റിസര്‍വ് ബാങ്ക് ആദ്യമായി പുറത്തിറക്കിയ സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ മെച്യുരിറ്റി തുക പ്രഖ്യാപിച്ചു. യൂണിറ്റിന് 6,132 രൂപയാണ് നവംബര്‍ 30ന് കാലാവധി പൂര്‍ത്തിയാകുന്ന സ്വര്‍ണ ബോണ്ടുകള്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. 2023 നവംബര്‍ 20നും 24നും ഇടയിലുള്ള ഒരാഴ്ചയിലെ സ്വര്‍ണ വിലയുടെ ശരാശരിയാണ് ഇതിനായി പരിഗണിച്ചത്. 2015 നവംബര്‍ 30നാണ് റിസര്‍വ് ബാങ്ക് ആദ്യ സോവറിന്‍ ഗോള്‍ഡ് ബോണ്ട് പുറത്തിറക്കിയത്. അന്ന് ഒരു ഗ്രാമിന് തുല്യമായ യൂണിറ്റിന് 2,684 രൂപയാണ് നിശ്ചയിച്ചിരുന്നത്. ഇപ്പോള്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നതനുസരിച്ച് യൂണിറ്റിന് 6,132 രൂപ വീതം നിക്ഷേപകര്‍ക്ക് തിരികെ ലഭിക്കും. അതായത് എട്ട് വര്‍ഷം കൊണ്ട് ഇരട്ടിയിലേറെ നേട്ടം. 2015 ഒക്ടോബര്‍ 30ന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് ഗോള്‍ഡ് ബോണ്ടിലെ നിക്ഷേപ തുകയ്ക്ക് സ്വര്‍ണത്തിന്റെ വില കൂടാതെ 2.75 ശതമാനം പലിശയും വാഗ്ദാനം ചെയ്തിരുന്നു. പലിശ ആറ് മാസത്തിലൊരിക്കല്‍ നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വരവ് വയ്ക്കുകയാണ് ചെയ്തിരുന്നത്. ഈ പലിശ കൂടി കൂട്ടുമ്പോള്‍ നേട്ടം 13.65 ശതമാനമാകും. എല്ലാവര്‍ഷവും പല ഘട്ടങ്ങളിലായി റിസര്‍വ് ബാങ്ക് സ്വര്‍ണ ബോണ്ട് വില്‍പ്പന നടത്താറുണ്ട്. ഗോള്‍ഡ് ബോണ്ടിന്റെ വ്യവസ്ഥ പ്രകാരം സബ്സ്‌ക്രിപ്ഷന്‍ ആരംഭിക്കുന്നതിന് മുന്‍പുള്ള മൂന്ന് ദിവസത്തെ ഇന്ത്യന്‍ ബുള്ള്യന്‍ ആന്‍ഡ് ജുവലേഴ്സ് അസോസിയേഷന്റെ 999 പരിശുദ്ധിയുള്ള സ്വര്‍ണത്തിന്റെ ശരാശരി വില കണക്കാക്കിയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില നിശ്ചയിക്കുക. നിലവില്‍ 2.5 ശതമാനമാണ് ഗോള്‍ഡ് ബോണ്ടിന് പലിശ.