നമ്മുടെ ശരീരത്തില്‍ ഏതാണ്ട് 60 ശതമാനവും ജലമാണ്. ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്നതു മുതല്‍ കോശങ്ങളില്‍ ഓക്സിജനും പോഷകങ്ങളും എത്തിക്കുന്ന ജോലിയും ശരീരത്തില്‍ അടങ്ങിയിരിക്കുന്ന ജലാംശത്തിന്റെതാണ്. എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനം സുഗമമാക്കുന്നതിന് ശരീരത്തില്‍ ജലാംശം കൂടിയേ തീരൂ. കാലാവസ്ഥ, വ്യക്തിയുടെ ശരീരഭാരം, പ്രായം, ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് ഒരു ദിവസം ഒരു വ്യക്തി എത്ര അളവ് വെള്ളം കുടിക്കണമെന്ന് തീരുമാനിക്കുന്നത്. എങ്കിലും എട്ട് മുതല്‍ 10 ഗ്ലാസ് വരെ വെള്ളം ഒരു ദിവസം കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ വെള്ളം കുടിക്കാന്‍ നല്ല മടിയുള്ളവരാണ് മിക്ക ആളുകളും. ശരീരത്തില്‍ ജലാംശം കുറയുമ്പോഴാണ് നമ്മുടെ ദാഹം അനുഭവപ്പെടുക. അപ്പോള്‍ നമ്മളില്‍ മിക്ക ആളുകള്‍ മധുരപാനീയങ്ങള്‍ അല്ലെങ്കില്‍ എനര്‍ജി ഡ്രിങ്കുകള്‍ കുടിച്ച് ആ ദാഹത്തെ ശമിപ്പിക്കും. എന്നാല്‍ ഇത് താല്ക്കാലികമാണ്. ശരീരത്തിലെ നിര്‍ജ്ജലീകരണം തടയാന്‍ ഇത്തരം പാനീയങ്ങള്‍ കഴിയില്ല. വെള്ളത്തിന് വെള്ളം തന്നെ കുടിക്കണം. വെള്ളം കുടിക്കുന്നതു പോലെ തന്നെ പ്രധാനമാണ് വെള്ളം കഴിക്കുന്നതും. ജലാംശം അടങ്ങിയ പഴങ്ങളും പച്ചക്കറികളിലൂടെയും ജലാംശം നമ്മുടെ ശരീരത്തിലെത്തും. ഇത്തരം പഴങ്ങളില്‍ മറ്റ് പോഷകങ്ങള്‍ക്കൊപ്പം ധാരാളം ജലാംശവും അടങ്ങിയിരിക്കുന്നു. ഇത് കൂടുതല്‍ സുരക്ഷിതമാണ്. ശരീരത്തില്‍ സാധാരണഗതിയിലുള്ള ജലാംശം നിലനിര്‍ത്താന്‍ വെള്ളം കുടിക്കുന്നതിനൊപ്പം കഴിക്കുകയും വേണമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അതിനായി ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കുകയും ഭക്ഷണക്രമത്തില്‍ ജലാംശം അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി ചേര്‍ക്കുകയും ചെയ്യുക. തണ്ണിമത്തന്, മുന്തിരി, ഓറഞ്ച്, പോലുള്ള പഴങ്ങളിലും വെള്ളരി, തക്കാളി പോലുള്ള പച്ചക്കറികളിലും ജലാംശം ധാരാളം അടങ്ങിയിട്ടുണ്ട്. തൈര്, ഓട്സ് തുടങ്ങിയവയിലും വെള്ളം അടങ്ങിയിട്ടുണ്ട്.