വയനാട് ഉരുൾപ്പൊട്ടലിൽ മരിച്ച തിരിച്ചറിയാത്ത 22 പേരുടെ മൃതദേഹങ്ങൾ ഇന്ന് സംസ്കരിച്ചു. പുത്തുമലയിലാണ്സംസ്കാരം നടന്നത്. മണ്ണ് മാറ്റി നടത്തിയ തിരച്ചിലിലും ചാലിയാർ പുഴയിൽ നിന്നുമടക്കം ലഭിച്ച തിരിച്ചറിയാത്ത ശരീരഭാഗങ്ങളാണ് ഇന്ന് സംസ്കരിച്ചത്. പ്രത്യേക നമ്പർ രേഖപ്പെടുത്തിയ ശേഷമാണ് സംസ്കാരം. ഇത് മൂന്നാം ദിവസമാണ് കൂട്ട സംസ്കാരം നടക്കുന്നത്.
വയനാട്ടിലെ ദുരന്തത്തിൽ കാണാതായവർക്കുള്ള തെരച്ചിൽ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സൺ റൈസ് വാലിയിലും ഇന്ന് തെരച്ചിൽ നടന്നു. 81 ശരീര ഭാഗങ്ങളാണ് ഇതുവരെ കണ്ടെടുത്തതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡിഎൻഎ പരിശോധന സ്വകാര്യ ലാബിലും നടത്താമോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ഉരുൾപൊട്ടൽ ദുരന്ത മേഖലയിലെ അപകടകരമായ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാുള്ള നടപടി ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .കുട്ടികളുടെ മാനസിക സംഘർഷം കുറക്കാൻ നടപടി സ്വീകരിക്കുo. വെള്ളാർ മല സ്കൂൾ പുനരധിവാസത്തിനുള്ള ടൗൺ ഷിപ്പിൽ തന്നെ പുനഃസ്ഥാപിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ജൂലായ് 30 മുതൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന ഓരോ തുകയും വയനാടിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ അന്ന് മുതൽ ചൊവ്വാഴ്ച വരെ ലഭിച്ചത് 53 കോടി രൂപയാണെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.
വയനാട് ദുരന്തത്തെ സങ്കുചിത താല്പര്യങ്ങള്ക്കു വേണ്ടി ചിലരെങ്കിലും ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉരുൾപ്പെട്ടൽ ദുരന്തമുണ്ടായപ്പോൾ ആദ്യം വിളിച്ചത് രാഹുൽ ഗാന്ധിയാണ്. രണ്ടാമത് പ്രധാന മന്ത്രി നരേന്ദ്രമോദിയും പിന്നീട് ആഭ്യന്തരമന്ത്രി അമിത് ഷായും വിളിച്ച് വിവരം അന്വേഷിച്ചു. കേന്ദ്രത്തിന് വേണ്ടി വിളിച്ച രണ്ട് പേരും എന്ത് സഹായവും നൽകാൻ സന്നദ്ധരാണ് എന്ന രീതിയിലായിരുന്നു സംസാരിച്ചത്. എന്നാൽ പിന്നീട് ചിലരുടെ നിലപാട് മാറി എന്നും മുഖ്യമന്ത്രി പറഞ്ഞു.
മേപ്പാടി ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം നിര്‍ത്തുന്നതോടെ ക്ലാസുകൾ പുനഃരാരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല സ്കൂളിലെ കുട്ടികൾക്ക് മേപ്പാടി സ്കൂളിൽ താൽക്കാലിക പഠനത്തിന് സൗകര്യം ഒരുക്കും .20 ദിവസത്തിനകം ക്ലാസുകള്‍ ആരംഭിക്കും. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം വിദ്യാർത്ഥികളുടെ ക്ലാസുകൾ മുടങ്ങാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക് പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് സർട്ടിഫിക്കറ്റുകൾ നേരിട്ട് വിതരണം ചെയ്യുമെന്ന് മന്ത്രി വീ ശിവൻകുട്ടി .കുട്ടികൾക്ക് ഗതാഗത സൗകര്യം ഒരുക്കുന്നതിന് കെ എസ് ആർ ടി സിയുമായി ചർച്ച നടത്തും. ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിന് അധിക സൗകര്യം ഒരുക്കും. കമ്പ്യൂട്ടറുകൾ KITE ലഭ്യമാക്കും. ക്യാമ്പിലെ വിദ്യാർത്ഥികൾക്ക് കൗൺസിലിങ് നൽകുമെന്നും മന്ത്രി പറഞ്ഞു.
വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്രമന്ത്രി ദുരന്തത്തിന് ഇരയായ മനുഷ്യരെ അപമാനിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു, മരിച്ചവർ അനധികൃത കുടിയേറ്റക്കാർ ആണോ എന്നും അദ്ദേഹം ചോദിച്ചു. കേരളത്തിന്റെ മലയോര മേഖലയെ കുറിച്ച് ചെറിയ ധാരണ പോലും ഇല്ലാതെ കേന്ദ്രമന്ത്രി സംസാരിച്ചുവെന്നും പിണറായി വിജയന് കുറ്റപ്പെടുത്തി.
വയനാടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളിൽ നിന്നും 6 മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കരുത്എന്ന്മന്ത്രി കെ കൃഷ്ണന്‍കുട്ടി കെഎസ്ഇബിക്ക് നിർദ്ദേശം നല്കി. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന കെഎസ്ഇബിയുടെ ചൂരൽമല എക്സ്ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെ കെ നായർ, അംബേദ്കർ കോളനി,അട്ടമല,അട്ടമല പമ്പ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്ക് ആറ് മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യാനാണ് നിർദ്ദേശം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ വയനാടിനായി ലഭിക്കുന്ന തുക വയനാടിന് നൽകിയാൽ മതിയെന്നും രാഷ്ട്രീയ വിവാദത്തിനില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വയനാടിനായി ലഭിച്ച തുക വയനാടിന് കിട്ടുമെന്ന് ഉറപ്പ് വരുത്തണം.ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് പ്രതിപക്ഷനേതാവിന്റെ പ്രതികരണം.
റിലയൻസ് ഫൗണ്ടേഷൻ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സമഗ്ര ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള അടിയന്തര സഹായം, ഈ മേഖലയിലെ ജീവനോപാധികൾ പുനർനിർമ്മിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ദീർഘകാല വികസന സംരംഭങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.
കേരളത്തിലെ ജനങ്ങളുടെ മുല്ലപ്പെരിയാർ ഡാമിനെക്കുറിച്ചുള്ള ആശങ്ക പാർലമെന്റിൽ ഉന്നയിച്ച് ഹാരിസ് ബീരാൻ എം പി. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം നൂറ്റാണ്ടിലേറെ പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിനെക്കുറിച്ച് കേരളത്തിലെ ജനങ്ങൾ ആശങ്കയിലാണെന്നും ഈയവസരത്തിൽ കേന്ദ്രം ഇടപെട്ട് പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കണമെന്നും ഹാരിസ് ബീരാൻ രാജ്യസഭയിൽ ആവശ്യപ്പെട്ടു.
ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി കൊടുത്തവർക്കും ഈ റിപ്പോർട്ട് പുറത്തു വന്നാൽ ഭീഷണിയുണ്ടെന്ന് ഹൈക്കോടതിയിൽ ഹർജിക്കാരൻ . ആരോപണ വിധേയരുടെ ഭാഗം ആരും കേട്ടിട്ടില്ല.പുറത്ത് വിടണമെന്ന് ആവശ്യപ്പെടുന്നവരിൽ പലരുടേയും ആവശ്യം ടിആർപി റേറ്റിംഗ് മാത്രമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്ത് നടപടി സർക്കാർ സ്വീകരിച്ചുവെന്ന് റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപെടുന്നവർ ഇതുവരെയും അന്വേഷിച്ചിട്ടില്ലെന്നും ഹർജിക്കാരനായ നിർമ്മാതാവ് സജിമോൻ പാറയിൽ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ കേസിൽ പരാതിക്കാരനായ ജയ്സൺ പാനികുളങ്ങരയോട് നാളെ കൊച്ചിയിലെ എൻഫോഴ്സ്മെൻ്റ് ഓഫീസിൽ ഹാജരാകാൻ ഇഡി നോട്ടീസ് നൽകി. 2018 ലെ പ്രളയത്തിന് ശേഷമാണ് പറവൂരിൽ വി.ഡി സതീശൻ എംഎൽഎയുടെ നേതൃത്വത്തിൽ പുനർജനി പദ്ധതി നടപ്പാക്കിയത്. ഇതിനെതിരെയാണ് വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതി ഉയർന്നത്.
വാളയാർ കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതി അനുമതി നൽകി. പാലക്കാട് പോക്സോ കോടതിയിൽ നിലനിൽക്കുന്ന കേസ് മാറ്റാൻ അനുമതി തേടി സിബിഐയാണ് കോടതിയെ സമീപിച്ചിരുന്നത്. വാളയാറിലെ സഹോദരിമാരുടെ മരണം സംബന്ധിച്ച കേസ് നിലവിൽ സിബിഐയാണ് പുനരന്വേഷിക്കുന്നത്. സിബിഐയുടെ ആവശ്യത്തിനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മയും ആക്ഷൻ കൗൺസിലും കോടതിയെ സമീപിച്ചിരുന്നു.
കെ റെയിൽ പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ കെ റെയിൽ വിരുദ്ധ സമര സമിതി കേന്ദ്രത്തെ സമീപിച്ചു.പദ്ധതി പ്രദേശത്ത് താമസിക്കുന്ന 25000ത്തോളം പേർ ഒപ്പിട്ട ഭീമ ഹർജി റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിന് സമർപ്പിച്ചു.
സ്പീക്കർ എ എന്‍ ഷംസീറിന്റെ സുഹൃത്തിന്റെ വന്ദേഭാരത് എക്സ്പ്രസിലെ അനധികൃത യാത്ര ചോദ്യം ചെയ്ത ടിടിഇക്കെതിരായ അച്ചടക്ക നടപടി പിൻവലിച്ച് റെയിൽവേ. സംഭവം വൻ വിവാദമാകുകയും യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തതോടെ അധികൃതർ തീരുമാനം പിന്‍വലിക്കുകയായിരുന്നു.
സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകള്‍ക്കും ബറ്റാലിയനുകള്‍ക്കുമായി വാങ്ങിയ 117 വാഹനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഫ്ളാഗ് ഓഫ് ചെയ്തു. പൊലീസ് സ്റ്റേഷനുകള്‍ക്കായി 55 മഹീന്ദ്ര ബൊലേറോ വാഹനങ്ങള്‍, മലയോര മേഖലയിലെ പോലീസ് സ്റ്റേഷനുകള്‍ക്കായി ഫോര്‍വീല്‍ ഡ്രൈവുള്ള രണ്ട് മാരുതി ജിമ്നി വാഹനങ്ങള്‍, ജില്ലകള്‍ക്കായി രണ്ടു മീഡിയം ബസ്സുകള്‍, ബറ്റാലിയനുകള്‍ക്കായി മൂന്നു ഹെവി ബസുകള്‍ എന്നിവയാണ് ഫ്ളാഗ് ഓഫ് ചെയ്തത്.
പാഠപുസ്തകത്തിൽ നിന്നും ഭരണഘടനാ ആമുഖം ഒഴിവാക്കിയ നീക്കത്തിൽ എൻസിഇആർടി വിശദീകരണം നൽകി. ഭരണഘടനാ ആമുഖം ഒഴിവാക്കിയെന്ന വാദം തെറ്റാണെന്ന് എൻസിഇആർടി വ്യക്തമാക്കി. ആദ്യമായി ഭരണഘടനയുടെ വ്യത്യസ്ത ഭാഗങ്ങൾക്ക് എൻസിഇആർടി പ്രാധാന്യം നൽകുകയാണ്. ആമുഖത്തിൽ മാത്രമാണ് ഭരണഘടന പ്രതിഫലിക്കുന്നതെന്നത് ഇടുങ്ങിയ വാദമാണെന്നും എൻസിഇആർടി പറയുന്നു.
തലസ്ഥാനത്തെ നേമം,കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാനുളള സംസ്ഥാന സർക്കാരിൻ്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചു. നേമം ഇനി തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവന്തപുരം നോർത്ത് എന്നുമാണ് അറിയപ്പെടുക. പേര് മാറ്റത്തിലൂടെ സ്റ്റേഷനുകളുടെ മുഖച്ഛായ തന്നെ മാറ്റാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം.
കുംട കടലിൽ കണ്ടെത്തിയ മൃതദേഹം അർജുൻ്റേതാകാൻ സാധ്യത കുറവെന്ന് കർണാടക പൊലീസ്. കടലിൽ മൃതദേഹം കണ്ടെന്ന മത്സ്യത്തൊഴിലാളികൾ നൽകിയ വിവരം മാത്രമേയുള്ളൂവെന്നും ഇതുവരെ ഒരു മൃതദേഹവും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. തെരച്ചിൽ നടത്തുന്നുണ്ടെന്ന് പറഞ്ഞ കുംട സിഐ, മൃതദേഹം മൂന്ന് ദിവസം മുൻപ് കാണാതായ മത്സ്യത്തൊഴിലാളിയുടേതാകാമെന്നും പറഞ്ഞു.
സംസ്ഥാനത്തെ ഡ്രൈ ഡേയിലെ മദ്യവിതരണത്തിൽ ഉപാധികളോടെ മാറ്റം വരുത്താൻ മദ്യനയത്തിന്റെ കരടിൽ ശുപാർശ നൽകി. ഒന്നാം തിയ്യതി മദ്യഷോപ്പുകൾ മുഴുവനായി തുറക്കില്ല. പകരം മൈസ് ടൂറിസം, അന്താരാഷ്ട്ര കോൺഫറൻസുകൾ, ഡെസ്റ്റിനേഷൻ വെഡിംഗ് എന്നിവടങ്ങളിൽ പ്രത്യേക ഇളവ് അനുവദിക്കും. മദ്യവിതരണം എങ്ങനെയാകണമെന്നതടക്കം ചട്ടങ്ങളിൽ വ്യക്തത വരുത്തും.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകിയ രക്ഷിതാക്കൾക്ക് എതിരെ കർശന നടപടികളുമായി പട്ടാമ്പി പൊലീസ്. ഇത്തരത്തിൽ ഉള്ള കുറ്റകൃത്യങ്ങൾക്ക് 30000 രൂപ വരെ കോടതി പിഴ ചുമത്തും.അടുത്ത കാലത്തായി പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിച്ച് വാഹനാപകടങ്ങൾ വർദ്ധിച്ചു വരുന്നതായി പരാതി ഉയർന്ന് വന്നതിന്റെ അടിസ്ഥാനത്തിൽ ആണ് നടപടിയെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ 10 വർഷത്തിനിടയിൽ രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം ഇരട്ടിയായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ ലോക്സഭയിൽ അറിയിച്ചു . 2014ലെ മെഡിക്കൽ കോളജുകളുടെ എണ്ണം 387 ആയിരുന്നുവെങ്കിൽ ഇന്നത് 731 ആയി ഉയർന്നെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ ആരോഗ്യത്തിനാണ് നരേന്ദ്ര മോദി സർക്കാർ മുൻഗണന നൽകുന്നതെന്ന് ആരോഗ്യ മന്ത്രി വിശദീകരിച്ചു.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചതോടെ ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവം. നോബേല്‍ ജേതാവ് മുഹമ്മദ് യൂനുസ് സര്‍ക്കാരിന് നേതൃത്വം നല്‍കണമെന്നാണ് വിദ്യാര്‍ത്ഥി പ്രക്ഷോഭകരുടെ ആവശ്യം. അതേസമയം, ഹസീനയുടെ രാജിക്ക് ശേഷവും രാജ്യത്ത് കലാപം തുടരുകയാണ്. ഇന്നലെ ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീന രാജ്യത്ത് തുടരുകയാണ്.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് അഭയം നല്‍കാനാവില്ലെന്ന് യു കെ. ഷെയ്ഖ് ഹസീനയെ അഭയാര്‍ത്ഥിയായി പരിഗണിക്കാന്‍ നിലവിലെ നിയമം അനുദവിക്കുന്നില്ലെന്ന് യു കെ വ്യക്തമാക്കി. ഹസീന ഇന്ത്യയിലേക്ക് വരുന്ന കാര്യം പെട്ടെന്ന് അറിയിക്കുകയായിരുന്നുവെന്നും ബംഗ്ലാദേശിലെ സ്ഥിതിഗതികളില്‍ ആശങ്കയുണ്ടെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. നിലവില്‍ ദില്ലിയിൽ തുടരുകയാണ് ഷെയ്ഖ് ഹസീന.
ഷെയ്ഖ് ഹസീന സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ പാകിസ്താനും പങ്കെന്ന് ബംഗ്ലാദേശ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ആക്ടിങ് ചെയര്‍മാനും മുന്‍പ്രധാനമന്ത്രി ഖാലിദാ സിയയുടെ മകനുമായ താരിഖ് റഹ്മാന് പാക് ചാര സംഘടനയായ ഐ.എസ്.ഐ. ഏജന്റുമാരുമായി സംസാരിച്ചുവെന്നാണ് രഹസ്യാന്വേഷണ വിവരം ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് തെളിവുകളുണ്ടെന്നും ബംഗ്ലാദേശ് ഇന്റലിജന്‍സ് അവകാശപ്പെട്ടു.
യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ടിം വാല്‍സിനെ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്ത് കമല ഹാരിസ്. നിലവില്‍ മിനസോട്ട ഗവര്‍ണറാണ് അദ്ദേഹം.ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല.