മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളില്‍പ്പെട്ട സ്ഫടികം ഡിജിറ്റല്‍ റീമാസ്റ്ററിംഗ് പൂര്‍ത്തിയാക്കി റീ റിലീസിന് ഒരുങ്ങുകയാണ്. മോഹന്‍ലാല്‍ ആരാധകരുടെയും സംവിധായകന്‍ ഭദ്രന്റെയും ദീര്‍ഘകാലത്തെ ആഗ്രഹമാണ് ഫെബ്രുവരി 9 ന് സഫലമാവുന്നത്. പഴയ സ്ഫടികത്തില്‍ തോമയുടെ ഇന്‍ട്രോ ആട്ടിന്‍കൂട്ടത്തില്‍ നിന്ന് ഒരു ആട്ടിന്‍കുട്ടിയെ പിടിച്ച് കൊന്ന് ചങ്കിലെ ചോര കുടിക്കുന്നതാണ്. അന്ന് 40 ആടുകളെയാണ് ഉപയോഗിച്ചത്. ഇന്നത് 500 ആടുകളെവച്ച് റീഷൂട്ട് ചെയ്തു. ജിയോമെട്രിക്‌സ് എന്ന കമ്പനി വഴി ഏകദേശം രണ്ട് കോടി രൂപയോളം ചെലവിട്ടാണ് വീണ്ടും സ്ഫടികം തിയറ്ററുകളില്‍ എത്തിക്കുന്നത്. പഴയ സിനിമയ്ക്ക് മിഴിവ് പതിന്മടങ്ങ് വര്‍ധിച്ചതോടൊപ്പം ചില രംഗങ്ങള്‍ 4കെ പതിപ്പില്‍ കൂട്ടിച്ചേര്‍ത്തിട്ടുമുണ്ടെന്ന് സംവിധായകന്‍ ഭദ്രന്‍ പറയുന്നു. ഡോള്‍ബി സാങ്കേതിക വിദ്യയില്‍ കൂടുതല്‍ മിഴിവേകാന്‍ കൂടുതല്‍ ഷോട്ടുകള്‍ സ്ഫടികത്തില്‍ ചേര്‍ത്തിട്ടുണ്ട്. എട്ടര മിനിറ്റ് ദൈര്‍ഘ്യം കൂടിയ സ്ഫടികമാണ് ഇനി കാണാന്‍ പോകുന്നത്. അതിനായി എട്ട് ദിവസത്തോളം ആര്‍ട്ടിസ്റ്റുകള്‍ ഇല്ലാതെ ഷൂട്ടിംഗ് ഭദ്രന്റെ മേല്‍നോട്ടത്തില്‍ നടത്തി.