ഔഡിയുടെ ക്യു 5 ബോള്‍ഡ് എഡിഷന്‍ സ്വന്തമാക്കി ബോളിവുഡ് താരം സൗരഭ് ശുക്ല. നടന്‍ എന്ന നിലയില്‍ മാത്രമല്ലാതെ, തിരക്കഥാകൃത്തെന്ന രീതിയിലും പ്രശസ്തനാണ് ജോളി എല്‍ എല്‍ ബി എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ സൗരഭ് ശുക്ല. ജൂലൈയില്‍ ഇന്ത്യയിലെത്തിയ ഈ എസ്യുവി കുറവ് എണ്ണം മാത്രമേ വിപണിയിലെത്തിയിട്ടുള്ളൂ. 72.30 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. മന്‍ഹാട്ടന്‍ ഗ്രേ നിറമാണ് വാഹനത്തിനായി താരം തിരഞ്ഞെടുത്തിരിക്കുന്നത്. ഗ്ലേസിയര്‍ വൈറ്റ്, നവര്ര ബ്ലൂ, മിത്തോസ് ബ്ലാക്ക്, ഡിസ്ട്രിക്റ്റ് ഗ്രീന്‍ എന്നീ നിറങ്ങളിലും ഈ എസ് യു വി ലഭ്യമാണ്. ബ്ലാക്ക് സ്‌റ്റൈലിങ് പാക്കേജോടെയാണ് ഔഡിയുടെ ഈ ബോള്‍ഡ് എഡിഷന്റെ വരവ്. സുരക്ഷയ്ക്ക് അതീവ പ്രാധാന്യമുള്ളതു കൊണ്ടുതന്നെ എട്ട് എയര്‍ ബാഗുകള്‍. 2.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. പരമാവധി 265 ബി എച്ച് പി പവറും 370 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കും ഈ എന്‍ജിന്‍. 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനോട് കൂടിയ ഗിയര്‍ ബോക്സാണ്. ഔഡി ക്യു 5 ന്റെ ഉയര്‍ന്ന വേഗം 240 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 6.1 സെക്കന്‍ഡ് മതിയാകും.