വിലങ്ങാട് ഉരുൾപൊട്ടലിന് നൂറിൽ അധികം പ്രഭവ കേന്ദ്രങ്ങൾ എന്ന് കണ്ടെത്തൽ. ഡ്രോൺ പരിശോധനയിലാണ് വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിന്റെ വ്യാപ്തി വ്യക്തമായത്. ഉരുൾപ്പൊട്ടലുണ്ടായ മേഖലയിൽ ശാസ്ത്രീയ പരിശോധന നടത്തുന്നതിനായി വിദഗ്ധ സംഘം നാളെ സ്ഥലത്ത് എത്തും.മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ നടത്തിയ അവലോകന യോഗത്തിലാണ് ഉരുൾപൊട്ടലിന്റെ വ്യാപ്തി വ്യക്തമാക്കുന്ന റിപ്പോർട്ട് അവതരിപ്പിച്ചത്.
ദുരന്തത്തെക്കുറിച്ച് സമഗ്രമായി പഠിക്കാൻ നാലംഗ വിദഗ്ധസംഘം നാളെ വിലങ്ങാട് എത്തും. ജിയോളജിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, സോയിൽ കൺസർവേഷനിസ്റ്റ്, ഹസാർഡ് അനലിസ്റ്റ് എന്നിവരടങ്ങുന്ന സംഘമാണ് എത്തുന്നത്. ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും ഇവിടെ തുടര്‍ താമസം സാധ്യമാവുമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ഇതനുസരിച്ചാണ് പുനരധിവാസം സംബന്ധിച്ച് റിപ്പോർട്ടും തയ്യാറാക്കുക.