അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമുറപ്പിച്ചതിനു പിന്നാലെ സ്വര്‍ണ വില മൂക്കു കുത്തി. അന്താരാഷ്ട്ര വില 80 ഡോളറോളം താഴ്ന്നു. ഇന്നലെ മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞ സ്വര്‍ണം ഇന്ന് 2,652 ഡോളര്‍ വരെ താഴ്ന്നിരുന്നു. നിലവില്‍ 2,657 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുത്. അന്താരാഷ്ട്ര വിലയുടെ ചുവടു പിടിച്ച് സംസ്ഥാനത്തും സ്വര്‍ണ വില താഴ്ന്നു. ഗ്രാമിന് 165 രൂപ കുറഞ്ഞ് 7,200 രൂപയും പവന് 1,320 രൂപ കുറഞ്ഞ് 57,600 രൂപയുമായി. ഒക്ടോബര്‍ 31 ന് 59,640 ഡോളര്‍ വരെയെത്തിയ സ്വര്‍ണം പിന്നീട് അമേരിക്കന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആശങ്കളാല്‍ താഴേക്ക് പോയിരുന്നു. ഇന്നത്തെ വിലയിടിവോടെ റെക്കോഡില്‍ നിന്ന് 2,040 രൂപയോളം വില കുറഞ്ഞു. ലൈറ്റ്വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 140 രൂപയോളം കുറഞ്ഞു. 5,930 രൂപയിലാണ് വ്യാപാരം. വെള്ളി വിലയും ഇന്ന് വലിയ ഇടിവ് രേഖപ്പെടുത്തി. ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും നൂറു രൂപയ്ക്ക് താഴെയെത്തി. ഇന്ന് ഗ്രാമിന് മൂന്ന് രൂപ കുറഞ്ഞ് 99 രൂപയിലാണ് വ്യാപാരം. ട്രംപിന്റെ വരവോടെ യു.എസ് ഡോളര്‍ കരുത്താര്‍ജിച്ചതും ട്രഷറി യീല്‍ഡ് ഉയര്‍ന്നതുമാണ് സ്വര്‍ണത്തിന്റെ വിലയിടിച്ചത്.