sivan 1A

ഭാരത് ജോഡോ യാത്രക്കിടെ ഗോവയിലെ എട്ട് എംല്‍എമാര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്കു പോകുന്നതിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒന്ന് നടന്നാല്‍ ഇതാണ് സ്ഥിതിയെങ്കില്‍ എന്ന തലക്കെട്ടോടെയാണ് ശിവന്‍കുട്ടിയുടെ ട്രോള്‍. ഇവിടൊരാള്‍ തെക്കുവടക്ക് നടക്കുന്നു, അവിടെ കൂട്ടത്തോടെ മറുചേരിയിലേക്ക് ഓടുന്നുവെന്നാണ് ശിവന്‍കുട്ടി കുറിച്ചത്.

പഞ്ചാബിലെ ആംആദ്മി പാര്‍ട്ടിയുടെ 11 എംഎല്‍എമാരെ വിലയ്ക്കെടുക്കാന്‍ ബി.ജെ.പി 25 കോടി രൂപവീതം വാഗ്ദാനം ചെയ്തെന്ന് അരവിന്ദ് കെജരിവാള്‍. ആംആദ്മി പാര്‍ട്ടിയുടെ പരാതിയില്‍ പഞ്ചാബ് പോലീസ് കേസെടുത്തു. ഗോവയില്‍ കോണ്‍ഗ്രസിലെ പതിനൊന്നില്‍ എട്ട് എംഎല്‍എമാര്‍ ഭരണകക്ഷിയായ ബി.ജെ.പിയില്‍ ചേര്‍ന്നതിനു പിറകേയാണ് ഈ ആരോപണവും കേസും.

കെപിസിസി പ്രസിഡന്റായി കെ. സുധാകരന്‍ തുടരാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് ഗ്രൂപ്പുനേതാക്കള്‍ തമ്മില്‍ ധാരണ. 77 പുതുമുഖങ്ങള്‍ അടക്കമുള്ള 310 അംഗ കെപിസിസി പട്ടികയ്ക്കും അംഗീകാരം നല്‍കി. ഇതില്‍ 285 പേര്‍ ബ്ലോക്ക് പ്രതിനിധികളാണ്. പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കണമെന്ന് എഐസിസിയോട് ആവശ്യപ്പെടുന്ന ഒറ്റവരി പ്രമേയം കെപിസിസി ജനറല്‍ ബോഡി പാസാക്കും. വൈകാതെ പ്രഖ്യാപനവും ഉണ്ടാകും.

തെരുവുനായകളുടെ ആക്രമണത്തില്‍നിന്ന് പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് ഹൈക്കോടതി. പൊതുനിരത്തിലെ അക്രമകാരികളായ നായ്ക്കളെ പിടികൂടി സംരക്ഷണ കേന്ദ്രത്തിലാക്കണം. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ നാളെ അറിയിക്കണം. തെരുവ് നായ്ക്കളെ തല്ലിക്കൊന്ന് ജനം നിയമം കൈയിലെടുക്കരുത്. ബോധവത്കരണത്തിനായി പൊലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. തെരുവുനായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതി ഉത്തരവ്.

പിസിസി പ്രസിഡന്റുമാരെയും എഐസിസി അംഗങ്ങളെയും സോണിയാ ഗാന്ധി തന്നെ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കാന്‍ സംസ്ഥാന നേതാക്കള്‍ക്ക് എഐസിസിയുടെ നിര്‍ദ്ദേശം.  ഈ മാസം ഇരുപതിനു മുന്‍പായി പ്രമേയം പാസാക്കണം. ഒക്ടോബര്‍ 17 നുള്ള തെരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് ശ്രമം. ഈ മാസം 24 മുതല്‍ 30 വരെയാണു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടത്.

കേന്ദ്ര പൊതുമേഖലാ ബാങ്കായ ഐഡിബിഐ ബാങ്കും സ്വകാര്യവല്‍ക്കരിക്കുന്നു. ലേല നടപടികള്‍ക്കായി  നിക്ഷേപകരില്‍നിന്ന് താത്പര്യപത്രം ഉടന്‍ ക്ഷണിക്കുമെന്ന് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് സെക്രട്ടറി. ഐഡിബിഐ ബാങ്കില്‍ 45.48 ശതമാനം ഓഹരികളാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന് ഉള്ളത്. 49.24 ശതമാനം ഓഹരികള്‍ എല്‍ഐസിയുടെ കൈയിലാണ്.

ആസാദ് കാഷ്മീര്‍ പരാമര്‍ശത്തിനു കെ.ടി. ജലീലിനെതിരേ കേസെടുക്കണമെന്ന ഡല്‍ഹി റോസ് അവന്യൂ കോടതിയിലെ കേസില്‍ നാളെ വിധി പറയും. ജലീലിനെതിരെ കേസെടുക്കണമെന്ന് ഉത്തരവിട്ടെന്നു പ്രചരിപ്പിച്ച പരാതിക്കാന്‍ ജി.എസ് മണി കോടതിയില്‍ മാപ്പു പറഞ്ഞു.

വ്യക്തികളും രാജ്യങ്ങളും ഒന്നാം സ്ഥാനത്ത് എത്തുകയല്ല സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുകയാണ് പ്രധാനമെന്ന് രാഹുല്‍ഗാന്ധി. അമേരിക്ക പോലുള്ള രാജ്യങ്ങള്‍ പല കാര്യങ്ങളിലുമെന്ന പോലെ ജയില്‍പുള്ളികളുടെ അനുപാതത്തിലും വെടിവയ്പിലും ഒന്നാം സ്ഥാനത്താണ്. പല കാര്യങ്ങളിലും ഇന്ത്യ പിന്നാക്കമാണെങ്കിലും വിവിധതലങ്ങളില്‍ ഒന്നാമതാണെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രയുമായി കൊല്ലത്ത് എത്തിയ രാഹുല്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു.

ഗള്‍ഫ് രാജ്യങ്ങളും ദുബായ് നഗരവും പടുത്തുയര്‍ത്തിയത് കേരള ജനതയാണെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്റെ ദര്‍ശനങ്ങള്‍ക്കു പിന്തുണ നല്‍കുന്ന സംസ്ഥാനമാണു കേരളമെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായുള്ള സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പോലീസ് സുരക്ഷ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍. സമരക്കാരെ പോലീസ് തടയാത്തതിനാല്‍ തുറമുഖ നിര്‍മ്മാണം നിലച്ചെന്നും കോടതിയലക്ഷ്യ ഹര്‍ജിയില്‍ അദാനി ഗ്രൂപ്പ് ആരോപിക്കുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *