ഈ സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ത്രൈമാസ ബിസിനസ് അപ്‌ഡേറ്റ് അനുസരിച്ച് കല്യാണ്‍ ജ്വല്ലേഴ്സിന് 27 ശതമാനം വരുമാന വളര്‍ച്ച. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ കമ്പനിയുടെ സംയോജിത വരുമാനം 4,376 കോടി രൂപ ആയിരുന്നു. 27 ശതമാനം വളര്‍ച്ച അനുസരിച്ച് കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഒന്നാം പാദത്തിലെ വരുമാനം ഏകദേശം 5,558 കോടി രൂപയാണെന്ന് കണക്കാക്കുന്നു. ഇന്ത്യന്‍, മിഡില്‍ ഈസ്റ്റേണ്‍ വിപണികളിലെ മികച്ച പ്രകടനമാണ് കല്യാണ്‍ ജ്വല്ലേഴ്സിനെ ഒന്നാം പാദത്തില്‍ വരുമാന വര്‍ധനവിന് സഹായിച്ചത്. മിഡില്‍ ഈസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ 16 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉളളത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഇന്ത്യയില്‍ 13 പുതിയ ഫ്രാഞ്ചൈസി ഷോറൂമുകള്‍ തുറന്നതായി കമ്പനി അറിയിച്ചു. കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ കാന്‍ഡിയര്‍ 13 ശതമാനം വരുമാന വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇന്ത്യയില്‍ 40 ഓളം ഷോറൂമുകള്‍, 30 ഓളം കാന്‍ഡിയര്‍ ഷോറൂമുകള്‍, യു.എസില്‍ ദീപാവലിയോടെ ആദ്യത്തെ ഷോറൂം എന്നിങ്ങനെ 130 ലധികം പുതിയ ഷോറൂമുകള്‍ ഈ സാമ്പത്തിക വര്‍ഷം ആരംഭിക്കാനാണ് കല്യാണ്‍ ജൂവലേഴ്സ് പദ്ധതിയിടുന്നത്. ജൂണ്‍ വരെ 277 ഷോറൂമുകളാണ് കമ്പനി നടത്തിയത്. 75 ലക്ഷം രൂപ പ്രാരംഭ മൂലധനത്തില്‍ 1993ല്‍ കേരളത്തിലെ തൃശൂരില്‍ ആദ്യത്തെ ജ്വല്ലറി ഷോറൂം തുറന്ന ടി.എസ് കല്യാണരാമനാണ് കല്യാണ്‍ ജൂവലേഴ്സ് സ്ഥാപിച്ചത്. വസ്ത്ര വ്യാപാര രംഗത്തും കമ്പനി ശക്തമായ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. തുടക്കത്തില്‍, കമ്പനിയുടെ സാന്നിധ്യം ദക്ഷിണേന്ത്യയില്‍ മാത്രമാണ് ഉണ്ടായിരുന്നത്. 2012 ഓടെ ആണ് കല്യാണ്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും സാന്നിധ്യം അറിയിച്ചത്. 2013 ഓടെ കമ്പനി അന്താരാഷ്ട്ര വിപണികളിലേക്കും പ്രവേശിച്ചു.