രാജ്യത്ത് നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന 357 ഓഫ്‌ഷോര്‍ ഗെയിമിങ് വെബ്‌സൈറ്റുകളും 2400 ബാങ്ക് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തതായി ധനകാര്യ മന്ത്രാലയം. ഓഫ്‌ഷോര്‍ ഗെയിമിങ് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നതിനെതിരെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കി. ഇത്തരം ഗെയിമിങ് പ്ലാറ്റ്‌ഫോമുകള്‍ പ്രചരിപ്പിക്കുന്ന സിനിമാ താരങ്ങളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരും തങ്ങളുടെ നിരീക്ഷണത്തിലാണെന്നും മന്ത്രാലയം അറിയിച്ചു. ജി.എസ്.ടി അടയ്ക്കാത്തതും കൃത്യമായി രജിസ്റ്റര്‍ ചെയ്യാത്തതുമായ ഏകദേശം700 ഓഫ്‌ഷോര്‍ ഗെയിമിങ് കമ്പനികളാണ് ജി. എസ്. ടി ഡയറക്ടറേറ്റ് ജനറലിന്റെ നിരീക്ഷണത്തിലുള്ളത്. അനധികൃത പണം കൈമാറാനുപയോഗിക്കുന്ന മ്യൂള്‍ ബാങ്കിങ് വഴിയാണ് ഗെയിമിങ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ 166 മ്യൂള്‍ അക്കൗണ്ടുകളാണ് ഡി.ജി. ജി. ഐ കണ്ടെത്തിയത്. മറ്റു രണ്ട് വ്യത്യസ്ത കേസുകളില്‍ 2400 ബാങ്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുകയും 126 കോടി രൂപ മരവിപ്പിക്കുകയും ചെയ്തു.