എല്ലാവര്‍ഷവും ജൂലൈ 28നാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നത്. പൊതുജനാരോഗ്യത്തിന് ഭീഷണിയായ വൈറല്‍ ഹെപ്പറ്റൈറ്റിസ് 2030 തോടു കൂടി നിര്‍മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ മഞ്ഞപ്പിത്തം എന്ന രോഗത്തെക്കുറിച്ചും പകരുന്ന രീതി, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെപ്പറ്റി അവബോധം സൃഷ്ടിക്കുകയും ലക്ഷ്യമിട്ടാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നത്. ‘ഇത് പ്രവര്‍ത്തിക്കാനുള്ള സമയമാണ്’- എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ഓരോ വര്‍ഷവും ആഗോളതലത്തില്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിക്കുന്നത് 13 ലക്ഷം ആളുകളാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. രക്തത്തിലെ ബില്റൂബിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നതാണ് മഞ്ഞപ്പിത്തം അല്ലെങ്കില്‍ ഹെപ്പറ്റൈറ്റിസിന് കാരണം. കരളിനെയാണ് ഇത് പ്രധാനമായും ബാധിക്കുക. പ്രധാനമായും അഞ്ച് വൈറസുകളാണ് ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നത്. എ, ബി,സി, ഡി, ഇ എന്നിങ്ങനെയാണ് അവയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ഈ വൈറസുകള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പകരും. ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസുകള്‍ മലിന ജലം-ഭക്ഷണം എന്നിവയില്‍ നിന്ന് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കാം. രോഗിയുടെ മലവിസര്‍ജ്യത്തില്‍ ഈ വൈറസുകളുടെ സാന്നിധ്യം ഉണ്ടാവും. ഹെപ്പറ്റൈറ്റിസ് ബി, സി, ഡി വൈറസുകള്‍ രക്തത്തിലൂടെയാണ് പകരുന്നത്. ഈ വൈറസുകള്‍ കുട്ടികളില്‍ ഗുരുതരമായ ലിവര്‍ സിറോസിസിനും കാന്‍സറിനും കാരണമാകുന്നു. ഗര്‍ഭിണികളായ അമ്മമാര്‍ രോഗികളാണെങ്കില്‍ അവരുടെ കുഞ്ഞുങ്ങളിലേക്ക് ഈ രോഗം പടരാം. രോഗത്തിന്റെ പ്രകടമായ ലക്ഷണം ചര്‍മ്മവും കണ്ണും മൂത്രവുമെല്ലാം മഞ്ഞ നിറത്തിലാകുന്നതാണ്. ഗുരുതരാവസ്ഥയില്‍ നഖത്തിനടിയും നിറം കാണാം. കരളിന്റെ ഭാഗത്ത് വേദനയും അനുഭവപ്പെടാം. വിട്ടുമാറാത്ത പനിയും ഛര്‍ദിയും ഉണ്ടാകുന്നത് രോഗം മൂര്‍ച്ഛിച്ചതിന്റെ ലക്ഷണമാണ്. ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവക്ക് വാക്സിന് നിലവിലുണ്ട്. രോഗികള്‍ വറുത്തതും പൊരിച്ചതും സംസ്കരിച്ചതുമായ ഭക്ഷണങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കണം. റെഡ് മീറ്റ് കഴിക്കുന്നതും രോഗം വഴളാക്കും. ഉപ്പ് കുറക്കുക.ദിവസും രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. നാരങ്ങ ജ്യൂസ് നല്ലതാണ്. ഓട്സ്, നട്സ്, പയറുവര്‍ഗങ്ങള്‍ എന്നിവ കഴിക്കാം. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan