Screenshot 2024 02 27 20 21 14 990 com.android.chrome edit 3

 

കർണാടകയിലെ ഷിരൂരിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച അർജുൻ്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് നാട്ടിലേക്ക് പുറപ്പെട്ടു. ആംബുലൻസിനെ കർണാടക പൊലീസ് അനുഗമിക്കും. മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫും കാർവാർ എംഎൽഎ സതീഷ് സെയ്‌ലും മൃതദേഹത്തിനൊപ്പം നാട്ടിലേക്ക് വരും. അർജുന്റെ കുടുംബത്തിനു 5 ലക്ഷം രൂപ കർണാടക സർക്കാർ ആശ്വാസധനം നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

പിവി അൻവര്‍ എംഎല്‍എയുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും സിപിഎമ്മിനെ ഇല്ലായ്മ ചെയ്യാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.അൻവറിന്റെ നിലപാടിനെതിരെ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണമെന്നും അൻവർ വലതുപക്ഷത്തിൻ്റെ കൈയിലെ കോടാലിയാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

പി വി അൻവറിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. അൻവർ ചെയ്യുന്നത് അൽപ്പത്തരമാണെന്നും പാർലമൻററി പാർട്ടി അംഗത്വം പാർട്ടിയെ തിരുത്താനുള്ള പദവിയല്ലെന്നും സിപിഎം പ്രസ്താവന പുറത്തിറക്കി. നേതൃത്വത്തെ ദുർബലപ്പെടുത്തി പാർട്ടിയെ തകർക്കുകയെന്ന വലതുപക്ഷ രാഷ്ട്രീയക്കാരുടെ പ്രചരണങ്ങളാണ് അൻവർ ഏറ്റെടുത്ത് നടപ്പാക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പത്രക്കുറിപ്പിൽ കുറ്റപ്പെടുത്തി.

 

താൻ തീപ്പന്തം പോലെ കത്തുമെന്ന് സിപിഎമ്മിന് അൻവറിന്റെ മുന്നറിയിപ്പ്. എം.വി ഗോവിന്ദൻ നടത്തിയ പത്ര സമ്മേളനത്തിന് പിന്നാലെ പാർട്ടിയെ പറഞ്ഞിട്ടില്ലെന്നും ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും  അൻവർ ആവർത്തിച്ചു. ഒപ്പം നിൽക്കാൻ ആളുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും അൻവർ പ്രഖ്യാപിച്ചു. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തും. ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും അൻവർ പ്രഖ്യാപിച്ചു. പാർട്ടിയോടിടഞ്ഞ അൻവറിനെ കൈവിടില്ലെന്ന സൂചന നൽകി കെ ടി ജലീലും രംഗത്ത് വന്നു .

 

നിലമ്പൂരിൽ പിവി അൻവർ എംഎൽഎയെ അനുകൂലിച്ചു ഐഎൻടിയുസിയുടെ ഫ്ലക്സ് ബോർഡ്.മുഖ്യമന്ത്രിക്കെതിരെ അൻവർ നടത്തുന്ന പോരാട്ടത്തിൽ പങ്കുചേരുമെന്നാണ് ഐഎൻടിയുസി ഫ്ലെക്സിലൂടെ പറയുന്നത്. എഡിജിപി -ആർഎസ്എസ് ബന്ധത്തിന്റെ സത്യാവസ്ഥ ജനങ്ങൾക്ക് അറിയണo. സ്വർണ്ണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് പുറത്തുവരണം, എന്നീ ആവശ്യങ്ങളുമായാണ് ഐഎൻടിയുസി നിലമ്പൂർ മണ്ഡലം കമ്മിറ്റി ബോർഡ് സ്ഥാപിച്ചത്.

തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം.പിവി അൻവര്‍ എംഎല്‍എക്കെതിരെ മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്.ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്ന മുദ്രാവാക്യം മുഴക്കിയും അൻവറിനെതിരെ ബാനര്‍ ഉയര്‍ത്തി പിടിച്ചുമാണ് പ്രതിഷേധം.

പിവി അൻവറിന് രാഷ്ട്രീയ അഭയം നൽകുന്നതിൽ കരുതലോടെ തീരുമാനമെടുക്കാൻ യുഡിഎഫ്. അൻവറിനെ ഉടൻ സ്വീകരിക്കുന്നതിന് പകരം തുടർ നടപടി നോക്കി തീരുമാനമെടുക്കാനാണ് മുന്നണിയുടെ തീരുമാനം.

ഭരണകക്ഷി എംഎല്‍എ പി.വി.അന്‍വര്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി.മുഖ്യമന്ത്രിക്ക് സത്യസന്ധതയും ആത്മാര്‍ത്ഥതയും ഉണ്ടെങ്കില്‍ ഇപ്പോള്‍ ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടിപറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

സ്വർണ്ണക്കടത്ത്, ഹവാല ദേശ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് വേണ്ടിയാണ് അൻവർ എം എൽ എ സംസാരിക്കുന്നതെന്ന് മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻ ദാസ് ആരോപിച്ചു. സ്വർണ്ണ കള്ളക്കടത്തുകാരെയും, കാരിയർമാരെയും സംക്ഷിക്കേണ്ട ബാധ്യത അൻവറിനുണ്ടെന്നും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി തുറന്നടിച്ചു.

 

മുഖ്യമന്ത്രി പിണറായി വിജയൻ്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് സമരം ആരംഭിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസൻ.ഒക്ടോബര്‍ 8ന് സെക്രട്ടറിയേറ്റിനു മുന്നിലും പതിമൂന്ന് ജില്ലാ ആസ്ഥാനങ്ങളിലും യുഡിഎഫിന്റെ നേതൃത്വത്തില്‍ സായാഹ്ന പ്രതിഷേധ സംഗമങ്ങള്‍ നടത്തുമെന്നും എംഎം ഹസ്സന്‍ അറിയിച്ചു.

പിവി അൻവര്‍ എംഎല്‍എയ്ക്ക് സംരക്ഷണ കവചമൊരുക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി. അൻവര്‍ നാളെ തള്ളി പറഞ്ഞാലും അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി യൂത്ത് കോണ്‍ഗ്രസ് പോരാടുമെന്നും മലപ്പുറം ജില്ലാ പ്രസിഡന്‍റ് പ്രസ്താവനയില്‍ അറിയിച്ചു.

പി വി അൻവറിനെതിരെ മാത്രം അന്വേഷണം നടത്താൻ കത്ത് നൽകിയിട്ടില്ലെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. സ്വകാര്യ വ്യക്തികൾ ഫോൺ ചോർത്തുന്നുണ്ടോ എന്ന് അന്വേഷിക്കാനാണ് പറഞ്ഞത്. 2 ദിവസം കൂടി കാത്തിരുന്ന ശേഷം ഇക്കാര്യത്തിൽ അടുത്ത നടപടി സ്വീകരിക്കും. സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിക്ക് എതിരായ പരാതി അൻവർ നൽകിയാൽ അന്വേഷിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.

 

ആർ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായി എഡിജിപി എം ആർ അജിത് കുമാറിന്റെ മൊഴി എടുക്കുന്നത് പൊലീസ് ആസ്ഥാനത്ത് തുടരുകയാണ്. ഡിജിപി ദര്‍വേഷ് സാഹിബ്, പ്രത്യേക സംഘത്തിലെ അംഗമായ ഐജി സ്പര്‍ജൻ കുമാർ എന്നിവരാണ് മൊഴിയെടുക്കുന്നത്.

ഡോ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ മാനസിക നില പരിശോധിക്കണമെന്ന് സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി. ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

 

സിപിഎം നേതാവ് എംഎം ലോറന്‍സിന്‍റെ മൃതദേഹം പഠനാവശ്യത്തിന് ഏറ്റെടുക്കുമെന്ന കളമശ്ശേരി മെഡിക്കല്‍ കോളേജ് സമിതിയുടെ തീരുമാനം ചോദ്യം ചെയ്ത് അദ്ദേഹത്തിൻ്റെ മകൾ ആശ ഹൈക്കോടതിയിൽ ഹര്‍ജി നല്‍കി.മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നടത്തിയ ഹിയറിംഗ് നിയമപ്രകാരമായിരുന്നില്ലെന്നും ആശ ലോറൻസ് ഹർജിയിൽ വാദം ഉന്നയിച്ചേക്കും.

കേരളത്തിന്റെ ആരോഗ്യ രംഗത്തെ അഭിനന്ദിച്ച് നീതി ആയോഗ് മെമ്പര്‍ ഡോ. വിനോദ് കെ. പോള്‍. കുട്ടികളുടെ ആരോഗ്യത്തില്‍ കേരളം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. രാജ്യത്ത് ഏറ്റവും കുറവ് മാതൃമരണ നിരക്കും ശിശുമരണ നിരക്കുമുള്ള സംസ്ഥാനമാണ് കേരളം എന്നും അദ്ദേഹം പറഞ്ഞു .

സംസ്ഥാനത്ത് വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ചികിത്സ തേടുകയും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും വേണം. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഗവേണൻസ് നൗ സംഘടിപ്പിച്ച ഒൻപതാമത് ഇന്ത്യാ പൊതുമേഖലാ ഐടി ഫോറത്തിൽ കെഎസ്ആർടിസിക്ക് അഭിമാനകരമായ പുരസ്കാരം. പൊതുമേഖലയിലെ ഡിജിറ്റൽ പരിവർത്തനത്തിന് നൽകിയ മികച്ച സംഭാവനകൾക്കാണ് അംഗീകാരമെന്ന് കെഎസ്ആർടിസി അറിയിച്ചു.

കേരളത്തിൽ വരും ദിവസങ്ങളിൽ വീണ്ടും മഴ മുന്നറിയിപ്പ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് മഞ്ഞ അലർട്ടുള്ളത്.

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഗവര്‍ണര്‍.ഇരുവർക്കും വീഴ്ച പറ്റിയെന്നായിരുന്നു ചാൻസിലർ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയത്.ഭരണസമിതി യോഗത്തിന്‍റെ മിനിറ്റ്സും ഗവർണർ മരവിപ്പിച്ചു.

ആറ്റിങ്ങലിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന നവ വധുവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ കണ്ടെയ്നര്‍ ലോറി ഇടിച്ചു കയറുകയായിരുന്നു. കൊല്ലം കൊട്ടറ സ്വദേശി കൃപ മുകുന്ദൻ ആണ് മരിച്ചത്. ഭർത്താവ് അഖിൽ ജിത്തിനും അപകടത്തിൽ പരിക്കേറ്റു.

കേരളത്തിലെ ഐ റ്റി ഐ സ്ഥാപനങ്ങളിൽ ശനിയാഴ്ച്ച പ്രവർത്തി ദിവസമായി തുടരുന്നതിൽ പ്രതിഷേധം ശക്തമാക്കി കെ എസ് യു. സംസ്ഥാന വ്യാപകമായി ഐ റ്റി ഐകളിൽ നാളെ കെ എസ് യു പഠിപ്പുമുടക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.

തൃശൂരിലെ മൂന്ന് എടിഎം സെന്ററുകളിൽ നിന്ന് പണം മോഷ്ടിച്ച് കടന്ന പ്രതികൾ ഹരിയാനക്കാരാണെന്ന് സേലം ഡിഐജി. വാഹന പരിശോധന വെട്ടിച്ച് പാഞ്ഞ കണ്ടെയ്നർ നിരവധി വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചാണ് മുന്നോട്ട് പോയത്. പിടിയിലായ ശേഷവും രക്ഷപ്പെടാൻ ശ്രമം നടത്തിയ പ്രതികൾക്കെതിരെ പൊലീസിന് ആക്രമിച്ചതിന് അടക്കം കേസെടുക്കുമെന്ന് ഡിഐജി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. കുറ്റപത്രത്തിലെ വസ്തുതകളിൽ കൂടുതലായി ഒന്നും വെളിവായിട്ടില്ലെന്നാണ് തുടരന്വേഷണ റിപ്പോർട്ട്.

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. വിദ്യാർത്ഥിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.

നാളത്തെ ക്ഷേത്ര ദർശനം ഉപേക്ഷിച്ചതായി വൈഎസ്ആർ കോൺ​ഗ്രസ് പാർട്ടി അധ്യക്ഷനും മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ജ​ഗൻമോഹൻ റെഡ്ഡി. തന്റെ ക്ഷേത്ര സന്ദർശനം രാഷ്ട്രീയവത്കരിക്കാൻ സർക്കാർ ശ്രമിച്ചെന്നാണ് ജ​ഗൻ മോ​‌ഹൻ റെഡ്ഡിയുടെ ആരോപണം. പല വൈഎസ്ആർസിപി നേതാക്കളെയും വീട്ടുതടങ്കലിൽ ആക്കിയെന്നും അദ്ദേഹം വിമർശിച്ചു.

ചരിത്രപരമായ പ്രതിരോധ കരാറൊപ്പിടാൻ ഇന്ത്യ. യൂറോപ്പിലേക്ക് 2,000 യന്ത്രത്തോക്കുകൾ കയറ്റുമതി ചെയ്യാൻ ഇന്ത്യയുടെ ചെറുകിട ആയുധ ഫാക്ടറിചെറുകിട ആയുധ ഫാക്ടറി കരാറൊപ്പിടും. സുരക്ഷാ കാരണങ്ങളാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വ്യാജ ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ ജീവിക്കാൻ ശ്രമിച്ചതിന് ബംഗ്ലാദേശി പോൺ താരം അറസ്റ്റിൽ. മുംബൈയിലെ ഉല്ലാസ് നഗറിൽ നിന്നാണ് അരോഹി ബർദെ എന്നറിയപ്പെടുന്ന റിയ ബർദെയെ അറസ്റ്റ് ചെയ്തത്.

 

മൈസൂരു നഗരവികസന അതോറിറ്റി ഭൂമിയിടപാട് കേസില്‍ ഹൈക്കോടതിയില്‍നിന്ന് തിരിച്ചടി നേരിട്ടതിനുപിന്നാലെ കര്‍ണാടക മുഖ്യമന്ത്രി ജി. സിദ്ധരാമയ്യയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത്‌ ലോകായുക്ത.മുഡ കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ തവാര്‍ ചന്ദ് ഗെഹ്‌ലോത് നേരത്തെ അനുമതി നല്‍കിയിരുന്നു.

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *