തൃശൂർ ശക്തൻ സ്റ്റാൻഡിലെത്തുന്ന സ്വകാര്യ ബസുകൾക്ക് ശക്തൻ സ്റ്റാൻഡ് പരിസരത്ത് ഏകപക്ഷീയമായി നടപ്പാക്കിയ ഗതാഗത പരിഷ്കരണം പിൻവലിക്കണമെന്നും സ്റ്റാൻഡിന്‍റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കുന്നു. സിഐടിയു, ബിഎംഎസ്, ഐഎൻടിയുസി, എഐടിയുസി സംഘടനകൾ ഉൾപ്പെടുന്ന സംയുക്ത സമര സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. 28-ന് ശക്തൻ സ്റ്റാൻഡിൽ നടത്തിയ കൂട്ട ധർണയ്ക്ക് പിന്നാലെയാണ് ഇന്നത്തെ പണിമുടക്ക്. കോഴിക്കോട്, കണ്ണൂർ, എറണാകുളം, പാലക്കാട് തുടങ്ങിയ മേഖലകളിലേക്ക് ബസ് സർവീസ് നടത്തുന്ന തൃശൂരിലെ പ്രധാന സ്റ്റാൻഡാണ് തകർന്ന അവസ്ഥയിൽ തുടരുന്നത്. ചെളി നിറഞ്ഞ, കുണ്ടും കുഴിയുമുളള വഴികളിലൂടെ നടന്നു വേണം യാത്രക്കാർക്ക് സ്റ്റാൻഡിലെത്താൻ. ചെളിക്കുഴിയിൽ വീണ് യാത്രക്കാർക്ക് പരുക്കേറ്റ സംഭവങ്ങളുമുണ്ട്. പ്രതിദിനം എഴുന്നൂറോളം സർവീസുകൾ നടക്കുന്ന സ്റ്റാൻഡിന്‍റെ ശോചനീയാവസ്ഥ കണ്ടിട്ടും അധികൃതർ ഒരു നടപടിയും എടുക്കുന്നില്ലെന്നാണ് പരാതി.