തൃശൂര്‍ ആസ്ഥാനമായ സ്വകാര്യ ബാങ്കായ ധനലക്ഷ്മി ബാങ്ക് 2024-25 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദമായ ഏപ്രില്‍-ജൂണില്‍ രേഖപ്പെടുത്തിയത് 8 കോടി രൂപയുടെ നഷ്ടം. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തില്‍ 28.30 കോടി രൂപ ലാഭം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. മാര്‍ച്ച് പാദത്തില്‍ 3.31 കോടി രൂപയായിരുന്നു ലാഭം. 2022 ജൂണ്‍ പാദത്തിലാണ് ഇതിനു മുന്‍പ് ബാങ്ക് നഷ്ടം രേഖപ്പെടുത്തിയത്. അന്ന് 26.43 കോടി രൂപയായിരുന്നു ബാങ്കിന്റെ നഷ്ടം. റീറ്റെയ്ല്‍, കോര്‍പ്പറേറ്റ് ബാങ്കിംഗ് വിഭാഗങ്ങളുടെ മോശം പ്രകടനമാണ് നഷ്ടത്തിന് വഴിവെച്ചത്. 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ 57.94 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമുണ്ടായിരുന്നത് ഇക്കഴിഞ്ഞ പാദത്തില്‍ 3.29 കോടി രൂപയുടെ നഷ്ടത്തിലേക്ക് മാറി. എന്നിരുന്നാലും തൊട്ടു മുന്‍പാദത്തിലെ 17.44 കോടി രൂപയുടെ പ്രവര്‍ത്തന നഷ്ടവുമായി നോക്കുമ്പോള്‍ ഇത് മികച്ചതാണ്. പ്രവര്‍ത്തന നഷ്ടത്തിനിടയിലും ബാങ്ക് ലാഭം രേഖപ്പെടുത്തിയത് കിട്ടാക്കടം എഴുതിത്തള്ളാനായി നീക്കി വച്ച 20.75 കോടി രൂപ തിരിച്ചു കിട്ടിയതായിരുന്നു. ജൂണ്‍ പാദത്തില്‍ വരുമാനവും ഇടിഞ്ഞു. 2023 ജൂണ്‍ പാദത്തിലെ 341.40 കോടി രൂപയില്‍ നിന്ന് 337.94 കോടി രൂപയായി. മാര്‍ച്ച് പാദത്തില്‍ വരുമാനം 347.30 കോടി രൂപയായിരുന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി 5.21 ശതമാനത്തില്‍ നിന്ന് 4.04 ശതമാനമായി കുറഞ്ഞു. അതേസമയം, അറ്റ നിഷ്ക്രിയ ആസ്തി 1.09 ശതമാനത്തില്‍ നിന്ന് 1.26 ശതമാനമായി ഉയരുകയാണ് ചെയ്തത്. തൊട്ടു മുന്‍പാദത്തില്‍ 1.25 ശതമാനമായിരുന്നു.