ദീപാവലി ദിനത്തിലും സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മുന്നേറ്റം തന്നെ. ഇന്ന് ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7,455 രൂപയും പവന് 120 രൂപ ഉയര്‍ന്ന് 59,640 രൂപയുമായി. സ്വര്‍ണത്തിന്റെ ഇതു വരെയുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. കഴിഞ്ഞ് മൂന്ന് ദിവസംകൊണ്ട് കേരളത്തില്‍ പവന്‍ വിലയില്‍ 640 രൂപയുടെ വര്‍ധനയുണ്ടായി. ദീപാവലി പര്‍ച്ചേസുകാര്‍ക്കുള്‍പ്പെടെ വന്‍ തിരിച്ചടിയാണ് ഇന്നത്തെ വില വര്‍ധന. രാജ്യാന്തര വിലയിലെ മുന്നേറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ഇന്ന് സ്വര്‍ണം ഔണ്‍സിന് 2,790.10 ഡോളര്‍ വരെയെത്തി പുതിയ റെക്കോഡിട്ടു. ഈ മാസം ഇതു വരെ 6 ശതമാനം വര്‍ധനയാണ് രാജ്യാന്തര സ്വര്‍ണ വിലയിലുണ്ടായത്. നിലവിലെ കുതിപ്പ് തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ തന്നെ സ്വര്‍ണവില 2,800 ഡോളര്‍ എന്ന നാഴികക്കല്ല് മറികടന്നേക്കാം. ഈ വര്‍ഷം 3,000 ഡോളര്‍ ഭേദിക്കാനുള്ള സാധ്യതയും നിരീക്ഷകര്‍ പ്രവചിക്കുന്നുണ്ട്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞത് 64,600 രൂപയെങ്കിലും ചെലവഴിക്കേണ്ടി വരും. പണിക്കൂലി 10 ശതമാനം കണക്കാക്കിയാല്‍ ഇത് 66,700 രൂപയുമാകും.