◾സര്‍വകലാശാല, ലോകായുക്ത ബില്ലുകള്‍ ഒഴികെയുള്ള അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഒപ്പിട്ടു. സഭ പാസാക്കിയ 11 ബില്ലുകളില്‍ അഞ്ച് ബില്ലുകളിലാണ് ഒപ്പുവച്ചത്. ഗവര്‍ണറെ അനുനയിപ്പിക്കാന്‍ മന്ത്രി എം.ബി. രാജേഷും ചീഫ് സെക്രട്ടറിയും ഗവര്‍ണറെ സന്ദര്‍ശിക്കുന്നുണ്ട്. ഇന്നു ഡല്‍ഹിക്കു പോകുന്ന ഗവര്‍ണര്‍ അടുത്ത മാസം ആദ്യവാരത്തിലേ തിരിച്ചെത്തൂ.
◾കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ തയാറാണെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. അധ്യക്ഷ പദവി രാഹുല്‍ഗാന്ധി ഏറ്റെടുക്കണമെന്ന് ഒരിക്കല്‍ കൂടി ആവശ്യപ്പെടും. അധ്യക്ഷനായി രാഹുല്‍ ജോഡോ യാത്ര നയിച്ചാല്‍ ഫലം മറ്റൊന്നാകുമെന്നും അശോക് ഗെലോട്ട് പറഞ്ഞു.
◾രാജസ്ഥാന് മുഖ്യമന്ത്രി സ്ഥാനവും എഐസിസി പ്രസിഡന്റു സ്ഥാനവും ഒന്നിച്ചു കൊണ്ടുപോകണമെന്ന അശോക് ഗെലോട്ടിന്റെ മോഹം എഐസിസി അനുവദിക്കില്ല. ഗെലോട്ട് കോണ്‍ഗ്രസ് അധ്യക്ഷനായാല്‍ രാജസ്ഥാനില്‍ പകരം സംവിധാനം ഉണ്ടാകും. ഇക്കാര്യം സോണിയാഗാന്ധി തന്നെ അശോക് ഗെലോട്ടിനെ അറിയിക്കും. സച്ചിന് പൈലറ്റിനു മുഖ്യമന്ത്രി സ്ഥാനം നിരസിച്ചാല്‍ രാജസ്ഥാന് കോണ്‍ഗ്രസില്‍ പിളര്പ്പിനുവരെ സാധ്യതയുണ്ടാകും. സച്ചിന് പൈലറ്റ് ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കൊപ്പം കൊച്ചിയിലുണ്ട്.
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◾കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മറ്റന്നാള്‍ ഇറങ്ങാനിരിക്കേ ശശി തരൂര്‍ എഐസിസി ആസ്ഥാനത്ത്. വോട്ടര്‍ പട്ടിക പരിശോധിക്കാനാണ് ശശി തരൂര്‍ എത്തിയത്. അതേസമയം, രാഹുല്‍ ഗാന്ധി അധ്യക്ഷനാകില്ലെങ്കില് സോണിയ ഗാന്ധി തുടരണമെന്ന നിര്‍ദ്ദേശം ശശി തരൂര്‍ മുന്നോട്ടുവച്ചു. ഗാന്ധി കുടുംബത്തില്‍ നിന്ന് ആരുമില്ലെങ്കില്‍ മത്സരിക്കും എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് തരൂര്‍.
◾രാഹുല്‍ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്നാണ് താല്പര്യമെന്ന് സച്ചിന് പൈലറ്റ്. മിക്ക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റികളും ഇക്കാര്യം എഐസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾ശശി തരൂരും അശോക് ഗെലോട്ടും കോണ്‍ഗ്രസിനെ നയിക്കാന്‍ കഴിവുള്ളവരെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്. സംഘടനാ തെരഞ്ഞെടുപ്പ് അനിവാര്യമാണെന്നും പി.ജെ കുര്യന് പറഞ്ഞു. കെ മുരളീധരനും കൊടിക്കുന്നില്‍ സുരേഷും ശശി തരൂരിനോട് വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖
◾പറമ്പിക്കുളം ഡാമില്‍ ഷട്ടര്‍ തകരാറില്‍. ഒരു ഷട്ടര്‍ താനേ ഉയര്‍ന്നു. അടയ്ക്കാനാകുന്നില്ല. ഡാമില്‍നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളത്തിന്റെ അളവ് കൂടി. പറമ്പിക്കുളം ആദിവാസി മേഖലയിലുള്ളവരെ മാറ്റിപാര്‍പ്പിച്ചു. ചാലക്കുടി പുഴയോരത്തും ജാഗ്രതാ നിര്‍ദേശം.
◾പറമ്പിക്കുളം ഡാമിലെ വെള്ളം ഒഴുകി പോകാതെ ഷട്ടറിന്റെ അറ്റകുറ്റപ്പണി നടത്താനാവില്ലെന്ന് ഡാം സുരക്ഷാ അതോറിറ്റി മുന്‍ ചെയര്മാന് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന് നായര്‍. അറ്റക്കുറ്റപ്പണിയില്‍ തമിഴ്നാടിന് വീഴ്ചയുണ്ടായി. അണക്കെട്ടില്‍ കേരള ഡാം സേഫ്റ്റി അതോറിറ്റിയെ പരിശോധിക്കാന്‍ അനുവദിക്കാറില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിഴിഞ്ഞം സമരക്കാരെ രാജ്ഭവനിലേക്കു വളിച്ചുവരുത്തി കൂടിക്കാഴ്ച്ച നടത്തി. സമരത്തിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. പ്രശ്നപരിഹാരത്തിന് ഇടപെടാമെന്നും കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്നും ഉറപ്പു തന്നെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. ഡല്‍ഹിക്കു പോകുന്നതിനു മുമ്പാണ് ഗവര്‍ണര്‍ സമരക്കാരുമായി കൂടിക്കാഴ്ച നടത്തിയത്.
◾കരുനാഗപ്പള്ളിയില്‍ അഭിഭാഷകരും പൊലീസും തമ്മിലുണ്ടായ തര്‍ക്കം നിയമമന്ത്രി പി രാജീവ് ഇടപെട്ടു പരിഹരിച്ചെങ്കിലും വാഹനാപകടത്തിനു പൊലീസ് കസ്റ്റഡിയിലെടുത്ത അഭിഭാഷകന് ജയകുമാര്‍ മദ്യപിച്ചിരുന്നെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. അഡ്വ. ജയകുമാര്‍ പൊലീസുകാരെയും ആശുപത്രി ജീവനക്കാരെയും ചവിട്ടിയെന്നും ഡോക്ടറുടെ റിപ്പോര്‍ട്ട്. ജയകുമാറിനെ കരുനാഗപ്പള്ളി എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ പൊലീസ് മര്‍ദ്ദിച്ചെന്നായിരുന്നു അഭിഭാഷകരുടെ ആരോപണം.
◾ജപ്തി ചെയ്തെന്ന് കേരള ബാങ്ക് വീടിനു മുന്നില്‍ സ്ഥാപിച്ച വലിയ ബോര്‍ഡാണ് മകളുടെ ആത്മഹത്യക്കു കാരണമെന്ന് കൊല്ലത്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ അച്ഛന് അജികുമാര്‍. ‘ബോര്‍ഡ് ഇളക്കി കളയാന്‍ മകള്‍ പറഞ്ഞതാണ്. എന്നാല്‍ ബാങ്കിനോട് ഇളവ് ചോദിക്കാമെന്നാണ് താന്‍ പറഞ്ഞത്. അതിനായി ബാങ്കില്‍ പോയി തിരിച്ചുവന്നപ്പോള്‍ മോള് എനിക്ക് നഷ്ടപ്പെട്ടു. താന്‍ വീടുണ്ടാക്കിയത് എന്റെ മോള് ചാവാന്‍ വേണ്ടിയാണോ എന്നും അഭിരാമിയുടെ അച്ഛന് അജികുമാര്‍ ചോദിച്ചു.
◾കേരള ബാങ്ക് ജപ്തി ചെയ്ത വീടിനു മുന്നില്‍ വലിയ ജപ്തി ബോര്‍ഡ് സ്ഥാപിച്ചത് സര്‍ഫാസി നിയമത്തിനു വിരുദ്ധമാണെന്ന് സഹകരണ മന്ത്രി വി.എന്‍.വാസവന്. കേരള ബാങ്ക് പ്രവര്‍ത്തിക്കുന്നത് റിസര്‍വ് ബാങ്കിന്റെ മാനദണ്ഡമനുസരിച്ചാണ്. അതുകൊണ്ടാണ് സര്‍ഫാസി ആക്ടനുസരിച്ച് നോട്ടീസ് അയക്കേണ്ടി വന്നതെന്നും മന്ത്രി വ്യക്തമാക്കി.
◾ശൂരനാട് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്കിനെ ന്യായീകരിച്ച് കേരള ബാങ്ക് ചെയര്മാന് ഗോപി കോട്ടമുറിക്കല്‍. ജപ്തിയുടെ പേരില്‍ തന്നെയാണോ കുട്ടി ആത്മഹത്യ ചെയ്തതെന്ന് പരിശോധിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് പിഴവുണ്ടായോയെന്നും പരിശോധിക്കുമെന്നും കേരള ബാങ്ക് ചെയര്മാന് വ്യക്തമാക്കി.
◾തിരുവനന്തപുരം കാട്ടാക്കടയില്‍ മകള്‍ക്കു മുന്നില്‍ അച്ഛനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മകള്‍ രേഷ്മയുടേയും സുഹൃത്തിന്റേയും മൊഴിയെടുക്കുമെന്ന് പൊലീസ്. എഫ്ഐആറില്‍ പ്രതികളുടെ പേര് ചേര്‍ക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് രേഷ്മയും പിതാവും പറഞ്ഞു. പ്രതികള്‍ അക്രമിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇല്ലെങ്കില്‍ പെണ്‍കുട്ടിയേയും അച്ഛനേയും പ്രതികളാക്കുമായിരുന്നെന്നാണു സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം.
◾കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ ആക്രമണത്തില്‍ പൊതുജനങ്ങളോട് മാപ്പു ചോദിച്ച് കെഎസ്ആര്‍ടിസി എംഡി. മാനസിക വിഭ്രാന്തിയുള്ളവരാണ് കാട്ടാക്കടയില്‍ ആക്രമണം നടത്തിയതെന്നും അത്തരക്കാരെ മാനേജ്മെന്റ് സംരക്ഷിക്കില്ലെന്നും എംഡി ബിജു പ്രഭാകര്‍ പറഞ്ഞു. ജീവനക്കാരുടെ നടപടി കെഎസ്ആര്‍ടിസിക്ക് കളങ്കമുണ്ടാക്കിയെന്ന് അദ്ദേഹം ഹൈക്കോടതിയെ അറിയിച്ചു.
◾നിയമസഭ തെരഞ്ഞെടുപ്പില്‍ ബത്തേരിയില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ ജെആര്‍പി നേതാവിയിരുന്ന സി.കെ ജാനുവിന് ബിജെപി നേതാക്കള്‍ കോഴപ്പണം നല്‍കിയെന്ന കേസില്‍ ഫോണ്‍ സംഭാഷണത്തിലെ ശബ്ദം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റേതാണെന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്. ജെ ആര് പി ട്രഷറര്‍ പ്രസീത അഴീക്കോട് പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിലെ ശബ്ദമാണു സ്ഥിരീകരിച്ചത്.
◾കാലിക്കട്ട് സര്‍വകലാശാലയില്‍ അഭിപ്രായ സ്വാതന്ത്ര്യനിരോധനം. സര്‍വകലാശാലയിലെ ചെയറുകള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയത്തിനെതിരേ സെമിനാര്‍ അടക്കമുള്ള പരിപാടികള്‍ നടത്തരുതെന്ന് കാലിക്കട്ട് സര്‍വകലാശാല ഉത്തരവു പുറപ്പെടുവിച്ചു. ഭരണപക്ഷം ചര്‍ച്ച ചെയ്ത് അംഗീകരിച്ചാലേ സിന്‍ഡിക്കേറ്റില്‍ എതിരഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ അനുവദിക്കൂവെന്ന് മറ്റൊരു ഉത്തരവും കാലിക്കട്ട് സര്‍വകലാശാല പുറത്തിറക്കി.
◾ഐ.ടി.ഐകളില്‍ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പരിശീലന മേന്മ വര്‍ദ്ധിപ്പിക്കാനും നടപടിയുണ്ടാകുമെന്ന് പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റുകളും വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
◾സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് കള്ളക്കേസില്‍ കുടുക്കുന്നുവെന്ന് പരാതി. കോഴിക്കോട് നൊച്ചാട് എയുപി സ്കൂള്‍ അധ്യാപകന് അജീഷിനെതിരെ നടപടിയാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മാനേജര്‍ക്കു കത്തു നല്കി. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഘത്തില്‍ അജീഷുമുണ്ടെന്ന് ആരോപിച്ച് ടി പി രാമകൃഷ്ണന് എംഎല്‍എ നല്കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. വിമാനത്തില്‍ പ്രതിഷേധിച്ച ജൂണ്‍ 15 ന് നൊച്ചാട് സ്കൂളില്‍ ജോലിയിലായിരുന്നു അധ്യാപകന് അജീഷ്.
◾കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ ശേഖരിക്കാതെ പോലീസ്. ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക്ക് തെളിവായി ശേഖരിക്കാന്‍ അപേക്ഷ നല്കിയതു വൈകിയിരുന്നു. നിശ്ചിത ദിവസം കഴിഞ്ഞതിനാല്‍ ദൃശ്യങ്ങള്‍ മാഞ്ഞുപോയെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പൊലീസിനു രേഖാമൂലം മറുപടി നല്‍കിയത്.
◾മദ്യപിക്കാനുള്ള പണം തരാത്തതിന് തൃശൂര്‍ ചമ്മണ്ണുരില് മകന് അമ്മയെ തീ കൊളുത്തി. ഗുരുതരമായി പരിക്കേറ്റ ചമ്മന്നൂര്‍ സ്വദേശി ശ്രീമതിയെ (75) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന് മനോജിനെ (40) പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
◾രോഗിയുമായി പെരിന്തല്‍മണ്ണയിലേക്കു പോകുകയായിരുന്ന ആംബുലന്‍സിനെ അങ്ങാടിപ്പുറത്ത് തടയുകയും ഡ്രൈവറെ ആശുപത്രിയിലെത്തി മര്‍ദിക്കുകയും രോഗി മരിക്കുകയുംചെയ്ത സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍. കാറിലുണ്ടായിരുന്ന തിരൂര്‍ക്കാട് സ്വദേശികളായ വെന്തോടന്‍ മുഹമ്മദ് ആഷിഖ് (38), ചെരുവിളപ്പുരയിടത്തില്‍ ഷിബുഖാന്‍ (48) എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റു ചെയ്തത്.
◾മോഷ്ടിക്കപ്പെട്ട വാഹനത്തിന് ഇന്‍ഷ്വറന്‍സ് കമ്പനി 6.68 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന് വിധി. ചീക്കോട് സ്വദേശി ഫസലുല്‍ ആബിദിന്റെ മോഷണം പോയ മാരുതി സ്വിഫ്റ്റ് കാറിനാണ് ഇന്‍ഷ്വറന്‍സ് കമ്പനിയോട് 6,68,796 രൂപ നല്കാന് വിധിച്ചത്.
◾രണ്ടേകാല്‍ കിലോ കഞ്ചാവുമായി ഇടുക്കി മാങ്കടവ് ചുട്ടിശേരി വീട്ടില്‍ ഷിബു കുര്യക്കോസ് (48) പിടിയിലായി. രണ്ടാം പ്രതി മാങ്കടവ് പെരുമാപ്പറമ്പില്‍ വീട്ടില്‍ ഷൈബി ഓടി രക്ഷപെട്ടു.
◾വീട്ടുകാര്‍ എതിര്‍ത്ത പ്രണയ വിവാഹം പഞ്ചായത്ത് ഓഫീസില്‍ പൂവണിഞ്ഞു. വിവാഹിതരാകാനുള്ള ആഗ്രഹവുമായി പഞ്ചായത്ത് ഓഫീസില്‍ എത്തിയ യുവാവിനും യുവതിക്കും മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാര്‍ വരണമാല്യം എടുത്തു കൊടുത്ത് കല്യാണം നടത്തിച്ചു. കെഡിഎച്ച്പി കമ്പനിയുടെ വാഗുവര ലോവര്‍ ഡിവിഷന് സ്വദേശികളായ വര്‍ഗീസ് – തങ്കം ദമ്പതികളുടെ മകന് സുധന് സുഭാഷ് (28), ഇതേ ഡിവിഷനിലെ ബെന്നി- തമിഴ് സെല്‍വി ദമ്പതികളുടെ മകള്‍ നിവേദ(22) എന്നിവരുടെ വിവാഹമാണ് പഞ്ചായത്ത് ഓഫിസില്‍ നടന്നത്.
◾സുപ്രീംകോടതി ഭരണഘടന ബഞ്ചിലെ നടപടികള്‍ ഇനി ഓണ്‍ലൈനിലൂടെ തത്സമയം. ചീഫ് ജസ്റ്റിസ് വിളിച്ചു ചേര്‍ത്ത ജഡ്ജിമാരുടെ യോഗമാണ് ലൈവ് സ്ട്രീമിംഗിന് അനുമതി നല്‍കിയത്. ഡല്‍ഹിയിലെ അധികാര തര്‍ക്കം പരിഗണിക്കുന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബഞ്ചിന്റെ നടപടികളാകും ആദ്യം തത്സമയം നല്‍കുക.
◾ഹാസ്യ താരവും ബോളിവുഡ് നടനുമായ രാജു ശ്രീവാസ്തവ (58) അന്തരിച്ചു. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതംമൂലം കുഴഞ്ഞുവീണ അദ്ദേഹം കഴിഞ്ഞ 41 ദിവസമായി ആശുപത്രി ചികിത്സയിലായിരുന്നു.
◾ഓസ്ട്രേലിയയിലെ ഒരു ദ്വീപിന്റെ തീരത്ത് 14 എണ്ണത്തിമിംഗലങ്ങള്‍ ചത്തുപൊങ്ങി. മെല്‍ബണിനും ടാസ്മാനിയയുടെ വടക്കന്‍ തീരത്തിനും ഇടയിലുള്ള ബാസ് കടലിടുക്കിലെ ടാസ്മാനിയ സംസ്ഥാനത്തിന്റെ ഭാഗമായ കിംഗ് ഐലന്‍ഡിലാണ് എണ്ണത്തിമിംഗലങ്ങള്‍ ചത്തത്. എന്താണ് മരണകാരണമെന്നു കണ്ടെത്താനായിട്ടില്ല.
◾ഹര്‍മന്‍പ്രീത് കൗര്‍ വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ നയിക്കും. പതിനഞ്ചംഗ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയാണ്. ഒക്ടോബര്‍ ഒന്നിന് ബംഗ്ലാദേശിലാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.
◾സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ ഉയര്‍ന്ന സ്വര്ണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 120 രൂപയുടെ ഇടിവുണ്ടായി. ഇന്നലെ 80 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 36640 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ കുറഞ്ഞു. ഇന്നലെ 10 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4580 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. ഇന്നലെ 10 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3780 രൂപയാണ്.
◾ചരക്കുകളും സേവനങ്ങളും സംബന്ധിച്ച ദേശീയ പോര്‍ട്ടലായ ഗവണ്മെന്റ്ഇ മാര്‍ക്കറ്റ് പ്ളേസ് വഴി കേരളത്തില്സംഭരിച്ചത് 962 കോടി രൂപയുടെ ഉത്പന്നങ്ങളും സേവനങ്ങളും. 1,17,740 വ്യാപാരികളും സേവനദാതാക്കളും ജി.ഇ.എമ്മില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോര്‍ട്ടല്‍ കൂടുതല്‍ ഉപയോക്തൃ സൗഹൃദമാക്കാന്‍ മലയാളം ഉള്‍പ്പെടെ 12 ഭാഷകളില്‍ സഹായവും പിന്തുണയും ലഭ്യമാക്കുന്ന പ്രാദേശികഭാഷാ ഹെല്പ് ഡെസ്ക് സജ്ജീകരിക്കും. 2017ല്‍ 422 കോടി രൂപയുടെ സംഭരണ മൂല്യമുണ്ടായിരുന്ന ജി.ഇ.എം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു. 61,000 രജിസ്റ്റര്‍ ചെയ്ത ഗവണ്മെന്റ് ബൈയര്മാരും 48.6 ലക്ഷം വില്പനക്കാരും സേവന ദാതാക്കളും പോര്‍ട്ടിലില്‍ അംഗങ്ങളാണ്.
◾സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത മേ ഹൂം മൂസയിലെ വീഡിയോ ഗാനം പുറത്തെത്തി. തെങ്ങോലപ്പൊന്‍ മറവില്‍ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. സംഗീതം പകര്‍ന്നിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ശ്രീനാഥ് ശിവശങ്കരന് ആണ്. സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം ചിത്രമാണ് ഇത്. 1998 മുതല്‍ 2018 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ കഥാപശ്ചാത്തലം. ജോണി ആന്റണി, സൈജു കുറുപ്പ്, ഹരീഷ് കണാരന്, മേജര്‍ രവി, മിഥുന് രമേശ്, ശശാങ്കന് മയ്യനാട്, കണ്ണന് സാഗര്‍, അശ്വിനി, സരണ്‍, ജിജിന, ശ്രിന്ദ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സെപ്റ്റംബര്‍ 30 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
◾കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ വ്യത്യസ്തത പുലര്‍ത്തുന്ന താരമാണ് ആയുഷ്മാന്‍ ഖുറാന. ആയുഷ്മാന്‍ ഖുറാന നായകനാകുന്ന പുതിയ ചിത്രം ‘ഡോക്ടര്‍ ജി’യാണ്. ക്യാമ്പസ് മെഡിക്കല്‍ കോമഡി ചിത്രമായിട്ടാണ് ‘ഡോക്ടര്‍ ജി’ എത്തുന്നത്. അനുഭൂതി കശ്യപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമിത് ത്രിവേദിയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഗൈനക്കോളജിസ്റ്റ് ഡോക്ടറായ ‘ഉദയ് ഗുപ്ത’ ആയിട്ടാണ് ആയുഷ്മാന്‍ ഖുറാന അഭിനയിക്കുന്നത്. ‘ഡോ. ഫാത്തിമ’ എന്ന നായിക കഥാപാത്രമായി രാകുല്‍ പ്രീത സിംഗും ചിത്രത്തിലുണ്ട്. ഷെഫാലി ഷാ, ഷീബ ഛദ്ധ, ശ്രദ്ധ ജെയിന് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ഒക്ടോബര്‍ 14ന് ആണ് ചിത്രം റിലീസ് ചെയ്യുക. സുമിത് സക്സേന, സൗരഭ് ഭരത്, വൈശാല്‍ വാഘ്, അനുഭൂതി കശ്യപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
◾മാരുതി സുസുക്കിയുടെ 800 സിസി എഞ്ചിന് നിര്‍മ്മാണം കമ്പനി അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം മുതല്‍ ഈ എഫ്8ഡി യൂണിറ്റ് നിര്‍ത്തലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന എമിഷന്‍ മാനദണ്ഡങ്ങള്‍ കാരണമാണ് ഈ നീക്കം. 1970-കളില്‍ ജപ്പാനില്‍ ഉത്ഭവിച്ച ഈ സുസുക്കി എഞ്ചിന് 1983 മുതല്‍ ഇന്ത്യയില്‍ മാരുതി ശ്രേണിയില്‍ നിലവില്‍ ഉള്ളതാണ്. എഫ്8 എന്ന മാരുതിയുടെ ഈ 800 സിസി എഞ്ചിന് ഐക്കണിക്ക് മാരുതി 800, ഓമ്നി, ആള്‍ട്ടോ എന്നിവയില്‍ ഇത് വാഗ്ദാനം ചെയ്തിട്ടുണ്ട്. എഫ്8ബി സ്പെക്ക് യൂണിറ്റ് 38 ബിഎച്ച്പിയും 59 എന്‍എം ടോര്‍ക്കും വികസിപ്പിക്കുന്നു. 2000-ല്‍ ഇത് എഫ്8ഡി സ്പെക്കിലേക്ക് അപ്ഡേറ്റ് ചെയ്തു. നവീകരണത്തിന്റെ ഫലമായി പവര്‍ ഔട്ട്പുട്ടില് മൊത്തത്തില്‍ 47 ബിഎച്ച്പിയും 69 എന്‍എം ടോര്‍ക്കും വര്‍ധിച്ചു.
◾അമൂല്യമായ നാട്ടു മരുന്നുകളും അനുഭവ സിദ്ധമായ വീട്ടു ചികിത്സാ മുറകളും ആകസ്മികമായുണ്ടാകുന്ന ചെറിയ ചെറിയ അസുഖങ്ങള്‍ക്ക് ഡോക്ടറെ കാണാതെതന്നെ വീട്ടില്‍ വെച്ചു തന്നെ ചെയ്യാവുന്ന ഒറ്റമൂലികള്‍ കൂടാതെ വണ്ണം വയ്ക്കാനും കുറയ്ക്കാനും സൗന്ദര്യ സംരക്ഷണത്തിനും ഉപായങ്ങള്‍ പറയുന്നു.
‘നവീന ഗൃഹവൈദ്യം’. കെ വേണുഗോപാല പണിക്കര്‍. വിദ്യാരംഭം പബ്ളിഷേഴ്സ്. വില 114 രൂപ.
◾കാലുവേദന, കഴുത്തുവേദന ഇതൊക്കെ പതിവായുണ്ടാകുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് തെറ്റായ രീതിയില്‍ കിടന്നുറങ്ങുന്നത് കൊണ്ടുള്ള പ്രശ്നങ്ങള്‍. ശരിയായ രീതിയില്‍ കിടന്നുറങ്ങിയാല്‍ ഇത്തരം വേദനകളെ മാറ്റിനിര്‍ത്താം എന്നുമാത്രമല്ല നല്ല ഉറക്കവും കിട്ടും. ഫീറ്റല്‍ പൊസിഷന്‍ ആണ് ഉറങ്ങാന്‍ ഏറ്റവും നല്ല രീതിയായി വിദഗ്ധര്‍ പറയുന്നത്. കാലുകള്‍ നെഞ്ചുവരെ ചുരുട്ടി വച്ച് ഉറങ്ങുന്ന രീതിയാണ് ഫീറ്റല്‍ പൊസിഷന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. കാലുംകയ്യും ചുരുട്ടി വച്ച് ഒരു ബോളിന്റെ ആകൃതിയിലായിരിക്കും ഉറക്കം. കൂര്‍ക്കംവലി കുറയ്ക്കാനും നടുവേദന കുറയ്ക്കാനും ഈ പൊസിഷന്‍ സഹായിക്കും. ഒരു വശത്തേക്ക് ചരിഞ്ഞ് കിടക്കുന്നതും നല്ലതാണെന്നാണ് പലരും പറയുന്നത്. പ്രത്യേകിച്ച് രാത്രി വയറുനിറയെ ഭക്ഷണം കഴിച്ചിട്ടാണ് ഉറങ്ങുന്നതെങ്കില്‍ ഇടതുവശത്തേക്ക് ചരിഞ്ഞ് ഉറങ്ങുന്നതാണ് അഭികാമ്യം. അതേസമയം കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നതാണ് ഏറ്റവും തെറ്റായ ഉറക്ക രീതി. ഇത് പേശികളിലും സന്ധികളിലും അധിക സമ്മര്‍ദ്ധമുണ്ടാകാന്‍ ഇടയാക്കും. ഇങ്ങനെ ഉറങ്ങുന്നത് രാവിലെ എഴുന്നേല്ക്കുമ്പോള് നിങ്ങളെ കൂടുതല്‍ ക്ഷീണിതരാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തലയിണയ്ക്ക് അടിയില്‍ രണ്ട് കൈകളും ചുരുട്ടി വച്ച് ഉറങ്ങുന്ന സോള്‍ജിയര്‍ പൊസിഷനും നല്ലതല്ല. അതുപോലെ കട്ടികൂടിയ തലയിണ ഒഴിവാക്കി ഉറങ്ങാനും ശ്രദ്ധിക്കണം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 79.92, പൗണ്ട് – 90.57, യൂറോ – 79.19, സ്വിസ് ഫ്രാങ്ക് – 82.62, ഓസ്ട്രേലിയന്‍ ഡോളര്‍ – 53.28, ബഹറിന്‍ ദിനാര്‍ – 211.98, കുവൈത്ത് ദിനാര്‍ -258.41, ഒമാനി റിയാല്‍ – 207.58, സൗദി റിയാല്‍ – 21.25, യു.എ.ഇ ദിര്‍ഹം – 21.76, ഖത്തര്‍ റിയാല്‍ – 21.95, കനേഡിയന്‍ ഡോളര്‍ – 59.75.