ശരീരത്തിന്റെ താളമായ സര്‍ക്കാഡിയന്‍ റിഥം ക്രമത്തിലാകാന്‍ സഹായിക്കുന്നത് ഉറക്കമാണ്. ശരീരത്തിന്റെ റീചാര്‍ജിങ് സമയം എന്നു വേണമെങ്കിലും ഉറക്കത്തെ വിശേഷിപ്പിക്കാം. തലച്ചോര്‍ വിശ്രമത്തിലും ശരീര കോശങ്ങളുടെ തകരാറുകള്‍ പരിഹരിക്കുന്നതും ഈ സമയത്താണ്. മതിയായ ഉറക്കം ശാരീരികമായും മാനസികമായും മെച്ചപ്പെടുത്തും. ഇത് നമ്മളെ ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലരാക്കാനും പ്രോഡക്ടിവിറ്റി കൂട്ടാനും സഹായിക്കും. ജോലിയെ തുടര്‍ന്ന് ടൈം സോണ്‍ മാറുന്നത് നമ്മുടെ ഉറക്കത്തെ ബാധിക്കും അതിലൂടെ സര്‍ക്കാഡിയന്‍ റിഥം താളം തെറ്റും. ഇത് വിട്ടുമാറാത്ത പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളെ മണിയടിച്ചു വിളിച്ചു വരുത്തുന്ന പോലെയാണ്. ഉറക്കത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രകൃതിദത്ത ഹോര്‍മോണ്‍ ആണ് മെലറ്റോണിന്‍. യുവതലമുറയുടെ സമീപകാലത്തെ ജീവിത ശൈലി മെലറ്റോണിന്‍ ഉല്‍പ്പാദനം വളരെ അധികം കുറയ്ക്കാന്‍ കാരണമായിട്ടുണ്ട്. ഇന്നത്തെ കുട്ടികള്‍ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് സ്മാര്‍ട്ട് ഫോണ്‍, ലാപ് തുടങ്ങിയ ഡിജിറ്റില്‍ ഉപകരണങ്ങളിലാണ്. ഈ സ്ക്രീനില്‍ നിന്ന് വരുന്ന ബ്ലൂ ലൈറ്റ് ശരീരത്തില്‍ മെലറ്റോണ്‍ ഉല്പാദനത്തെ കുറയ്ക്കും. കൂടാതെ പല സമയം ഉറങ്ങാന്‍ കിടക്കുന്നതും ഉറങ്ങുന്നതിന് തൊട്ടു മുന്‍പ് ഭക്ഷണം കഴിക്കുന്ന ശീലവും മെലറ്റോണ്‍ ഉല്‍പ്പാദനം തടസപ്പെടുത്തും. ശരീരത്തില്‍ മഗ്നീഷ്യം കുറവുണ്ടെങ്കിലും മെലറ്റോണിന്‍ ഉല്പാദനത്തെ ബാധിക്കുകയും ഉറക്കചക്രം തടസ്സപ്പെടുത്തുകയും ചെയ്യും. മെലറ്റോണിന്‍ ഉറക്കം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒരു ഹോര്‍മോണ്‍ മാത്രമല്ല, ശരീരത്തിന് നിരവധി ഗുണം ചെയ്യുന്ന ഒരു ആന്റിഓക്സിഡന്റ് കൂടിയാണ്.