രാജ്യത്തെ 55 ശതമാനം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്റര്‍നെറ്റ് കണക്റ്റുചെയ്യാന്‍ ഉപയോഗിക്കുന്നത് മൊബൈല്‍ ഹോട്ട്‌സ്‌പോട്ടുകള്‍. ഡിജിറ്റല്‍ ബാങ്കിംഗ് നെറ്റ്വര്‍ക്ക് ‘പേനിയര്‍ബൈ’യുടെ എം.എസ്.എം.ഇ ഡിജിറ്റല്‍ സൂചിക റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. മൊബൈല്‍ റീചാര്‍ജ് സ്റ്റോറുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ഉപഭോക്തൃ സേവനം തുടങ്ങിയ റീറ്റെയ്ല്‍ മേഖലയിലെ 5000ല്‍ അധികം എം.എസ്.എം.ഇകള്‍ക്കിടയില്‍ നടത്തിയ സര്‍വേയെ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോര്‍ട്ട്. 75 ശതമാനത്തിലധികം ബിസിനസ് ഉടമകളും അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. സാമ്പത്തിക സേവനങ്ങളില്‍ ആധാര്‍ ബാങ്കിംഗിന്റെയും യുപിഐ സേവനങ്ങളുടെയും ഉപയോഗമാണ് എം.എസ്.എം.ഇ മേഖലയില്‍ ഏറ്റവും മികച്ച് നിന്നത്. 32 ശതമാനം ഉടമകളും തങ്ങളുടെ ബിസിനസ് മെച്ചപ്പെടുത്താന്‍ ഇവ ഉപയോഗിച്ചു. തങ്ങളുടെ വില്‍പ്പനയും വരുമാനവും വര്‍ധിപ്പിക്കാന്‍ സാങ്കേതികവിദ്യകള്‍ സഹായിച്ചതായി 28 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. നാഷണല്‍ പേയ്‌മെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ കണക്കുകള്‍ പ്രകാരം, 2023 ഏപ്രിലില്‍ 14 ലക്ഷം കോടി മൂല്യമുള്ള 880 കോടി യു.പി.ഐ ഇടപാടുകള്‍ ഇന്ത്യ രേഖപ്പെടുത്തി. കാര്യങ്ങള്‍ ഇങ്ങനെയെങ്കിലും സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള വലിയ തടസ്സങ്ങള്‍ അവയുടെ ഉയര്‍ന്ന വിലയാണെന്ന് 30 ശതമാനം എം.എസ്.എം.ഇകള്‍ പറഞ്ഞു. അതേസമയം 20 ശതമാനം എം.എസ്.എം.ഇകള്‍ തടസ്സമായി ഉന്നയിച്ചത് മോശം കണക്റ്റിവിറ്റിയുമാണ്.