മുന്‍ സുപ്രീംകോടതി ജസ്റ്റിസ് കെ.ടി തോമസിനെ പിഎം കെയര്‍ ഫണ്ട് ട്രസ്റ്റിയായി നിയമിച്ചു. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കരിയ മുണ്ട, വ്യവസായി രത്തന്‍ ടാറ്റ എന്നിവരെയും ട്രസ്റ്റിമാരായി നിയമിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന പിഎം കെയര്‍ ട്രസ്റ്റി യോഗത്തില്‍ ഇവര്‍ പങ്കെടുത്തു.
മന്ത്രിസഭാ തീരുമാനമനുസരിച്ചാണു ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭരണഘടന അനുശാസിക്കുന്നത് അങ്ങനെയാണെന്ന് സുപ്രീം കോടതി വിധി ഉദ്ധരിച്ച് മുഖ്യമന്ത്രി പറഞ്ഞു. വിയോജിപ്പ് അറിയിക്കാന്‍ നിയതമായ മാര്‍ഗമുണ്ട്. രാജ്ഭവനിലെ വാര്‍ത്താസമ്മേളനം അസാധാരണ നടപടിയാണ്. ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനെ അറിയാഞ്ഞിട്ടാണ്. ആര്‍എസ്എസിനെ റിപ്പബ്ലിക് ദിന പരേഡിലേക്ക് നെഹ്റു ക്ഷണിച്ചെന്നു പറയുന്ന ഗവര്‍ണര്‍ സംഘപരിവാര്‍ വാട്സാപ് ഗ്രൂപ്പില്‍നിന്നാണോ വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയുടെ ഉദ്ഘാടനത്തിനുള്ള ക്ഷണം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിരസിച്ചു. തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷും ചീഫ് സെക്രട്ടറി വി.പി. ജോയിയുമാണ് ഗവര്‍ണറെ രാജ്ഭവനിലെത്തി ക്ഷണിച്ചത്. ഓണം വാരാഘോഷ പരിപാടിയിലേക്കു ക്ഷണിക്കാത്തതിന്റെ അതൃപ്തിയും ഗവര്‍ണര്‍ അറിയിച്ചു. ഒക്ടോബര്‍ രണ്ടിനാണ് ലഹരി വിരുദ്ധ പരിപാടി.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചനയുമായി മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ്. മത്സരിക്കാന്‍ തനിക്കും യോഗ്യതയുണ്ടെന്നും ആര്‍ക്കും മത്സരിക്കാമെന്നും ദിഗ് വിജയ് സിംഗ്. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടും ശശി തരൂരും മത്സരിക്കുമെന്നാണ് സൂചന.
മലങ്കര സഭാതര്‍ക്കം പരിഹരിക്കാന്‍ ഏകദേശ ധാരണ. പരിഹാര നിര്‍ദേശങ്ങള്‍ തയാറാക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. യാക്കോബായ- ഓര്‍ത്തഡോക്സ് സഭ പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മുഖ്യമന്ത്രി എടുത്ത നിലപാടുകള്‍ക്ക് ഇരു സഭകളും പിന്തുണ അറിയിച്ചു.
കണ്ണൂര്‍ വിസി നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇടപെട്ടത് സ്വജനപക്ഷപാതവും അഴിമതിയുമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നിയമ നടപടികളിലേക്ക്. ഗവര്‍ണറുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല.
ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 മത്സരം പരാജയപ്പെട്ട ഇന്ത്യന്‍ ടീമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പരിശീലകന് രവി ശാസ്ത്രി. ഇന്ത്യന്‍ ഫീല്‍ഡിംഗിന് എന്തുപറ്റിയെന്നാണ് ശാസ്ത്രി ചോദിക്കുന്നത്. ഇപ്പോഴത്തെ ടീം ഫീല്‍ഡിംഗിന്റെ കാര്യത്തില്‍ സ്കൂള്‍ നിലവാരം പോലും കാണിക്കുന്നില്ലെന്നും ഇതുകാരണം ബാറ്റിംഗ് ചെയ്യുന്നവര്‍ക്ക് 15-20 റണ്‍സെങ്കിലും കൂടുതലായി ലഭിക്കുന്നുണ്ടെന്നും ശാസ്ത്രി പറഞ്ഞു.