എം എൽ എ പിവി അൻവറിൻ്റെ ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ കാര്യവും ശരിയായ നിലയിൽ സർക്കാർ പരിശോധിക്കുമെന്ന് കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിൽ മുഖ്യമന്ത്രി പറഞ്ഞു. ഒരു മുൻവിധിയും ഉണ്ടാവില്ലെന്നും, ചില പ്രശ്നങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ഉയർന്നു വന്ന പ്രശ്നങ്ങൾ എല്ലാ ഗൗരവവും നില നിർത്തി തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കും. അച്ചടക്കമാണ് പ്രധാനം. അച്ചടക്കം തടസപ്പെടുത്തുന്ന നടപടികൾ വച്ചു പൊറുപ്പിക്കില്ലെന്നും അച്ചടക്കം ലംഘിച്ചാൽ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും. പകരം ചുമതല എച്ച് വെങ്കിടേഷിനോ ബൽറാം കുമാറിനോ നല്‍കുമെന്നാണ് സൂചന. എഡിജിപി അജിത് കുമാറിനെതിരെ സീനിയർ ഡിജിപി കെ പത്മകുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണത്തിന് ഉത്തരവിടാനാണ് സാധ്യത. പൊലീസിലെ ഉന്നതർക്കെതിരെയും പി ശശിക്കെതിരെയും അൻവർ ഉയർത്തിയ ആരോപണങ്ങൾക്ക് പിന്നാലെയാണ് അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്നും മാറ്റുന്നത്.

 

 

എഡിജിപി അജിത് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി പി വി അൻവർ എംഎൽഎ. എം ആർ അജിത്ത് കുമാർ തിരുവനന്തപുരത്ത് കവടിയാറിൽ 15 കോടിക്ക് വീട് വെക്കാൻ സ്ഥലം വാങ്ങിയെന്നും ഇതിനുള്ള പണം അജിത് കുമാറിന് എവിടുന്ന് കിട്ടിയെന്നും പി വി അൻവർ ചോദിച്ചു. അതോടൊപ്പം സോളാർ കേസ് അട്ടിമറിച്ചതിനെക്കുറിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ വെളിപെടുത്തൽ ഓഡിയോയും പി വി അന്‍വര്‍ എംഎൽഎ പുറത്തുവിട്ടു. സോളാർ കേസിലെ പ്രതികളിൽ നിന്ന് പണം വാങ്ങി നൽകാമെന്ന് എഡിജിപി പരാതിക്കാരിയോട് പറഞ്ഞതിന് പിന്നാലെ പരാതിക്കാരി മൊഴി മാറ്റിയെന്നാണ് പുതിയ ശബ്ദരേഖയിലെ വെളിപ്പെടുത്തൽ.

 

 

 

എഡിജിപി എം ആർ അജിത് കുമാറിനെതിരെ പൊലീസ് അസോസിയേഷൻ യോഗത്തിലും വിമർശനം. എസ്‍പിമാർക്ക് മുകളിൽ അമിത ജോലി ഭാരം അടിച്ചേൽപ്പിക്കുന്നു. ഇതിൻ്റെ ഭാരം പൊലീസുകാരിലേക്കെത്തുന്നുവെന്ന് പ്രതിനിധികൾ പൊലീസ് അസോസിയേഷൻ യോഗത്തിൽ വിമർശിച്ചു. എഡിജിപി സമാന്തര ഇൻ്റലിജൻസ് ഉണ്ടാക്കി പൊലീസുകാരെ നിരീക്ഷിക്കുന്നുവെന്നും പൊലീസ് അസോസിയേഷൻ യോഗത്തില്‍ ആരോപണം ഉയര്‍ന്നു.

 

 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയാക്കുന്നത് എന്തിനെന്ന് നടിയും ഹേമ കമ്മിറ്റി അംഗവുമായ ശാരദ. ഹേമ കമ്മിറ്റി വിട്ട് നിങ്ങൾ വയനാട്ടിലെ ദുരന്തത്തെ കുറിച്ച് സംസാരിക്കൂവെന്നും, റിപ്പോർട്ടിലെ കാര്യങ്ങളെ കുറിച്ച് ഓർമയില്ലെന്നും ശാരദ പറഞ്ഞു. അഞ്ചാറ് വര്‍ഷം മുമ്പ് നടന്ന തെളിവെടുപ്പിനെക്കുറിച്ചും റിപ്പോർട്ടിൽ താൻ എഴുതിയ കാര്യങ്ങളെ കുറിച്ച് ഓർമയില്ലെന്നും റിപ്പോര്‍ട്ടിനെ കുറിച്ച് എല്ലാം ജസ്റ്റിസ് ഹേമ പറയട്ടെ എന്നും ശാരദ പറയുന്നു.

 

 

ലൈംഗിക പീഡനക്കേസിൽ യുവ നടിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് നടന്‍ സിദ്ദിഖ്. 5 വർഷം മുൻപ് സോഷ്യൽ മീഡിയയിൽ ഉന്നയിച്ച ആരോപണമാണ് വീണ്ടും ഉന്നയിക്കുന്നത്. അന്ന് ബലാത്സംഗം ചെയ്തെന്ന് പറഞ്ഞിരുന്നില്ല. ബലാത്സംഗ പരാതി ഇപ്പോൾ മാത്രമാണ് ഉന്നയിക്കുന്നത്. പരാതി തന്നെ അപമാനിക്കാനാണെന്നും സിദ്ദിഖ് ഹൈക്കോടതിയിൽ നൽകുന്ന മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നു.

 

 

എം.മുകേഷ് എംഎല്‍എ ഉള്‍പ്പെടെയുള്ള നടന്‍മാര്‍ക്കെതിരായ ലൈംഗികാതിക്രമക്കേസുകളിൽ പ്രതികളുടെ അറസ്റ്റ് ഉടനില്ലെന്ന് അന്വേഷണ ചുമതലവഹിക്കുന്ന പൂങ്കുഴലി ഐപിഎസ്. പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കോടതി നടപടികള്‍ പരിഗണിച്ചായിരിക്കും ചോദ്യം ചെയ്യലടക്കമുണ്ടാവുകയെന്നും പുങ്കുഴലി അറിയിച്ചു.

 

 

 

എഡിജിപിക്കെതിരായ ആരോപണം സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും നാണം കെട്ട ആരോപണങ്ങളാണ് കേൾക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് കൊലപാതകങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്നുവെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്ഥനാണ് അൻവർ. മുഖ്യമന്ത്രി അറിയാതെ ഈ ആരോപണവും വരില്ലെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

 

 

 

തൻ്റെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് തോക്ക് ലൈസൻസിനായി അപേക്ഷ നൽകി പിവി അൻവർ എംഎൽഎ. മലപ്പുറം കളക്ട്രേറ്റിലെത്തിയാണ് അപേക്ഷ നൽകിയത്. കല്ലുകൊണ്ടെറിഞ്ഞ് വീഴ്ത്തുന്ന ഭീഷണിയാണെങ്കിൽ അങ്ങനെയെന്നും ജീവന് ഭീഷണിയുള്ളത് കൊണ്ടാണ് തോക്കിന് അപേക്ഷിച്ചതെന്നും അൻവർ പറഞ്ഞു. നാളെ മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കുമെന്നും വെളിപ്പെടുത്തലുകൾ തൽക്കാലം നിർത്തുന്നുവെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

 

 

 

കേരള പൊലീസിനും ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരായ പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണം ഗുരുതരമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. ആരോപണം തെറ്റെങ്കില്‍ അന്‍വറിനെതിരെ എന്തുകൊണ്ട് നടപടിയില്ലെന്നും അദ്ദേഹം ചോദിച്ചു. അതോടൊപ്പം സുരേഷ് ഗോപി ജയിച്ചത് പൂരം കലക്കിയത് കൊണ്ടെന്ന് വ്യാഖ്യാനിക്കണ്ട. അത്തരത്തിലുള്ള വ്യാഖ്യാനം തൃശൂരിലെ ജനവിധിയോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് രാജ്യദ്രോഹം നടത്തിയതാണ് അന്വേഷിക്കേണ്ടതെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.

 

 

 

പി വി അൻവർ എംഎൽഎ തോക്ക് ലൈസൻസിനായി അപേക്ഷ നൽകിയതിനെ പരിഹസിച്ച് കെപിസിസി വൈസ് പ്രസിഡന്‍റ് വി ടി ബൽറാം. ഭരണപക്ഷ എംഎൽഎക്ക് പോലും സ്വന്തം ജീവൻ രക്ഷിക്കാൻ സ്വയം തോക്കുമായി നടക്കണമെന്ന അവസ്ഥയാണ് ഇന്നാട്ടിലെന്നും, ക്രമസമാധാന പാലനത്തിൽ കേരളം നമ്പർ വൺ ആണത്രേയെന്നും ബൽറാം സമൂഹ മാധ്യമത്തിൽ കുറിച്ചു.

 

 

എഡിജിപി അജിത് കുമാറിനെതിരെ തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി. പിവി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തല്‍ മൊഴിയായി പരിഗണിച്ച് പൂരം കലക്കിയെന്ന ആരോപണത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ഹൈക്കോടതി അഭിഭാഷകന്‍ വി ആര്‍ അനൂപാണ് പരാതി നല്‍കിയത്. അജിത് കുമാറിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തണം എന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

 

 

മാഫിയ സംരക്ഷകനായി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി രാജിവെയ്ക്കുക, മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്രിമിനലുകളെ പുറത്താക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ ഇന്ന് വൈകുന്നേരം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് കെപിസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം. ലിജു അറിയിച്ചു.

 

 

കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ എട്ട് ജില്ലകളിൽ ഇന്ന് മഞ്ഞ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

 

 

വാടക വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന മേക്കപ്പ് ആർട്ടിസ്റ്റായ ട്രാൻസ് ജെൻ്ററിൻ്റെ പരാതിയിൽ സന്തോഷ് വർക്കി യെന്ന ആറാട്ടണ്ണൻ മുൻകൂർ ജാമ്യാപേക്ഷ നൽകി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ ഹർജി ആറാം തിയതി പരിഗണിക്കാൻ മാറ്റി.

 

 

കർണാടകയിലെ ഷിരൂർ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട അർജുൻ്റെ ഭാര്യ കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചു. വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്കായാണ് കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചത്. കഴിഞ്ഞ ദിവസമാണ് സഹകരണ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

 

 

 

വെള്ളം കോരുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ 60 വയസുകാരിയെ അഗ്നിരക്ഷാ സേനയെത്തി രക്ഷിച്ചു. പെരുമ്പാവൂർ മുൻസിപ്പാലിറ്റിയിലെ പതിനെട്ടാം വാർഡിൽ മരുതു കവലയിലുള്ള ശ്രീരംഗം വീട്ടിൽ രാധാകൃഷ്ണന്റെ ഭാര്യ എം. ജെ. ജയശ്രീയെ(60) ആണ് രക്ഷിച്ചത്. മാർത്തോമൻ കോളേജിൽ ഹിന്ദി പ്രഫസറായി സ‍ർവീസിൽ നിന്ന് വിരമിച്ചയാളാണ് ജയശ്രീ.

 

 

 

എ.ആർ. റഹ്മാന്റെ സംഗീതം കേരള ക്രിക്കറ്റ് ലീഗ് ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്സ് അനുമതിയില്ലാതെ ഉപയോഗിച്ചുവെന്ന് ആടുജീവിതം സിനിമയുടെ നിർമാതാക്കൾ. ആടുജീവിതത്തിൽ റഹ്മാൻ ഈണം നൽകിയ ഹോപ് എന്ന പ്രൊമോ ഗാനം കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിൻ്റെ പ്രചാരണത്തിനായി ഉപയോഗിച്ചുവെന്നാണ് നിർമാതാക്കളായ വിഷ്വൽ റൊമാൻസിൻ്റെ പരാതി. സംഭവത്തിനെതിരെ നിർമാതാക്കൾ നിയമനടപടിക്ക് ഒരുങ്ങുകയാണ്.

 

 

 

കോയമ്പത്തൂരിലെ വാല്‍പ്പാറ സര്‍ക്കാര്‍ കോളേജിലെ കൂട്ട ലൈംഗികാതിക്രമത്തില്‍ രണ്ട് അസി. പ്രൊഫസര്‍മാര്‍ ഉള്‍പ്പെടെ നാല് ജീവനക്കാര്‍ അറസ്റ്റില്‍. കോളേജിലെ അസി. പ്രൊഫസര്‍മാരായ എസ്. സതീഷ്‌കുമാര്‍, എം. മുരളീരാജ്, ലാബ് ടെക്‌നീഷ്യന്‍ എ. അന്‍പരശ്, സ്‌കില്‍ കോഴ്‌സ് ട്രെയിനര്‍ എന്‍. രാജപാണ്ടി എന്നിവരെയാണ് വാല്‍പ്പാറ ഓള്‍ വിമന്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍നിന്ന് പലരീതിയിലുള്ള അതിക്രമങ്ങള്‍ നേരിട്ടതായി വിദ്യാര്‍ഥിനികള്‍ സംസ്ഥാന വനിതാ കമ്മീഷനാണ് ആദ്യം പരാതി നല്‍കിയത്.

 

 

പുണെയില്‍ എന്‍.സി.പി നേതാവിനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച് കൊലപ്പെടുത്തി. മുന്‍ കൗണ്‍സിലര്‍ കൂടിയായ വന്‍രാജ് അന്ദേക്കറാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം. വ്യക്തിവിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്.

 

 

 

ഉത്തർപ്രദേശിലെ ബഹ്റയിച്ച് ജില്ലയെ ഭീതിയിലാഴ്ത്തി വീണ്ടും ചെന്നായ ആക്രമണം. ഏറ്റവും ഒടുവിൽ മൂന്ന് വയസ്സുള്ള കുട്ടിയെ കടിച്ചുകൊന്നതായാണ് റിപ്പോർട്ട്.ബഹ്റയിച്ച് ജില്ലയിൽ നേരത്തെ എട്ട് കുട്ടികളും ഒരു സ്ത്രീയും ചെന്നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഡ്രോണുകൾ ഉപയോഗിച്ച് ചെന്നായകളുടെ നീക്കങ്ങൾ അധികൃതർ നിരീക്ഷിക്കുകയാണ്.

 

 

ഉത്തർപ്രദേശിലെ ബഹ്റയിച്ചിൽ നരഭോജി ചെന്നായകളെ പിടികൂടാൻ എല്ലാ ശ്രമങ്ങളും നടത്തുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. കെണികളൊരുക്കിയ ശേഷം വലിയ പാവകളുണ്ടാക്കി അതിൽ കുട്ടികളുടെ മൂത്രം തളിച്ച് അവിടേക്ക് ചെന്നായകളെ ആകർഷിക്കാൻ ശ്രമം നടത്തുന്നുണ്ട്. ചെന്നായകളെ കെണികൾക്ക് സമീപത്തേക്ക് ആക‍ർഷിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് കരുതുന്നുവെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.

 

 

 

റഷ്യ ചാരപ്രവർത്തനത്തിന് പരിശീലനം നൽകിയതെന്ന് സംശയിക്കുന്ന തിമിംഗലം ചത്തനിലയിൽ കണ്ടെത്തി. ബെലൂഗ തിമിംഗലമാണ് നോർവീജിയൻ തീരത്തിന് സമീപത്തായി ചത്ത നിലയിൽ കണ്ടെത്തിയത്. ഹ്വാൾഡിമിർ എന്ന് പേരുള്ള ഈ തിമിംഗലത്തെ നോർവേയുടെ തെക്ക് പടിഞ്ഞാറൻ പട്ടണമായ റിസവികയുടെ സമീപത്താണ് ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഹ്വാൾഡിമിറിനെ പോസ്റ്റ്മോർട്ടത്തിനായി ഏറ്റവുമടുത്ത തുറമുഖത്തേക്ക് എത്തിക്കാനുള്ള നീക്കത്തിലാണ് അധികൃതർ.

 

 

 

ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതിക്കിടെ ഇന്നലെ മുതൽ ഇതുവരെ 140 ട്രെയിനുകൾ റദ്ദാക്കി. നൂറോളം ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. പലയിടങ്ങളിലും റെയിൽവേ പാളത്തിൽ വെള്ളം കയറിയതോടെയാണ് ട്രെയിനുകൾ റദ്ദാക്കിയത്. ഇതുവരെ 27 മരണമാണ് റിപ്പോർട്ട് ചെയ്തത്. ദേശീയ ദുരന്ത നിവാരണ സേനയുടെ 26 സംഘങ്ങളെ ഇരു സംസ്ഥാനങ്ങളിലുമായി രക്ഷാപ്രവർത്തനത്തിന് വിന്യസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി സംസാരിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

 

 

 

രാജസ്ഥാനിൽ സംസ്ഥാന പിഎസ്‍സി വഴി നടത്തിയ പരീക്ഷയിൽ വൻ ക്രമക്കേട് നടത്തിയതായി സംസ്ഥാന പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് കണ്ടെത്തി. ഒരു മുൻ പിഎസ്‍സി അംഗത്തെ അറസ്റ്റ് ചെയ്തു. ഇയാളുടെ മകനും മകളും പരീക്ഷയിൽ ആദ്യ റാങ്കുകളിൽ എത്തിയിരുന്നു. 2021ൽ രാജസ്ഥാൻ പി.എസ്.സി നടത്തിയ പൊലീസ് സബ് ഇൻസ്‍പെക്ടർ പരീക്ഷയിലെ ക്രമക്കേടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *