സഭയിൽ അടിയന്തര പ്രമേയ ചർച്ച തുടരുന്നു. തുടർച്ചയായി മൂന്നാം ദിവസം അടിയന്തര പ്രമേയം അനുവദിക്കുന്നത് കേരള നിയമസഭ ചരിത്രത്തിൽ ആദ്യമാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശവും ഇന്നലെ എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ടുമാണ് അടിയന്തര പ്രമേയ ചർച്ച നടന്നത്.

 

 

 

 

തൃശൂർ പൂരം കലക്കലിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അടിയന്തര പ്രമേയ ചർച്ചക്ക് നോട്ടീസ് നൽകി. പൂരപ്പറമ്പിൽ സംഘർഷം ഉണ്ടായപ്പോൾ രക്ഷകനായി ആക്ഷൻ ഹീറോ വന്നുവെന്നും അതിനു അവസരം ഒരുക്കിയെന്നും തിരുവഞ്ചൂർ പറഞ്ഞു. തൃശൂർ പൂരത്തിൽ 8 വീഴ്ചകൾ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. പൂരം കലക്കലിന് മുന്നിൽ നിന്നത് എഡിജിപിയാണ്. പൂരം കലക്കിയത് രാഷ്ട്രീയ ലക്‌ഷ്യം വെച്ചു കൊണ്ടാണ്. രാഷ്ട്രീയ ലക്ഷ്യം വച്ച് സുരേഷ് ഗോപിക്ക് വഴി വെട്ടുകയായിരുന്നുവെന്നും തിരൂവഞ്ചൂർ പറഞ്ഞു. അടിയന്തര പ്രമേയ ചർച്ചക്ക് കടകംപള്ളി സുരേന്ദ്രൻ മറുപടി നൽകി. പൂരം കലക്കലിൽ ഗൂഢാലോചനയുണ്ടെന്നും കുറ്റക്കാരെ കണ്ടെത്തി സർക്കാർ നിയമത്തിന് മുന്നിൽ കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസുമായി രഹസ്യവും പരസ്യവുമായ ബാന്ധവം യുഡിഎഫിനാണ്. എല്ലാ ക്ഷേത്രോത്സവവും ഭംഗിയായി നടത്താനാണ് ഇടത് സർക്കാർ ശ്രമിച്ചതെന്നും കടകംപള്ളി പറഞ്ഞു.

 

 

 

ശബരിമലയില്‍ ഓൺലൈൻ ബുക്കിംഗ് മാത്രമാക്കിയാൽ ഭക്തർക്ക് തിരിച്ചടിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കഴിഞ്ഞ വർഷം പ്രതിദിനം 90000 പേരെ ആയിരുന്നു അനുവദിച്ചത്. സ്പോട് ബുക്കിംഗ് സൗകര്യം ഒരുക്കിയേ തീരുവെന്നും അദ്ദേഹം പറഞ്ഞു. ഗൗരവം മുന്നിൽ കണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

ശബരിമലയിൽ ഓൺലൈൻ ബുക്കിംഗ് മാത്രം എന്നത് അശാസ്ത്രീയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍. തീർത്ഥാടനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമമെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്പോട്ട് ബുക്കിംഗിന് അവസരം ഏർപ്പെടുത്തണമെന്നും എന്തിനാണ് സർക്കാരിന് ഇക്കാര്യത്തിൽ മാർക്കടമുഷ്ടിയെന്നും അദ്ദേഹം ചോദിച്ചു. വ്യാപക പ്രതിഷേധം ഉയർന്നിട്ടും സർക്കാർ തിരുത്താൻ തയാറാകുന്നില്ലെന്നും ദേവസ്വം ബോർഡ് തികഞ്ഞ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭക്തജനങ്ങളുടെ പ്രക്ഷോഭത്തിന് ബിജെപി പിന്തുണ നൽകുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

 

 

ശബരിമലയില്‍ മണ്ഡല മകരവിളക്ക് കാലത്ത് ദര്‍ശനത്തിന് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് സുഗമമായ തീര്‍ത്ഥാടനം ഉറപ്പാക്കുന്നതിന് വേണ്ടിയാണന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ വ്യക്തമാക്കി. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ദേവസ്വം വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പൊലീസ്, ജില്ലാ ഭരണകൂടം എന്നിവര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗ മാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തതെന്നും മന്ത്രി പറഞ്ഞു.

 

 

 

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നും നിയമസഭ സമ്മേളനത്തിൽ പങ്കെടുത്തിലല്ല. ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് ഇന്ന് സഭയിലെത്താത്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. പനിയെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക് ഡോക്ടര്‍മാര്‍ വിശ്രമം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 

 

 

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാ​ഗങ്ങൾ ഒഴിവാക്കണമെന്ന് അറിയിച്ചത് വിവരാവകാശ കമ്മിഷൻ ആണെന്നും ഒരു പേജും സർക്കാർ മറച്ചുവെച്ചിട്ടില്ലെന്നും സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ. നിയമസഭയിൽ ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 2019-ൽ വന്ന റിപ്പോർട്ട് സർക്കാർ മാറ്റിവെച്ചത് ആരോപണ വിധേയരെ സംരക്ഷിക്കാൻ വേണ്ടിയല്ലേയെന്ന പ്രതിപക്ഷത്തിന്‍റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

 

 

 

ക്ഷേത്രങ്ങൾ സിനിമാ ചിത്രീകരണത്തിനുള്ള സ്ഥലമല്ലെന്നും ഭക്തർക്ക് ആരാധനയ്ക്കുള്ള സ്ഥലമാണെന്നും ഹൈക്കോടതി. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശക്ഷേത്രത്തിൽ

സിനിമാ ചിത്രീകരണം അനുവദിച്ചത് ചോദ്യംചെയ്യുന്ന ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത് കുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.

 

 

 

വാഹനങ്ങളിൽ നിയമവിധേയമായ രീതിയിലുള്ള ഫിലിമുകൾ ഒട്ടിക്കാമെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. മോട്ടോർ വെഹിക്കിൾ വകുപ്പിലെ ഉദ്യോഗസ്ഥന്മാർ പ്രത്യേകിച്ച് എൻഫോഴ്സ്മെന്‍റിൽപ്പെട്ടവരും പൊലീസുകാരും വാഹനങ്ങൾ വഴിയിൽ പിടിച്ചുനിർത്തി കൂളിങ് ഫിലിമുകൾ വലിച്ചു കീറുന്നത് അപമാനിക്കുന്നതുപോലുള്ള പ്രവൃത്തിയാണ്. അതിനാൽ ഹൈക്കോടതി വിധി കൃത്യമായി പാലിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

 

 

 

 

നിയമസഭയിൽ പ്രത്യേക സീറ്റ് അനുവദിച്ചതോടെ പിവി അൻവര്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തി. പ്രതിപക്ഷ നിരയോട് ചേര്‍ന്ന് നാലാം നിരയിലാണ് അൻവറിന് ഇരിപ്പിടം നല്‍കിയിരിക്കുന്നത്. ചുവന്ന ഡിഎംകെയുടെ ഷാള്‍ അണിഞ്ഞും ചുവന്ന തോര്‍ത്ത് കയ്യിലേന്തിയുമാണ് അൻവര്‍ നിയമസഭയിലെത്തിയത്.

 

 

 

ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് പിവി അൻവർ എംഎൽഎ. മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പനായാലും മറുപടി പറയും എന്ന പരാമർശം ബോധപൂർവം ആയിരുന്നില്ലെന്നും ഇതിൽ മാപ്പ് ചോദിക്കുന്നുവെന്നും അൻവർ പറഞ്ഞു. എന്നെ കള്ളനാക്കിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ സ്റ്റേറ്റ്മെന്റിനെതിരെ എത് വലിയ ഉന്നതാരായാലും മറുപടി പറയുമെന്ന നിലയിലാണ് അങ്ങനെ പറഞ്ഞതെന്ന് അൻവർ വിശദമാക്കി.

 

 

 

സംസ്ഥാനത്ത് കാര്‍ യാത്രയിൽ കുട്ടികൾക്കുള്ള സുരക്ഷാ സീറ്റ് നിർബന്ധമാക്കുമെന്ന് ഗതാഗത കമ്മീഷണർ സി എച്ച് നാഗരാജു. 4 മുതൽ 14 വരെ പ്രായമുള്ള കുട്ടികൾക്ക് കാറില്‍ ഡിസംബർ മുതൽ പ്രത്യേക മാതൃകയിലുള്ള സീറ്റില്ലെങ്കിൽ പിഴ ഈടാക്കി തുടങ്ങുമെന്നും ഗതാഗത കമ്മീഷണർ അറിയിച്ചു. സീറ്റില്ലെങ്കിൽ 1000 രൂപയാണ് പിഴ ചുമത്തുക.

 

 

കട വരാന്തയിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബി ജീവനക്കാർക്ക് അനാസ്ഥയുണ്ടെന്ന് റിപ്പോർട്ട് പുറത്തുവന്നതോടെ കുറ്റക്കാരായ ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം. ഓവർസിയർ ഉൾപ്പടെ മൂന്ന് ജീവനക്കാരുടെ ജാ​ഗ്രതക്കുറവ് അപകടത്തിന് കാരണമായെന്നാണ് ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിന്റെ കണ്ടെത്തൽ.

 

 

 

 

മതിലകത്ത് നിന്നും യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവം ഹണി ട്രാപ്പ് ആണെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം കൂരിക്കുഴി സ്വദേശി തോട്ടപ്പുള്ളി ശ്യാം, മതിലകം പൊന്നാംപടി സ്വദേശി വട്ടപ്പറമ്പിൽ അലി അഷ്‌കർ എന്നിവരാണ് പിടിയിലായത്. ഓൺലൈൻ ആപ്പിലൂടെ യുവതിയുടെ പേരിൽ വ്യാജ ഐഡി ഉണ്ടാക്കി ചാറ്റ് ചെയ്താണ് സംഘം യുവാക്കളെ മതിലകത്തേക്ക് എത്തിച്ചത്. തുടർന്ന് കാറിൽ കയറ്റിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടൽ ആയിരുന്നു പ്ലാൻ. എന്നാൽ പോലീസിന്‍റെ ഇടപെടൽ മൂലം സംഘം പിടിക്കപ്പെടുകയായിരുന്നു.

 

 

 

കൊച്ചിയിലെ അലൻ വാക്കർ ഡിജെ ഷോയ്ക്കെിടെ നടന്ന മെഗാ മൊബൈല്‍ഫോണ്‍ കവര്‍ച്ചക്ക് പിന്നില്‍ വൻ ആസൂത്രണമെന്ന് പൊലീസ്. ഒന്നരലക്ഷത്തോളം വിലമതിക്കുന്ന 34 ഫോണുകളാണ് മോഷ്ടിച്ചത്. ഗോവയിലും, ചെന്നൈയിലും നടന്ന ഡിജെ ഷോയ്ക്കിടെയും സമാന കവർച്ച നടത്തിയ സംഘത്തിനായി രാജ്യവ്യാപക അന്വേഷണത്തിനു തുടക്കമിട്ടിരിക്കുകയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ.

 

 

ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇതിന്‍റെ ഭാഗമായി താരങ്ങളെ ഉള്‍പ്പെടെ ചോദ്യം ചെയ്യുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ടവിമലാദിത്യ പറഞ്ഞു. ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലിലെ റൂമിൽ നിന്നും ലഹരി സാന്നിധ്യം കണ്ടെത്തിയെന്നും പുട്ടവിമലാദിത്യ പറഞ്ഞു. ഇതുവരെ കേസിൽ ഓം പ്രകാശ് ഉള്‍പ്പെടെ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

 

 

 

സർക്കാർ ഡോക്ടർ ശസ്ത്രക്രിയക്ക് കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. പത്തനംതിട്ട അടൂർ ജനറൽ ആശുപത്രി സർജനെതിരെയാണ് ആരോപണം ഉയര്‍ന്നത്. ഡോക്ടർ പന്ത്രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട ശബ്ദരേഖയും പുറത്ത് വന്നു. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിന് രേഖാമൂലം പരാതി കൊടുത്തിട്ടും നടപടിയുണ്ടായില്ലെന്നും പരാതിക്കാരി ആരോപിക്കുന്നു.

 

 

 

കശ്മീരിലെ കുൽഗാം മണ്ഡലത്തിൽ നിന്ന് വിജയിച്ച മുഹമ്മദ് യൂസഫ് തരിഗാമിക്കും വോട്ടർമാർക്കും അഭിവാദ്യമർപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഭൂരിപക്ഷ ന്യൂനപക്ഷ വർഗ്ഗീയതകളുടെ പൊതു ശത്രു ഇടതുപക്ഷവും സിപിഐഎമ്മുമാണെന്നതിന്റെ ഏറ്റവും ഉറച്ച ദൃഷ്ടാന്തമാണ് ജമ്മു കാശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ കുൽഗാമിലെ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടെന്നും മന്ത്രി പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയും ബിജെപിയും ചേർന്ന അവിശുദ്ധ കൂട്ടുകെട്ടിനെയാണ് തരിഗാമി തോല്പിച്ചതെന്നും റിയാസ് കൂട്ടിച്ചേർത്തു.

 

 

 

ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ഫ്യൂസ് ഊരിയെന്ന് പരാതി. മുണ്ടേരിയിലെ സർക്കാർ വീടുകളിൽ താമസിക്കുന്നവരുടെ ഫ്യൂസ് കെഎസ്‍ഇബി ഊരി എന്നാണ് പരാതി. വൈദ്യുതി ബില്ല് അടച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കെഎസ്ഇബിയുടെ നടപടി. താൽക്കാലിക പുനരധിവാസ കേന്ദ്രങ്ങളിൽ താമസിക്കുന്നവരോട് വൈദ്യുതി ചാർജ് ഈടാക്കുകയാണ് കെഎസ്ഇബി. ഉപജീവന മാർഗം ഇല്ലാതെ കഷ്ടപ്പെടുന്ന ദുരിതബാധിതർ ബില്ലടക്കാൻ പണമില്ലാതെ ദുരിതത്തിലാണ്.

 

 

 

 

മലയാള ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു. 89 വയസായിരുന്നു. കൊല്ലത്തെ എൻ.എസ് സഹകരണ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മലയാള സിനിമയുടെ താരസംഘടനയായ അമ്മയുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു ടി പി മാധവൻ. കഴിഞ്ഞ എട്ട് വര്‍ഷമായി പത്തനാപുരത്തെ ഗാന്ധി ഭവനില്‍ ആയിരുന്നു ടി പി മാധവന്‍ താമസിച്ചിരുന്നത്. 1975ൽ കാമം ക്രോധം മോഹം എന്ന ചിത്രത്തിലൂടെയാണ് ടി പി മാധവൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. അറുന്നൂറോളം സിനിമകളിലും നിരവധി സീരിയലുകളിലും ടി പി മാധവന്‍ അഭിനയിച്ചിരുന്നു.

 

 

 

പ്രതിപക്ഷ യുവജന സംഘടനകളുടെ നിയമസഭാ മാർച്ചിന് എത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷ അരിതാ ബാബുവിന്റെ സ്വർണം മോഷണം പോയി. പ്രതിഷേധത്തിനിടെ ജലപീരങ്കിയേറ്റ അരിതയെ സിടി സ്കാൻ ചെയ്യാൻ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സ്വർണം നഷ്ടമായതിൽ കന്റോൻന്മെന്റ് പൊലീസിൽ പരാതി നൽകി.

 

 

ഇന്ന് നറുക്കെടുക്കുന്ന 25 കോടി ഒന്നാം സമ്മാനം ഉള്ള ഓണം ബമ്പർ 40 എണ്ണം എടുത്ത് പുത്തൂർ പൗണ്ട് റോഡ് കരുവാൻ രമേഷ്. ലക്ഷങ്ങളുടെ കടം വീട്ടാനാണ് രമേഷ് ടിക്കറ്റെടുത്തത്. ഒരു മാസത്തിലെ ശമ്പളത്തിലെ ഏറിയ പങ്കും ചെലവിട്ടാണ് ഇരുപതിനായിരം രൂപ മുടക്കി ടിക്കറ്റുകൾ എടുത്തത്. എന്നാൽ എടുത്ത 40 ടിക്കറ്റുകളും വീട്ടിൽനിന്ന് മോഷണം പോയി. കൂടാതെ 3500 രൂപയും നഷ്ടപ്പെട്ടു. ആരോഗ്യവകുപ്പിലെ അറ്റൻഡറാണ് രമേഷ്.

 

 

 

മലപ്പുറം എടയൂരിലെ സ്കൂൾ കുട്ടികൾ ഇനി ഇൻഷുറൻസ് പരിരക്ഷയിൽ. പിടിഎയും മാനേജ്മെന്‍റും ചേർന്നാണ് സ്കൂളിൽ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കിയത്. എടയൂർ കെഎം യുപി സ്കൂളിലെ കുട്ടികൾക്ക് അവരുടെ പഠനകാലം മുഴുവൻ ഈ ഇൻഷുറൻസ് പരിരക്ഷയുണ്ടാകും. സ്കൂളിന്‍റെ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് നടപ്പാക്കുന്ന, ഇരുപത്തിയഞ്ചിന പരിപാടികളുടെ ഭാഗമാണ് ഇൻഷുറൻസ് പദ്ധതി.

 

 

 

വ്യവസായിയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാനുമായ ബി.എം.മുംതാസ് അലിയുടെ ആത്മഹത്യയിൽ മലയാളി ദമ്പതികൾ ദക്ഷിണ കന്നഡയിലെ ബണ്ട്വാളിൽ നിന്ന് അറസ്റ്റിലായി. മുംതാസ് അലിയുടെ സഹോദരൻ ഹൈദർ അലി നൽകിയ പരാതിയിലാണ് റഹ്മത്ത്, ഭർത്താവ് ഷുഹൈബ് എന്നിവരെ കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഷാഫി, മുസ്തഫ, അബ്ദുൽ സത്താർ, ഇയാളുടെ ഡ്രൈവർ സിറാജ് എന്നിവരാണ് പൊലീസ് തിരയുന്ന മറ്റ് പ്രതികൾ.

 

 

 

 

തെക്കൻ കശ്മീരിലെ അനന്തനാഗിൽ തട്ടിക്കൊണ്ടുപോയ ജവാനെ ഭീകരർ കൊലപ്പെടുത്തി. ജവാന്‍റെ മൃതദേഹം കൊക്കർ നാഗിലെ വന മേഖലയിൽ നിന്നാണ് കണ്ടെത്തിയത്. നൗഗാം സ്വദേശി ഹിലാൽ അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്. ടെറിട്ടോറിൽ ആർമിയിലെ ജവാനാണ് ഭട്ട്. വെടിയേറ്റ നിലയിലാണ് ഇദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് അനന്തനാഗിൽ നിന്ന് ജവാനെ ഭീകരർ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്‍റെ ഉത്തരവാദിത്വം നിരോധിതസംഘടനയായ ടിആർഎഫ് ഏറ്റെടുത്തു.

 

 

യുപിഐ ലൈറ്റ് വാലറ്റ് വഴിയുള്ള ഇടപാടുകളുടെ പരിധി ഉയർത്തി റിസർവ് ബാങ്ക്. വിവിധ ഇടപാടുകളിലൂടെ ,ഒരു ദിവസം കൈമാറാൻ കഴിയുന്ന തുകയുടെ മൊത്തത്തിലുള്ള പരിധി 500 രൂപയിൽ നിന്ന് 1,000 രൂപയായി ഉയർത്തി. ഇന്റർനെറ്റ് കണക്ടിവിറ്റി കുറഞ്ഞതോ, ലഭ്യമല്ലാത്തതോ ആയ സ്ഥലങ്ങളിൽ യുപിഐ ലൈറ്റ് വാലറ്റുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

 

 

 

ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ വിക്ഷേപിച്ച് ഏഴ് വര്‍ഷത്തിന് ശേഷം പിഎസ്എല്‍വി-സി37 റോക്കറിന്‍റെ മുകള്‍ ഭാഗം കടലില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തു. 2017 ഫെബ്രുവരി 15ന് 104 കൃത്രിമ ഉപഗ്രഹങ്ങളുമായി കുതിച്ചുയര്‍ന്ന റോക്കറ്റിന്‍റെ അവശിഷ്ടം ഇത്രയും കാലം ഭൂമിയില്‍ നിന്ന് 470 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ചുറ്റിത്തിരിയുകയായിരുന്നു.

 

 

 

2035ല്‍ ഇന്ത്യ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാക്കാന്‍ ലക്ഷ്യമിടുന്ന ബഹിരാകാശ നിലയത്തിനുണ്ടാവുക അഞ്ച് മൊഡ്യൂളുകള്‍. ഇതിലെ ആദ്യ ഭാഗം 2028ല്‍ ഐഎസ്ആര്‍ഒ വിക്ഷേപിക്കുമെന്ന് ഹ്യൂമണ്‍ സ്പേസ്‌ഫ്ലൈറ്റ് പ്രോഗ്രാം ഡയറക്ടര്‍ ഹനുമാൻട്രായ് ബാലുരാ​ഗിയെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ എന്നാണ് ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയത്തിന്‍റെ പേര്.

 

 

 

ദി ഹിന്ദുവിലെ സീനിയർ അസിസ്റ്റൻ്റ് എഡിറ്റർ മഹേഷ് ലംഗയെ ജിഎസ്ടി തട്ടിപ്പ് കേസിൽ ഡിറ്റക്ഷൻ ഓഫ് ക്രൈംബ്രാഞ്ച് (ഡിസിബി) അറസ്റ്റ് ചെയ്തു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇൻ്റലിജൻസ് (ഡിജിജിഐ) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മഹേഷിൽ നിന്ന് 20 ലക്ഷം രൂപയും കണക്കിൽ പെടാത്ത പണവും സ്വർണ്ണവും നിരവധി ഭൂമി രേഖകളും കണ്ടെടുത്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

 

 

 

ഗണേശ പൂജ വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനുമെതിരെ രാഷ്ട്രപതിക്ക് പരാതി നൽകി മലയാളി. പ്രധാനമന്ത്രി നരേന്ദ്രമോദി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിൻ്റെ വസതിയിൽ എത്തി ഗണേശ പൂജ പരിപാടിയിൽ പങ്കെടുത്തതിനെതിരെയാണ് പരാതി. മലയാളിയെ സാമൂഹ്യപ്രവർത്തകൻ സാബു സ്റ്റീഫനാണ് രാഷ്ട്രപതിക്ക് പരാതി നൽകിയത്. ഭരണഘടന തത്വങ്ങൾക്കെതിരാണ് ഇരുവരുടെയും നടപടി എന്നാണ് ആക്ഷേപം.

 

 

 

സഹപ്രവർത്തകർ അതിക്രൂരമായി കൊല്ലപ്പെട്ടതിന് പിന്നാലെ സർക്കാരിനോട് സംരംക്ഷണം തേടി മെക്സിക്കോയിലെ നാല് മേയർമാർ. മെക്സിക്കോയിലെ യുവ മേയറെ ചുമതലയേറ്റ് ഒരു ആഴ്ച പിന്നിടും മുൻപാണ് തലവെട്ടി മാറ്റിയ നിലയിൽ കണ്ടെത്തിയത്. ബുള്ളറ്റ് പ്രൂഫ് കാറുകളും അംഗരക്ഷകരും എമർജൻസി അലേർട്ട് സംവിധാനങ്ങളുമാണ് പൊതുപ്രവർത്തകർ മെക്സിക്കൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

 

 

 

ആയിരക്കണക്കിന് തീവ്രവാദികളെ ഇല്ലാതാക്കിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹിസ്ബുല്ലയുടെ നിയുക്ത നേതാക്കളെ രണ്ട് പേരെയും വധിച്ചെന്നും നെതന്യാഹു സ്ഥിരീകരിച്ചു. എന്നാൽ അവർ ആരെല്ലാമെന്ന് നെതന്യാഹു വ്യക്തമാക്കിയിട്ടില്ല. ഹിസ്ബുല്ലയെ ജനം പുറത്താക്കിയില്ലെങ്കിൽ ഗാസയുടെ ഗതി വരുമെന്നും മുന്നറിയിപ്പ് നൽകി. നസ്റല്ലയുടെ ബന്ധു കൂടിയായ ഹാഷെം സഫിദ്ദീനെ കുറിച്ചും അദ്ദേഹത്തിന്‍റെ പിൻഗാമിയായി പരിഗണിക്കപ്പെടുന്നയാളെ കുറിച്ചും വെള്ളിയാഴ്ച ഇസ്രയേൽ നടത്തിയ ബെയ്റൂട്ട് ആക്രമണത്തിന് ശേഷം വിവരമില്ല. സഫിദ്ദീൻ കൊല്ലപ്പെട്ടിരിക്കാമെന്ന് നേരത്തെ ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *