ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ പുറത്തിറങ്ങുന്ന മാരുതിയുടെ വൈദ്യുത കാറായ ഇവിഎക്സ് ലോകവിപണിയില്‍ അവതരിപ്പിക്കുന്നു. ഇറ്റലിയിലെ മിലാനില്‍ നവംബര്‍ നാലിന് നടക്കുന്ന ചടങ്ങിലായിരിക്കും ഇവിഎക്സിനെ ഔദ്യോഗികമായി പുറത്തിറക്കുക. രാജ്യാന്തര വിപണിയിലേക്കുള്ള ഇന്ത്യന്‍ നിര്‍മിത ഇവിയായിട്ടാണ് സുസുക്കി ഇവിഎക്സിനെ കൊണ്ടു വരുന്നത്. സുസുക്കിയുടെ ജന്മനാടായ ജപ്പാനിലേക്കും യൂറോപിലേക്കും വരെ ഇവിഎക്സ് ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യാന്‍ പദ്ധതിയുണ്ട്. സുസുക്കിയുടെ ഗുജറാത്തിലെ ഫാക്ടറിയിലായിരിക്കും മാരുതി ഇവിഎക്സ് നിര്‍മിക്കുക. 2025 മുതലാണ് വലിയ തോതില്‍ ഇവിഎക്സ് നിര്‍മിക്കുക. യൂറോപിലെ മാധ്യമങ്ങള്‍ക്കും വാഹന പ്രേമികള്‍ക്കും മുന്നിലേക്ക് അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് മിലാനില്‍ വെച്ച് ഇവിഎക്സിനെ പുറത്തിറക്കുന്നത്. ആദ്യ വര്‍ഷം 1.40 ലക്ഷം ഇവിഎക്സുകള് നിര്‍മിക്കാനാണ് മാരുതി സുസുക്കിയുടെ പദ്ധതി. ഇതില്‍ പകുതിയോളം വിദേശത്തേക്ക് കയറ്റുമതി ചെയ്യാനാണ് പദ്ധതി. അടുത്ത വര്‍ഷം മാര്‍ച്ചോടെ ടൊയോട്ട ഈ വൈദ്യുത എസ് യു വി വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.