കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിച്ച ചിത്രം ഒറ്റിലെ തീം സോംഗ് പുറത്തുവിട്ടു. 25 വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിലേക്കുള്ള അരവിന്ദ് സ്വാമിയുടെ തിരിച്ചുവരവ് കൂടിയാണ ഈ ചിത്രം. തമിഴ്, മലയാളം പതിപ്പുകളില്‍ ഒരേസമയം നിര്‍മ്മിക്കപ്പെട്ട ചിത്രത്തിന്റെ തമിഴിലെ പേര് ‘രണ്ടകം’ എന്നാണ്. ‘ചുറ്റുപാടും അന്ധകാരം’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റൈകോയാണ്. കൈലാസ് മേനോന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആനന്ദ് ശ്രീരാജ്. ജാക്കി ഷ്‌റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എസ് സഞ്ജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.
പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. ബേസില്‍ ജോസഫ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിപിന്‍ ദാസാണ്. ദര്‍ശന രാജേന്ദ്രനാണ് നായികയായി അഭിനയിക്കുന്നത്. ദീപാവലി റിലീസായി ഒക്ടോബര്‍ 21ന് ചിത്രം തിയറ്ററുകളില്‍ എത്തും. റിലീസ് വിവരം പങ്കുവച്ച് മോഷന്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. കല്യാണ വേഷത്തിലുള്ള ബേസിലിനെയും ദര്‍ശനെയും പോസ്റ്ററില്‍ കാണാം. അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
യുപിഐ വഴി 657 കോടി രൂപയുടെ ഇടപാടുകളാണ് ഓഗസ്റ്റ് മാസം നടന്നത്. മാസംതോറുമുള്ള കണക്ക് പരിശോധിച്ചാല്‍ ഓഗസ്റ്റ് മാസത്തില്‍ യുപിഐ ഇടപാടുകളില്‍ 4.6 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. യുപിഐ വഴിയുള്ള പ്രതിദിന ഇടപാടിന് ആര്‍ബിഐ പരിധി നിശ്ചയിച്ചിട്ടുണ്ട്. പരമാവധി രണ്ടുലക്ഷം രൂപയാണ് കൈമാറാന്‍ സാധിക്കുക. ബാങ്കുകളും പരിധി നിശ്ചയിച്ചിട്ടുണ്ട്. പ്രമുഖ പൊതുമേഖല ബാങ്കുകളായ ആന്ധ്രാ ബാങ്കിലും, ദേനാ ബാങ്കിലും ബാങ്ക് ഓഫ് മഹാരാഷ്ട്രയിലും എസ്ബിഐയിലും സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്സിയിലും ആക്സിസ് ബാങ്കിലും സിറ്റി ബാങ്കിലും ഒരു ലക്ഷം രൂപയാണ് പ്രതിദിന പരിധി. ഒറ്റത്തവണയായി പണം കൈമാറുമ്പോഴും പരിധി ഒരു ലക്ഷം തന്നെ. ഐസിഐസിഐ ബാങ്കില്‍ ഗൂഗിള്‍ പേ ഒഴിച്ചുള്ള പേയ്മെന്റ് ആപ്പുകള്‍ വഴി ഒരു ദിവസം പരമാവധി 10000 രൂപയേ കൈമാറാന്‍ സാധിക്കൂ. ഗൂഗിള്‍ പേയില്‍ 25,000 രൂപ വരെയാകാം. ഒറ്റത്തവണയായി പണം കൈമാറുമ്പോഴും ഇത് ബാധകം. ബാങ്ക് ഓഫ് ബറോഡയില്‍ ഒറ്റത്തവണയായി ഒരുദിവസം കൈമാറാവുന്ന പരമാവധി തുക 25,000 രൂപ. പ്രതിദിന ഇടപാട് പരിധി ഒരു ലക്ഷം രൂപയും. കാനറ ബാങ്കില്‍ ഒറ്റത്തവണയായി കൈമാറാവുന്ന പരമാവധി തുക 10,000 രൂപയാണ്. പ്രതിദിനം 25000 രൂപ വരെയാകാം. ബാങ്ക് ഓഫ് ഇന്ത്യയില്‍ ഒറ്റത്തവണയായി കൈമാറാവുന്ന പരമാവധി തുക കാനറ ബാങ്കിന് സമാനമാണ്. ഒരു ദിവസം ഒരു ലക്ഷം രൂപ വരെ ഇടപാടുകള്‍ നടത്താം.
ഇന്ത്യയില്‍ ഇന്ധന ഡിമാന്‍ഡ് ജൂലായില്‍ 2021 ജൂലായേക്കാള്‍ 6.1 ശതമാനം വര്‍ദ്ധിച്ചുവെന്ന് പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ പെട്രോളിയം പ്‌ളാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ റിപ്പോര്‍ട്ട്. 17.62 മില്യണ്‍ ടണ്ണാണ് ജൂലായിലെ വില്പന. അതേസമയം, ജൂണിലെ 18.68 മില്യണ്‍ ടണ്ണിനേക്കാള്‍ 5.7 ശതമാനം കുറവാണിത്. ജൂലായില്‍ പെട്രോള്‍ വില്പന വാര്‍ഷികാടിസ്ഥാനത്തില്‍ 6.8 ശതമാനം ഉയര്‍ന്ന് 2.81 മില്യണ്‍ ടണ്ണിലെത്തി. എല്‍.പി.ജി വില്പന 1.7 ശതമാനം ഉയര്‍ന്ന് 2.41 മില്യണ്‍ ടണ്ണായി. നാഫ്ത വില്പന 6.2 ശതമാനം താഴ്ന്ന് 1.14 മില്യണ്‍ ടണ്ണുമായിട്ടുണ്ട്. റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ബിറ്റുമെന്‍ വില്പന 1.4 ശതമാനവും ഫ്യുവല്‍ ഓയില്‍ വില്പന 19.8 ശതമാനവും മെച്ചപ്പെട്ടു.
രാജ്യത്തെ വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എസ്യുവിയുടെ വില ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഇന്ത്യ പ്രഖ്യാപിച്ചു. 15.11 ലക്ഷം മുതല്‍ 18.99 ലക്ഷം രൂപ വരെ വിലയുള്ള ഇ, എസ്, ജി, വി എന്നീ നാല് വകഭേദങ്ങളിലാണ് എസ്യുവി മോഡല്‍ വരുന്നത്. മൈല്‍ഡ് ഹൈബ്രിഡ് വി വേരിയന്റിന് 17.09 ലക്ഷം രൂപ വിലവരുമ്പോള്‍, ശക്തമായ ഹൈബ്രിഡ് എസ്, ജി, വി വേരിയന്റുകള്‍ക്ക് യഥാക്രമം 15.11 ലക്ഷം രൂപ, 17.49 ലക്ഷം രൂപ, 18.99 രൂപ എന്നിങ്ങനെയാണ് എക്‌സ്-ഷോറൂം വിലകള്‍. ടോക്കണ്‍ തുകയായ 25,000 രൂപയ്ക്ക് പുതിയ ടൊയോട്ട എസ്യുവിയുടെ ബുക്കിംഗ് ടൊയോട്ട ആരംഭിച്ചുകഴിഞ്ഞു. മൂന്ന് വര്‍ഷം അല്ലെങ്കില്‍ 1,00,000 കിലോമീറ്റര്‍ വാറന്റി നല്‍കുന്നു.
ഇന്ത്യയിലേക്കുള്ള വിദേശ അധിനിവേശങ്ങളുടെയും കേരള ചരിത്രത്തിന്റെയും കൊച്ചി തുറമുഖത്തിന്റെയും വില്ലിംഗ്ടണ്‍ ഐലന്റിന്റെയും ചരിത്രപഥങ്ങളാണ ഈ കൃതിയുടെ ഉള്ളടക്കം. ഒപ്പം കൊച്ചിയില്‍ തൊഴിലാളി പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടതിന്റെ നാള്‍വഴികളും. ഇന്നു കാണുന്ന വില്ലിംഗ്ടണ്‍ ഐലന്റിന്റെ വളര്‍ച്ചയുടെ ശില്‍പ്പി ചാള്‍സ് റോബര്‍ട്ട് ബ്രിസ്റ്റോവിന്റെ ഇച്ഛാശക്തിയുടെ കഥ കൂടിയാണിത്. പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരനായിരുന്ന ഗ്രന്ഥകാരന്റെ ഗവേഷണാത്മകമായ അന്വേഷണങ്ങളുടെ രസകരമായ വിവരണം. ‘കൊച്ചി-വില്ലിംഗ്ടണ്‍ ഐലന്റിന്റെ ഇന്നലെത്തെ കഥ’. ഉപ്പത്തില്‍ ഖാലിദ്. ഗ്രീന്‍ ബുക്‌സ്. വില 627 രൂപ.
ഇന്ത്യയിലെ ആളുകളില്‍ ആന്റിമൈക്രോബിയല്‍ പ്രതിരോധത്തില്‍ സുസ്ഥിരമായ വളര്‍ച്ച ഉണ്ടായതായി ഐസിഎംആര്‍ പഠനം. ഇതുമൂലം പല രോഗങ്ങള്‍ക്കും നിലവില്‍ നല്‍കികൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒരു വലിയ വിഭാഗം ആളുകളില്‍ ഇനി ഫലം ചെയ്യാന്‍ സാധ്യതയില്ലെന്നാണ് ഐസിഎംആര്‍ പഠനത്തില്‍ പറയുന്നത്. ഐസിഎംആര്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ഇ കോളി ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധകളെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന ഇമിപെനത്തിനെതിരെയുള്ള പ്രതിരോധം 2016ല്‍ 14ശതമാനമായിരുന്നെങ്കില്‍ 2021ല്‍ അത് 36ശതമാനമായി വര്‍ദ്ധിച്ചു. ന്യുമോണിയ, സെപ്റ്റിസീമിയ എന്നിവയെ ചികിത്സിക്കാന്‍ ഐസിയു രോഗികള്‍ക്കടക്കം നല്‍കുന്ന ആന്റിബയോട്ടിക്കായ കാര്‍ബപെനം ഒരു വലിയ വിഭാഗം രോഗികള്‍ക്ക് പ്രയോജനം ചെയ്യില്ലെന്നാണ് ആളുകളുടെ ആന്റിമൈക്രോബിയല്‍ പ്രതിരോധം വിശകലനം ചെയ്തുള്ള പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. സി. പാരാപ്സിലോസിസ്, സി. ഗ്ലാബ്രറ്റ തുടങ്ങിയ നിരവധി ഫംഗസ് രോഗാണുക്കള്‍ ഫ്‌ലൂക്കോണസോള്‍ പോലെയുള്ള പൊതുവെ ലഭ്യമായ ആന്റിഫംഗല്‍ മരുന്നുകളോട് പ്രതിരോധം വര്‍ധിപ്പിച്ചിട്ടുണ്ട്. അതിനാല്‍ അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ സൂക്ഷ്മ നിരീക്ഷണം ആവശ്യമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പരിശോധിച്ച് പൂര്‍ത്തിയാക്കിയ പഠനത്തില്‍ ആളുകളില്‍ മരുന്നുകളോടുള്ള പ്രതിരോധശേഷി വര്‍ദ്ധിച്ചത് നിലവില്‍ ചികിത്സിച്ചുവരുന്ന പല രോഗങ്ങളും ഇപ്പോള്‍ ലഭ്യമായിട്ടുള്ള മരുന്ന് ഉപയോഗിച്ച് നിയന്ത്രിക്കാന്‍ എളുപ്പമായിരിക്കില്ലെന്നാണ് ഐസിഎംആറിലെ മുതിര്‍ന്ന ശാസ്ത്രജ്ഞ ഡോ. കാമിനി പറയുന്നത്. ഉടനടി ശരിയായ മുന്‍കരുതലും നടപടികളും സ്വീകരിച്ചില്ലെങ്കില്‍ ആന്റിമൈക്രോബിയല്‍ പ്രതിരോധം വരും കാലങ്ങളില്‍ ഒരു മഹാമാരിയോളം വലിയ വിപത്തായി തീരുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.