നിയമസഭാ കയ്യാങ്കളി കേസില്‍ കുറ്റം നിഷേധിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. തിരുവനന്തപുരം സിജെഎം കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഇഎംഎസ് തുടങ്ങിയ നേതാക്കള്‍ ജയിലില്‍ കിടന്നിട്ടില്ലേയെന്നു ചോദിച്ചുകൊണ്ടാണ് ജയരാജന്‍ കോടതിക്കു മുന്നില്‍ മാധ്യമപ്രവര്‍ത്തരോടു പ്രതികരിച്ചത്. യുഡിഎഫ് ഭരണകാലത്തെ പ്രതിപക്ഷത്തെ അവഹേളിക്കാനാണ് അന്നത്തെ സര്‍ക്കാര്‍ ശ്രമിച്ചതെന്നും ജയരാജന്‍ പറഞ്ഞു.
അശോക് ഗെലോട്ടിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കാനുള്ള നീക്കത്തില്‍നിന്ന് ഹൈക്കമാന്‍ഡ് പിന്നോട്ട്. രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി ഗെലോട്ട് നിലപാട് കടുപ്പിച്ചതോടെയാണ് ഹൈക്കമാന്‍ഡ് നിലപാടു മാറ്റുന്നത്. ഗെലോട്ടിന് പകരം ശശി തരൂര്‍, മുകള്‍ വാസ്‌നിക്, ദിഗ് വിജയ് സിംഗ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാന്‍ നെഹ്‌റു കുടുംബത്തിന്റെ പിന്തുണയുണ്ടെന്ന് ശശി തരൂര്‍ എംപി. വെള്ളിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. രാഹുല്‍ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പട്ടാമ്പിയില്‍ വന്നത്. രാജ്യത്ത് ഭൂരിഭാഗം പേരും തന്നെ പിന്തുണക്കും. കേരളത്തിലെ ചിലരുടേയും പിന്തുണ ലഭിക്കും. രാജസ്ഥാന്‍ വിഷയത്തില്‍ പ്രതികരണത്തിനില്ലെന്നും തരൂര്‍ വ്യക്തമാക്കി.
പൊട്ടന്‍ കളിച്ച് ഗെലോട്ട്. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കന്നതിനെതിരേ 90 എംഎല്‍എമാര്‍ രാജിവക്കുമെന്നു ഭീഷണിപ്പെടുത്തിയതിനു താന്‍ ഉത്തരവാദിയല്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്. എല്ലാംതന്റെ കൈവിട്ട പോയെന്നാണ് ഗെലോട്ട് പറയുന്നത്. ഗാന്ധി കുടുംബം അടക്കമുള്ള ഒരു വിഭാഗം നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് ഗെലോട്ടിനെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കേയാണ് രാജസ്ഥാനില്‍ ഗലോട്ട് പക്ഷത്തിന്റെ അട്ടിമറി. ഇതേസമയം, കോണ്‍ഗ്രസിനെ അപഹസിച്ച ഗെലോട്ടിനെ അധ്യക്ഷനാക്കുന്നതിനെതിരെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തി.
കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ ഇന്നുതന്നെ നിശ്ചയിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള സര്‍വകലാശാല വിസിക്കാണ് ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയത്.
തീവ്രവാദ കേസില്‍ ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസുമായി എന്‍ഐഎ. സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍, സെക്രട്ടറി സിഎ റൗഫ് എന്നിവര്‍ക്കെതിരെയാണ് കൊച്ചി എന്‍ഐഎ കോടതിയില്‍ ഹര്‍ജി നല്‍കിയത്. റെയ്ഡിനിടയില്‍ ഒളിവില്‍പോയ ഇരുവരും ചേര്‍ന്നാണ് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നും എന്‍ഐഎ കുറ്റപ്പെടുത്തി.
കണ്ണൂര്‍ പുല്ലൂപ്പിക്കടവില്‍ തോണി മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. പുല്ലുപ്പിക്കടവില്‍ ഇന്നലെ രാത്രി തോണി മറിഞ്ഞത് ആരും അറിഞ്ഞില്ല. പുഴയില്‍ മൃതദേഹം കണ്ടപ്പോഴാണ് തോണി മറിഞ്ഞ വിവരം അറിഞ്ഞത്. അത്താഴക്കുന്ന് സ്വദേശികളായ റമീസ്, അഷ്‌കര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. സഹദ് എന്നയാള്‍ക്കായി ഫയര്‍ ഫോഴ്‌സ് തെരച്ചില്‍ നടത്തുന്നു.
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം. 100 എംബിബിഎസ് സീറ്റുകളിലേക്ക് ഈ വര്‍ഷം തന്നെ അഡ്മിഷന്‍ തുടങ്ങും.
ബിജെപി ഓഫീസ് നിര്‍മാണത്തിന്റെ മറവില്‍ വീടു നിര്‍മിച്ചെന്നും പണം അടിച്ചമാറ്റിയെന്നും ആരോപിച്ച് പോസ്റ്റര്‍ യുദ്ധം. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ തിരുവനന്തപുരത്ത് ബിജെപി ഓഫിസ് ഉദ്ഘാടനം ചെയ്യാനിരിക്കെ ജില്ലയിലെ പ്രധാന നേതാക്കളായ വി.വി രാജേഷ്, സി ശിവന്‍കുട്ടി, എം ഗണേശന്‍ എന്നിവര്‍ക്കെതിരെയാണ് പോസ്റ്റര്‍.
മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ പ്രതികളായ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു. മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുല്‍റഹിമാന്‍ കല്ലായി, കോണ്‍ഗ്രസ് നേതാവ് എം സി കുഞ്ഞമ്മദ്, യു മഹ്‌റൂഫ് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. മുന്‍കൂര്‍ ജാമ്യ വ്യവസ്ഥ അനുസരിച്ചാണ് ഇവര്‍ ഹാജരായത്. മൂന്ന് കോടി രൂപ ചെലവായ നിര്‍മ്മാണത്തിന് പത്തു കോടി രൂപ ചെവായെന്നു കണക്കുണ്ടാക്കിയെന്നാണ് ഒരാരോപണം. ബില്ലുകളോ വൗച്ചറുകളോ ഇല്ലെന്നും പരാതിയില്‍ പറയുന്നു.
ഹിജാബ് വിഷയത്തില്‍ കോഴിക്കോട് പ്രൊവിഡന്‍സ് സ്‌കൂളിലേക്ക് മുസ്ലിം വിദ്യാര്‍ഥി സംഘടനയായ എസ്‌ഐഒ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തില്‍ നടക്കാവ് എസ്‌ഐ ഉള്‍പ്പെടെ മൂന്നു പൊലീസുകാര്‍ക്ക് പരിക്കേറ്റു. പ്രൊവിഡന്‍സ് സ്‌കൂളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതുമൂലം ഏതാനും വിദ്യാര്‍ത്ഥിനികള്‍ ടിസി വാങ്ങി സ്‌കൂള്‍ വിട്ടുപോയിരുന്നു.