പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വയനാട് ദുരന്തമേഖല സന്ദർശിക്കും. നാളെ രാവിലെ 11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ പ്രധാനമന്ത്രി എത്തിച്ചേരും. അവിടെ നിന്നും ഹെലികോപ്റ്ററിലായിരിക്കും ദുരന്തമേഖലയിൽ ആകാശ നിരീക്ഷണം നടത്തുക. 12.15 ന് ദുരന്ത മേഖലയിലെത്തുമെന്നാണ് വിവരം. തുടർന്ന് ദുരിതാശ്വാസ ക്യാംപുകളും സന്ദർശിച്ച് ദുരിതബാധിതരുമായി സംസാരിക്കും. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.
വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന സമയത്ത് തെരച്ചിൽ ബുദ്ധിമുട്ടാകുമെന്ന് എസ്പിജി അറിയിച്ചിട്ടുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ്.ബെയ്ലി പാലം പ്രധാനമന്ത്രി സന്ദർശിക്കും. കൂടാതെ ക്യാമ്പും കളക്ടറേറ്റും സന്ദർശിക്കും. ദുരന്തത്തെ എൽ 3 ക്യാറ്റഗറിയിൽ പെടുത്തണമെന്ന് കേന്ദ്രസർക്കാരിനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. പുനർനിർമാണത്തിനും മറ്റ് കാര്യങ്ങൾക്ക് വേണ്ടിയും സഹായം ചോദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വയനാട് ദുരന്തത്തിന്‍റെ പതിനൊന്നാം ദിവസം 4 മൃതദേഹം കൂടി കണ്ടെത്തി.കാണാതായത് 133 പേരെന്ന് ഔദ്യോഗിക കണക്ക്. ജനകീയ തെരച്ചില്‍ നടന്ന മേഖലയില്‍ നിന്ന് വേറെ മൃതദേഹങ്ങളൊന്നും കണ്ടെത്താനായില്ല. ജനകീയ തെരച്ചിലിൽ എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, പോലിസ് വിഭാഗങ്ങള്‍ക്കൊപ്പം റവന്യു വകുപ്പ് ജീവനക്കാരും പ്രദേശവാസികളും ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും അണിനിരന്നു.
വയനാട് ഉരുൾപൊട്ടൽ മേഖലയിൽ നടത്തിയ ജനകീയ തെരച്ചിലിൽ ആനയടികാപ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ പിപിഇ കിറ്റ് ഇല്ലാത്തതിനാൽ എയർ ലിഫ്റ്റ് ചെയ്യാനായില്ല. തെരച്ചിലിന് ഇറങ്ങിയ 8 എട്ടുപേരെ അവിടെ നിന്ന് എയർ ലിഫ്റ്റ് ചെയ്തിരുന്നു. മൃതദേഹങ്ങൾ അഴുകിയ നിലയിലാണെന്നും സന്നദ്ധ പ്രവർത്തകർ അറിയിച്ചു. സമയം വൈകിയതിനാൽ മൃതദേഹങ്ങൾ ഇന്ന് എയർ ലിഫ്റ്റ് ചെയ്യാൻ സാധിക്കില്ലെന്ന് ജില്ലാ ഭരണകൂടം പ്രതികരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളുള്ളതിനാല്‍ മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിത പ്രദേശങ്ങളില്‍ ശനിയാഴ്ച തിരച്ചില്‍ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു. സന്നദ്ധ പ്രവര്‍ത്തകര്‍, തിരച്ചിലുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ തുടങ്ങിയവര്‍ക്ക് ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്നും ഞായറാഴ്ച ജനകീയ തിരച്ചില്‍ പുനരാരംഭിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
ദുരന്തത്തിന് നേരിട്ടോ അല്ലാതെയോ ഇരകളായ വിദ്യാര്‍ത്ഥികള്‍ക്ക് ‘എക്‌സാം ഓണ്‍ ഡിമാന്‍ഡ്’ സംവിധാനം നടപ്പിലാക്കാന്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കി മന്ത്രി ഡോ. ആര്‍. ബിന്ദു. കല്‍പ്പറ്റ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍വകലാശാലകള്‍ സെമസ്റ്റര്‍ പരീക്ഷകള്‍ നടത്തുന്ന ഘട്ടത്തില്‍, ദുരന്തത്തിന്‍റെ ആഘാതത്തില്‍നിന്നും മോചിതരാകാത്ത കുട്ടികള്‍ക്കുവേണ്ടി അവര്‍ ആവശ്യപ്പെടുന്ന സമയത്ത് പരീക്ഷകള്‍ നടത്തുന്നതാണ് സംവിധാനം.
വയനാട് ജില്ലയിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര ധനസഹായം എത്തിക്കുമെന്ന് സംസ്ഥാന സർക്കാർ. പ്രദേശത്തെ ദുരന്തബാധിതരായ ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് 300/- രൂപ വീതം ദിവസവും നൽകും. ഒരു കുടുംബത്തിലെ രണ്ട് വ്യക്തികൾക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. കിടപ്പുരോഗികളോ ആശുപത്രിയിൽ ദീർഘനാൾ ചികിത്സയിൽ കഴിയുന്ന രോഗികളോ ഉള്ള കുടുംബങ്ങൾക്ക് ഈ ആനുകൂല്യം കുടുംബത്തിൽ മൂന്ന് പേർക്ക് എന്ന നിലയിൽ നൽകും. 30 ദിവസത്തേക്കാണ് ഈ തുക നൽകുക.
വയനാട് ദുരന്തത്തിൽ ക്യാമ്പിൽ കഴിയുന്ന ഓരോ കുടുംബത്തിനും അടിയന്തര ധനസഹായമായി പതിനായിരം രൂപ വീതം അനുവദിക്കും. മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ ദുരന്തത്തെ തുടർന്ന് ക്യാംപുകളിൽ കഴിയുന്നവർക്ക് മറ്റൊരു വാസസ്ഥലത്തേക്ക് തിരിച്ചു പോകുമ്പോൾ സർക്കാർ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ മാറാൻ കഴിയും വിധമുള്ള താമസ സൗകര്യം ഒരുക്കാനാകുമോ എന്നതിൽ കളക്ടറുടെ റിപ്പോർട്ട് ആവശ്യപെട്ടിട്ടുണ്ട്. കളക്ടറുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് വാടക നിശ്ചയിച്ച് അനുവദിക്കും എന്നും അധികൃതർ അറിയിച്ചു.
വയനാട് ദുരന്തത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ എത്രയും വേഗം നല്‍കാന്‍ അദാലത്തുകള്‍ സംഘടിപ്പിക്കും.പാഠപുസ്തകവും ലാപ്ടോപ്പ് അടക്കമുള്ള ഡിജിറ്റല്‍ പഠനസാമഗ്രികളും നഷ്ടപ്പെട്ടവര്‍ക്ക് അവ നല്‍കാന്‍ സംവിധാനമുണ്ടാക്കും. ഈ പ്രവര്‍ത്തങ്ങള്‍ കോളേജ് വിദ്യാഭ്യാസ വകുപ്പും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് ഏകോപിപ്പിക്കും എന്നും മന്ത്രി പറഞ്ഞു .
വയനാട് ദുരന്തത്തിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. മീനച്ചിൽ സ്വദേശി ജയിംസ് വടക്കനാണ് ഹൈക്കോടതിയെ സമീപിച്ചത്. ദുരിതബാധിതർക്ക് നഷ്ടപരിഹാരം നൽകുക, ഉരുൾപൊട്ടൽ മേഖലയിലുള്ളവരെ പുനരധിവസിപ്പിക്കുക, പ്രദേശത്തെ പാരിസ്ഥിതിക പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ വെക്കുക, സംസ്ഥാനത്തിനോട് ദുരന്തനിവാരണ പ്ലാൻ സമർപ്പിക്കാൻ പറയുക എന്നിവയാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങൾ.
വയനാട് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കാലാവസ്ഥാ മാറ്റം പരിഗണിച്ചുള്ള നയരൂപീകരണമുണ്ടാകണം. പുനരധിവാസത്തില്‍ കോണ്‍ഗ്രസും യു.ഡി.എഫും സര്‍ക്കാരിനൊപ്പം നില്‍ക്കും എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു .
വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ തൃശൂരില്‍ ഓണത്തിന് നടത്താറുള്ള പ്രശസ്തമായ പുലിക്കളിയും, കുമ്മാട്ടിക്കളിയും ഉള്‍പ്പെടെയുള്ള ഓണാഘോഷങ്ങള്‍ ഒഴിവാക്കാൻ ഇന്ന് ചേര്‍ന്ന കോര്‍പ്പറേഷൻ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. കേരളം ഇന്നുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന് വയനാട്ടിലുണ്ടായ സാഹചര്യത്തില്‍ ആഘോഷപരിപാടികള്‍ ഒഴിവാക്കാൻ കൂട്ടായ തീരുമാനം എടുക്കുകയായിരുന്നുവെന്ന് കോര്‍പ്പറേഷൻ അധികൃതര്‍ അറിയിച്ചു.
വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായതിനു കാരണം കര്‍ഷകരല്ലെന്നും ആഗോള താപനം, നിബിഢ വനമേഖലയിലുണ്ടായ അതിതീവ്ര മഴ തുടങ്ങിയവയാണ് കാരണമെന്നും സിറോ മലബാർ സഭ തലശ്ശേരി അതിരൂപത ബിഷപ്പ് ജോസഫ് പാംപ്ലാനി. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെയും കസ്തൂരി രംഗൻ റിപ്പോര്‍ട്ടിനെയും എതിര്‍ത്ത മുൻ നിലപാടില്‍ മാറ്റമില്ലെന്നും. ഈ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാത്തതാണ് ദുരന്തത്തിന് കാരണമെന്ന വാദം ദുരന്തത്തെ നിസാരവത്കരിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. പാറമട ഖനനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇത്തരം മേഖലയില്‍ തടസമുണ്ടായില്ലെന്നത് വിരോധാഭാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാടിന്‍റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി ഹര്‍ജിക്കാരൻ സി ഷുക്കൂർ. മറ്റു അധികാരികളെ സമീപിക്കാതെ നേരിട്ടു കോടതിയെ സമീപിച്ചു എന്നതാണ് ആദ്യത്തെ കാരണം. ഫണ്ട് ദുരുപയോഗം ചെയ്തതിനു തെളിവുകൾ ഹാജരാക്കുവാൻ സാധിച്ചിട്ടില്ല എന്നുള്ളതാണ് രണ്ടാമത്തെ കാരണം. ഹര്‍ജി ഫയൽ ചെയ്തത് മുതൽ സജീവമായ ചർച്ച ഈ വിഷയത്തിൽ നടന്നു എന്നതു തന്നെ ഒരു പോസിറ്റിവ് കാര്യമായി കാണുന്നുവെന്നും സി ഷുക്കൂര്‍ ഫേസ്ബുക്കിൽ കുറിച്ചു.
വയനാട്ടിലും കോഴിക്കോടും, പാലക്കാടും മലപ്പുറത്തും ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനമുണ്ടായതായി റിപ്പോർട്ട്. പാലക്കാട് അലനല്ലൂർ കുഞ്ഞിക്കുളത്താണ് പ്രകമ്പനം ഉണ്ടായത്. രാവിലെ പത്ത് മണിയോടെ തന്നെയായിരുന്നു സംഭവം നടന്നത്. പ്രകമ്പനത്തിൽ ജനൽ കുലുങ്ങിയെന്നും വലിയ ശബ്ദം കേട്ടെന്നും നാട്ടുകാർ പറയുന്നു.
തൃശൂർ ജില്ലയിലെ ചാവക്കാടും മുഴക്കമുണ്ടതായി നാട്ടുകാർ. ചാവക്കാട് തിരുവത്ര പള്ളിക്ക് സമീപമുള്ള ആർസി ക്വാർട്ടേഴ്സിലെ വീടുകളിലുള്ളവരാണ് ഇന്ന് ഉച്ചതിരിഞ്ഞ് 3.15 ഓടെ മുഴക്കം ഉണ്ടായതായി പറയുന്നത്. പ്രകമ്പനത്തിൽ ക്വാർട്ടേഴ്സിന്റെ ചുവരിന് പൊട്ടൽ ഉണ്ടായെന്നും അവർ പറഞ്ഞു. അതേസമയം, വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കാൻ നിർദേശം നൽകിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
വയനാട്ടില്‍ എവിടെയും ഭൂകമ്പം ഉണ്ടായിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നാഷനല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജി ഡയറക്ടര്‍ ഒപി മിശ്ര പറഞ്ഞു. വയനാട്ടില്‍ ഭൂമി പാളികളുടെ നീക്കം ആണ് ഉണ്ടായതെന്നും ഇതുമൂലമായിരിക്കാം പ്രകമ്പനം അനുഭവപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സാധാരണഗതിയിൽ ഉരുൾപൊട്ടലിന് ശേഷം ഇത്തരം നീക്കങ്ങൾ ഉണ്ടാകാറുണ്ട് അതിൽ ഉണ്ടായ ശബ്ദമാണ് കേട്ടത്. കേരളത്തില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ഭൂകമ്പമാപിനിയിലും കേരളത്തിലോ വയനാട്ടിലോ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജലജീവന്‍ മിഷന്‍ പദ്ധതിക്കായി കേരളത്തിന്റെ വിഹിതമായ 285 കോടി രൂപ ധനവകുപ്പ് അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍. ഗ്രാമീണ മേഖലയില്‍ സമ്പൂര്‍ണ കുടിവെള്ള വിതരണം ചെയ്യുന്നതിനുള്ള ജലജീവൻ മിഷൻ പദ്ധതിക്ക് വേണ്ടി കേന്ദ്ര വിഹിതമായ 292 കോടി രൂപ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാനത്തിന്റെ വിഹിതം. ഇതോടെ 573 കോടി രൂപ പദ്ധതിക്കായി ലഭിച്ചു.
കേരളത്തിൽ അടുത്ത അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ അഞ്ച് ജില്ലകളിൽ ഞായറാഴ്ച്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പന്ത്രണ്ടാം തീയതി പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 13ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജാമ്യം കിട്ടേണ്ട കേസിൽ മകനെ പൊലീസ് അന്യായമായി കസ്റ്റഡിയിൽ വെക്കുന്നുവെന്ന് പൊലീസിനെതിരെ പരാതിയുമായി യുട്യൂബർ അജു അലക്സിന്റെ അമ്മ. ഫേസ്ബുക്ക് പേജിലൂടെ മകൻ പറഞ്ഞ കാര്യങ്ങളിൽ തെറ്റില്ലെന്നും അമ്മ മേഴ്സി പറഞ്ഞു. മോഹൻലാൽ ദുരന്തഭൂമിയിൽ പോയി സെൽഫിയെടുത്തത് അടക്കമാണ് മകൻ ചോദ്യം ചെയ്തത്. മോഹൻലാലിനെ പ്രീതിപ്പെടുത്താനാണ് സിദ്ദീഖ് പരാതിയുമായി ഇറങ്ങിയതെന്നും അമ്മ മേഴ്സി പറഞ്ഞു.
കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരൻ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ സഹതടവുകാരൻ അറസ്റ്റിൽ. പാലക്കാട് സ്വദേശിയായ എഴുപത്തിയാറുകാരൻ വേലായുധനെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഞായറാഴ്ചയാണ് ഊന്നുവടി കൊണ്ടുളള അടിയേറ്റ് കോളയാട് സ്വദേശിയായ തടവുകാരൻ കരുണാകരൻ (86) കൊല്ലപ്പെട്ടത്.
ഏകാധിപത്യവും ഫാസിസവും ഒരിക്കലും വിജയിക്കില്ലെന്നും അതിനെതിരായി ഇന്ത്യന്‍ ജനത പ്രതികരിച്ചതിന് ഉദാഹരണമാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല . കെപിസിസി ആസ്ഥാനത്ത് നടന്ന ക്വിറ്റ് ഇന്ത്യ അനുസ്മരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
രാജ്യ സഭയിൽ സമാജ്‌വാദി പാര്‍ട്ടി എംപി ജയ ബച്ചനും രാജ്യസഭ അധ്യക്ഷന്‍ ജഗദീപ് ധന്‍കറും തമ്മിൽ വാക്കേറ്റം. ചെയര്‍മാന്‍റെ ശരീര ഭാഷ ശരിയല്ലെന്ന് ജയബച്ചനും, സെലിബ്രിറ്റിയായതുകൊണ്ട് ജയ ബച്ചന്‍ വായില്‍ തോന്നിയത് പറയരുതെന്നും, മര്യാദ കെട്ട പരാമര്‍ശം അസഹനീയമാണെന്നും ധന്‍കറും പറഞ്ഞു.നിങ്ങളുടെ സംസാരരീതി ശരിയല്ല എന്ന് ജയ ബച്ചന്‍ പറഞ്ഞതോടെ ജയ ബച്ചന്‍ നടിയാണെങ്കില്‍ താന്‍ സഭയിലെ സംവിധായകനാണെന്നും, സംവിധായകന്‍ പറയുന്നത് കേള്‍ക്കണമെന്നും ധന്‍കര്‍ പറഞ്ഞു.
രാജ്യസഭ ചെയര്‍മാന്‍ ജഗദീപ് ധന്‍കറിനെതിരെ ഇംപീച്ച്മെന്‍റ് നീക്കവുമായി പ്രതിപക്ഷം. ജയാ ബച്ചനുമായി ധന്‍കര്‍ നടത്തിയ വാക്കേറ്റത്തിന് പിന്നാലെയാണ് പ്രതിപക്ഷ നീക്കം. പ്രതിപക്ഷത്തെ നിരന്തരം അപമാനിക്കുന്ന ധന്‍കറെ നീക്കണമെന്നാണ് ആവശ്യം. പ്രമേയത്തിന്മേലുള്ള നീക്കം തുടങ്ങിയതോടെ സമ്മേളനം വെട്ടിച്ചുരുക്കി രാജ്യസഭ പിരിഞ്ഞു.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ കീഴിൽ നിർമ്മിക്കുന്ന വീടുകളുടെ മുന്നിൽ പദ്ധതിയുടെ ലോഗോ പ്രദർശിപ്പിക്കണമെന്ന നിബന്ധനയിൽ മാറ്റമില്ലെന്ന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രി തൊഖാൻ സാഹു രാജ്യസഭയിൽ അറിയിച്ചു. ബ്രാന്‍റിംഗ് നൽകുന്നത് വിവേചനത്തിന് ഇടയാക്കും എന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ അഭിപ്രായം. അതോടൊപ്പം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് നാല് വിഭാഗങ്ങളിലായാണ് സഹായം അനുവദിക്കുന്നതെന്ന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രി വ്യക്തമാക്കി.
ഒളിംപിക്‌സ് സമാപന ചടങ്ങില്‍ പി ആര്‍ ശ്രീജേഷ് ഇന്ത്യന്‍ പതാക വഹിക്കും. ജാവലിന്‍ ത്രോയില്‍ വെള്ളി സമ്മാനിച്ച നീരജ് ചോപ്രയോട് സംസാരിച്ചതിന് ശേഷമാണ് തീരുമാനം എന്ന് പി ടി ഉഷ വ്യക്തമാക്കിയിരുന്നു. ശ്രീജേഷിന്റെ പേര് അങ്ങോട്ട് നിര്‍ദേശിക്കാന്‍ ഇരിക്കുകയായിരുന്നു എന്ന് നീരജ് മറുപടി പറഞ്ഞതായി ഉഷ പറഞ്ഞു. ഇന്ത്യന്‍ ഹോക്കിക്ക് ശ്രീജേഷ് നല്‍കിയ സംഭാവനയ്ക്കുള്ള ആദരമെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും വ്യക്തമാക്കി.
ആന്ധ്ര പ്രദേശിൽ ഗൂഗിൾ ക്യാംപസ് സ്ഥാപിക്കാൻ ധാരണ. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഇക്കാര്യം അറിയിച്ചത്. ഗൂഗിളിന്‍റെ യൂട്യൂബ് അക്കാദമിയാണ് അമരാവതിയിൽ തുടങ്ങുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പലസ്തീൻ ഐക്യദാര്‍ഢ്യ പരിപാടിക്കിടെയുണ്ടായ അറസ്റ്റ് നടപടിയിൽ കേന്ദ്ര സര്‍ക്കാരിനും ദില്ലി പൊലീസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് ആനി രാജ. ആദ്യമായാണ് പൊലീസിന്‍റെ ഭാഗത്തുനിന്ന് ഇത്തരമൊരു അസാധാരണ നടപടിയുണ്ടാകുന്നത്. പലസ്തീൻ എന്ന പേരുകേള്‍ക്കുമ്പോള്‍ ഹാലിളകുന്ന മോദി സര്‍ക്കാര്‍ ഇസ്രായേലിനെ പ്രീതിപ്പെടുത്താൻ പൊലീസ് സഹായത്തോടെ പ്രവര്‍ത്തകരെ ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ആനി രാജ ആരോപിച്ചു.
മദ്യനയ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ മുൻ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജയിലില്‍ നിന്ന് പുറത്തിറങ്ങി. 17 മാസത്തോളം തിഹാര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞശേഷമാണ് പുറത്തിറങ്ങുന്നത്. എഎപി പ്രവര്‍ത്തകരും നേതാക്കളും സ്വീകരിക്കാനെത്തിയിരുന്നു. ജയിലിന് പുറത്തുള്ള പ്രവര്‍ത്തകരെ സിസോദിയ അഭിവാദ്യം ചെയ്തു.ജയിലിന് പുറത്തിറങ്ങിയ സിസോദിയ കെജ്രിവാളിന് ജയ് വിളിച്ചു. ഭരണഘടനയുടെ വിജയമാണിതെന്നും പിന്തുണയ്ക്ക് നന്ദിയെന്നും സിസോദിയ പറഞ്ഞു.
ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചേക്കുമെന്ന യു.എസ്. മുന്നറിയിപ്പുകള്‍ക്കിടെ ടെല്‍ അവീവിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകളാണ് റദ്ദാക്കിയത്. യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു .