ദി ഹിന്ദു ദിനപത്രത്തിലേക്ക് അഭിമുഖം വേണമെന്ന് ആവശ്യപ്പെട്ടത് ഹരിപ്പാട് മുന്‍ എംഎല്‍എ ദേവകുമാറിൻ്റെ മകൻ സുബ്രഹ്മണ്യൻ ആണെന്നും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ വന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അഭിമുഖത്തിനായി പിആർ ഏജൻസിയെ ചുമതലപ്പെടുത്തുകയോ പണം നല്‍കുകയോ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. എനിക്ക് ഒരു ഏജൻസിയേയും അറിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പിആർ ഏജൻസിയുമായുള്ള ബന്ധത്തിൽ കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറിയ മുഖ്യമന്ത്രി ദി ഹിന്ദു ദിനപത്രത്തിനെതിരെ നിയമ നടപടി എടുക്കുമോ എന്ന ചോദ്യങ്ങൾക്ക് ഹിന്ദുവും മാധ്യമങ്ങളുമായുള്ള മത്സരത്തിൽ തന്നെ കരുവാക്കേണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി.
പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ഇതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. എഡിജിപിയെ കീപോസ്റ്റിൽ ഇരുത്തി അന്വേഷണത്തെ പ്രഹസനമാക്കുന്നുവെന്നും വി ഡി സതീശൻ വിമർശിച്ചു. ദേവകുമാറിൻ്റെ മകൻ പറഞ്ഞിട്ടല്ലല്ലോ ദേശീയ മാധ്യമത്തിന് അഭിമുഖം കൊടുക്കേണ്ടതെന്നും അങ്ങനെയെങ്കിൽ പിആർഡി പിരിച്ചുവിടണം. പറയാത്ത കാര്യം പ്രസിദ്ധീകരിച്ച ഹിന്ദുവിനെതിരെയും ഏജൻസിക്കെതിരെയും കേസ് കൊടുക്കുമോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
തൃശൂർ പൂരം കുറ്റമറ്റ രീതിയിൽ നടത്താനാണ് ശ്രമിച്ചത് എന്നാൽ പൂരത്തിൽ ഒരുപാട് പ്രശ്‌നങ്ങൾ ഇത്തവണ ഉണ്ടായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പൂരത്തിന്റ അവസാന ഘട്ടത്തിൽ ചില വിഷയങ്ങൾ ഉണ്ടായി. ഇത് ഗൗരവത്തോടെ കണ്ട് എഡിജിപി എംആർ അജിത് കുമാറിനെ ചുമതലപ്പെടുത്തി അന്വേഷണം പ്രഖ്യാപിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ സമഗ്രമായ റിപ്പോർട്ടായി അതിനെ കാണാനാവില്ലെന്നും പൂരവുമായി ബന്ധപ്പെട്ട് ഏതെല്ലാം കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് പരിശോധിക്കും. പൂരം കലക്കലിൽ പുനരന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്ന് സൂചന. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമെടുത്തതായാണ് വിവരം. തൃശൂര്‍ പൂരം കലക്കലിൽ എഡിജിപിയുടെ വീഴ്ച സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. പൂരം കലക്കൽ അട്ടിമറി ഗൂഡാലോചന ക്രൈം ബ്രാഞ്ച് എഡിജിപി അന്വേഷണം നടത്തും. ഇതിന് പുറമെ രഹസ്യാന്വേഷണ വിഭാഗം മേധാവിയും അന്വേഷണം നടത്തും. ഇത്തരത്തിൽ മൂന്നു തലത്തിലുള്ള അന്വേഷണമായിരിക്കും നടക്കുക.
വയനാട് ദുരന്തത്തിൽ കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച് മുഖ്യമന്ത്രി. ഫലപ്രദമായ സഹായം ഇതുവരെ കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 140.6 കോടി ആദ്യ ഗഡു നേരത്തെ നല്‍കിയതാണ്. ഇതുവരെ അനുവദിച്ചത് സാധാരണ ഗതിയിലുള്ള സഹായം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ദുരന്തത്തിൽ മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും, ഷിരൂരില്‍ മണ്ണിടിച്ചിലിൽ മരിച്ച അര്‍ജുന്‍റെ കുടുംബത്തിന് ഏഴു ലക്ഷം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ദുരന്തത്തിൽ മാതാപിതാക്കള്‍ രണ്ടു പേരും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പത്ത് ലക്ഷം രൂപയും മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് അഞ്ച് ലക്ഷം നല്‍കുമെന്നും ഉരുള്‍പൊട്ടലിലെ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി മാതൃക ടൗൺ ഷിപ് ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആർഎസ്എസ് നേതാക്കളുമായി നിരന്തരമായി എഡിജിപിക്ക് ചർച്ച ചെയ്യേണ്ട എന്ത് കാര്യമാണുള്ളതെന്നും ചെന്നിത്തല ചോദിച്ചു. ഇത് മുഖ്യമന്ത്രിയുടെ അറിവോടെ നടക്കുന്ന കാര്യമാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു,
പാർട്ടി രൂപീകരിക്കുമ്പോൾ എംഎൽഎ സ്ഥാനം തടസമാണെങ്കിൽ രാജിവക്കുമെന്ന് പിവി അൻവർ എംഎൽഎ. നിയമസഭയിൽ തനിക്ക് അനുവദിക്കുന്ന കസേരയിൽ ഇരിക്കും. സ്പീക്കർ തീരുമാനിക്കട്ടെയെന്നും കത്ത് കൊടുക്കില്ലെന്നും അൻവർ പറഞ്ഞു. തന്റെ പുതിയ പാർട്ടിയുടെ പേര് ഞായറാഴ്ച്ച പ്രഖ്യാപിക്കുമെന്നും അൻവർ അറിയിച്ചു.
സാമൂഹ്യക്ഷേമ പെൻഷൻ നൽകാൻ പണം ഇല്ലാത്ത സർക്കാറാണ് പിആർ ഏജൻസിക്ക് പണം നൽകുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ 8 വർഷകാലയളവിൽ ഇങ്ങനെ എത്ര തുക ചിലവഴിച്ചു എന്ന് വിശദമാക്കണം. ലക്ഷകണക്കിന് രൂപ ശമ്പളം കൊടുത്ത് പി ആർ ഡി ഉദ്യോഗസ്ഥരെ വെച്ചിരിക്കുന്നത് എന്തിനാണെന്നും അവരെ പിരിച്ചുവിടണമെന്നും അദ്ദേഹം പറഞ്ഞു.
കെടി ജലീൽ മറ്റാരുടേയോ കാലിലാണ് നിൽക്കുന്നതെന്നും ജലീലിന് ഒറ്റക്ക് നിൽക്കാൻ ശേഷിയില്ലെന്നും പി വി അൻവർ എം എൽ എ പറഞ്ഞു. വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയെ തള്ളി പറയില്ലെന്ന് കെടി ജലീൽ പറയുമ്പോൾ ആരെങ്കിലും അദ്ദേഹത്തെ വെടി വെക്കുമെന്ന് പറഞ്ഞിരിക്കുമെന്നും അൻവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഒരാളുടെയും കാലിലല്ല നിൽക്കുന്നതെന്നും എന്നും സ്വന്തം കാലിലേ നിന്നിട്ടെയുള്ളൂവെന്നും പി വി അൻവറിന് മറുപടിയായികെ ടി ജലീൽ എം എൽ എ ഫെസ്ബുക്കിൽ കുറിച്ചു. സമ്പത്തിൻ്റെ കാര്യത്തിൽ മാത്രമേ താങ്കളെക്കാൾ ഞാൻ പിറകിലുള്ളൂവെന്നും. ഇങ്ങോട്ട് മാന്യതയാണെങ്കിൽ അങ്ങോട്ടും മാന്യത. മറിച്ചാണെങ്കിൽ അങ്ങിനെയെന്നും കെ.ടി.ജലീൽ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർനടപടി മുദ്രവെച്ച കവറിൽ അന്വേഷണ സംഘം ഹൈക്കോടതിക്ക് കൈമാറി. പരാതിയുമായി മുന്നോട്ട് പോകാൻ മൊഴി നൽകിയവർക്ക് താത്പര്യമില്ലെങ്കിൽ നിർബന്ധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വിനോദ മേഖലയിൽ നിയമനിർമ്മാണം വേണമെന്ന് വനിതാ കമ്മീഷൻ കോടതിയിൽ പറഞ്ഞു. ചൂഷണം അവസാനിപ്പിക്കണമെന്നും സിനിമാ മേഖലയെ മാത്രമല്ല സംസ്ഥാനത്തെ എല്ലാ മേഖലയെയും ഉൾക്കൊള്ളുന്നതാകണം നിയമം എന്നും കോടതി പറഞ്ഞു.
എല്ലാ മതസ്ഥര്‍ക്കും പള്ളിയിലേക്ക് പ്രവേശനം അനുവദിച്ച് കൊച്ചി പടമുഗള്‍ ജുമാ മസ്ജിദ് ഗാന്ധിജയന്തി ദിനത്തിൽ ശ്രദ്ധേയമായി. ഓപ്പണ്‍ മസ്ജിദ് എന്ന ആശയം അതായത് എല്ലാ മതസ്ഥർക്കും വന്ന് പ്രാർത്ഥിക്കാൻ അവസരം ഒരുക്കിയ പടമുഗൾ ജുമാ മസ്ജിദ് അതുവഴി വലിയൊരു സന്ദേശമാണ് രാജ്യത്തിന് നൽകിയത്. പള്ളിയിൽ സന്ദര്‍ശനം നടത്താനായതിന്‍റെയും അവിടത്തെ കാര്യങ്ങള്‍ അറിയാൻ കഴിഞ്ഞതിന്‍റെയും സന്തോഷവും അവിടെ എത്തിയവര്‍ പങ്കുവെച്ചു.
നടൻ ദിലീപ് സുഹൃത്തായതിന്‍റെ പേരിൽ തന്‍റെ പേര് കേസിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടുവെന്നും സത്യാവസ്ഥ അറിയാതെയാണ് തനിക്കെതിരെ നീക്കം നടന്നതെന്നും അൻവര്‍ സാദത്ത് എം എൽ എ പറഞ്ഞു. ചാനലുകൾ റേറ്റിംഗിനായി കേസ് ഉപയോഗിച്ചപ്പോൾ തനിക്കുണ്ടായ ഡാമേജിന് ആര് മറുപടി പറയുമെന്നും അൻവര്‍ സാദത്ത് ചോദിച്ചു.കാലടി പ്രസ് ക്ലബ് സംഘടിപ്പിച്ച പൊതു പരിപാടിയിൽ ആയിരുന്നു അൻവർ സാദത്തിന്‍റെ വിമർശനം.
തനിക്കെതിരെ കേസെന്നത് വ്യാജപ്രചാരണമെന്ന് കർണാടകയിലെ പ്രാദേശിക മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെ. ഷിരൂർ തെരച്ചിൽ വിഷയത്തിൽ ഇനി ഒരു തരത്തിലും വിവാദത്തിനില്ല. താൻ ചെയ്തത് എന്തെന്നത് ദൈവത്തിനറിയാം, കണ്ട് നിന്നവർക്കുമറിയാം. താനത് ഒരു തരത്തിലും പ്രശസ്തിക്ക് വേണ്ടി ചെയ്തതല്ലെന്നും ഈശ്വർ മാൽപെ പറഞ്ഞു.
നന്ദി പ്രതീക്ഷിച്ചല്ല ഒന്നും ചെയ്തതെന്നും എത്ര അപമാനിതനായാലും ആരോടും ശത്രുതയില്ലെന്നും ഷിരൂരില്‍ മണ്ണിടിച്ചിലിൽ മരിച്ച അര്‍ജുന്‍റെ ലോറി ഉടമകളിലൊരാളായ മനാഫ് പറഞ്ഞു. കോഴിക്കോട് മുക്കം സ്കൂളിലെ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മനാഫ്. അര്‍ജുന്‍റെ കുടുംബത്തെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. സെന്‍റ് ഓഫ് നടത്തിയിട്ടില്ല. അത്രയും ദിവസം കൂടെ ഉണ്ടായിരുന്ന ആളുകള്‍ക്ക് ഭക്ഷണം വാങ്ങി കൊടുത്ത് യാത്ര ആക്കുകയാണ് ചെയ്തതെന്നും മനാഫ് പറഞ്ഞു.
സര്‍വീസ് കഴിഞ്ഞ് പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിയിലെ ബാറ്ററികള്‍ അപഹരിച്ചു. തിരുനെല്ലി സര്‍വീസ് സ്റ്റേഷന് സമീപം ദേശീയ പാതയോരത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. മാടക്കര സ്വദേശി ആസിഫിന്റെ ഉടമസ്ഥതയിലുള്ള ടിപ്പറിന്റെ രണ്ട് ബാറ്ററികളാണ് ചൊവ്വാഴ്ച രാത്രി മോഷണം പോയത്. ബത്തേരി പൊലീസില്‍ പരാതി നല്‍കി.
തിരുച്ചിറപ്പള്ളിയിൽ എട്ട് സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഇ-മെയിൽ വഴി ആണ് ബോംബ് ഭീഷണി ലഭിച്ചതെന്നാണ് സൂചന. ബോംബ് ഡിസ്പോസൽ ടീമുകളെയും സ്നിഫർ ഡോഗുകളെയും ഉപയോഗിച്ച് സ്‌കൂളുകളിൽ തെരച്ചിൽ നടത്തുകയാണ്.
ജയിലുകളിൽ ജാതി വിവേചനം പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. എല്ലാം സംസ്ഥാനങ്ങളിലെയും ജയിൽ ചട്ടം മൂന്ന് മാസത്തിനുള്ളിൽ പരിഷ്ക്കരിക്കണമെന്നാണ് നിർദ്ദേശം. ജാതി അടിസ്ഥാനത്തിൽ ജയിലുകളിൽ ഇത്തരം വിവേചനങ്ങൾ ഒരു കാരണവശാലും അംഗീകരിക്കില്ല. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ സംസ്ഥാനസർക്കാരുകളാകും ഉത്തരവാദിയെന്നും കോടതി വ്യക്തമാക്കി.
തെലുങ്ക് താരങ്ങളായ നാഗ ചൈതന്യയും സാമന്തയും വിവാഹബന്ധം വേര്‍പെടുത്തിയതിന് കാരണക്കാരന്‍ ബിആര്‍എസ് (ഭാരത് രാഷ്ട്ര സമിതി) നേതാവ് കെ ടി രാമ റാവു ആണെന്ന തെലങ്കാന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കൊണ്ട സുരേഖയുടെ പ്രസ്താവന വലിയ വിവാദമായി. കൊണ്ട സുരേഖക്കെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസയക്കുമെന്ന് കെടിആർ വ്യക്തമാക്കി. പരാമർശങ്ങളിൽ മാപ്പ് പറയണമെന്നും മാപ്പ് പറഞ്ഞില്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമനടപടികളിലേക്ക് കടക്കുമെന്നും കെടിആർ അറിയിച്ചു. നാഗചൈതന്യയും സമാന്ത റൂത്ത് പ്രഭുവും പിരിയാൻ കാരണം ബിആർഎസ് നേതാവ് കെടിആറെന്നാണ് മന്ത്രിയുടെ പരാമർശം.
രാഷ്ട്രീയലാഭങ്ങൾക്ക് വേണ്ടി തന്നെ കരുവാക്കരുതെന്ന് സമാന്ത വ്യക്തമാക്കി. വേർപിരിയൽ തീർത്തും വ്യക്തിപരമാണെന്നും അതിൽ അനാവശ്യവായനകൾ നടത്തരുതെന്നും സമാന്ത പറഞ്ഞു. മുന്‍ ഭാര്യയോടും തന്‍റെ കുടുംബത്തോടുമുള്ള ബഹുമാനം കൊണ്ടാണ് ഇത്തരം ആരോപണങ്ങളില്‍ മുന്‍പ് നിശബ്ദത പാലിച്ചതെന്നും മന്ത്രിയുടെ പ്രസ്താവന ലജ്ജാകരമാണെന്നും നാഗ ചൈതന്യയും വ്യക്തമാക്കി.
ഇന്ത്യയിൽ ബീഫ് ഉപയോഗം നിരോധിച്ചാല്‍ ആ നിയമം പാലിക്കണമെന്ന് ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്. പാക് ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് സാക്കിർ നായിക് ഇക്കാര്യം പറഞ്ഞത്. അതത് രാജ്യത്ത് താമസിക്കുന്ന രാജ്യത്തെ നിയമം പാലിക്കണമെന്ന് സാക്കിർ നായിക് പറഞ്ഞു .സാക്കിർ നായിക്കിൻ്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് മുതിർന്ന ജെഡിയു നേതാവ് കെസി ത്യാഗി രംഗത്തെത്തി.
അയര്‍ലന്‍ഡില്‍ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച മലയാളി പിടിയില്‍. ജോസ്മാന്‍ ശശി പുഴക്കേപറമ്പിലാണ് അറസ്റ്റിലായത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ആന്‍ട്രിമിലെ ഓക്ട്രീ ഡ്രൈവില്‍ താമസിക്കുന്ന ജോസ്മാനെതിരെ കൊലപാതകത്തിനും ഗാര്‍ഹിക പീഡനത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്.
ലെബനോനിൽ 8 സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. ലെബനോനിലുണ്ടായ ബോംബിംഗിൽ 6 പേർ കൊല്ലപ്പെട്ടു. ഇറാനെതിരായ പ്രത്യാക്രമണ പദ്ധതി ബെഞ്ചമിൻ നെതന്യാഹു ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം, പശ്ചിമേഷ്യയിൽ സംഘർഷം വ്യാപിച്ചാൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ.