വാഹനങ്ങളിൽ നിയമവിധേയമായ രീതിയിലുള്ള ഫിലിമുകൾ ഒട്ടിക്കാമെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. മോട്ടോർ വെഹിക്കിൾ വകുപ്പിലെ ഉദ്യോഗസ്ഥന്മാർ പ്രത്യേകിച്ച് എൻഫോഴ്സ്മെന്റിൽപ്പെട്ടവരും പൊലീസുകാരും വാഹനങ്ങൾ വഴിയിൽ പിടിച്ചുനിർത്തി കൂളിങ് ഫിലിമുകൾ വലിച്ചു കീറുന്നത് അപമാനിക്കുന്നതുപോലുള്ള പ്രവൃത്തിയാണ്. അതിനാൽ ഹൈക്കോടതി വിധി കൃത്യമായി പാലിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മുൻപിലത്തെ ഗ്ലാസിൽ 70 ശതമാനവും സൈഡിലെ ഗ്ലാസിൽ 50 ശതമാനവും സുതാര്യത എന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. അകത്തിരിക്കുന്ന ആളെ തീരെ കാണാൻ കഴിയാത്ത വിധം ഡാർക്കായ ഫിലിം ഒട്ടിച്ചിട്ടുണ്ടെങ്കിൽ പിഴ അടിക്കാം. അവരോട് തന്നെ കൂളിങ് ഫിലിം ഇളക്കിമാറ്റി വാഹനം കൊണ്ടുവന്ന് കാണിക്കാൻ ആവശ്യപ്പെടാം. ഗർഭിണികൾ, കുഞ്ഞുങ്ങൾ, ക്യാൻസർ പോലുള്ള രോഗമുള്ളവർ, വൃദ്ധർ എന്നിവരെ സംബന്ധിച്ച് വാഹനങ്ങളിലെ അസഹ്യമായ ചൂട് താങ്ങാനാവില്ല. കീമോ തെറാപ്പിയൊക്കെ കഴിഞ്ഞ് വരുന്നവരെ സംബന്ധിച്ച് വെയിൽ താങ്ങാനാവില്ല. അതുകൊണ്ടുതന്നെ ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്ന് മന്ത്രി പറഞ്ഞു.