എഡിജിപി എം ആർ അജിത് കുമാറിനെ സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. എഡിജിപി എം ആർ അജിത് കുമാറിനെതിരെ ഉടൻ നടപടി ഉണ്ടാകില്ല എന്നാണ് സൂചന. ചർച്ച വേണമെന്ന് ആര്‍ജെഡി ആവശ്യപ്പെട്ടെങ്കിലും അന്വേഷണം തീരട്ടെ എന്നാണ് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചത്. ആർഎസ്എസ് നേതാവിനെ കണ്ടത് കൂടി അന്വേഷിക്കാമെന്നും നടപടി അതിന് ശേഷം എടുക്കാമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് ഭീരു ആണെന്ന് വി ഡി സതീശൻ. ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന പൊലീസ് ഉന്നതനെ സംരക്ഷിക്കുന്ന സര്‍ക്കാര്‍, എസ്പി ഉള്‍പ്പെടെ മലപ്പുറം ജില്ലയിലെ പൊലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടി അപഹാസ്യമാണെന്ന് സതീശൻ വിമര്‍ശിച്ചു.എഡി.ജിപിയെ സംരക്ഷിക്കാന്‍ എംഎല്‍എ ആവശ്യപ്പെടുന്ന എന്തും ചെയ്തു നല്കാന് തയാറാകുന്ന ഭീരുവായി പിണറായി വിജയന് മാറിയിരിക്കുകയാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
ആർഎസ്എസുമായി എഡിജിപി എംആർ അജിത് കുമാർ നടത്തിയ കൂടിക്കാഴ്ചയോട് പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. അജിത് കുമാർ എന്തിനു ആർഎസ്എസ് നേതാക്കളെ കണ്ടുവെന്നത് പരിശോധിക്കേണ്ടതാണ്. എൽഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം ആഭ്യന്തര വകുപ്പ് നടത്തുന്നുണ്ട്. തെറ്റുകാരനാണെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.
മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് നടൻമാരായ ജയസൂര്യയും ബാബുരാജും ഹൈക്കോടതിയിൽ.പീഡനം നടന്നതായി പരാതിക്കാരി ആരോപിക്കുന്ന തിയതികളിലടക്കം വൈരുധ്യമുണ്ടെന്ന് ജയസൂര്യ ഹർജിയിൽ പറയുന്നു.സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ബാബുരാജ് പീഡിപ്പിച്ചെന്ന് ജൂനിയർ ആർടിസ്റ്റാണ് പരാതി നൽകിയത്. തുടർന്ന് ബലാത്സംഗ കുറ്റം ചുമത്തി അടിമാലി പൊലീസ് കേസെടുത്തിരുന്നു.
പി വി അൻവർ എംഎല്‍എ ഉന്നയിച്ച ഫോണ്‍ ചോർത്തൽ സർക്കാരിനെതിരെ ആരോപണമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്. മന്ത്രിമാരുടെ ഫോണ്‍ ചോർത്തിയെന്ന ആരോപണം അതീവ ഗൗരവമേറിയതാണെന്നും നടപടിയെടുത്ത് അറിയിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കത്ത് നൽകി.
ജാതി സര്‍ട്ടിഫിക്കറ്റിന്റെ നിയമ സാധുതയെക്കുറിച്ച്, ദേവികുളം തെരഞ്ഞെടുപ്പ് കേസില്‍ ചോദ്യങ്ങളുന്നയിച്ച്സുപ്രീംകോടതി. തെരഞ്ഞെടുപ്പ് ഹർജിയിൽ ജാതി സർട്ടിഫിക്കറ്റ് ചോദ്യം ചെയ്യാനാകുമോയെന്നും സർട്ടിഫിക്കറ്റ് നൽകിയ അധികാരിയെ കേള്‍ക്കാതെ കോടതിക്ക് സര്‍ട്ടിഫിക്കറ്റ് തള്ളാനാകുമോയെന്നും ജസ്റ്റിസ് ചോദിച്ചു.തുടര്‍വാദം ഈ മാസം 25ലേക്ക് മാറ്റി.
മലയാള സീരിയൽ, സിനിമ രംഗത്തെ പൂർണമായും സ്ത്രീ സൗഹൃദമാക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.കൃത്യമായ നിയമ, നയ രൂപീകരണത്തിലൂടെ സ്ത്രീകൾക്ക് സുരക്ഷിതവും സുഖപ്രദവുമായ താമസസൗകര്യം പ്രദാനം ചെയ്യാൻ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്റർ കോംപ്ലക്സിൽ തുടക്കമിടുന്ന സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ സംരംഭമായ സഖി – ഡോർമെറ്ററിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഓണത്തിന് മലയാളികൾക്ക്ആശ്വാസമായി ഒരു സ്പെഷ്യൽ ട്രെയിൻ കൂടി. സെപ്തംബർ 13ന് ഹുബ്ബള്ളിയിൽ നിന്ന് കൊച്ചുവേളിയിലേക്കാണ് പ്രത്യേക തീവണ്ടി. റിസർവേഷൻ തുടങ്ങി.
ആലപ്പുഴ കലവൂരിൽ വയോധികയെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരങ്ങൾ പുറത്ത്. സുഭദ്രടെ യുശരീരത്തിന്റെ രണ്ട് ഭാഗത്തെയും വാരിയെല്ലുകൾ പൂർണമായും തകർന്ന നിലയിലായിരുന്നു. കഴുത്ത്, കൈ എന്നിവ ഒടിഞ്ഞ നിലയിലായിരുന്നുവെന്നും പോസ്റ്റ്മോർട്ടത്തിൽ പറയുന്നു. ഇടത് കൈ ഒടിച്ച് പിന്നിലേക്ക് വലിച്ചു കെട്ടിയ നിലയിലായിരുന്നു മൃതദേഹമെന്നും പോസ്റ്റ്മോർട്ടത്തിൽ പറയുന്നു.
ലൈംഗികാതിക്രമ കേസിൽ സംവിധായകൻ വി.കെ പ്രകാശിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങാൻ വികെ പ്രകാശിന് നിർദ്ദേശം നൽകിയ കോടതി, അറസ്റ്റുണ്ടാകുന്ന പക്ഷം അദ്ദേഹത്തെ ജാമ്യത്തിൽ വിടണമെന്നും വ്യക്തമാക്കി.
എല്‍ഡിഎഫിന്റെ നിർണായക യോഗത്തിന് മുൻപ് എംവി ഗോവിന്ദനുമായി കൂട്ടിക്കാഴ്ച നടത്തി ബിനോയ് വിശ്വം. എഡിജിപി എം ആര് അജിത് കുമാറിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായി ഉയര്‍ത്തുകയാണ് സിപിഐ. മുന്നണി യോഗത്തിന് മുൻപ് സിപിഎം സംസ്ഥാന സെക്രട്ടറിയെ നിലപാട് അറിയിച്ചു.
വാളയാർ പെൺകുട്ടികൾക്കെതിരെ മോശം പരാമർശം നടത്തിയെന്ന കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എംജെ സോജനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. ഉദ്യോഗസ്ഥൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. ഉദ്യോഗസ്ഥമെതിരെയല്ല, ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് കേൾപ്പിച്ച മാധ്യമ സ്ഥാപനത്തിനെതിരെയാണ് കേസ് എടുക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് നാല് പുതിയ സര്‍ക്കാര്‍ ഐടിഐകള്‍ ആരംഭിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി . തിരുവനന്തപുരത്തെ ചാല, പീച്ചി, തൃത്താല മണ്ഡലത്തിലെ നാഗലശ്ശേരി, തവനൂർ മണ്ഡലത്തിലെ എടപ്പാൾ എന്നിവിടങ്ങളിലാണ് പുതിയ ഐടിഐകള്‍ ആരംഭിക്കുക. ഇവയിലെ ട്രേഡുകൾ സംബന്ധിച്ചും തീരുമാനം ആയിട്ടുണ്ട്.
സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ഓരോ പരാതിയിലും ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കി എത്രയും വേഗം ചാർജ്ഷീറ്റ് സമർപ്പിക്കണമെന്ന് കെകെ ശൈലജ എംഎൽഎ. ഇന്ത്യയിലെ സിനിമാരംഗമാകെ ഉറ്റു നോക്കുന്ന കാര്യമാണ്. ഈ അവസരം ഉപയോഗപ്പെടുത്തി സത്യസന്ധമായ അന്വേഷണം നടത്തണമെന്നും കെകെ ശൈലജ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പോലീസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരെ ഇടത് എംഎല്‍എ പി.വി. അന്‍വര്‍ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ സംശയം പ്രകടിപ്പിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്. എല്ലാ ദിവസവും ആരോപണം ഉന്നയിക്കുന്നത് നല്ല ലക്ഷണമാണോ എന്ന് ചോദിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ പരാതി ഉണ്ടെങ്കില്‍ രേഖാമൂലം നല്‍കുകയാണ് വേണ്ടതെന്നും പറഞ്ഞു.
സിനിമാ നിര്‍മാതാക്കളുടെ സംഘടനയ്ക്കെതിരേ നിര്‍മാതാവ് സാന്ദ്ര തോമസ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നടത്തുന്ന പരിപാടിക്ക് പല നിർമാതാക്കൾക്കും ക്ഷണമില്ലെന്നും വന്നോട്ടെ എന്ന് ചോദിച്ചിട്ട് പോലും വേണ്ട എന്നാണ് സംഘടനയില്‍ നിന്ന് ലഭിച്ച മറുപടിയെന്നും സാന്ദ്രാ തോമസ് ആരോപിച്ചു.
വൈദ്യുതി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഭാരമേകുന്ന നിര്‍ദ്ദേശങ്ങളുമായി കെ.എസ്.ഇ.ബി. ജനുവരി മുതല്‍ മേയ് വരെയുള്ള മാസങ്ങളില്‍ ‘സമ്മര്‍ ചാര്‍ജ്’ എന്ന രീതിയില്‍ കൂടുതല്‍ തുക ഉപഭോക്താക്കളില്‍നിന്ന് ഈടാക്കണമെന്ന നിർദേശം റെഗുലേറ്ററി കമ്മീഷനുമുന്നിൽ വെച്ചു. ഇതിനുപുറമേ, ഈ വര്‍ഷം 4.45 ശതമാനം നിരക്ക് വര്‍ധനവും കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിട്ടുണ്ട്.
ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി ഇനിമുതല്‍ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡ്രഗ്സ് കണ്ട്രോള് വകുപ്പ് ആദ്യഘട്ടമായി 50,000 നീല കവറുകള്‍ തയ്യാറാക്കി സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നല്‍കുന്നതാണെന്നും മന്ത്രി അറിയിച്ചു.
ലോകത്തെ എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമിത ചിപ്പുകൾ ഉണ്ടായിരിക്കണമെന്നതാണ് സ്വപ്നമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്സ്പോ മാർട്ടിൽ ‘സെമികോൺ ഇന്ത്യ 2024’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിവിന്‍ പോളിയ്ക്കെതിരേ ആരോപണം ഉന്നയിച്ച്, മറ്റ് പരാതികളെല്ലാം വ്യാജം എന്ന് വരുത്തി തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി സംശയിക്കുന്നുവെന്ന് സംവിധായകന് ബൈജു കൊട്ടാരക്കര. സിനിമയില്‍നിന്നുള്ളവര്‍ തന്നെയാണ് ഇതിനുപിന്നിലെന്ന് സംശയമുണ്ടെന്ന് നിവിന്‍ ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നല്കിയ പരാതിയിൽ പറഞ്ഞു. ഈ സാഹചര്യത്തിലായിരുന്നുബൈജു കൊട്ടാരക്കരയുടെ പ്രതികരണം.
ഗുജാറത്തിൽ ആശങ്ക ഉയർത്തി അജ്ഞാത രോഗം പടരുന്നു. പനിയ്ക്ക് സമാനമായ രീതിയിൽ പടരുന്ന രോഗം ബാധിച്ച് 15 പേർ മരിച്ചു. ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ലഖ്പതിലാണ് രോഗം പടരുന്നത്.രണ്ട് ദിവസത്തിനുള്ളിൽ പരിശോധനാ ഫലം ലഭിക്കുമെന്നും ഇതോടെ ഏത് തരം വൈറസാണ് രോഗത്തിന് കാരണമായതെന്ന് കണ്ടെത്താനാകുമെന്നും ജില്ലാ കളക്ടർ അമിത് അരോറ അറിയിച്ചു.
കോളജ് ഹോസ്റ്റലിൽ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി റാഗ് ചെയ്യുന്ന ദൃശ്യം പുറത്ത്. ബെൽറ്റ് കൊണ്ടടിക്കുകയും ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്യുന്ന ദൃശ്യമാണ് പുറത്തുവന്നത്. വിദ്യാർത്ഥി പരാതി നൽകിയതോടെ മൂന്ന് വിദ്യാർത്ഥികളെ ക്യാമ്പസിൽ നിന്ന് പുറത്താക്കി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കേന്ദ്ര സര്‍ക്കാരിന്റെ പേര് പറഞ്ഞുള്ള ഓണ്‍ലൈന്‍ തൊഴില്‍ തട്ടിപ്പ് വീണ്ടും. kbkbygov.online വെബ്സൈറ്റ് വഴിയാണ് തട്ടിപ്പ് നടക്കുന്നത്, ഈ വെബ്സൈറ്റിന് കേന്ദ്ര സര്‍ക്കാരുമായി ബന്ധമൊന്നുമില്ലെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു.
ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. കത്വയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഉദ്ദംപൂർ മേഖലയിലെ കത്വ-ബസന്ത്ഘട്ട് അതിർത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന നടത്തിയ പരിശോധന ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.