കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഹിറ്റായി മാറിയൊരു ഗാനം ആയിരുന്നു ‘കാവാലയ്യ..’. രജനികാന്ത് നായകനായി എത്തിയ ജയിലറിലെ ഈ ഗാനത്തിന് ചുവടുവച്ചത് തെന്നിന്ത്യന്‍ താരസുന്ദരി തമന്ന ആയിരുന്നു. ഇപ്പോഴിതാ മറ്റൊരു കിടിലന്‍ ഡാന്‍സ് നമ്പറുമായി എത്തിയിരിക്കുകയാണ് നടി. രാജ്കുമാര് റാവുവും ശ്രദ്ധ കപൂറും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘സ്ത്രീ 2’ല്‍ ആണ് തമന്നയുടെ പുതിയ ഗാനരംഗം. സച്ചിന് – ജിഗര്‍ സംഗീതം നല്കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അമിതാഭ് ഭട്ടാചാര്യ ആണ്. മധുബന്തി ബാഗ്ചി, ദിവ്യ കുമാര്‍, സച്ചിന് -ജിഗര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇതിനോടകം പത്ത് മില്യണിലധികം പേരാണ് ഗാനം കണ്ടുകഴിഞ്ഞത്. ചിത്രം ഓഗസ്റ്റ് 15 ന് തിയേറ്ററുകളില്‍ എത്തും. ശ്രദ്ധ കപൂറും രാജ്കുമാര് റാവുവും ഒന്നിച്ച് 2018 ല്‍ ബോളിവുഡില്‍ അപ്രതീക്ഷിത ഹിറ്റ് സൃഷ്ടിച്ച ചിത്രമായിരുന്നു സ്ത്രീ. അമര്‍ കൗശിക് സംവിധാനം ചെയ്ത ചിത്രം ഹൊറര്‍- കോമഡി ജോണറില്‍ ആയിരുന്നു റിലീസ് ചെയ്തത്. സ്ത്രീ 2ല്‍ അപര്‍ശക്തി ഖുറാന, പങ്കജ് ത്രിപാഠി, അഭിഷേക് ബാനര്‍ജി എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. തമന്നയും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ലസ്റ്റ് സ്റ്റോറി 2വിന് ശേഷം തമന്നയുടെ പുതിയ ഹിന്ദി ചിത്രമാണ് സ്ത്രീ 2. ദിനേശ് വിജന്റെ മഡോക്ക് ഫിലിംസാണ് അമര്‍ കൗശിക് സംവിധാനം ചെയ്യുന്ന സ്ട്രീ 2 നിര്‍മ്മിക്കുന്നത്.