അടുത്തിടെയാണ് രാജ്യത്തെ ആദ്യത്തെ സി.എന്‍.ജി ബൈക്ക് ബജാജ് ഓട്ടോ നിരത്തിലെത്തിച്ചത്. ഫ്രീഡം 125 എന്ന പേരിലെത്തിയ വണ്ടിക്ക് 95,000 രൂപ മുതല്‍ 1.10 ലക്ഷം രൂപ വരെയായിരുന്നു വില. ഇതിന് പിന്നാലെ രാജ്യത്തെ ആദ്യ കംപ്രസ്ഡ് ബയോഗ്യാസ് ഇന്ധനമായ വാഹനവും ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് ബജാജ്. ഇപ്പോള്‍ വിപണിയിലുള്ള സി.എന്‍.ജി മോട്ടോര്‍ സൈക്കിള്‍ സി.ബി.ജി ഇന്ധനത്തിലും ഓടാന്‍ ശേഷിയുള്ളതാണ്. അതേസമയം, ഇത്തരം വാഹനം നിരത്തിലെത്തിക്കാന്‍ മൂന്ന് വര്‍ഷമെങ്കിലും വേണ്ടി വരും. ഓട്ടോമൊബൈല്‍, വ്യവസായ മേഖലകളില്‍ സി.എന്‍.ജിക്ക് പകരം ഉപയോഗിക്കാവുന്ന പുനരുപയോഗ ഇന്ധനമാണ് സി.ബി.ജി. കാര്‍ഷിക മാലിന്യം, ചാണകം, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവ ഉപയോഗിച്ച് അനൈറോബിക് ഡീകംപോസിഷന്‍ എന്ന പ്രക്രിയയിലൂടെയാണ് സി.ബി.ജി നിര്‍മിക്കുന്നത്. ഫ്രീഡം 125 ഇതുവരെ 27,000 വാഹനങ്ങള്‍ വിറ്റു. രണ്ട് ലിറ്റര്‍ വീതവും സി.എന്‍.ജിയും പെട്രോളും നിറക്കാവുന്ന രീതിയിലാണ് വാഹനം തയ്യാറാക്കിയിരിക്കുന്നത്. പെട്രോളും സി.എന്‍.ജിയും ചേര്‍ന്ന് 330 കിലോമീറ്റര്‍ വാഹനത്തിന് ഓടാന്‍ കഴിയുമെന്നാണ് കമ്പനി പറയുന്നത്.