ലോകത്തിലെ ഏറ്റവും ധനികരായ അഞ്ചു സ്ത്രീകള്‍. അതിസമ്പന്നരില്‍ മുന്‍നിരയില്‍ പുരുഷന്മാരാണ്. എന്നാല്‍ ഫോബ്സ് പുറത്തിറക്കിയ അതിസമ്പന്നരുടെ പട്ടികയില്‍ 327 വനിതകളുണ്ട്. അവരില്‍ ആദ്യ അഞ്ചു സ്ഥാനത്തുള്ളവര്‍ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകരും സാമൂഹ്യ സേവകരുമാണ്. ഇവര്‍ ആരെല്ലാമെന്ന് അറിഞ്ഞിരിക്കുന്നതു നല്ലതാണ്.
ഒന്നാം സ്ഥാനത്തുള്ളത് ഫ്രാന്‍സിലെ വിലയേറിയ സൗന്ദര്യ വര്‍ധക വസ്തുക്കളുടെ ബ്രാന്‍ഡായ ലോറിയലിന്റെ സ്ഥാപകന്റെ ചെറുമകളായ ഫ്രാങ്കോയിസ് ബെറ്റന്‍കോര്‍ട്ട് മെയേഴ്സ് ആണ്.
7,480 കോടി ഡോളറാണ് ഈ 69 കാരിയുടെ ആസ്തി. ആറേകാല്‍ ലക്ഷം കോടി രൂപയുടെ സമ്പത്തുണ്ട്. എഴുത്തുകാരിയും പിയാനോയിസ്റ്റുമാണ്.
വാള്‍മാര്‍ട്ട് സ്ഥാപകനായ സാം വാള്‍ട്ടന്റെ മകള്‍ ആലീസ് വാള്‍ട്ടണാണ് സമ്പന്നരില്‍ രണ്ടാം സ്ഥാനത്തുള്ള വനിത. 6,530 കോടി ഡോളര്‍ ആസ്തിയുണ്ട്. അഞ്ചര ലക്ഷം കോടി രൂപയുടെ സമ്പത്ത്. 73 വയസ്. അമേരിക്കയിലെ അര്‍ക്കന്‍സാസ് കൗണ്‍സിലിന്റെ ചെയര്‍പേഴ്സണായിരിക്കേ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്നു.
അമേരിക്കയിലെ ഏറ്റവും വലിയ കമ്പനികളില്‍ രണ്ടാം സ്ഥാനത്തുള്ള കോച്ച് കമ്പനീസിന്റെ ഉടമ ഡേവിഡ് കോച്ചിന്റെ പത്നി ജൂലിയ കോച്ചാണ് ലോകസമ്പന്നരില്‍ മൂന്നാം സ്ഥാനത്തുള്ള സ്ത്രീ. 2019 ല്‍ ഭര്‍ത്താവ് ഡേവിഡ് മരിച്ചു. ആറായിരം കോടി ഡോളറാണ് ഈ അറുപതുകാരിയുടെ ആസ്തി. അഞ്ചു ലക്ഷം കോടി രൂപയോളം വരും. ജൂലിയ കോച്ചിനും മക്കള്‍ക്കും കോച്ച് ഇന്ഡസ്ട്രീസില് 42 ശതമാനം ഓഹരിയുണ്ട്.
ആമസോണിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനായിരുന്ന ജെഫ് ബെസോസിന്റെ മുന്‍ ഭാര്യ മക്കെന്‍സി സ്കോട്ടിന്റെ ആസ്തി 4,360 കോടി ഡോളറാണ്. മൂന്നു ലക്ഷത്തി അറുപതിനായിരം കോടി രൂപ. കഴിഞ്ഞ രണ്ടു വര്‍ഷമായി 1250 കോടി ഡോളറാണ് സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി മക്കെന്‍സി സ്കോട്ട് സംഭാവന നല്‍കിയത്. അമേരിക്കന്‍ ബുക്ക് അവാര്‍ഡു നേടിയ നോവലിസ്റ്റാണ് ഈ അമ്പത്തിരണ്ടുകാരി.
അമേരിക്കന്‍ മിഠായി, സ്വീറ്റ്സ് കമ്പനിയായ മാര്‍സ് ഇന്‍കോര്‍പറേറ്റഡിന്റെ ഉടമകളായിരുന്ന ഫോറസ്റ്റ് മാര്‍സിന്റെ മകളായ ജാക്വലിന് മാര്‍സിനു 3,900 കോടി ഡോളറിന്റെ ആസ്തിയുണ്ട്. മൂന്നേകാല്‍ ലക്ഷം കോടി രൂപയോളം സമ്പത്തുണ്ട്. 83 വയസുള്ള ജക്വലിന്‍ നിരവധി സാമൂഹ്യ സേവന പ്രസ്ഥാനങ്ങളുടെ സാരഥിയാണ്.