30 മിനിറ്റ് തീവ്ര വ്യായാമം ചെയ്യുന്നത് ബ്രെയിന്‍ പവര്‍ കൂട്ടുമെന്ന് കമ്മ്യൂണിക്കേഷന്‍ ഓഫ് സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ഹൈ-ഇന്റന്‍സിറ്റി ഇന്റര്‍വെല്‍ ട്രെയിനിങ് അല്ലെങ്കില്‍ സൈക്ലിങ് പോലുള്ള ഹ്രസ്വവും തീവ്രവുമായ വര്‍ക്കൗട്ടുകള്‍ മിതമായ വേഗത്തിലും നീണ്ടു നില്‍ക്കുന്നതുമായ വ്യായാമത്തെക്കാള്‍ വൈജ്ഞാനിക ശേഷി മെച്ചപ്പെടുത്തുന്നതായി കാലിഫോണിയ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ അവലോക പഠനത്തില്‍ കണ്ടെത്തി. കഴിഞ്ഞ 20 വര്‍ഷത്തിനിടെ നടത്തിയ വ്യായാമവും വൈജ്ഞാനിക ശേഷിയും തമ്മില്‍ ബന്ധിപ്പിക്കുന്ന പഠനങ്ങള്‍ ഗവേഷകര്‍ വിലയിരുത്തി. ഹൈ-ഇന്റന്‍സിറ്റി ഇന്റര്‍വെല്‍ ട്രെയിനിങ് പോലുള്ള വ്യായാമത്തിന് കുറഞ്ഞ സമയത്തില്‍ തീവ്രമായ ഉയര്‍ന്ന എനര്‍ജി ആവശ്യമാണ്. വ്യായാമമുറയ്ക്കിടയിലെ ഇടവേളകളെ ഗവേഷകര്‍ സ്പ്രിന്റ് എന്നാണ് വിശേഷിപ്പിച്ചത്. ദൈര്‍ഘ്യം കുറഞ്ഞതും തീവ്രവുമായ വ്യായാമം ശാരീരിക ശക്തിയും മാനസിക ശ്രദ്ധയും മെച്ചപ്പെടുന്നതായി പഠനത്തില്‍ വ്യക്തമാക്കുന്നു. വ്യായാമ ശേഷം മാനസികമായ ഉന്മേഷം കൂടുന്നതും ഗവേഷകര്‍ ചൂണ്ടിക്കാണിച്ചു. മസ്തിഷ്‌ക ശക്തിയില്‍ ദൈര്‍ഘ്യം കുറഞ്ഞ വ്യായാമത്തിന്റെ സ്വാധീനം പരിശോധിക്കുന്ന ആദ്യ പഠനങ്ങളില്‍ ഒന്നാണിത്.