പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ ഓഹരി വിപണിയിലെ അരങ്ങേറ്റത്തിന് പിന്നാലെ കോടിപതികളായി കമ്പനിയിലെ നിലവിലെ ജീവനക്കാരും മുന്‍ ജീവനക്കാരും. 500ലധികം പേരാണ് സ്വിഗ്ഗിയിലൂടെ കോടിപതി ക്ലബിലെത്തിയിരിക്കുന്നത്. 5,000 ജീവനക്കാര്‍ക്ക് എംപ്ലോയിസ് സ്റ്റോക്ക് ഒപ്ഷന്‍ പ്ലാന്‍ വഴി 9000 കോടി രൂപയാണ് എത്തുക. ഈ 5000 ജീവനക്കാരില്‍ നിന്നും 500 ജീവനക്കാരാണ് കോടീശ്വരന്മാരായി മാറുന്നത്. സ്വിഗ്ഗിയുടെ പ്രാരംഭ ഓഹരി വില്‍പ്പനയില്‍ ഒരു ഓഹരിയുടെ വില 371-390 രൂപയായിരുന്നു. എട്ടു ശതമാനം പ്രീമിയത്തിലാണ് സ്വിഗ്ഗി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഓഹരികള്‍ വിപണിയില്‍ 7.69 ശതമാനം ഉയര്‍ന്ന് 420 രൂപയിലാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട്, ഇത് 7.67 ശതമാനം ഉയര്‍ന്ന് 419.95 രൂപയിലെത്തി. ആദ്യകാല വ്യാപാരത്തില്‍ കമ്പനിയുടെ വിപണി മൂല്യം 89,549.08 കോടി രൂപയായിരുന്നു. 11,327 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ഐപിഒയുമായി സ്വിഗ്ഗി എത്തിയത്. പുതിയ ഓഹരികള്‍ വില്‍പ്പനയ്ക്ക് വച്ചും ഓഫര്‍ ഫോര്‍ സെയിലിലൂടെയുമായിരുന്നു ഐപിഒ.