ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയിലും പൊട്ടിത്തെറി. നേതൃത്വതിനെതിരെ സംവിധായകനും നടനുമായ ആഷിക് അബു രംഗത്തെത്തി. ഫെഫ്ക എന്നാൽ ഉണ്ണികൃഷ്ണൻ എന്നല്ല, ഉണ്ണികൃഷ്ണന്റേത് വ്യാജ ഇടതുപക്ഷ പരിവേഷമാണെന്നും ആഷിക് അബു പറഞ്ഞു. ഉണ്ണികൃഷ്ണനെ ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്നു മാറ്റണമെന്നും ഫെഫ്കയുടെ പ്രതികരണം കാപട്യമാണെന്നും ആഷിഖ് അബു പറഞ്ഞു. യൂണിയൻ നിലപാട് അല്ല വാർത്ത കുറിപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺക്ലേവ് നടത്താൻ യുഡിഎഫ് അനുവദിക്കില്ലെന്നും സർക്കാർ ഒളിച്ചുകളിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ ആരോപണം. സിനിമ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ നടത്തുന്ന കോൺക്ലേവ് എന്ത് വില കൊടുത്തും തടയുമെന്ന് അദ്ദേഹം പറഞ്ഞു. കുറ്റക്കാരെ സർക്കാർ ഒളിപ്പിക്കുന്നുവെന്നും. ഹേമ കമ്മറ്റി റിപ്പോർട്ടിൽ എന്തു കൊണ്ട് അന്വേഷണം നടത്തുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പേജുകൾ ആരെ രക്ഷിക്കാനാണ് വെട്ടിമാറ്റിയതെന്ന് വ്യക്തമാക്കണം. ആരോണ വിധേയേരെ ഇരകൾക്കൊപ്പം ഇരുത്തി എന്തിന് കോൺക്ലേവ് നടത്തുന്നുവെന്നും അദ്ദേഹം ചോദിച്ചു. എന്തിനാണ് സർക്കാർ സ്ത്രീവിരുദ്ധ നിലപാടുകൾ എപ്പോഴും സ്വീകരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
സിനിമാ കോൺക്ലേവിൻ്റെ ഭാഗമായി രൂപീകരിച്ച ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് എംഎല്‍എയും നടനുമായ മുകേഷ് ഒഴിഞ്ഞേക്കും. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സമിതിയിൽ നിന്നും മുകേഷ് ഒഴിയാന്‍ ആലോചന. ഒഴിയാൻ പാർട്ടി നിർദ്ദേശം നൽകിയെന്നും സൂചനയുണ്ട്.
ഹേമ കമ്മിറ്റി ശുപാർശകൾ നടപ്പാക്കാതെയിരിക്കാൻ സർക്കാർ ഗൂഢാലോചനയുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ,സുരേന്ദ്രന്‍.ഗുരുതര വിഷയങ്ങളിൽ സര്‍ക്കാരിന് ആത്മാർത്ഥതയില്ല.പതിവ് വർത്തമാനം മാത്രമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ആദ്യം നടപടി എടുക്കേണ്ടത് മുകേഷിനെതിരെയാണ്. മുകേഷിന്‍റെ രാജി ആവശ്യപ്പെടുന്നതിലാണ് സർക്കാരിൻറെ ആത്മാർത്ഥത തെളിയുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.
അമ്മ എക്സിക്യൂട്ടീവ് രാജി സംഘടനയെ നവീകരിക്കുന്നതിന്‍റെ തുടക്കമാകട്ടെയെന്ന് ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക പറഞ്ഞു. ലൈംഗികാതിക്രമം നടത്തിയതായി പരാമര്‍ശമുള്ള മുഴുവനാളുകളുടെയും പേര് പുറത്തുവരട്ടെയെന്നും ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പറയുന്നത് ഉചിതമല്ലെന്നും ഫെഫ്ക പ്രതികരിച്ചു.
സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സംവിധായകന്‍ വിനയന്‍ കത്തയച്ചു. മലയാള സിനിമയിലെ തൊഴില്‍ നിഷേധത്തിനും രഹസ്യവിലക്കിനുമെതിരെ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ പരാതിയുമായി പോയതിനാൽ അമ്മ, ഫെഫ്ക എന്നീ സംഘടനകൾക്കായി താൻ പെനാല്‍റ്റി അടച്ചിരുന്നുവെന്നും എന്നാൽ ഇതിനെതിരെ അവർ അപ്പീല്‍ പോയെന്നും എന്നാൽ സുപ്രീം കോടതി അപ്പീല്‍ തള്ളിയതോടെ ഫൈന്‍ അടച്ച വ്യക്തികളെല്ലാം കുറ്റക്കാരായി. ഇതുഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുകയും ചെയ്തിരിക്കുന്നതിനാൽ ഫെഫ്ക സെക്രട്ടറി യെ കേരള സര്‍ക്കാരിന്റെ സിനിമ നയരൂപീകരണ സമിതിയില്‍ നിന്നും ഒഴിവാക്കണമെന്നാണ് വിനയൻ്റെ കത്തിൻ്റെ ഉള്ളടക്കം.
നടൻ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യത്തിനായി കൊച്ചിയിലെ അഭിഭാഷകരുമായി ചർച്ച നടത്തി. യുവ നടിയുടെ പരാതിയിൽ ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തലിനുമാണ് മ്യൂസിയം പൊലീസ് സിദ്ദിഖിനെതിരെ കേസെടുത്തിരിക്കുന്നത്. 2016 ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് പരാതിക്കാരിയെ സിദ്ദിഖ് ബലാത്സംഗം ചെയ്തെന്നാണ് കേസ്. ഡിജിപിക്ക് ഇമെയിൽ മുഖേനെയാണ് നടി പരാതി നൽകിയത്.
താരസംഘടയായ അമ്മയുടെ നിലവിലെ ഭരണസമിതിയെ പിരിച്ചുവിട്ട സാഹചര്യത്തിൽ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ ഒരുമാസത്തിലധികം നീളുമെന്ന് വിവരം. വിജ്ഞാപനം പുറത്തിറക്കുന്നത് മുതൽ നാമനിർദ്ദേശ പത്രിക സമർപ്പണം വരെയുള്ള ഘട്ടങ്ങൾക്കു വേണ്ടി തന്നെ ഒരു മാസത്തോളം സമയം വേണമെന്നാണ് റിപ്പോർട്ട്.
ഓണ്‍ലൈൻ യോഗം നടന്നതിന് ശേഷമായിരുന്നു താര സംഘടന ഭരണസമിതി രാജിവയ്‍ക്കാൻ തീരുമാനിച്ചതെന്ന് നടൻ വിനു മോഹൻ. സംഘടനയിൽ ഒരിക്കലും ഭിന്നത ഉണ്ടായിട്ടില്ലെന്നും, എന്നാൽ തങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ചിരുന്നുവെന്നും വിനു മോഹൻ പറഞ്ഞു. ഒപ്പമുള്ളവരില്‍ സാമ്പത്തികപരമായും ആരോഗ്യകരമായും ബുദ്ധിമുട്ടുന്നവർക്ക് കൃത്യമായി കൈനീട്ടവും, ഇൻഷൂറൻസും ഒക്കെ നമ്മള്‍ നല്‍കാറുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഇനി തടസ്സങ്ങള്‍ എന്തെങ്കിലും ഉണ്ടാകുമോ എന്ന ഒരു ആശങ്കയുണ്ടായിരുന്നെന്നും വിനുമോഹൻ വ്യക്തമാക്കി.
താരസംഘടന അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ട സംഭവത്തിൽ അമ്മ അംഗങ്ങൾക്കിടയിൽ ഭിന്നതയെന്ന് റിപ്പോർട്ട്. മോഹൻലാൽ അധ്യക്ഷ സ്ഥാനം രാജിവെച്ചതുൾപ്പെടെ 17 അംഗ എക്സിക്യൂട്ടീവ് പിരിച്ചുവിടുകയായിരുന്നു. എക്സിക്യൂട്ടിവ് കമ്മറ്റി പിരിച്ചു വിട്ട തീരുമാനം ഒരുമിച്ചല്ലെന്നും രാജിവച്ചിട്ടില്ലെന്നും എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗമായിരുന്ന സരയു പറഞ്ഞു. എന്നാൽ എക്‌സിക്യൂട്ടീവ് കമ്മറ്റി പിരിച്ചു വിടാനുള്ള അധികാരം പ്രസിഡന്റിനുണ്ടെന്നാണ് നിയമ വിദഗ്ധർ പറയുന്നത്.
മലയാള സിനിമയിലെ ലൈംഗിക അതിക്രമ പരാതികളിൽ മാതൃകാപരമായ ശിക്ഷയുണ്ടാകണമെന്ന് നടി ഐശ്വര്യലക്ഷ്മി. സിനിമാ മേഖല മെച്ചപ്പെടണമെന്ന പ്രതിബദ്ധതയുള്ളവർ നേതൃത്വത്തിൽ എത്തണം. തീരുമാനം എടുക്കാനാകുന്ന പദവികളിൽ സ്ത്രീകൾ ഉണ്ടാകണമെന്നും ഐശ്വര്യലക്ഷ്മി പറഞ്ഞു.
യുവനടനെതിരെയുള്ള പരാതിയിൽ അന്വേഷണ സംഘത്തിന് മൊഴി കൊടുത്തുവെന്ന് നടി. വ്യക്തിപരമായ നേട്ടത്തിന് അല്ല പരാതി നൽകിയതെന്നും കലാരംഗത്തു നേരിട്ട പ്രശ്നമാണ് പരാതിയായി ഉന്നയിച്ചതെന്നും നടി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
വടകരയില്‍ കാറപകടത്തില്‍ പരിക്കേറ്റ് കോമയിലായ 9 വയസ്സുകാരിയുടെ ദുരിതത്തിൽ ഇടപെട്ട് ഹൈക്കോടതി. പൊലീസ് വീഴ്ചയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടിയന്തര റിപ്പോർട്ട് തേടി. ലീഗൽ സർവീസ് അതോറിറ്റി മുഖേനയാണ് ഇടപെടൽ. വടകര റൂറൽ പൊലീസിൽ നിന്നുമാണ് അടിയന്തര റിപ്പോർട്ട് തേടിയത്. ഇടിച്ച കാർ കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കുട്ടിക്ക് നിയമ സഹായം നൽകുമെന്നും ലീഗൽ സർവീസസ് അതോറിറ്റി വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം പരിഗണിക്കില്ല. കമ്മിറ്റി റിപ്പോർട്ടിൻ മേലുള്ള തുടർ നടപടികൾ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള ലൈഗിംക അതിക്രമങ്ങൾ പ്രത്യേക സംഘം പരിഗണിക്കേണ്ടന്ന് ഇന്നലെ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
കോഴിക്കോട് തലക്കുളത്തൂര്‍ പഞ്ചായത്തിലെ അണ്ടിക്കോട് പ്രവര്‍ത്തിക്കുന്ന സിപിആര്‍ ചിക്കന്‍ സ്റ്റാളിനെതിരെ പരാതി. കോഴിക്കടയില്‍ നിന്ന് വാങ്ങിയ ഇറച്ചിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ പുഴുക്കളെ കണ്ടെന്നാണ് പരാതി. പുതിയങ്ങാടി സ്വദേശി റഷീദ് ആണ് കടയുടെ ഉടമ. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍്് ഉള്‍പ്പെടെയുള്ള പഞ്ചായത്തിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ഇന്ന് സ്ഥലത്ത് പരിശോധന നടത്തും.
ക്രമക്കേടുകൾ നടന്നെന്ന സംശയത്തെ തുടർന്ന് എൽഡിഎഫ് ഭരിക്കുന്ന പത്തനംതിട്ട മലയാലപ്പുഴ സർവീസ് സഹകരണ ബാങ്കിൽ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു. ഒരു കോടിയിലധികം രൂപയുടെ അഴിമതി നടന്നെന്നാണ് കോൺഗ്രസ് ആരോപണം. ചിട്ടിനടത്തിപ്പുമായി ബന്ധപ്പെട്ട് പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടെന്നും വകുപ്പുതല പരിശോധനയുടെ ഭാഗമായി ബാങ്ക് സെക്രട്ടറി ഷാജിയെ സസ്പെൻഡ് ചെയ്തെന്നുമാണ് ഡയറക്ടർ ബോർഡ് വിശദീകരണം. അതേസമയം പരിശോധന തുടരുകയാണെന്ന് സഹകരണ വകുപ്പ് അധികൃതർ വ്യക്തമാക്കി.
വയനാട് ഉരുള്‍പ്പൊട്ടലില്‍ കേന്ദ്ര സർക്കാർ ധനസഹായം പ്രഖ്യാപിക്കാനിരിക്കെ സംഭരിച്ച് വച്ചിരുന്ന വിളകള്‍ക്കും വായ്പകള്‍ക്കും ഉള്‍പ്പെടെ സഹായം വേണമെന്ന് ആവശ്യപ്പെട്ട് കേരളം. വയനാട്ടില്‍ സന്ദർശനം നടത്തുന്ന കേന്ദ്ര സംഘത്തിന് മുന്നില്‍ ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. വയനാട്ടിലേത് അസാധാരണ ദുരന്തമെന്ന രീതിയില്‍ കണക്കാക്കിയാല്‍ മാത്രമേ ഈ ആവശ്യങ്ങള്‍ പരിഗണിക്കാനിടയുള്ളൂവെന്നാണ് സൂചന.
ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട് കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ഇന്ന് കർണാടക മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും കാണും. കോഴിക്കോട് എംപി എംകെ രാഘവൻ, മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് എന്നിവരും കൂടെയുണ്ടാകും. ബെംഗളൂരുവിൽ ഇരുവരുടെയും വസതികളിൽ എത്തിയാണ് കാണുക.
വണ്ടിപ്പെരിയാർ വള്ളക്കടവിൽ കാട്ടാനക്കൂട്ടം എത്തി വ്യാപകമായി കൃഷി നശിപ്പിച്ചു. അമ്പലപ്പടി മുല്ലൂപറമ്പിൽ മുരളിധരന്റെ പറമ്പിലെ കൃഷികളാണ് നശിപ്പിച്ചത്. മറ്റുള്ളവരുടെ പറമ്പിൽ കാട്ടാനക്കൂട്ടങ്ങൾ കയറിയെങ്കിലും വ്യാപക നാശം വിതച്ചില്ല. ഓണത്തിനോടനുബന്ധിച്ച് വിളവെടുക്കുവാൻ നിർത്തിയ വാഴകളാണ് നശിപ്പിച്ചത്.
കോരപ്പുഴ അഴിമുഖത്തിനടുത്ത് അഴീക്കല്‍ ഭാഗത്ത് ഭീമന്‍ തിമിംഗിലത്തെ കണ്ടെത്തി. മണ്‍തിട്ടയില്‍ കുരുങ്ങിയ തിമിംഗിലത്തെ മത്സ്യത്തൊഴിലാളികളാണ് കണ്ടത്. തൊഴിലാളികള്‍ ചേര്‍ന്ന് തിമിംഗിലത്തെ കടലിലേക്ക് തള്ളിവിട്ടു. ഇതിനെ തള്ളി മാറ്റുന്നതിനിടയില്‍ ചില തൊഴിലാളികള്‍ക്ക് പരിക്ക് പറ്റി.
വീടിന് മുന്നിൽ നിർത്തിയിട്ട കാർ കത്തിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. പൊലീസ് നടത്തിയ അന്വേഷണത്തിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി ഡാനിഷ് മിൻ ഹാജാണ് അറസ്റ്റിലായത്. കാർ കത്തിച്ചെന്ന മിൻഹാജിന്റെ പിതാവിന്റെ പരാതിയിലാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷിച്ചത്.
കോഴിക്കോട് ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ച കാര്‍ നിര്‍ത്താതെ കടന്നുകളഞ്ഞുവെന്ന് പരാതി. സംസ്ഥാന പാതയില്‍ താമരശ്ശേരി കോരങ്ങാടാണ് ഇന്നലെ രാത്രി എട്ടോടെ അപകടം ഉണ്ടായത്. ബൈക്ക് യാത്രികരായ പട്ടാമ്പി സ്വദേശി ഷാമില്‍, തിരൂര്‍ സ്വദേശി മുഹമ്മദാലി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കോട്ടയം അപ്പാൻചിറയിൽ ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണ് ആറു വയസ്സുകാരൻ മരിച്ചു. ആലപ്പുഴ സ്വദേശി ബെന്നി ആൻ്റണിയാണ് മരിച്ചത്. ആപ്പാൻചിറയിലെ ബന്ധു വീട്ടിൽ എത്തിയതായിരുന്നു കുട്ടി. ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു.
ആലപ്പുഴയിലെ സി.പി.എം മുന്‍നേതാവും വാരനാട് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്‍റുമായിരുന്ന മണവേലി പുത്തന്‍കരിയില്‍ ടി.പി. ശൈലേന്ദ്ര ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് 23-ാ വാര്‍ഡിലെ താമസക്കാരനായ ശൈലേന്ദ്രനെ തണ്ണീര്‍മുക്കം ബണ്ടിന്റെ കിഴക്കേകരയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊല്ലം കടയ്ക്കലിൽ സ്വകാര്യ ബസിടിച്ച് റോഡിൽ വീണ ബൈക്ക് യാത്രികൻ ടിപ്പർ ലോറി കയറിയിറങ്ങി മരിച്ചു. മുക്കുന്നം കല്ലുതേരി സ്വദേശിയായ 50 കാരൻ സക്കീർ ഹുസൈനാണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെ ദർഭക്കാടിന് സമീപത്താണ് അപകടമുണ്ടായത്.
കാസര്‍കോട് ബന്തിയോട്ടുള്ള സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്ന 20കാരിയായ സ്മൃതി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ഉണ്ടെന്ന് സ്മൃതിയുടെ കുടുംബം വ്യക്തമാക്കി. എന്നാൽ രോഗിക്ക് മരുന്നു മാറി നൽകിയതുമായി ബന്ധപ്പെട്ട് ഡോക്ടര്‍ വിശദീകരണം ചോദിച്ചതിന്‍റെ മാനസിക വിഷമം സ്മൃതിക്കുണ്ടായിരുന്നെന്ന് ആശുപത്രി മാനേജ്മെന്‍റ് സൂചിപ്പിക്കുന്നു.
കോട്ടയം മറ്റക്കരയിലെ 40കാരൻ രതീഷ് മാധവന്‍റെ കൊലപാതകത്തിൽ വഴിത്തിരിവ്. രതീഷിന്‍റെ ഭാര്യ മഞ്ജു കൂടി അറിഞ്ഞുകൊണ്ടാണ് കാമുകൻ ശ്രീജിത്ത് കൊലപാതകം നടത്തിയതെന്ന് വ്യക്തമായി. മഞ്ജുവിനെയും അറസ്റ്റ് ചെയ്തു. ഞായറാഴ്ചയായിരുന്നു മറ്റക്കര സ്വദേശി രതീഷിനെ ശ്രീജിത്ത് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. അന്ന് തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മലപ്പുറത്ത് പ്രതിശ്രുത വരൻ വിവാഹ ദിവസം ആത്മഹത്യ ചെയ്തു. മലപ്പുറം കരിപ്പൂർ കുമ്മണിപ്പറമ്പ് സ്വദേശി ജിബിനാണ് മരിച്ചത്. ശുചി മുറിയില്‍ കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രവാസിയായിരുന്നു ജിബിൻ വിവാഹത്തിന് വേണ്ടിയാണ് നാട്ടിലെത്തിയത്. ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്നാണെന്ന് വ്യക്തമായിട്ടില്ല.
മഹാരാഷ്ട്രയിലെ രത്നഗിരിയിൽ 19 വയസ്സുകാരിയായ നഴ്സിംഗ് വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ. പെണ്‍കുട്ടിയെ ആക്രമിച്ചെന്ന് സംശയിക്കുന്ന മൂന്നു പേരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്.
പശ്ചിമബംഗാളിൽ രാവിലെ ആറ് മുതൽ വൈകീട്ട് 6 വരെ 12 മണിക്കൂർ പ്രഖ്യാപിച്ച ബന്ദ് തുടരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത യുവ ഡോക്ടറുടെ കൊലപാതകത്തിനെതിരായി പ്രതിഷേധിച്ചവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി പ്രതിഷേധിക്കുന്നത്. അതേസമയം ബന്ദ് നടത്താൻ അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. ബംഗാൾ ട്രാൻസ്പോർട്ട് ബസ് ഡ്രൈവർമാർ ഹെൽമെറ്റ് വച്ചാണ് സർവീസ് നടത്തുന്നത്.
നിലവില്‍ വന്ന് പത്തുകൊല്ലം പൂര്‍ത്തിയായ കേന്ദ്രപദ്ധതി ജന്‍ ധന്‍ യോജനയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യവസ്ഥാപിത സാമ്പത്തിക സംവിധാനത്തിലേക്ക് ആളുകളെ ഉള്‍പ്പെടുത്തുന്നതില്‍ പദ്ധതി വഹിച്ച പങ്ക് ഏറെ പ്രധാനമാണെന്നും കോടിക്കണക്കിന് ആളുകള്‍ക്ക് അത് അന്തസ്സ് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സമൂഹമാധ്യമ നയവുമായി ഉത്തർപ്രദേശ് സർക്കാർ. യു.പി. സർക്കാരിന്റെ പ്രവർത്തനങ്ങളെ സമൂഹ മാധ്യമങ്ങളിൽ പുകഴ്ത്തിയാൽ കണ്ടന്റ് ക്രിയേറ്റർമാർക്ക് മാസം എട്ടു ലക്ഷം രൂപവരെ നേടാം. ഇതുമായി ബന്ധപ്പെട്ട നയം മന്ത്രിസഭ അംഗീകരിച്ചു. യൂട്യൂബ്, ഇൻസ്റ്റഗ്രാം, എക്സ് പ്ലാറ്റ്ഫോം, ഫേസ്ബുക്ക് തുടങ്ങിയിടങ്ങളിൽ ഫോളോവേഴ്സിന് അനുസരിച്ചായിരിക്കും പണം നൽകുക. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ പ്രചരിപ്പിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നാണ് വിശദീകരണം.