കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണായ കോഴിക്കോട് സ്വദേശി അർജുനുവേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നതിനിടെ ഗംഗാവലി പുഴയിൽനിന്ന് ലോറിയുടേതെന്ന് കരുതുന്ന ലോഹഭാഗങ്ങളും കയറിന്‍റെ ഭാഗവും കണ്ടെത്തി. നാവികസേനയുടെ ഡൈവർമാരാണ് മൂന്ന് ലോഹഭാഗങ്ങളും കയറിന്‍റെ ഭാഗവും കണ്ടെത്തിയത്. ഇത് അർജുന്റെ ലോറിയുടേതാകാമെന്നാണ് നേവി അറിയിക്കുന്നത്. ഈ മേഖല കേന്ദ്രീകരിച്ച് തിരച്ചിൽ തുടരുമെന്ന് നാവികസേന അറിയിച്ചു. മത്സ്യത്തൊഴിലാളി ഈശ്വർ മാൽപേയുടെ നേതൃത്വത്തിലുള്ള സംഘവും എസ്.ഡി.ആർ.എഫ് സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. അതോടൊപ്പം നാവികസേനയ്ക്ക് ലഭിച്ച കയർ അർജുൻ്റെ ലോറിയിലേതാണെന്ന് ഉടമ മനാഫ് പറഞ്ഞു.