middaynews 3

ശശി തരൂരിന്റെ പരിപാടികള്‍ വിലക്കിയതിനു പിന്നില്‍ മുഖ്യമന്ത്രിക്കസേര മോഹികളുടെ ഗൂഡാലോചനയാണെന്ന് കെ മുരളീധരന്‍ എംപി. ആരൊക്കെയാണ് പിറകിലെന്ന് അറിയാം. ഡിസിസി പ്രസഡന്റ് എല്ലാം പറഞ്ഞിട്ടുണ്ട്. ഷാഫി പറമ്പില്‍ നിരപരാധിയാണ്. ഔദ്യോഗികമായി അറിയിച്ചിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. മുരളീധരന്‍ പറഞ്ഞു.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിനു നേരെ കണ്ടെയ്‌നര്‍ ലോറി ഡ്രൈവറുടെ ആക്രമണം. ഇന്നലെ രാത്രിയില്‍ കൊച്ചി ഗോശ്രീ പാലത്തില്‍ ഔദ്യോഗിക വാഹനം തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി ടിജോയെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്കു പോകുകയായിരുന്നു ചീഫ് ജസ്റ്റീസ്. അസഭ്യം പറയുകയും ഇതു തമിഴ്‌നാടല്ലെന്ന് ആക്രോശിച്ചുമായിരുന്നു ആക്രമണം.

ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന സര്‍ക്കാരിന്റെ ഔദാര്യമല്ല ചാന്‍സലര്‍ പദവി. ചാന്‍സലര്‍മാരായി ഗവര്‍ണറെ നിയമിക്കുന്നത് ദേശീയ തലത്തിലുള്ള ഉടമ്പടിയും ധാരണയുമാണ്. അതു മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും ഗവര്‍ണര്‍.

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ വീണ് എല്ലു പൊട്ടിയ വിദ്യാര്‍ത്ഥിക്കു തലശേരി ജനറല്‍ ആശുപത്രിയിലെ ചികില്‍സാ പിഴവുമൂലം കൈ മുറിച്ചു മാറ്റേണ്ടി വന്നു. തലശേരി ചേറ്റംകുന്ന് നാസാ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബൂബക്കര്‍ സിദ്ധിഖിന്റെ മകന്‍ സുല്‍ത്താനാണ് കൈ നഷ്ടമായത്. പാലയാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് പതിനേഴുകാരനായ സുല്‍ത്താന്‍. കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി.

തലശേരി ജനറല്‍ ആശുപത്രിയിലെ ചികിത്സ പിഴവു സംബന്ധിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ടു തരണമെന്ന് ആരോഗ്യവകുപ്പു സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. വളരെ ഗുരുതരമായ ആരോപണമാണ്. പിഴവുണ്ടെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി.

ലോകകപ്പ് ഫുട്‌ബോളിനോനുബന്ധിച്ച് ഒലവക്കോട് നടത്തിയ ഫുട്‌ബോള്‍ റാലിക്കിടെ കല്ലേറുണ്ടായ സംഭവത്തില്‍ 40 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കല്ലേറില്‍ രണ്ടു പൊലീസുകാര്‍ക്കു പരിക്കേറ്റിരുന്നു. എഎസ്‌ഐ മോഹന്‍ ദാസ്, സിപിഒ സുനില്‍ കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഫുട്‌ബോള്‍ പ്രേമികള്‍ വാഹനനിയമം ലംഘിച്ച് ആലുവയില്‍ റാലി നടത്തിയ അമ്പതോളം വാഹന ഉടമകള്‍ക്കെതിരെ കേസ്. കീഴ്മാട് പഞ്ചായത്തിലെ ക്ലബുകള്‍ നടത്തിയ റാലിയില്‍ അപകടകരമായ വിധത്തില്‍ ഡോറുകളും ഡിക്കിയും തുറന്നുവച്ചാണു കാറോടിച്ചത്. ബൈക്കുകളുടെ സൈലന്‍സറില്‍ ചവിട്ടിനിന്ന് അഭ്യാസപ്രകടനം നടത്തി. ചെറിയ കുട്ടികളും  വാഹനമോടിച്ചു. ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. നിയമം ലംഘിച്ചു വാഹനമോടിച്ചവര്‍ക്കെതിരേയാണ് കേസ്.

പെരിയ ഇരട്ടക്കൊലക്കേസിലെ ജയിലിലുള്ള മുഖ്യപ്രതിക്കു സര്‍ക്കാര്‍ വക സുഖചികിത്സ. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് നാളെ ഹാജരായി വിശദീകരണം നല്‍കണമെന്ന് സിബിഐ കോടതി. ഒന്നാം പ്രതിയും സിപിഎം നേതാവുമായ പീതാംബരനെയാണ് സിബിഐ കോടതിയുടെ അനുമതി ഇല്ലാതെ 40 ദിവസത്തെ ആയുര്‍വേദ ചികിത്സ നല്‍കുന്നത്. സെന്‍ട്രല്‍ ജയില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശമനുസരിച്ച് കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയിലാണു ചികില്‍സ.

ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു. തലകുളം സ്വദേശി സാമുവല്‍ ആണ് മരിച്ചത്. ഏലത്തോട്ടത്തില്‍ കൃഷിപ്പണിക്കിടെയാണ് ഒറ്റയാന്‍ ആക്രമിച്ചത്.

സംവിധായകന്‍ ബൈജു കൊട്ടാരക്കരയ്ക്ക് എതിരായ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി തീര്‍പ്പാക്കി. നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജിയെ അധിക്ഷേപിച്ചതിനാണ് ബൈജുവിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്ത. സംഭവത്തില്‍ ബൈജു നിരുപാധികം മാപ്പ് എഴുതിക്കൊടുത്തതിനെത്തുടര്‍ന്നാണ് കേസ് തീര്‍പ്പാക്കിയത്.

ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സിപിഎം സംസ്ഥാന സമിതിയംഗം പി ജയരാജന് 35 ലക്ഷം രൂപയുടെ ബുള്ളറ്റ് പ്രൂഫ് കാര്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചെയര്‍മാനായ ഖാദി ബോര്‍ഡ് കാര്‍ വാങ്ങാന്‍ തീരുമാനിച്ചത്. മന്ത്രിസഭാ യോഗം അംഗീകാരവും നല്‍കി.

ഇടുക്കി ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി വ്യാപിക്കുന്നു. കരിമണ്ണൂര്‍ വണ്ണപ്പുറം കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ പന്നികളെ കൊന്നു തുടങ്ങി. ജാഗ്രത വേണമെന്നു മൃഗസംരക്ഷണ വകുപ്പ്.

കോഴിക്കോട് നഗരത്തിലെ ഗുജറാത്തി സ്ട്രീറ്റില്‍ ആഡംബര കാറില്‍നിന്നു പൊലീസ് മയക്കുമരുന്നു പിടികൂടി. എന്‍ഡിപിഎസ് കേസുകളില്‍ പ്രതിയായ പുതിയറ ലതാപുരി വീട്ടില്‍ നൈജില്‍ റിറ്റ്‌സ് (29), മാത്തോട്ടം ഷംജാദ് മന്‍സില്‍ സഹല്‍ (22) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗിനെ (നിഷ്) ഭിന്നശേഷി മേഖലയിലെ സര്‍വകലാശാലയാക്കി ഉയര്‍ത്തുമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. ഭിന്നശേഷി മേഖലയിലുള്ള ഇതര സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി നെറ്റ് വര്‍ക്ക് രൂപീകരിക്കും. ഇതുവഴി ഭിന്നശേഷി പുനരധിവാസ മേഖലയില്‍ കേരളം  മാതൃകയാകുമെന്നും മന്ത്രി പറഞ്ഞു. നിഷ് രജത ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം നേതാവ് പി മോഹനന്‍ ഒഴിവാക്കപ്പെട്ടത് പ്രോസിക്യൂഷന്‍ ചുമതലയുണ്ടായിരുന്ന സി.കെ ശ്രീധരന്റെ സിപിഎം ബന്ധം മൂലമെന്ന് ആരോപിച്ച കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് പാര്‍ട്ടിവിട്ട മുന്‍ കെപിസിസി വൈസ് ചെയര്‍മാന്‍ സി.കെ ശ്രീധരന്‍.

മൂന്നാറില്‍ പുഴയോരങ്ങളിലും സ്‌കൂള്‍ പരിസരങ്ങളിലും ഫലവൃക്ഷതൈകള്‍ നട്ടുകൊണ്ട് അമേരിക്കന്‍ സ്‌കൂള്‍ ഓഫ് മുബൈയിലെ വിദ്യാര്‍ഥിസംഘം. പതിനഞ്ചംഗ സംഘമാണ് മൂന്നാറില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ മുതിരപ്പുഴയുടെ സമീപപ്രദേശങ്ങളിലും സ്‌കൂള്‍ പരിസരങ്ങളിലും തൈകള്‍ വച്ചുപിടിപ്പിച്ചത്.

ഉത്തര്‍പ്രദേശിലെ അസംഘടിലും ശദ്ധ മോഡല്‍ കൊലപാതകം. 22 വയസുണ്ടായിരുന്ന ആരാധന എന്ന യുവതിയെയാണ് കൊലപ്പെടുത്തിയത്. യുവതിയുടെ തല ഒരു കുളത്തിലും ശരീരഭാഗം കിണറ്റിലും ഉപേക്ഷിച്ച കാമുകന്‍ പ്രിന്‍സ് യാദവ് എന്ന 24 കാരനെ അറസ്റ്റു ചെയ്തു.

ലൈസന്‍സില്ലാത്ത തോക്കുകൊണ്ട് പിറന്നാള്‍ കേക്ക് മുറിച്ച് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ഗ്രാമത്തലവന്‍ അറസ്റ്റിലായി. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ ഗോണ പഞ്ചായത്തിലെ സര്‍പഞ്ചായ രാജു ഭദോരിയാണ് അറസ്റ്റിലായത്.

കുവൈറ്റില്‍ മുന്‍ എംപി ഫലാഹ് അല്‍ സവാഗ് മരിച്ചതു ശസ്ത്രക്രിയയിലെ പിഴവുമൂലമാണെന്ന് കോടതി. എം.പിയുടെ കുടുംബത്തിന് കുവൈത്ത് ആരോഗ്യ മന്ത്രാലയവും ചികിത്സിച്ച രണ്ടു ഡോക്ടര്‍മാരും ചേര്‍ന്ന് 1,56,000 കുവൈറ്റ് ദിനാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. 4.13 കോടി രൂപയാണു നഷ്ടപരിഹാരത്തുകയായി വിധിച്ചത്.

നോപ്പാള്‍ പാര്‍ലമെന്റിലേയ്ക്കും പ്രവിശ്യാ അസംബ്ലികളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളില്‍ 61 ശതമാനം പോളിംഗ. അക്രമങ്ങളില്‍ ഒരാള്‍ മരിച്ചു. നിരവധി പോളിങ്ങ് സ്റ്റേഷനുകളില്‍ വോട്ടെടുപ്പു തടസപ്പെട്ടു. 22,000 പോളിങ് കേന്ദ്രങ്ങളിലായിരുന്നു വോട്ടെടുപ്പ്.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ പിന്തുണച്ച പ്രമുഖ ഇറാനിയന്‍ നടിമാര്‍ ആറസ്റ്റില്‍. നടിമാരായ ഹെന്‍ഗാമെ ഗാസിയാനി, കതയോന്‍ റിയാഹി എന്നിവരാണ് അറസ്റ്റിലായത്

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *