സൂപ്പര്‍താരം നയന്‍താരയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി ഫിലിം ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍’ റിലീസ് പ്രഖ്യാപിച്ചു. താരസുന്ദരിയുടെ പിറന്നാള്‍ ദിനമായ നവംബര്‍ 18ന് നെറ്റ്ഫ്ളിക്സിലൂടെയാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. റെഡ് കാര്‍പ്പറ്റില്‍ കാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്ന നയന്‍താരയുടെ പോസ്റ്ററിനൊപ്പമായിരുന്നു പ്രഖ്യാപനം. സംവിധായകന്‍ വിഘ്നേഷ് ശിവനുമായുള്ള വിവാഹത്തേക്കുറിച്ചുള്ള ഡോക്യുമെന്ററിയായാണ് ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് താരത്തിന്റെ കരിയര്‍ കൂടി ഉള്‍പ്പെടുത്തി ഡോക്യു- ഫിലിം ആക്കുകയായിരുന്നു. ഒരു മണിക്കൂര്‍ 21 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. രണ്ട് വര്‍ഷം മുന്‍പാണ് നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയിലിന്റെ ടീസര്‍ പുറത്തുവരുന്നത്. തങ്ങളുടെ പ്രണയത്തേക്കുറിച്ചും വിവാഹത്തേക്കുറിച്ചുമെല്ലാം നയന്‍താരയും വിഘ്നേഷും പറയുന്നതാണ് വിഡിയോയില്‍. താരത്തിന്റെ കരിയറിന്റെ തുടക്കം മുതലുള്ള കാര്യങ്ങള്‍ സിനിമയിലൂടെ കാണാനാവും എന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.