ പോകാന്‍ ഉദ്ദേശിക്കുന്നുണ്ട്.
ഉച്ചതിരിഞ്ഞു മൂന്നു മണിയായപ്പോള്‍ സൂര്യന്‍ അസ്തമിച്ചു.
ധാരാളം തീവണ്ടികള്‍ ആ വഴിക്ക് പോകുന്നുണ്ട്.
നാലരയുടെ വണ്ടിയില്‍ കയറി.
തണുപ്പുള്ളതിനാല്‍ കമ്പിളി വസ്ത്രങ്ങള്‍ ധരിക്കാത്ത ആണും പെണ്ണുമില്ല.
ഞാന്‍ ഡയറിയിലെ പേജുകള്‍ തുടര്‍ച്ചയായി മറിച്ചു നോക്കി. മെയ് രണ്ടാംതീയതി ഓസ്ലോയില്‍ എത്തിയതായി പറയുന്നുണ്ട്.
ഞാന്‍ ഡയറി അടച്ചുവെച്ചു.
ഇതില്‍ നിന്നൊരു പുസ്തകം എങ്ങനെ നിര്‍മ്മിക്കും? ഉണ്ടാക്കാതെ നിവൃത്തിയില്ല. ഇല്ലെങ്കില്‍ നൂതന്‍ എന്നെ കൊന്നുതിന്നും.
പോള്‍ തെരുവിന്റെ പുസ്തകം ഒരിക്കല്‍ കൂടി ഞാന്‍ കയ്യിലെടുത്തു.
കാറ്റ് വീണ്ടുമെത്തി മരങ്ങളെ പൊതിഞ്ഞു. ഞാന്‍ എഴുന്നേറ്റ് പൂമുഖത്ത് ചെന്ന് എത്തിനോക്കി. മാവിന്‍ കൊമ്പുകള്‍ കാറ്റിനൊപ്പം തലകുലുക്കുന്നു.
കരിയിലകള്‍ ഗേറ്റിലേക്കുള്ള നടവഴിയിലൂടെ കാറ്റിനൊപ്പം ശബ്ദമുണ്ടാക്കി ഓടിപ്പോയി. മുറ്റത്ത് കരിയിലകള്‍ ഇപ്പോള്‍ നാമമാത്രമായി.
ഞാന്‍ പൂമുഖത്തെ വാതിലടച്ച് എഴുത്തുമുറിയില്‍ കയറി. ആ മുറിയിലല്ലാതെ ഈ വീട്ടിലെ മറ്റു മുറികളിലൊന്നും ഞാന്‍ ഇതുവരെ കയറിയിട്ടില്ല.
വിജനമായ ഈ പ്രദേശത്ത് ഇങ്ങനെ ഭീമാകാരമായ ഒരു വീട്ടില്‍ ഒറ്റക്ക് താമസിക്കുന്നത്, പ്രത്യേകിച്ച് രാത്രിയില്‍, ഭയപെടുത്തുന്ന ചിന്തകള്‍ നല്‍കും. ഇവിടെ കിടന്ന് മരിച്ചുപോയാല്‍ എന്തുചെയ്യും? കവര്‍ച്ചക്കാരന്‍ വന്ന് ആക്രമിച്ചാല്‍ എന്തു ചെയ്യും?

ഒന്നും ചെയ്യാനില്ല. മരണവും കവര്‍ച്ചക്കാരനും കരുണ കാണിക്കട്ടെ എന്ന് ചിന്തിക്കുകയാണ് സുമാര്‍ഗം.
അന്നു പുലരും വരെ ആ ചിന്തയുടെ കാരുണ്യത്തില്‍ ഞാന്‍ അനര്‍ഗളം എഴുതി.
പത്തുദിവസം ചെറിയ ഇടവേളകള്‍ മാത്രം എടുത്തുകൊണ്ട് ഞാന്‍ എഴുത്തു തുടര്‍ന്നു. കൈയ്യിന് വേദന തോന്നുമ്പോള്‍ അത് എന്നോട് എഴുത്ത് നിര്‍ത്താന്‍ പറയും. എഴുതിയത് ഇടക്ക് വെച്ച് വായിക്കുന്ന പരിപാടി എനിക്കില്ല. വായിച്ചേ തീരു എന്നു തോന്നുന്ന ഘട്ടത്തില്‍ മാത്രം വായിക്കും. എഴുത്ത് മനസ്സും ശരീരവും ചേര്‍ന്നുള്ള രാസപ്രക്രിയയാണെന്ന് ഓരോ ഘട്ടം തീരുമ്പോഴും എനിക്ക് അനുഭവപ്പെടാറുണ്ട്. ചില ഘട്ടങ്ങളിലെത്തുമ്പോള്‍ സങ്കടം തോന്നുന്നത് മനസ്സ് എഴുത്തുകാരനെ മര്‍ദ്ദിക്കുമ്പോഴാണെന്ന്, ഏതെങ്കിലും ദാര്‍ശനികനോ മനശ്ശാസ്ത്രജ്ഞനോ വിയോജിച്ചാല്‍ പോലും, ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
പതിമൂന്നാമത്തെ ദിവസം ഉച്ച കഴിഞ്ഞപ്പോള്‍ ഞാന്‍ എഴുത്ത് നിര്‍ത്തി കുറച്ചു ദൂരം നടക്കാന്‍ തീരുമാനിച്ചു. വാതിലും ഗേറ്റും അടച്ചു ഞാന്‍ പുറത്തേക്കിറങ്ങി.
ഇത്തവണയും കഴിഞ്ഞ തവണ നടന്ന വഴിയിലൂടെയാണ് ഞാന്‍ നടന്നത്. ഏകദേശം അരമണിക്കൂര്‍ നടന്നപ്പോള്‍ ഒരു കുളത്തിന്റെ അടുത്തെത്തി. കുളത്തിനു ചുറ്റും നിറയെ പലതരം വൃക്ഷങ്ങള്‍. മാവും പുളിയും ആര്യവേപ്പും മുഖ്യം.
ആ ഭാഗത്തൊന്നും ഒരു മനുഷ്യജീവിയെപ്പോലും എനിക്ക് കാണാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് കൂടുതല്‍ മുന്നോട്ടു പോകുന്നത് അപകടമാകുമോ എന്ന് ഞാന്‍ ഭയന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് നടക്കുന്നത് നന്നല്ലെന്ന് ചിന്നയ്യന്‍ എന്നോട് സൂചിപ്പിച്ചിട്ടുണ്ട്. കര്‍ണാടകത്തിന്റെയും തമിഴ്‌നാടിന്റെയും അതിര്‍ത്തിയായതിനാല്‍ ക്രിമിനലുകളുടെ സുഖവാസകേന്ദ്രമാണിവിടം. ഭീതി എന്നെ തിരിച്ചു നടക്കുവാന്‍ പ്രേരിപ്പിച്ചു.
തിരികെ ബെല്‍ അമിയിലെത്തുമ്പോള്‍ ഞാന്‍ നന്നായി വിയര്‍ത്തിരുന്നു. പാന്റും ഷര്‍ട്ടും മാറ്റിയിട്ട് കുളിച്ച് ബാഗില്‍ മടക്കിവെച്ചിരുന്ന വസ്ത്രം ധരിച്ചശേഷം ഞാന്‍ എഴുത്തുമേശക്കരികില്‍ മടങ്ങിയെത്തി.
ആ ഇരിപ്പ് മൂന്നുമണിക്കൂര്‍ നീണ്ടുനിന്നു. അതിനിടയില്‍ ഞാന്‍ ചായ ഉണ്ടാക്കി കുടിച്ചു. തൊട്ടുമുന്‍പ് അനില്‍ ഷായും കുടുംബവും അവരുടെ താമസത്തിനു ശേഷം ബാക്കിവെച്ചുപോയ സാധനങ്ങള്‍ എനിക്കനുഗ്രഹമായിത്തീര്‍ന്നു. ആഹാരത്തിന് വേണ്ട പല സാധനങ്ങളും അവര്‍ ശേഷിപ്പിച്ചുപോയത് എന്റെ വരവ് പ്രതീക്ഷിച്ചായിരിക്കുമോ?
നൂതനുമാത്രമേ അതിനെക്കുറിച്ച് അറിവുണ്ടാകു.
എഴുത്തിന്റെ ഒഴുക്കിന് തടസം വരുന്നുവെന്ന സൂചന ലഭിച്ചാല്‍ ഞാന്‍ തല്‍ക്ഷണം എഴുത്ത് നിര്‍ത്തും. അങ്ങനെയൊരു ഘട്ടത്തില്‍ ഞാന്‍ പേന താഴെ വെച്ചു. സമയം ഒന്‍പതു മണി.
ഞാന്‍ എഴുന്നേറ്റ് രണ്ടു സ്ലൈസ് ബ്രെഡും അല്പം ജാമും കൂട്ടി കഴിച്ചു. ഫ്രിഡ്ജില്‍ നിന്ന് തണുത്ത വെള്ളമെടുത്തു കുടിച്ചു. പിന്നെ പൂമുഖത്തേക്ക് ചെന്ന് മുഖപ്പിനുമുകളിലെ ലൈറ്റിട്ടു. ഇപ്പോള്‍ മാവിന്‍തറ വ്യക്തമായി കാണാം.
മാവിന്‍തറയിലെ ചാരുബെഞ്ചില്‍ ചാരിയിരുന്നുകൊണ്ട് ഇനി എഴുതിത്തീര്‍ക്കേണ്ട ഭാഗങ്ങളെകുറിച്ച് ആലോചിച്ചു.
ഐസ്ലാന്‍ഡിലെ കെഫ്‌ളവിക്ക് വിമാനത്താവളം. അവിടെ നിന്ന് മൂന്നു കിലോമീറ്റര്‍ ദൂരെയുള്ള ഹോട്ടലിലേക്ക്. ഹോട്ടലില്‍ ചെക്ക് ഇന്‍.
ഇനി നാളെ ചുടു നീരുറവകള്‍ കാണാന്‍ പോകണം, അതില്‍ കുളിക്കണം.
രാവിലെ ഗൈഡ് എത്തി. എലീശാ ഡോവര്‍. ബ്രിട്ടീഷ് വംശജ. നോര്‍ഡിക് ഭാഷകളും ഇംഗ്ലീഷും നന്നായി അറിയാം. മുപ്പതു വയസ്സുണ്ട്.
അവള്‍ അഞ്ചു വര്‍ഷം മുന്‍പ് ദില്ലിയില്‍ വന്നിട്ടുണ്ട്.
യാത്രക്കിടെ ഞാന്‍ അവളോട് ചോദിച്ചു:
‘വിനോദസഞ്ചാരികള്‍ നിന്നോട് സെക്‌സ് ആവശ്യപ്പെട്ടിട്ടുണ്ടോ?’
‘ഉണ്ട്. രണ്ടുപേര്‍. അവര്‍ രണ്ടുപേരും പാക്കിസ്ഥാനില്‍ നിന്നുള്ളവരായിരുന്നു.’
‘നീ നല്‍കിയോ?’
അവള്‍ ചിരിച്ചു.
‘പുറത്തേക്ക് സുന്ദരന്മാര്‍. അടിവസ്ത്രത്തിനുതാഴെ ശുചിത്വമില്ലാത്തവര്‍. ഞാന്‍ അവരെ ഒഴിവാക്കി.’
കാറ്റിന്റെ ഹുങ്കാരം മാവിന്‍ ചില്ലകളെ വിറപ്പിച്ചപ്പോള്‍ ഞാന്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണര്‍ന്നു.
എത്ര നേരം ഉറങ്ങിയിട്ടുണ്ടാവും?
ഞാന്‍ മെല്ലെ എഴുന്നേറ്റ് വീട്ടിനകത്തേക്ക് നടന്നു.
സമയം രാത്രി പതിനൊന്നര കഴിഞ്ഞിരുന്നു. ഇനി ഉറങ്ങുന്നില്ലെന്ന തീരുമാനത്തിനൊപ്പം ചായയുണ്ടാക്കി. അതിന്റെ ബലത്തില്‍ എഴുത്തുമേശയോട് ചേര്‍ന്നിരുന്നു. രണ്ടു മണിയായപ്പോള്‍ ഫ്‌ളാസ്‌കില്‍ നിന്ന് വീണ്ടും ചായ പകര്‍ന്നു കുടിച്ചു.
പുലര്‍ച്ചെ നാലരമണി കഴിഞ്ഞപ്പോള്‍ കണ്‍പോളകള്‍ ഉറക്കംകൊണ്ട് മതിമറന്നു.
ഞാന്‍ തൊട്ടടുത്തു തന്നെയുള്ള കട്ടിലില്‍ ചെന്നു കിടന്നു.
കാള്‍ ബെല്‍ നിര്‍ത്താതെ ശബ്ദിച്ചതുകൊണ്ടാണ് എനിക്ക് ഉണരേണ്ടി വന്നത്. നിദ്രാഭംഗം നല്‍കിയ പ്രതിഷേധവുമായി ഞാന്‍ വാതില്‍ തുറന്നപ്പോള്‍ നൂതന്‍.
‘കുഞ്ഞ് ഉറങ്ങുകയായിരുന്നോ?’
എന്റെ മുഖത്തെ ഉറക്കച്ചടവ് നിരീക്ഷിച്ചുകൊണ്ട് അവള്‍ ചോദിച്ചു.
ട്രാവല്‍ ബാഗുമായി പൂമുഖത്തേക്ക് കയറിയ അവള്‍ എന്റെ കവിളില്‍ ചുംബിച്ചു.
‘ഞാന്‍ പല്ലുപോലും തേച്ചില്ല.’
ഞാന്‍ അങ്ങനെ പറഞ്ഞ ഉടന്‍ അവളെന്റെ ചുണ്ടില്‍ ചുംബിച്ചു.
ഞാന്‍ മുഖം മാറ്റി.
‘ശീ… ഈ പെണ്ണിന് വന്നുവന്ന് വൃത്തിയും വെടിപ്പും ഇല്ലതായി.’
രാവിലത്തെ ബ്രേക്ഫാസ്റ്റ് അവള്‍ കൊണ്ടുവന്നിരുന്നു. ഞങ്ങള്‍ രണ്ടുപേരും അത് പങ്കിട്ടു കഴിച്ചു.
അന്നുവരെ ഞാന്‍ എഴുതിക്കഴിഞ്ഞ ആ വലിയ നോട്ടുപുസ്തകം അവള്‍ കൈയ്യിലെടുത്തു വായിക്കാന്‍ തുടങ്ങി. അവളോട് ഹാളില്‍ പോയിരുന്നു വായിക്കാന്‍ പറഞ്ഞുകൊണ്ട് ഞാന്‍ എഴുത്തുമേശക്കരികിലേക്ക് നീങ്ങി.
പതിനൊന്നു മണിയായപ്പോള്‍ ഞാന്‍ ഹാളിലേക്ക് ചെന്നു.
‘എനിക്ക് ചായ വേണം?’
‘തരാമല്ലൊ.’
ചായ ഒരു കപ്പിലാക്കി അവള്‍ എനിക്ക് നീട്ടി.
‘നോട്ടുപുസ്തകം എവിടെ?’
അവള്‍ ഹാളിലെ ടീപ്പോയില്‍ കിടക്കുന്ന നോട്ടുപുസ്തകം ചൂണ്ടിക്കാട്ടി. അവള്‍ പറഞ്ഞു:
‘ഞാനിപ്പോള്‍ സ്വീഡനിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയായിരുന്നു. സ്റ്റോക്‌ഹോമിലെ ഡ്രാമാറ്റനിലും റോയല്‍ തീയേറ്ററിലും ഞാന്‍ അലഞ്ഞു നടന്നു… സ്ട്രിന്‍ഡ് ബെര്‍ഗും ബെര്‍ഗ്മാനും നടന്ന വഴികളിലൂടെ ഞാന്‍.. അതിശയം.. അത്ഭുതം… എത്ര രസകരം.’
അവള്‍ എന്റെ മുഖത്തേക്ക് വാത്സല്യത്തോടെ നോക്കി.
‘ഒരു കാര്യം…?’
‘പറയ്…’
അവള്‍ എന്റെ അടുത്തേക്ക് വന്നു. എന്നെ മുറുകെപ്പുണര്‍ന്നുകൊണ്ട് എന്റെ കവിളിലും ചുണ്ടിലും അവള്‍ കടിച്ചു. പിന്നെ ഏങ്ങിയേങ്ങിക്കരഞ്ഞു.
‘എനിക്ക് വേണ്ടിയല്ലേ ഇതെഴുതിയത്. അതുകൊണ്ട് കരഞ്ഞുപോയതാ…’
അവള്‍ വീണ്ടും തേങ്ങി..
ഇത്രയേ ഉള്ളൂ ഈ നാട്യക്കാരി.
‘നാളെ ഞാനിത് തീര്‍ക്കും. അതുവരെ നീ നല്ല കുട്ടിയായി ശരീരംമുഴുവന്‍ മൂടി കഴിയണം. ഇന്ന് രാത്രി ഉറങ്ങില്ല. ഈ മൂഡില്‍ തുടര്‍ന്നാല്‍ നാളെ രാവിലെ ഞാന്‍ നോട്ടു പുസ്തകം നിന്നെ ഏല്പിച്ച് ആ മാവിന്‍ ചുവട്ടില്‍ കിടന്നുറങ്ങും.’
‘ഞാനും…’
ഉച്ചയ്ക്ക് ചെറിയൊരു ഇടവേളമാത്രം നല്‍കി ഞാന്‍ തുടര്‍ച്ചയായി എഴുതി. നൂതന്‍ എന്നെ ഒരുതരത്തിലും ശല്യം ചെയ്തില്ല.
അന്നുച്ചതിരിഞ്ഞ് അഞ്ചു മണിയായപ്പോള്‍ ഞാന്‍ എഴുത്തിന് ചെറിയൊരു ഇടവേള നല്‍കി. കന്നട കലര്‍പ്പുള്ള നാട്ടുഭാഷ സംസാരിക്കുന്ന വയലോരത്തുകൂടെ ഒരു മണിക്കൂര്‍ നടന്നുവന്നശേഷം ഞാന്‍ കുളിച്ചു. അവളെനിക്ക് ചായ നല്‍കി. ഞാന്‍ നിരന്തരം കുറിപ്പുകള്‍ വായിക്കുകയും എഴുതുകയും ചെയ്തുകൊണ്ടിരുന്നു.
അത്താഴം വേണ്ടെന്നു വെച്ചു. ഞാന്‍ കഴിക്കാത്തതിനാല്‍ അവളും അത്താഴം കഴിച്ചില്ല.
രാത്രി പതിനൊന്നു മണിയായപ്പോള്‍ ഹര്‍മിന്ദര്‍ ബിട്ട എന്ന ഞാന്‍ കെന്‍ഫ്‌ലാക് വിമാനത്താവളത്തില്‍ നിന്ന് മടക്കയാത്ര ആരംഭിച്ചു.
ഞാന്‍ മുക്കാലും തീര്‍ന്ന നോട്ടുപുസ്തകം അവള്‍ക്കു നല്‍കിക്കൊണ്ട് പറഞ്ഞു.
‘എന്റെ തലവേദന ഒഴിഞ്ഞു.’
ആ നോട്ടുപുസ്തകം നിധിപോലെ ഏറ്റുവാങ്ങി അവള്‍ അതില്‍ ചുംബിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു.
‘അത് വായിച്ചശേഷം ഉറങ്ങിയാല്‍ മതി.’
‘ഇനി ഞാന്‍ വായിക്കണോ?’
‘വേണം.’
എത്ര സമയം മുന്നോട്ട് പോയെന്നറിയാത്തവിധം ഞാനുറങ്ങി.
അവള്‍ എന്നെ ഉറക്കത്തില്‍ നിന്ന് കുലുക്കി വിളിച്ചു.
‘ഞാന്‍ വായിച്ചു കേട്ടോ.’
‘ഇതൊരു ഫിക്ഷന്‍ പോലെ പാരായണ മികവുള്ള ട്രാവലോഗ് ആണ്. എനിക്കിതുപോലെ ഒരു പേജ്‌പോലും എഴുതാന്‍ കഴിയില്ല.’
ചെറുപുഞ്ചിരിയോടെ ഞാന്‍ പറഞ്ഞു:
‘ഇതിനൊരു പേര് വേണ്ടേ?’
‘വേണം…’
‘ദി ബയോഗ്രഫി ഓഫ് സ്‌നോ എന്നാണ് എന്റെ ആലോചനയില്‍ രൂപം കൊണ്ട ശീര്‍ഷകം.’
‘ക്ലാസ്സിക്കലി എന്റൈസിങ്ങ് !’
ഇത്തവണ അമിതാഹ്ലാദം പൂണ്ടെങ്കിലും അവള്‍ എന്നെ ആക്രമിച്ചില്ല.
അവള്‍ ഞാനെഴുതിയ രണ്ട് നോട്ടുപുസ്തകങ്ങള്‍ ഡയറിക്കും ഫോട്ടോഗ്രാഫുകള്‍ക്കുമൊപ്പം സ്യൂട്‌കേസില്‍ വെച്ചശേഷം ചോദിച്ചു?
‘നാളെ നമുക്ക് ദില്ലിക്ക് പോയാലോ.’

‘നാളെയോ? എനിക്ക് രണ്ടു ദിവസം റസ്റ്റ് വേണം. പിന്നെ ബാക്കി ലീവ് കാന്‍സല്‍ ചെയ്യണം.’
അന്നുരാത്രി ഞങ്ങള്‍ ആ മാവിന്‍ചുവട്ടിലെ തറയിലിരുന്ന് മദ്യപിച്ചു. സാവകാശം, വളരെ കുറഞ്ഞ അളവിലാണ് ഞാന്‍ മദ്യപിച്ചത്. അവള്‍ വീണ്ടും മദ്യംപകരുവാന്‍ ഒരുങ്ങിയപ്പോള്‍ ഞാന്‍ തടഞ്ഞു.
‘നമുക്കിവിടെ കിടന്നുറങ്ങാം?’
‘ആകാം…’ ഞാന്‍ പറഞ്ഞു.
അവള്‍ ഗേറ്റടച്ചു തിരികെ വന്നു.
ഞങ്ങള്‍ വിവസ്ത്രരായി ആ മാവിനെ കൊതിപ്പിക്കുമാറ് അംഗപ്രത്യംഗം നിരന്തരം ആഹ്ലാദത്തോടെ പ്രണയിച്ചു. അവള്‍ ആനന്ദം അടക്കാനാവാതെ രാപ്പക്ഷിയുടെ ശബ്ദത്തില്‍ കൂകി , കുറുകി.
ബെല്‍ അമി എനിക്ക് നല്‍കുന്ന ഓര്‍മ്മകളുടെ ആദ്യ അടരുകള്‍…

തുടരും
(Copy Right Reserved)

ബെല്‍ അമി | അദ്ധ്യായം 3

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *