വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഈ മാസം ആദ്യ രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് 4,800 കോടി രൂപയുടെ അറ്റ പിന്‍വലിക്കല്‍ നടത്തി. മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ തുടര്‍ച്ചയായി വാങ്ങല്‍ തുടര്‍ന്ന എഫ്.പി.ഐകള്‍ ഈ കാലയളവില്‍ 1.74 ലക്ഷം കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തിയിരുന്നു. എന്നാല്‍ യു.എസ് ബോണ്ടുകളിലെ നേട്ടം ഉയര്‍ന്നതും ഡോളര്‍ ശക്തമായതും ആഗോള സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകളും കാരണമാണ് സെപ്തംബറില്‍ പിന്‍വലിക്കലിലേക്ക് എഫ്.പി.ഐകള്‍ തിരിഞ്ഞത്. യു.എസിലെ ഉയര്‍ന്ന ബോണ്ട് ആദായവും ഡോളര്‍ സൂചിക 105ന് മുകളിലെത്തിയതും എഫ്.പി.ഐകളെ വില്പനയ്ക്ക് പ്രേരിപ്പിക്കുന്നുണ്ട്. ഡിപ്പോസിറ്ററികളുമായുള്ള ഡാറ്റ അനുസരിച്ച്, സെപ്തംബര്‍ 15 വരെ ഇക്വിറ്റികളില്‍ എഫ്.പി.ഐ 4,768 കോടി രൂപയാണ് പിന്‍വലിച്ചത്. ആഗസ്റ്റില്‍ ഇക്വിറ്റികളിലെ എഫ്.പി.ഐ നിക്ഷേപം നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 12,262 കോടി രൂപയിലെത്തിയിരുന്നു. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതും പണപ്പെരുപ്പ അപകടസാധ്യതകളും വാങ്ങല്‍ കുറയുന്നതിലേക്ക് നയിക്കുന്നുണ്ട്. അതേസമയം സെപ്തംബറില്‍ ഇതുവരെ രാജ്യത്തിന്റെ ഡെറ്റ് വിപണിയില്‍ 2,000 കോടിയിലധികം രൂപയുടെ അറ്റ നിക്ഷേപം എഫ്.പി.ഐകള്‍ നടത്തി. ഇതോടെ ഈ വര്‍ഷം ഇതുവരെ മൊത്തം നിക്ഷേപം 1.3 ലക്ഷം കോടി രൂപയായി. ഡെറ്റ് മാര്‍ക്കറ്റില്‍ ഇത് 30,200 കോടി രൂപയാണ്. വൈദ്യുതി, മൂലധന ഉത്പന്നങ്ങള്‍ എന്നിവയിലാണ് ശക്തമായ വാങ്ങല്‍ എഫ്.പി.ഐകള്‍ നടത്തുന്നത്.